വലിയ ഏകോപനത്തോടെ നടത്തേണ്ട ഒരു പരിപാടിയുടെ നടത്തിപ്പിലെ ഏറ്റവും താഴത്തെ കണ്ണിയായി പ്രവർത്തിച്ചിട്ടുണ്ടോ?
Vaisakhan Thampi
വലിയ ഏകോപനത്തോടെ നടത്തേണ്ട ഒരു പരിപാടിയുടെ നടത്തിപ്പിലെ ഏറ്റവും താഴത്തെ കണ്ണിയായി പ്രവർത്തിച്ചിട്ടുണ്ടോ?
ഉദാഹരണത്തിന്, ഒരു അന്തർദേശീയ കോൺഫറൻസ് എടുക്കാം. അതിന് ഒരു ജനറൽ കൺവീനർ ഉണ്ടാകും. നോട്ടീസിലും ബ്രോഷറിലും സർട്ടിഫിക്കറ്റിലും ക്യാഷ് റെസീറ്റിലും ഒക്കെ ഒപ്പിന്റെ രൂപത്തിൽ കാണുന്ന, ഉദ്ഘാടനത്തിനും സമാപനത്തിനും ഉയർന്ന സ്റ്റേജിലായും സെലിബ്രിറ്റി അതിഥികളുടെ ഒപ്പവുമൊക്കെ കാണുന്ന ഒരു ഫിഗർ. പക്ഷേ ആ വ്യക്തി ഒരു അധികാരശ്രേണീ പിരമിഡിന്റെ ഏറ്റവും മുകളിലെ മുനയാണ്. അതിന് താഴേയ്ക്ക് റിസപ്ഷൻ, ട്രാൻപോർട്ടേഷൻ, രജിസ്ട്രേഷൻ, എന്നിങ്ങനെ ഓരോരോ വിഭാഗത്തിനും അതിന്റേതായ ഉപകൺവീനർമാരും അവരുടെ അസിസ്റ്റന്റുമാരും എന്നിങ്ങനെ ഏറ്റവും താഴെ സാദാ വളന്റിയർമാർ വരെ വരുന്ന ഒരു ശ്രേണിയിലെ ആളുകളിലൂടെയാണ് അതിന്റെ ജോലികൾ നടന്നുപോകുന്നത്.
ഇതിൽ ഏറ്റവും താഴത്തെ വളന്റിയർമാർക്ക് ഒരു പ്രത്യേകതയുണ്ട്. അവരാണ് തീരുമാനങ്ങൾ ഗ്രൗണ്ടിൽ നടപ്പാക്കുന്നത്. സംഘാടനത്തിന്റെ അധികാരശ്രേണിയ്ക്ക് പുറത്തുള്ള ആളുകളെ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നതും, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുന്നതും ഇക്കൂട്ടരാണ്. എന്നാൽ മിക്കപ്പോഴും അവർ നടപ്പാക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അവർക്ക് അധികാരവുമുണ്ടാവില്ല. ചിലപ്പോൾ ആ തീരുമാനങ്ങളെ സ്വാധീനിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. മിക്കപ്പോഴും ജനറൽ കൺവീനറിൽ നിന്ന് ഒരു കാര്യം പടിപടിയായി കൈമാറി താഴേയ്ക്ക് എത്തുമ്പോഴേയ്ക്കും അതിൽ പല ഭാഗങ്ങളും മിസ്സാകുകയോ തെറ്റായി മനസിലാക്കപ്പെടുകയോ ചെയ്തേക്കും. "ഇതെന്തിനാ നമ്മൾ ഇത് ചെയ്യുന്നത്" എന്ന് പരസ്പരം പറഞ്ഞുകൊണ്ടായിരിക്കും വൊളന്റിയർമാർ ചില കാര്യങ്ങൾ ചെയ്യുന്നത്. അതായത്, അവർക്ക് തങ്ങൾ അനുസരിക്കുന്ന ഉത്തരവിന്റെ ലോജിക് മനസിലായിട്ടുണ്ടാവില്ല. ചിലപ്പോൾ താഴേയ്ക്ക് മുഴുവൻ കാര്യങ്ങളും കമ്യൂണിക്കേറ്റ് ചെയ്യപ്പെടാത്തതുകൊണ്ട് വരുന്ന അവ്യക്തത മാത്രമാകാം, ചിലപ്പോൾ അവർക്ക് മുകളിലിരുന്ന് തീരുമാനമെടുക്കുന്ന ആളിന്റെ അപാകത തന്നെയുമാകാം. അത് എന്തുതന്നെയായാലും, ആളുകളോട് സമാധാനം പറയേണ്ട ബാധ്യത വളന്റിയർമാരുടേതാകുന്നു.
ഇനിയുമുണ്ട് ഗുലുമാൽ. അധികാരശ്രേണിയുടെ ഉള്ളിലുള്ളവർക്ക് മിക്കപ്പോഴും ചെറുതായെങ്കിലും പരസ്പരം അറിയാം. പക്ഷേ വളന്റിയർമാർ നേരിടാൻ പോകുന്നത് തീർത്തും അപരിചിതരായ ഒരുകൂട്ടം ആളുകളെയാണ്. അവർ എണ്ണത്തിൽ വളരെ കൂടുതലുമാണ്. അവരിൽ ഏതൊക്കെ തരം ആളുകളുണ്ട്, അവർ പല കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നൊന്നും പറയാൻ പറ്റില്ല. പണ്ട് ഒരു നാഷണൽ ലെവൽ മീറ്റിങ്ങിന്റെ ട്രാൻസ്പോർട്ടേഷൻ ചുമതല നിർവഹിച്ചപ്പോൾ ഉണ്ടായ അനുഭവം ഉദാഹരിക്കാം. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള മുപ്പതോളം ഹൈ-റാങ്ക് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. നഗരത്തിൽ രണ്ടുമൂന്ന് ഹോട്ടലുകളിലായിട്ടാണ് താമസം സജ്ജീകരിച്ചിരുന്നത്. അവരിൽ ഒരേ ഹോട്ടലിൽ താമസിക്കുന്ന ആറ് പേർക്കായി രണ്ട് കാറുകൾ തയ്യാറാക്കിയിരുന്നു. മീറ്റിങ്ങിന്റെ ആദ്യ ദിവസത്തെ സെഷൻ കഴിഞ്ഞ് എല്ലാവരും മുറ്റത്തിറങ്ങി നിൽക്കുന്നു. അവസാനത്തെ രണ്ട് കാറുകളിൽ കൂടിയേ അതിഥികളെ ഹോട്ടലിലേയ്ക്ക് അയയ്ക്കാനുള്ളു എന്ന ഘട്ടത്തിലാണ്. അവരിലൊരാൾ പറയുന്നു, അയാൾക്ക് ഒറ്റയ്ക്ക് ഒരു കാറിൽ പോണം! മറുത്തൊന്നും പറയാൻ പോലും പറ്റുന്ന റാങ്കല്ല അയാളുടേത്. കൂടെയുള്ള മറ്റുള്ളവർ ആൾക്ക് തൊട്ടുതാഴെയാണ് എന്നേയുള്ളൂ, പക്ഷേ നമ്മളെ സംബന്ധിച്ച് അതും കൈയെത്താത്ത അത്രയും വലിയ റാങ്കാണ്. അവസാനനിമിഷത്തിൽ കാറിന് എവിടെപ്പോകാൻ! രണ്ട് കാറിൽ ഒന്നിൽ ഒരാളെ വിട്ടാൽ, ബാക്കി അഞ്ചുപേരേയും കൂടി ഒരു കാറിൽ തിരുകേണ്ടി വരും. അത് അവരോട് എങ്ങനെ പറയും? പറഞ്ഞാൽ അവർ എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കറിയാം! പരിഹാരമാർഗത്തിനായി മുകളിലേയ്ക്ക് വിളിച്ചപ്പോൾ വന്ന ഡയറക്ഷനാണ് അതിലും രസം- 'You do accordingly'!
ഇതൊരു സാമ്പിൾ അനുഭവം മാത്രം. ഈ ഉദാഹരണത്തിൽ ഇടപെടുന്ന ആളുകളുടെ പവർ നിങ്ങളെ നിസ്സഹായതയിലെത്തിക്കുന്നു. മറിച്ച് ആ വശത്ത് അത്ര പവർഫുളല്ലാത്ത ആളുകളാണെങ്കിലോ? കൂടുതൽ എളുപ്പമാകുമെന്ന് തോന്നുമെങ്കിലും, പലപ്പോഴും അങ്ങനല്ല. അവിടെ ഒരാൾ അനാവശ്യകാര്യത്തിന് പ്രശ്നമുണ്ടാക്കിയാൽ നിങ്ങളുടെ ടെമ്പർ തെറ്റും. മിക്കവാറും അത് വാക്കേറ്റമാകും. അത് പിന്നീട് വരുന്ന ആളുകളേയും ബാധിയ്ക്കും.
അവിടെയാണ് അതിലെ മറ്റൊരു ക്യാച്ച്. നിങ്ങളുടെ പെരുമാറ്റത്തിന് നിങ്ങൾ അക്കൗണ്ടബിൾ ആയിരിക്കും, നിങ്ങളോട് ഇടപെടുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും ആ പരിമിതി ഇല്ല.
ഒരു ഉദാഹരണം പറയാം. യുവജനോത്സവത്തിന്റെ ഡ്യൂട്ടിയിൽ പ്രൈസ് വിതരണത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ അനുഭവമാണ്. ഫസ്റ്റ് പ്രൈസിന് ട്രോഫിയും സർട്ടിഫിക്കറ്റും, സെക്കൻഡ് പ്രൈസിന് സർട്ടിഫിക്കറ്റ് മാത്രം - ഇതാണ് വിതരണത്തിന് മുകളിൽ നിന്ന് കിട്ടിയ നിർദ്ദേശം. ഒരു രക്ഷകർത്താവിന്, രണ്ടാം പ്രൈസുള്ള തന്റെ കുട്ടിയ്ക്ക് ട്രോഫി കിട്ടണം. കാരണം കഴിഞ്ഞ വർഷം രണ്ടാം പ്രൈസിന് ട്രോഫി കിട്ടിയിരുന്നത്രേ. മയത്തിൽ പറഞ്ഞുമനസിലാക്കാൻ നോക്കീട്ട് കക്ഷി അണുകിട വിടുന്നില്ല. ട്രോഫീം കൊണ്ടേ പോകൂ എന്ന മട്ട്. അവസാനം വാക്കേറ്റവും ഉന്തും തള്ളുമായി. ഒരുവിധം മറ്റുള്ളവർ ഇടപെട്ട് അയാളെ പറഞ്ഞുവിട്ടു. അല്പം കഴിഞ്ഞ് വേറൊരു രക്ഷകർത്താവ് കുട്ടിയുമായി പ്രൈസ് വാങ്ങാൻ വന്നു. കക്ഷി വളരെ കാഷ്വലായി 'സെക്കൻഡ് പ്രൈസിന് ട്രോഫിയില്ലേ' എന്നൊന്ന് ചോദിച്ചു. നമ്മുടെ സുഹൃത്തിന്റെ വായിൽ വളരെ നാച്ചുറലായി വന്ന മറുപടി 'ഇവിടെ ട്രോഫീമില്ല കോപ്പുമില്ല' എന്നായിരുന്നു. മറ്റെയാൾ അല്പസ്വല്പം പിടിപാടുള്ള ആളായിരുന്നു. പിന്നെ പറയണ്ടല്ലോ. അപമര്യാദയായി പെരുമാറിയതിന് പലയിടങ്ങളിൽ കേറിയിറങ്ങി വിശദീകരണം കൊടുക്കലും ക്ഷമ ചോദിക്കലുമൊക്കെയായി രണ്ട് ദിവസമങ്ങ് പോയി.
ഈ അനുഭവങ്ങളെല്ലാം ഓർമ്മ വരുന്നത് കോവിഡുമായി ബന്ധപ്പെട്ട് ലോക്ഡൗൺ ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസുകാരെ കാണുമ്പോഴാണ്. അധികാരശ്രേണിയിൽ ഏറ്റവുംതാഴെ, എന്നാൽ ഏറ്റവും കൂടുതൽ ആളുകളെ നേരിട്ട് അഭിമുഖീകരിക്കേണ്ട ചുമതലക്കാർ. അവരുടെ പെരുമാറ്റത്തിന് അവർ അക്കൗണ്ടബിൾ ആണ്, അവരോട് പെരുമാറുന്ന പൊതുജനത്തിന് അങ്ങനല്ല. പലപ്പോഴും നിർദ്ദേശങ്ങൾ നടപ്പാക്കുമ്പോഴും, അത് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നതിനെ പറ്റി വ്യക്തത കിട്ടിയിട്ടുണ്ടാവണമെന്നില്ല. മാസ്ക് നിർബന്ധമായും ധരിക്കുന്നുണ്ടെന്ന് ഉറപ്പിക്കണമെന്നാവും നിർദ്ദേശം. ഒറ്റയ്ക്ക് സ്വന്തം കാറോടിച്ച് പോകുന്ന ആൾ അതിനുള്ളിൽ മാസ്കിട്ട് ഇരിക്കേണ്ട ആവശ്യമുണ്ടോ എന്നൊന്ന് ആലോചിക്കാൻ പോലും സമയം കിട്ടുന്നുണ്ടാവില്ല. അയാളെയും കൈകാണിച്ച് നിർത്തിച്ച് മാസ്ക് ധരിപ്പിക്കാൻ യാന്ത്രികമായി ശ്രമിക്കും. പക്ഷേ നമ്മളിവിടെ സ്വസ്ഥമായി വീട്ടിലിരുന്ന് ഇന്റർനെറ്റിൽ കോവിഡിനെപ്പറ്റി അന്വേഷിച്ചും വായിച്ചും പഠിച്ചുമൊക്കെയാവും "ഒറ്റയ്ക്ക് സ്വന്തം കാറോടിച്ച് പോകുന്ന ആൾ അതിനുള്ളിൽ മാസ്കിട്ട് ഇരിക്കേണ്ട ആവശ്യമുണ്ടോ" എന്ന സംശയമുയർത്തുന്നത്. പോലീസുകാർക്ക് ആ 'പ്രിവിലേജ്' ഉണ്ടാവാനിടയില്ല.