March 3, 2020

വോട്ടിങ് മെഷീൻ എന്ന ഉപകരണത്തിൽ അടിസ്ഥാനപരമായി ഒരു പന്തികേടുള്ളതായി തോന്നിയിട്ടുണ്ട്.

Vaisakhan Thampi

January 22 2019

വോട്ടിങ് മെഷീൻ എന്ന ഉപകരണത്തിൽ അടിസ്ഥാനപരമായി ഒരു പന്തികേടുള്ളതായി തോന്നിയിട്ടുണ്ട്. അത് പക്ഷേ അതിനെ ആരെങ്കിലും ഹാക്ക് ചെയ്ത് തിരിമറി കാണിയ്ക്കും എന്ന സംശയത്തിന്റെ പുറത്തുള്ളതല്ല. എന്റെ പരിമിതമായ അറിവിൽ, ഇന്റർനെറ്റ് ഹാക്കർമാരൊക്കെ ചെയ്യുന്നപോലെ ദൂരെയിരുന്ന് നെറ്റുവർക്കിലൂടെ നുഴഞ്ഞുകയറാവുന്ന ഒരു സിസ്റ്റമല്ല വോട്ടിങ് മെഷീന്റേത്. എത്ര വിദഗ്ദ്ധനായ ഹാക്കർ വിചാരിച്ചാലും ഒരു സാദാ KSRTC കണ്ടക്ടറുടെ കൈയിലെ ടിക്കറ്റ് മെഷീൻ ഹാക്ക് ചെയ്ത് ടിക്കറ്റ് പ്രിന്റ് ചെയ്യാൻ പറ്റില്ല എന്നതുപോലെ തന്നെ. വോട്ടിങ് മെഷീനിലെ പന്തികേട് എന്നുദ്ദേശിച്ചത്, തെരെഞ്ഞെടുപ്പ് നടത്തുന്ന കമ്മീഷനും തെരെഞ്ഞെടുപ്പ് നിർവഹിക്കുന്ന വോട്ടർക്കും ഒരുപോലെ ദുരൂഹമായ ഒരു പ്രക്രിയയാണ് അതിനുള്ളിൽ നടക്കുന്നത് എന്നതാണ്. മെഷീൻ നിർമിച്ച സാങ്കേതിക വിദഗ്ദ്ധരെ വിശ്വസിക്കുക എന്നതാണ് അവിടത്തെ അടിസ്ഥാനപരമായ ആവശ്യം. താൻ ഞെക്കുന്ന ബട്ടൻ താൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയ്ക്ക് ലഭിയ്ക്കുന്ന വോട്ടായി മാറുകയാണ് എന്ന് ഒരു വോട്ടറെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക? വോട്ടെണ്ണൽ സമയത്ത്, മെഷീനിൽ നിന്നുള്ള ഡേറ്റ പരിശോധിച്ച് ഇന്നയാൾക്ക് ഇത്ര വോട്ട് കിട്ടി എന്ന് കൗണ്ട് ചെയ്യപ്പെടുമ്പോൾ അതിനുള്ളിൽ നടക്കുന്ന ഡേറ്റാ വിശകലന പ്രക്രിയ എങ്ങനെയാണ് ഒരാളെ ബോധ്യപ്പെടുത്തുക? ഇതുകൊണ്ടൊക്കെ തന്നെയാണ് മിക്ക വികസിത രാജ്യങ്ങളും ഇന്നീ കാലത്തും പേപ്പർ ബാലറ്റ് ഉപയോഗിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. താൻ തന്റെ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ഒരു പ്രവൃത്തി ചെയ്യുമ്പോൾ, യാതൊരു സ്പെഷ്യലിസ്റ്റ് അറിവും ഇല്ലാതെ തന്നെ ആ പ്രക്രിയ പൗരന് മനസിലായിരിക്കണം എന്നത് ജനാധിപത്യത്തിന്റെ ഒരു അടിസ്ഥാന ആവശ്യമാണെന്ന് തോന്നുന്നു.

ഇതൊക്കെ അവിടെ നിൽക്കുമ്പോഴും വോട്ടിങ് മെഷീനിൽ കൃത്രിമം കാട്ടിയതുകൊണ്ടാണ് ബീ.ജെ.പി. 2014-ൽ അധികാരത്തിൽ വന്നത് എന്ന് വിശ്വസിക്കുന്ന ആളേയല്ല ഞാൻ. അങ്ങനെ ആരെങ്കിലും ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ അവർക്ക് ഇനിയും ബി.ജെ.പി.യുടെ രാഷ്ട്രീയം മനസിലായിട്ടില്ലാന്നേ ഞാൻ പറയൂ. അന്നത്തെ ബി.ജെ.പി. വിജയത്തിൽ അസ്വാഭാവികമായി ഒന്നും ഉള്ളതായി തോന്നുന്നില്ല. എല്ലാം കൊണ്ടും സാഹചര്യങ്ങൾ അവർക്കനുകൂലമായിരുന്നു. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് വോട്ട് കിട്ടുന്നതരം പൊതുബോധം ഇൻഡ്യയിൽ നിലനിൽക്കുന്നു എങ്കിൽ അതിനെ ആ നിലയ്ക്ക് തന്നെ അഡ്രസ് ചെയ്യണം. അത് എന്തുകൊണ്ട് എന്നും, എങ്ങനെ പ്രതിരോധിയ്ക്കാമെന്നും പഠിയ്ക്കണം. മറിച്ച് തെറ്റായ ഉത്തരങ്ങൾ കൊണ്ട് ചോദ്യങ്ങൾ അടച്ചുപൂട്ടാൻ നോക്കിയാൽ നേരെ വിപരീതമായിരിക്കും ഫലം.