ഇത് തോമസ് മിഡ്ജ്ലി ജൂനിയർ (1889-1944). നൂറിലധികം പേറ്റന്റുകൾ സ്വന്തമായുള്ള ഒരു ശാസ്ത്ര ഉപജ്ഞാതാവായിരുന്നു.
Vaisakhan Thampi
2018
ഇത് തോമസ് മിഡ്ജ്ലി ജൂനിയർ (1889-1944). നൂറിലധികം പേറ്റന്റുകൾ സ്വന്തമായുള്ള ഒരു ശാസ്ത്ര ഉപജ്ഞാതാവായിരുന്നു. നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു പ്രതിഭ. പക്ഷേ പറഞ്ഞിട്ടെന്താ?! സ്വയമറിയാതെയാണെങ്കിൽ പോലും, ലോകത്തിൽ ഏറ്റവും ദോഷകരമായിത്തീർന്ന രണ്ട് കണ്ടുപിടിത്തങ്ങൾ ഇദ്ദേഹത്തിന്റേതായിരുന്നു. തന്റെ തന്നെ ഒരു കണ്ടുപിടിത്തം കാരണം കൊല്ലപ്പെടാനുള്ള വിധിയും ഈ നിർഭാഗ്യവാന് ഉണ്ടായി.
ലെഡ് ചേർന്ന പെട്രോളും, ക്ലോറോഫ്ലൂറോ കാർബൺ സംയുക്തമായ ഫ്രിയോണും മിഡ്ജ്ലിയുടെ കണ്ടുപിടിത്തങ്ങളാണ്. എഞ്ചിൻ നോക്കിങ് (knocking) എന്ന പ്രശ്നത്തിനുള്ള പരിഹാരം എന്ന നിലയിലാണ് ടെട്രാ ഈഥൈൽ ലെഡ് (TEL) എന്ന സംയുക്തം അദ്ദേഹം കണ്ടുപിടിച്ചത്. TEL ചേർത്ത ഇന്ധനം വളരെ പെട്ടെന്ന് പോപ്പുലറായി. പക്ഷേ ഇതുമായി ബന്ധപ്പെട്ട് മിഡ്ജ്ലി ജോലി ചെയ്ത മൂന്ന് കമ്പനികളിലായി നിരവധി ഉദ്യോഗസ്ഥരും തൊഴിലാളികളും ലെഡ് വിഷാംശമേറ്റ് മരണപ്പെടുകയും നിരവധി മാനസിക രോഗങ്ങൾക്ക് അടിപ്പെടുകയും ചെയ്തു. മിഡ്ജ്ലിയ്ക്ക് തന്നെ പിന്നീട് ലെഡ് വിഷബാധയ്ക്ക് ചികിത്സ തേടേണ്ടി വന്നു. ലെഡഡ് പെട്രോൾ അതിനകം ലോകമെങ്ങും അന്തരീക്ഷത്തിലേയ്ക്ക് വലിയ അളവിൽ ലെഡ് കലർത്തിവിട്ടിരുന്നു. 1924-ൽ ഇത് നിരോധിയ്ക്കപ്പെട്ടു.
1920-കളിൽ എയർ കണ്ടീഷനറുകളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിച്ചിരുന്നത് അമോണിയ, ക്ലോറോ മീഥെയ്ൻ തുടങ്ങിയ വാതകങ്ങളായിരുന്നു. ഇവ വിഷകരവും സ്ഫോടന സ്വഭാവമുള്ളതുമായതിനാലാണ് പുതിയ ബദലുകൾ കണ്ടെത്തേണ്ട ആവശ്യം വന്നത്. അവിടെയാണ് മിഡ്ജ്ലിയുടെ നേതൃത്വത്തിൽ ഡൈക്ലോറോ ഫ്ലൂറോ മീഥെയ്ൻ എന്ന ഫ്രിയോൺ വാതകം വികസിപ്പിച്ചെടുത്തത്. ഇത് വളരെ പെട്ടെന്ന് ലോകമെമ്പാടും മറ്റ് വാതകങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കപ്പെട്ട് തുടങ്ങി. എന്നാൽ ഫ്രിയോൺ ഓസോൺ പാളിയ്ക്ക് കേടുവരാനും അമിതമായ ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്നു എന്ന് കണ്ടെത്തപ്പെട്ടതോടെ പിൽക്കാലത്ത് നിരോധിയ്ക്കപ്പെട്ടു. പക്ഷേ മിഡ്ജ്ലി അതിന് മുന്നേ തന്റെ തന്നെ ഒരു കണ്ടുപിടിത്തത്താൽ കൊല്ലപ്പെട്ടിരുന്നു.
1940-ൽ 51-ആമത്തെ വയസ്സിൽ മിഡ്ജ്ലിയ്ക്ക് പോളിയോ ബാധിച്ചു. ശരീരം കാര്യമായി തളർന്ന അദ്ദേഹത്തിന്റെ മനസ് തളർന്നിരുന്നില്ല. തന്നെ കട്ടിലിൽ നിന്ന് ഉയർത്താൻ കഴിവുള്ള ഒരു യന്ത്രം, കപ്പികളുടേയും കയറിന്റേയും ക്രമീകരണം വഴി അദ്ദേഹം ഉണ്ടാക്കിയെടുത്തു. പക്ഷേ ആ യന്ത്രത്തിന്റെ തന്നെ കയറുകളുടെ കുരുക്കിൽ പെട്ട് ശ്വാസംമുട്ടി മരിയ്ക്കുക എന്ന ദുരന്തമായിരുന്നു അദ്ദേഹത്തിന് കാലം കരുതിവച്ചിരുന്നത്.
ലോക പരിസ്ഥിതിയ്ക്ക് ഏറ്റവും ദോഷകരമായ ആഘാതം ഒറ്റയ്ക്ക് ഏൽപ്പിച്ച ജീവി എന്നതാണ് ഇന്ന് മിഡ്ജ്ലിയുടെ വിശേഷണം.