`എന്താണ് താപസൂചിക?
Vaisakhan Thampi
March 27 2019
`എന്താണ് താപസൂചിക?
കേരളം ചുട്ടുപൊള്ളുകയാണ്. വാർത്തകളിൽ താപനിലയോടൊപ്പം ഒരു താപസൂചിക കൂടി പറയുന്നത് ശ്രദ്ധിച്ചിരുന്നോ? എന്താണത്?
ഒപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്; റേഡിയോയിലോ ടീവിയിലോ അന്തരീക്ഷ താപനില പറയുമ്പോൾ, അത് ഏതാണ്ട് 30 ഡിഗ്രി സെൽസ്യസിനോട് അടുപ്പിച്ചായാൽ പോലും നമുക്കത് 'ചൂടുള്ള' കാലാവസ്ഥയി തോന്നും. പക്ഷേ നമ്മുടെ ശരീരത്തിന്റെ ശരാശരി താപനില 37 ഡിഗ്രിയാണെന്ന് സ്കൂളിൽ പഠിച്ചിട്ടുമുണ്ട്. ശരാശരി 37 ഡിഗ്രി ചൂടുമായി നടക്കുന്ന നമുക്ക് 30 ഡിഗ്രി മാത്രം താപനിലയുള്ള അന്തരീക്ഷത്തിൽ ചൂടനുഭവപ്പെടുന്നത് എങ്ങനെയാണ്?
ഇവിടെയാണ് പ്രശ്നം. നമ്മുടെ ശരീരം താപനില അളന്നു നോക്കിയല്ല ചൂടാണോ തണുപ്പാണോ എന്ന് തീരുമാനിക്കുന്നത്. ശരീരത്തിൽ നിന്ന് പുറത്തേയ്ക്കാണോ അകത്തേക്കാണോ താപം നീങ്ങുന്നത് എന്നതാണ് മാനദണ്ഡം. നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രക്രിയകൾക്ക് ഒരു സ്ഥിരമായ ശരീരതാപനില ആവശ്യമാണ്. ഇതിനാവശ്യമായ താപം ദഹനം, പേശീചലനം തുടങ്ങിയവയിലൂടെ ശരീരം സദാ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കും. താപം പുറത്തേയ്ക്ക് പോകുന്നുവെങ്കിൽ ശരീരത്തിന് അത് തണുപ്പായി അനുഭവപ്പെടും. താപം അകത്തേയ്ക്ക് വന്നില്ലെങ്കിൽ പോലും, ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് പോകാതിരുന്നാൽ നമുക്കത് ഉഷ്ണമായി അനുഭവപ്പെടും. (തണുപ്പത്ത് പുതപ്പ് മൂടുമ്പോൾ ചെയ്യുന്നത് ശരീരത്തിൽ നിന്നുള്ള താപനഷ്ടം തടയുകയാണ്. അല്ലാതെ പുതപ്പ് ചൂട് നൽകുന്നില്ല)
കാലാവസ്ഥാ വാർത്തകളിൽ പറയുന്ന അന്തരീക്ഷ താപനിലയായിരിക്കില്ല, നമുക്ക് ‘അനുഭവപ്പെടുന്ന താപനില’. നമ്മുടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനത്തിന്റെ (Thermoregulation) രീതിയാണ് ഇവിടെ പൊരുത്തക്കേട് ഉണ്ടാക്കുന്നത്. ശരീരത്തിലുണ്ടാകുന്ന അധികതാപം പുറത്തുകളയാൻ നമ്മുടെ ശരീരം പ്രധാനമായും ഉപയോഗിക്കുന്നത് വിയർക്കലിനെയാണ് (sweating) എന്നറിയാമല്ലോ. തൊലിക്കരികിലെ വിയർപ്പുഗ്രന്ഥികളിലൂടെ പുറത്തുവരുന്ന വിയർപ്പ് ശരീരത്തിൽ നിന്നും താപം ആഗിരണം ചെയ്ത് ബാഷ്പമായി (vapor) പോകുന്നതുവഴിയാണ് ശരീരത്തിന്റെ താപനില കുറയുന്നത്. ഒരാൾ ശരാശരി 6 ലിറ്റർ വിയർപ്പ് ഇതുപോലെ ബാഷ്പീകരിച്ച് കളയുന്നുണ്ട് എന്നാണ് കണക്ക്. ഇത് അവിശ്വസനീയമായി തോന്നിയേക്കാം. കാരണം, പുറത്തുവന്നയുടൻ ബാഷ്പീകരിച്ചുപോകാവുന്നതിലും അധികം വിയർപ്പ് പുറത്തുവന്ന് ശരീരത്തിൽ വലിയ തുള്ളികളായി രൂപം കൊള്ളുമ്പോൾ മാത്രമേ നമ്മൾ സാധാരണ ഭാഷയിൽ ‘വിയർക്കുന്നു’ എന്നു പറയാറുള്ളു. സത്യത്തിൽ ശരീരം എപ്പോഴും വിയർക്കുന്നുണ്ട്. വെയിലേൽക്കുമ്പോഴോ, ശാരീരികമായി അധ്വാനിക്കുമ്പോഴോ ഒക്കെ നമ്മൾ നന്നായി വിയർക്കുന്നത് ശരീരത്തിലുണ്ടായ അധികതാപം പുറത്തുകളയുന്നതിനായിട്ടാണ്. ഇനി ഇതേ വിയർപ്പോടുകൂടി ഫാനിന് കീഴെ ചെന്നുനിന്നാൽ നല്ല തണുപ്പ് അനുഭവപ്പെടുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? കാറ്റ് വിയർപ്പിന്റെ ബാഷ്പീകരണവേഗത കൂട്ടുന്നതുകൊണ്ടാണത്. കൂടുതൽ വേഗത്തിൽ ബാഷ്പീകരണം നടന്നാൽ കൂടുതൽ വേഗത്തിൽ ശരീരതാപവും കുറയും (വിയർപ്പുഗ്രന്ഥികൾ താരതമ്യേന കുറവായ നായ പോലുള്ള ജീവികൾ, വായിലും പരിസരത്തുമുള്ള നനവുള്ള ഭാഗങ്ങളിലൂടെ ഇതുപോലെ ബാഷ്പീകരണം നടത്തുവാനായാണ് അണയ്ക്കുന്നത്)
ഇവിടെയാണ് മറ്റൊരു വില്ലൻ കടന്നുവരുന്നത്- ആർദ്രത അഥവാ ഹ്യുമിഡിറ്റി. അന്തരീക്ഷത്തിലുള്ള ജലബാഷ്പത്തിന്റെ അളവാണത്. ശരീരത്തിൽ നിന്നും ബാഷ്പമായി മാറുന്ന വിയർപ്പ് അന്തരീക്ഷത്തിലേക്കാണല്ലോ ചെല്ലുന്നത്. ആ അന്തരീക്ഷത്തിൽ ജലബാഷ്പം കൂടുതലായിരുന്നാൽ വിയർപ്പ് ബാഷ്പമാകുന്ന നിരക്കും അതിനനുസരിച്ച് കുറയും. അതോടെ താപം ശരീരത്തിന് പുറത്തേയ്ക്ക് കളയുന്നതും പതിയെ ആകുമെന്ന് പറയണ്ടതില്ലല്ലോ. അതുകൊണ്ട് പുറത്ത് താപനില കുറവായിരുന്നാൽ പോലും ഹ്യുമിഡിറ്റി കൂടിയിരുന്നാൽ താപനിലയും കൂടുതലായി നമുക്ക് അനുഭവപ്പെടും. ഇങ്ങനെ നമുക്ക് അനുഭവപ്പെടുന്ന താപനിലയെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക (heat index). അന്തരീക്ഷ താപനിലയേയും ആപേക്ഷിക ആർദ്രതയേയും (relative humidity) ചേർത്ത് ഒരു സമവാക്യം വഴി ബന്ധിപ്പിച്ചാണ് ഇത് കണക്കാക്കുന്നത്. ഇന്ന് ഇതെഴുതുമ്പോൾ കൊച്ചിയിലെ താപനില 32 ഡിഗ്രി സെൽസ്യസും ആപേക്ഷിക ആർദ്രത 68% ഉം ആണ്. ഈ സാഹചര്യത്തിൽ ഇവിടത്തെ താപസൂചിക 40 ഡിഗ്രി ആണ്. അതായത്, ശരീരതാപനിലയ്ക്ക് മുകളിൽ. അതുകൊണ്ട് തന്നെ എനിയ്ക്ക് അന്തരീക്ഷത്തിലെ 32 ഡിഗ്രി ‘തണുപ്പ്’ ആയിട്ടല്ല, ചൂടായിട്ടേ അനുഭവപ്പെടൂ. ഇനി ഇവിടെ ആപേക്ഷിക ആർദ്രത 80% (അതിന് മുകളിലും പോകാറുണ്ട് ഇവിടെ) ആയിരുന്നെങ്കിൽ താപസൂചിക ഏതാണ്ട് 44 ഡിഗ്രി ആയി മാറിയേനെ. പക്ഷേ അതേ സമയം ഞാൻ 32 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ തൊട്ടെന്നിരിക്കട്ടെ. എനിക്കത് ‘തണുത്ത’ വെള്ളമായി തന്നെ അനുഭവപ്പെടും. കാരണം 37 ഡിഗ്രി ചൂടുള്ള ശരീരത്തിൽ നിന്നും ആ വെള്ളത്തിലേക്ക് നേരിട്ട് താപം പ്രവഹിക്കും, എന്റെ വിരലറ്റം തണുക്കും. അതായത്, അന്തരീക്ഷത്തിൽ നമുക്ക് അനുഭവപ്പെടുന്ന ചൂട്, അവിടത്തെ താപനിലയെ മാത്രമല്ല, ആർദ്രതയേയും കാര്യമായി ആശ്രയിക്കുന്നുണ്ട്.
ചൂടുള്ള ദിവസങ്ങളിൽ ചെറിയ മഴ പെയ്താൽ അന്തരീക്ഷ താപനില കുറയുന്നതിനുപകരം കൂടുന്നതായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇനി ഊഹിക്കാമോ?
വാൽക്കഷണം- താപനിലയ്ക്കും ആർദ്രതയ്ക്കും ഒപ്പം കാറ്റിനെക്കൂടി പരിഗണിക്കുന്ന Wind chill എന്നൊരു സൂചകവും നിലവിലുണ്ട്. ശീതരാജ്യങ്ങളിൽ അത് വളരെ പ്രധാനപ്പെട്ട ഒരു മാനകമാണ്.