ഫിസിക്സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?
Vaisakhan Thampi
·ഫിസിക്സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?
മിക്കവർക്കും ഉത്തരം പകല് പോലെ വ്യക്തമായിരിക്കും, രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഫിസിക്സ് തന്നെയായിരിക്കും അല്ലേ? പത്താം ക്ലാസ്സ് കഴിയുമ്പോൾ നല്ല മാർക്കുള്ള 'മിടുക്കരായ' കുട്ടികൾ സയൻസെടുക്കുമെന്നും, അല്ലാത്തവർ കൊമേഴ്സോ ഹ്യുമാനിറ്റീസോ എടുക്കുമെന്നും എല്ലാവർക്കും അറിയാമല്ലോ. മാത്രമല്ല ചരിത്രമോ സാമ്പത്തിക ശാസ്ത്രമോ സാമൂഹ്യശാസ്ത്രമോ ഒക്കെ ഒരു പൊതുസദസ്സിൽ ചർച്ച ചെയ്യാവുന്ന, ഏവർക്കും ഇടപെടാവുന്ന വിഷയങ്ങളാണ്. പക്ഷേ ക്വാണ്ടം ഫിസിക്സോ, മോളിക്യുലർ ബയോളജിയോ ഒന്നും പൊതുവേദികളിൽ ചർച്ച പോയിട്ട് പരാമർശത്തിൽ വന്നാൽ തന്നെ അസ്വാഭാവികമായിരിക്കും. ചുരുക്കത്തിൽ, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ പ്രകൃതിശാസ്ത്രങ്ങൾ (natural sciences) ബുദ്ധിയുള്ളവർക്ക് പറ്റിയ കടുകട്ടി വിഷയങ്ങളും, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ മാനവീയശാസ്ത്രങ്ങൾ (social sciences) ബുദ്ധി കുറഞ്ഞവർക്കുള്ള ലളിതമായ വിഷയങ്ങളുമാകുന്നു!
ഗുരുതരമായ ഒരു തെറ്റിദ്ധാരണയാണിത്. സത്യത്തിൽ സാമൂഹ്യശാസ്ത്ര വിഷയങ്ങൾ പ്രകൃതിശാസ്‌ത്രങ്ങളെ അപേക്ഷിച്ച് വളരെ പതിയെയാണ് വികസിച്ചിട്ടുള്ളത്. സൂര്യനിൽ നിന്ന് ഭൂമിയെക്കാൾ ഇരുപത് മടങ്ങ് ദൂരെയുള്ള ഒരു ഗ്രഹത്തിന്റെ ചലനം നിരീക്ഷിച്ച്, അതിനപ്പുറം ഭൂമിയെക്കാൾ അമ്പത് മടങ്ങ് ദൂരെ ഒരു ഗ്രഹമുണ്ടാകുമെന്നും അതിന്റെ സ്ഥാനവും വരെ കൃത്യമായി കണക്കാക്കി അവിടേയ്ക്ക് ടെലിസ്കോപ്പ് ചൂണ്ടി ആ ഗ്രഹത്തെ സ്പോട്ട് ചെയ്യാൻ 19-ആം നൂറ്റാണ്ടിൽ തന്നെ പ്രകൃതിശാസ്ത്രത്തിന് കഴിഞ്ഞു. പക്ഷേ 21-ആം നൂറ്റാണ്ടിലും ഒരു ആഗോളസാമ്പത്തിക പ്രതിസന്ധി കൃത്യമായി പ്രവചിക്കാൻ സമൂഹ്യശാസ്തങ്ങൾക്ക് കഴിയുന്നില്ല. അത് സാമൂഹ്യശാസ്ത്രജ്ഞർ ബുദ്ധി കുറഞ്ഞവർ ആയതുകൊണ്ടല്ല. സാമൂഹ്യശാസ്ത്രങ്ങൾ അത്രകണ്ട് സങ്കീർണമായതുകൊണ്ടാണ്.
ശാസ്ത്രങ്ങളെ Hard sciences, Soft sciences എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്. അത് പഠിക്കാനുള്ള ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് സയൻസിന്റെ രീതിശാസ്ത്രത്തിന് (Scientific Method) ഒരു വിഷയം എത്രത്തോളം വഴങ്ങും എന്നതാണ് മാനദണ്ഡം. ഫിസിക്സും കെമിസ്ട്രിയുമൊക്കെ ഹാർഡ് സയൻസുകളാണ്. അതിലെ സിദ്ധാന്തങ്ങൾ നിഷ്കർഷിക്കുന്ന നിരീക്ഷണഫലങ്ങളെ അണുവിട തെറ്റാതെ അളന്ന് പരിശോധിക്കാൻ കഴിയും. അതുകൊണ്ട് തന്നെ പുതിയൊരു ആശയം അവതരിപ്പിച്ചാൽ അത് ശരിയെന്നോ തെറ്റെന്നോ ബോധ്യപ്പെടാൻ വളരെ എളുപ്പമാണ്. ഉദാഹരണത്തിന്, ഒരു വാതകം ഇത്ര താപനിലയിൽ ഇത്ര വ്യാപ്തമുള്ള ഒരു പാത്രത്തിൽ അടച്ചുവെച്ചാൽ അത് ഇത്ര മർദ്ദം ചെലുത്തും എന്നൊരു സിദ്ധാന്തം പറയുന്നുണ്ടെങ്കിൽ, ആ മർദ്ദം അളക്കുക എന്ന ഒറ്റക്കാര്യം കൊണ്ട് ആ സിദ്ധാന്തത്തിനെ വിലയിരുത്താൻ പറ്റും.
പക്ഷേ സാമൂഹ്യശാസ്ത്രങ്ങൾ അങ്ങനല്ല. വാതകത്തിന്റെ താപനിലയും വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം പോലെ ലളിതമല്ല സമൂഹത്തിലെ വിവിധ പരാമീറ്ററുകൾ (ജനസംഖ്യ, അസമത്വം, വരുമാനം, കുറ്റകൃത്യനിരക്ക്, അങ്ങനെ എന്തുമാവാം) തമ്മിലുള്ള പ്രതിപ്രവർത്തനം. അവിടെ ഒരു പരാമീറ്ററിനെ അനവധി പരാമീറ്ററുകൾ നിയന്ത്രിക്കുന്നുണ്ടാകും, ഈ പരാമീറ്ററുകൾ തന്നെ പരസ്പരവും സ്വാധീനിക്കുന്നുണ്ടാകും. ഇതൊന്നും പോരാഞ്ഞിട്ട്, ഇത്തരം പരാമീറ്ററുകൾക്ക് തന്നെ സാർവത്രികമായ ഒരു നിർവചനമോ അളക്കാനുള്ള സാധ്യതയോ പോലും ഉണ്ടായില്ലാന്നും വരും. അതുകൊണ്ട് ശാസ്ത്രരീതിയ്ക്ക് അത് കണിശമായി വഴങ്ങില്ല. അതുകൊണ്ടാണ് അവയെ 'soft sciences' ആയി കണക്കാക്കുന്നത്.
ഇതിനൊരു രസകരമായ വശമുണ്ട്. ഹാർഡ് സയൻസുകളിൽ ആധികാരികത നടിയ്ക്കാൻ വലിയ ബുദ്ധിമുട്ടാണ്. കണിശമായ നിർവചനങ്ങളും, കൃത്യമായി നിർദ്ധാരണം ചെയ്യപ്പെട്ട പരസ്പരബന്ധ സമവാക്യങ്ങളും ഉള്ളതുകൊണ്ട് അടിസ്ഥാനതത്ത്വങ്ങൾ അറിയാവുന്ന ഒരാൾക്ക് ഒറ്റയടിയ്ക്ക് മണ്ടത്തരം സ്‌പോട്ട് ചെയ്യാൻ പറ്റും. ശരിയെന്നോ തെറ്റെന്നോ തെളിയിക്കാനും പറ്റും. പക്ഷേ സാമൂഹ്യശാസ്ത്രങ്ങളിലെ ഒരു സിദ്ധാന്തത്തിന്റെ കാര്യത്തിൽ ഇതത്ര എളുപ്പമല്ല. വാളെടുക്കുന്ന ആർക്കും വെളിച്ചപ്പാടാവാനുള്ള സാധ്യതയാണ് അത് തുറന്നിടുന്നത്. ഒരു പരിധിവരെ, ഇതാണ് നമ്മൾ തുടക്കത്തിൽ പറഞ്ഞ തെറ്റിദ്ധാരണയുടെ കാരണം. ഫിസിക്സിലും കെമിസ്ട്രിയിലും കൈവെക്കാൻ മടിക്കുമ്പോഴും, ''സോഷ്യോളജി, ഇത് ഞമ്മളിപ്പ ശര്യാക്കിത്തരാം'' എന്ന് നമ്മൾ ചിന്തിക്കുന്നത് അങ്ങനെയാണ്. "The magnetic waves from Earth is concentrated along the northern corner of house which can create a flux of negative energy influencing the bio-electric field of inhabitants" എന്ന് കേൾക്കുമ്പോൾ ഏ-ക്ലാസ് സയൻസായും, ''വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള അന്തർധാര'' എന്ന് കേൾക്കുമ്പോൾ കോമഡിയെന്നതിനപ്പുറം വേറെ അർത്ഥമൊന്നും ഉണ്ടാവാൻ സാധ്യതയില്ലെന്നും തോന്നുന്നതും അതുകൊണ്ട് തന്നെ.
PS: പൊതുബോധപ്രകാരം, 'കടുകട്ടി' വിഷയങ്ങളിൽ ഏറ്റവും ചീത്തപ്പേരുള്ള ഫിസിക്സിൽ ഗവേഷണബിരുദമുള്ള, അതിനെ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിൽ പഠിപ്പിക്കുന്ന ആളാണ് ഇതെഴുതിയത് എന്നോർമിപ്പിച്ചുകൊണ്ട് ആവർത്തിക്കുന്നു, social sciences are far more difficult to understand than physics. വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ Mathematical sociology, Computational sociology, Complex systems science തുടങ്ങിയ വിഷയങ്ങളിൽ അധികവായനയ്ക്ക് ശ്രമിക്കുന്നത് ഗുണം ചെയ്യും.