വൈശാഖന്‍ തമ്പിഎഴുതുന്നു:
June 1, 2020

വലിയ ഭീകരവാദവാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടോ,

Vaisakhan Thampi

May 25 at 9:42 AM ·

വലിയ ഭീകരവാദവാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടോ, അതിൽ സ്ഥിരമായി കാണുന്ന ഒരു വരിയുണ്ട്- സംഭവത്തിന്റെ ഉത്തരവാദിത്വം ഇന്ന സംഘടന ഏറ്റെടുത്തു എന്ന്. ആരെക്കൊണ്ടും നല്ലത് പറയിപ്പിക്കില്ല എന്ന് സാധാരക്കാർ കരുതുന്ന ഒരു പ്രവൃത്തി ചെയ്തിട്ട് എന്തിനാണവർ പബ്ലിക്കായി അത് തങ്ങളാണ് ചെയ്തത് എന്ന് പ്രസിദ്ധപ്പെടുത്തുന്നത്? സാധാരണക്കാർക്ക് മനസിലാവാത്ത, ആ ചോദ്യത്തിന്റെ ഉത്തരമാണ് അവരെ ഭീകരവാദികൾ (terrorists) ആക്കുന്നത്. അവർ ആ പ്രവൃത്തിയിൽ ആനന്ദവും അഭിമാനവും കണ്ടെത്തുന്നു. ആ മനോഭാവമാണ് അവരുടെ അടയാളം. അക്രമം ചെയ്യുന്നവരോ കൊലപാതകം ചെയ്യുന്നവരോ ആയ എല്ലാവരും ടെററിസ്റ്റുകൾ ആകാത്തതും അതുകൊണ്ടാണ്.

ആ പശ്ചാത്തലത്തിൽ വേണം സിനിമാസെറ്റ് തകർത്ത സംഭവത്തെ കാണാൻ. ലോകം മൊത്തം ഒരു മഹാമാരിയെ ചെറുക്കാൻ പോരാടുകയാണ്. നമ്മുടെ നാട്ടിലും സർക്കാരും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പൊതുജനവും വരെ അതിൽ ഏതെങ്കിലും രീതിയിൽ ഏർപ്പെട്ടിരിക്കുന്നു. അപ്പോൾ ഇതുപോലെ കുറേ മനുഷ്യരൂപമുള്ള ജീവികളുടെ ശ്രദ്ധ എന്തിലാണെന്ന് ശ്രദ്ധിക്കണം. പള്ളിയാണെന്ന പേരിൽ സിനിമാസെറ്റ് തകർക്കാനാണ് ഇവറ്റകൾ ആ ചള്ളുതടിയും മന്തുതലയും ഉപയോഗിച്ചിരിക്കുന്നത്. എന്നിട്ട് അഭിമാനത്തോടെയുള്ള ഏറ്റുപറച്ചിലും. പള്ളിയാണെന്ന് കരുതി സിനിമാസെറ്റ് തകർത്ത മണ്ടൻമാർ എന്ന നിലയിൽ ലാഘവത്തോടെ കാണാവുന്ന പ്രശ്നമല്ല ഇത്. ലക്ഷണമൊത്ത ടെററിസ്റ്റ് സംഘടനയാണ് തങ്ങളെന്ന് തെളിയിച്ച ഇക്കൂട്ടരെ ഇനിയും മൂടോടെ പിഴുതുകളയാൻ മടിച്ചാൽ സമൂഹമെന്ന നിലയിൽ നമ്മളതിന് വലിയ വില കൊടുക്കേണ്ടിവരും. എത്രയും വേഗം സാധ്യമായതിൽ ഏറ്റവും കടുത്ത വകുപ്പുകൾ ചുമത്തി (അതിനിവിടെ കുറവൊന്നുമില്ലല്ലോ) ഇവരെ അകത്താക്കണം, എന്നിട്ട് തകർത്ത വസ്തുക്കളുടെ നഷ്ടപരിഹാരവും വാങ്ങിച്ചെടുക്കണം. നാളെ ഒരുത്തനും ഇതിന് തുനിയാൻ തോന്നാത്തവിധം ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ കൊറോണയൊക്കെ ചെറുതായിരുന്നു എന്ന് നാളെ നെടുവീർപ്പിടേണ്ടിവരും.