മക്കയിലെ മുസ്ലീങ്ങളുടെ ഹജ്ജ് തീർത്ഥാടന കർമങ്ങൾക്കിടയിൽ അപകടങ്ങൾ പതിവാണ്. മിക്കതും സാത്താനെ കല്ലെറിയൽ എന്ന പ്രത്യേക ചടങ്ങനിടെയായിരുന്നു സംഭവിച്ചിരുന്നത്. ഒരു ചെറിയ സ്ഥലത്തേയ്ക്ക് അനിയന്ത്രിതമായ അളവിൽ ജനങ്ങൾ വന്ന് കൂടുന്നതിന്റെ ഫലമായിട്ടായിരുന്നു അപകടങ്ങൾ മ
Vaisakhan Thampi
2018
മക്കയിലെ മുസ്ലീങ്ങളുടെ ഹജ്ജ് തീർത്ഥാടന കർമങ്ങൾക്കിടയിൽ അപകടങ്ങൾ പതിവാണ്. മിക്കതും സാത്താനെ കല്ലെറിയൽ എന്ന പ്രത്യേക ചടങ്ങനിടെയായിരുന്നു സംഭവിച്ചിരുന്നത്. ഒരു ചെറിയ സ്ഥലത്തേയ്ക്ക് അനിയന്ത്രിതമായ അളവിൽ ജനങ്ങൾ വന്ന് കൂടുന്നതിന്റെ ഫലമായിട്ടായിരുന്നു അപകടങ്ങൾ മിക്കതും. എന്നാൽ കഴിഞ്ഞ കുറച്ചുകാലത്തിനിടെ അത്തരം അനിഷ്ട സംഭവങ്ങൾ വളരെ കുറച്ച് മാത്രമേ സംഭവിക്കാറുള്ളൂ എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?
2004-ൽ സൗദി ഗവൺമെന്റ് ഈ ആൾത്തിരക്ക് എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന വിഷയത്തിൽ Crowd Dynamics Ltd എന്ന കൺസൾട്ടൻസി കമ്പനിയെ സമീപിയ്ക്കുകയുണ്ടായി. അവരുടെ റിസർച്ചിന്റെ ഫലമായി മുന്നോട്ട് വെയ്ക്കപ്പെട്ട മാർഗനിർദ്ദേശങ്ങൾ ആൾത്തിരക്ക് മൂലമുള്ള അപകടങ്ങൾ കുറയ്ക്കാൻ ഒരുപാട് സഹായിച്ചു എന്നതാണ് ചരിത്രം. കല്ലെറിയൽ നടക്കുന്ന സ്ഥലത്തെ തൂണുകൾക്ക് ചുറ്റുമുള്ള മതിൽ വൃത്താകൃതിയിൽ നിന്ന് മാറ്റി ദീർഘവൃത്താകൃതിയിൽ ആക്കുന്നതൊക്കെ ആ നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരുന്നു.
ഇവിടെ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിച്ച കാര്യം, ആൾക്കൂട്ടം എന്ന 'സാധനത്തെ' കൈകാര്യം ചെയ്യാൻ ഒരു സയന്റിഫിക് റിസർച്ച് മേഖലയും അതിൽ വിശേഷഗവേഷണം നടത്തുന്ന കമ്പനികളും വരെ ഉണ്ട് എന്നതാണ്. ക്രൗഡ് മോഡലിങ്, ക്രൗഡ് സിമുലേഷൻ എന്നിങ്ങനെയുള്ള പല വാക്കുകളും ഇതുമായി ബന്ധപ്പെട്ട് കേൾക്കാൻ കഴിയും. അത് എന്താണെന്ന് പറയാൻ, മുൻപ് ഒരിയ്ക്കൽ സൂചിപ്പിച്ചിട്ടുള്ള ത്രികോണത്തിന്റെ ഉദാഹരണം തന്നെ ഉപയോഗിക്കാം. A, B, C എന്നീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ വശങ്ങളുടെ നീളങ്ങൾ തമ്മിൽ A² + B² = C² എന്നൊരു സമവാക്യം വഴി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. പൈഥഗോറസ് തിയറം എന്ന പേരിൽ സ്കൂളിൽ പഠിച്ചിട്ടുള്ള ഈ സമവാക്യം, സത്യത്തിൽ മട്ടത്രികോണാകൃതിയുള്ള ഏതൊരു വസ്തുവിന്റേയും ഒരു ഗണിത മോഡൽ (mathematical model) ആണെന്ന് പറയാം. A² + B² = C² എന്ന സമവാക്യത്തിൽ നിങ്ങൾക്കാ ത്രികോണത്തെ കാണാൻ പറ്റില്ല. പക്ഷേ ആ ത്രികോണം അതിനുള്ളിലുണ്ട്. ഒരു സമവാക്യം കൊണ്ട് ത്രികോണത്തെ നമ്മൾ മോഡൽ ചെയ്തിരിക്കുകയാണ് എന്ന് കാണാം. (ബോർ ആറ്റം മോഡൽ എന്നൊരു വാക്ക് കേട്ടിട്ടുണ്ടാകുമല്ലോ അല്ലേ? അവിടേയും ഇതേ അർത്ഥത്തിലുള്ള ഒരു 'മോഡലിങ്' ആണ് അടങ്ങിയിട്ടുള്ളത്)
ഇത്തരത്തിൽ മോഡൽ ചെയ്യപ്പെടുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് ആൾത്തിരക്കും. ത്രികോണത്തിന്റെ ഉദാഹരണത്തിലെ A-യും B-യും ഒക്കെ അതിന്റെ വശങ്ങളുടെ നീളങ്ങളാണെങ്കിൽ, തത്തുല്യമായ രീതിയിൽ ജനക്കൂട്ടത്തിന്റെ വലിപ്പം, അവയുടെ ഉദ്ദേശ്യങ്ങൾ (ഉദാ: ഒരു പ്രത്യേക ബിന്ദുവിൽ എത്തുക, ചില പ്രത്യേക സ്ഥലം ഒഴിവാക്കുക, നിശ്ചിത സമയം കൊണ്ട് ഒരു ദൂരം താണ്ടുക...), എന്നിവയെല്ലാം ഗണിതസമവാക്യങ്ങളുടെ രൂപത്തിൽ പ്രകടിപ്പിക്കാൻ ശ്രമിക്കും. സമവാക്യങ്ങളുടെ എണ്ണവും സ്വഭാവവും മാറുന്നതിന് അനുസരിച്ച് അവ നിർദ്ധാരണം ചെയ്യാൻ കൂടുതൽ കംപ്യൂട്ടിങ് പവർ വേണ്ടിവന്നേക്കാം. ത്രികോണത്തിന്റെ കാര്യം പേപ്പറും പേനയും കൊണ്ട് കണക്കാക്കാമെങ്കിൽ, ആൾത്തിരക്കിന്റെ കാര്യത്തിൽ കംപ്യൂട്ടറുകൾ തന്നെ വേണ്ടിവരുമെന്ന വ്യത്യാസമേ ഉള്ളൂ. ഇന്നത്തെ ആധുനിക ലോകത്ത് ഇത്തരം മോഡലിങ്ങുകൾ നമ്മളറിയാതെ നമുക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. കാലാവസ്ഥാ പ്രവചനം തൊട്ട് ആൾത്തിരക്ക്, റോഡിലെ ട്രാഫിക് ഒഴുക്ക്, എയർപോർട്ടിൽ വിമാനങ്ങളുടെ പോക്കുവരവ്, ശരീരഭാഗങ്ങളിലൂടെയുള്ള മരുന്നിന്റെ സഞ്ചാരം എന്നിവയൊക്കെ കൈകാര്യം ചെയ്യാനും സിനിമയിലെ കൃത്രിമ ആൾക്കൂട്ടങ്ങൾ രൂപകല്പന ചെയ്യാനും ഒക്കെ ഇതിന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്.
പഠിച്ച വിഷയത്തിന്റെ ട്രെയ്നിങ് ചിന്തകളിൽ പ്രവർത്തിക്കുന്നത് കൊണ്ടാകണം, ഞാൻ പൊതുവേ ഈ ഒരു രീതിയിലാണ് കാര്യങ്ങളെ നോക്കിക്കാണാറുള്ളത്. ഞാൻ ഒരു റോഡിലെ ട്രാഫിക് നോക്കി നിന്നാൽ ഓരോ വണ്ടിയും എങ്ങനെ പോകുന്നു എന്നതിന് പകരം ട്രാഫിക് മൊത്തത്തിൽ എങ്ങനെ പെരുമാറുന്നു എന്നാണ് കാണാൻ ശ്രമിക്കുക. ചിലപ്പോളൊക്കെ ഒരു ബ്ലോക്കിൽ പെടുകയും, ആ കുരുക്ക് അഴിയുമ്പോൾ 'എങ്ങനെയാ ഈ ബ്ലോക്കുണ്ടായത്' എന്ന് അന്തംവിടുകയും ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ? വണ്ടികൾ ഇടിക്കുക, റോഡ് തകരാറിലാകുക, റോഡിന് കുറുകേ തടസ്സം ഉണ്ടാകുക, എന്നിങ്ങനെ ബ്ലോക്ക് ഉണ്ടാക്കാൻ പോന്ന ഒരു കാരണവും കാണാതിരിക്കുകയും എന്നാൽ ട്രാഫിക് ഞെരുക്കം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. വണ്ടികൾക്ക് പകരം ട്രാഫിക്കിനെ മൊത്തം ഒരു വസ്തുവായി കാണുന്ന ഒരാൾക്ക് അതിൽ ദുരൂഹത ഉണ്ടാവില്ലായിരിക്കും. അത് എന്തുകൊണ്ട് എന്ന് വിശദീകരിയ്ക്കാൻ സാധിയ്ക്കുന്നില്ല എന്നത് ഇവിടത്തെ പ്രശ്നമാണ്. Mathematically trained അല്ലാത്ത ഒരാളോട് അതെങ്ങനെ പറഞ്ഞു ഫലിപ്പിക്കുമെന്നും അറിയില്ല.
എന്റെ സാമൂഹ്യ വീക്ഷണങ്ങൾ പലതും ഞാൻ സ്വയമറിയാതെ ചെയ്യുന്ന ഒരുതരം മോഡലിങ്ങിൽ നിന്ന് ഉരുത്തിരിയുന്നതാണ്. ക്രൗഡ് മോഡലിങ്ങിൽ ആൾക്കൂട്ടത്തിലെ ഓരോ വ്യക്തിയും എന്തൊക്കെ ചെയ്യുന്നു എന്ന ഡീറ്റെയ്ൽ അപ്രധാനമാണ്. ആൾക്കൂട്ടം മൊത്തത്തിൽ എങ്ങനെ പെരുമാറുന്നു എന്നതാണ് വിഷയം. പൊതുജനത്തിന്റെ താത്പര്യങ്ങൾ, മുൻവിധികൾ, അവർ എന്തിനോട് സൗമ്യമായി പ്രതികരിക്കുന്നു, എന്തിനോട് രൂക്ഷമായി പ്രതികരിക്കുന്നു, പൊതുജനം എന്ന വസ്തുവിന്റെ ഉള്ളിലെ ഘടകങ്ങൾ പരസ്പരം എങ്ങനെ പ്രതിപ്രവർത്തിക്കുന്നു, എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ച് നിർമിക്കപ്പെടുന്ന ഒരു മോഡലാണ് എന്റെ മനസ്സിലെ സമൂഹം. അതിന്റെ പെരുമാറ്റം നോക്കിയാണ് അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നത്. അതും long-term ൽ large-scale ൽ ഉണ്ടാകാൻ പോകുന്ന പ്രഭാവങ്ങളിലാണ് കൂടുതൽ താത്പര്യം. എനിയ്ക്ക് വൈദഗ്ദ്ധ്യം ഇല്ലാത്ത വിഷയമായതിനാൽ പലതും പുറത്ത് പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകാറില്ല. പക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് നമ്മൾ എത്തിച്ചേർന്നിരിക്കുന്ന ഈ അവസ്ഥ ഏതാണ്ടൊക്കെ ഞാൻ കണക്കാക്കിയതുമായി ഒത്തുപോകുന്നുണ്ട്.
ഇപ്പറഞ്ഞതിൽ അവ്യക്തത ഉണ്ടെന്നറിയാം. പ്രത്യേകിച്ചും, അവസാന രണ്ട് പാരഗ്രാഫുകളിൽ പറയാൻ ഉദ്ദേശിച്ചത് പൂർണമായിട്ടുമില്ല. ഒരു പ്രശ്ന സമീപന-പരിഹാര രീതി പരിചയപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തിൽ, സമയക്കുറവും അക്ഷമയും കാരണം കൂടുതൽ പോളിഷിങ് ഒന്നും ഇല്ലാതെ ഇതങ്ങ് പോസ്റ്റ് ചെയ്യുന്നു.