March 3, 2020

ആർഗിൾട്ടൺ നിഗൂഢത?

Vaisakhan Thampi

January 6 2019

നിങ്ങൾക്ക് കുറച്ച് സ്ഥലം വാങ്ങാൻ പദ്ധതിയുണ്ട്. അതിന് വേണ്ടി ഇന്റർനെറ്റിൽ റിയൽ എസ്‌റ്റേറ്റ് വെബ്സൈറ്റുകളിൽ പരതി ഒരു ടൗൺ നിങ്ങൾ സ്പോട്ട് ചെയ്യുന്നു. ആ ടൗണിനെ കുറിച്ച് സെർച്ച് ചെയ്തപ്പോൾ അവിടത്തെ കടകൾ, മാർക്കറ്റുകൾ, അപ്പാർട്ട്മെന്റുകൾ, പാർക്കുകൾ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളെക്കുറിച്ച് ഒരു ധാരണ കിട്ടുന്നു. എന്തായാലും ഗൂഗിൾ മാപ്പ് ഉണ്ടല്ലോ, അവിടം വരെ പോയി ആ സ്ഥലമൊന്ന് കാണാൻ തീരുമാനിക്കുന്നു, പുറപ്പെടുന്നു. പക്ഷേ അവിടെ ചെന്നപ്പോഴോ? തുറസായ ഒരു വെളിംപ്രദേശമല്ലാതെ അവിടെ ഒന്നുമില്ല. നിങ്ങൾ പരിസരത്ത് അന്വേഷിക്കുന്നു. കടയും അപ്പാർട്ട്മെന്റും എന്നല്ല, അങ്ങനെ ഒരു ടൗണേ ഇല്ലത്രേ! എങ്ങനുണ്ടാവും?

ഇത് വെറും കഥയല്ല. ഇംഗ്ലണ്ടിലെ വെസ്റ്റ് ലാൻകാഷയറിലെ ആർഗിൾട്ടൺ (Argleton) എന്ന ടൗൺ അന്വേഷിച്ച് വന്നവർക്ക് ഈ അനുഭവം ഉണ്ടായി. 2009-ലാണ് ഇതൊരു ഇന്റർനെറ്റ് സെൻസേഷനായി മാറിയത്. ഒരു യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനാണ് ആദ്യമായി അത് ഓൺലൈൻ പോസ്റ്റ് ചെയ്തത്; ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ കാലാവസ്ഥയും മാർക്കറ്റ് സ്റ്റേറ്റസും ഉൾപ്പടെ രണ്ട് ലക്ഷത്തിലധികം സർച്ച് റിസൾട്ടുകൾ വരുന്ന പേരുള്ള ഒരു ടൗൺ സത്യത്തിൽ നിലവിലില്ല പോലും (സർച്ച് റിസൾട്ടിൽ

www.argleton.com

എന്നൊരു സൈറ്റ് വരെ ഉണ്ടായിരുന്നു). പിന്നീട് നിരവധി പേർ ഇത് ഏറ്റെടുത്തു. നിരവധി പേർ ആർഗിൾട്ടൺ ടൗൺ അന്വേഷിച്ച് വന്ന്, ചിത്രത്തിൽ കാണുന്നത് പോലുള്ള വെറും പാടം കണ്ട് വണ്ടറടിച്ചതായി പോസ്റ്റിട്ടു. അത് ബഹളമായ സമയത്ത്, ആ സ്ഥലത്ത് പോയെന്നും അങ്ങനെയൊന്ന് ശരിയ്ക്കും ഉണ്ടെന്നും അവകാശപ്പെടുന്നവരും രംഗത്തെത്തി. "I visited Argleton..." എന്നെഴുതിയ ടീ-ഷർട്ടുകൾ പോലും മാർക്കറ്റിലെത്തി. പക്ഷേ 2010-ഓടെ ആർഗിൾട്ടൺ ഗൂഗിൾ മാപ്പിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു! ഇന്ന് ആ വാക്ക് സർച്ച് ചെയ്താൽ 'no result' എന്നേ കാണാനാകൂ.

സത്യത്തിൽ എന്തായിരുന്നു ആർഗിൾട്ടൺ നിഗൂഢത? അതേപ്പറ്റി ഗൂഗിൾ ഔദ്യോഗികമായി വിശദീകരണമൊന്നും പുറത്തിറക്കിയതായി അറിവില്ല. പക്ഷേ ഏതാണ്ടെല്ലാവരും പരക്കെ അംഗീകരിക്കുന്ന ഒരു അഭ്യൂഹമുണ്ട്. Copyright Trap എന്നൊരു സൂത്രമുണ്ട്. ബൗദ്ധികസ്വത്തിന്റെ മോഷണം തടയാനോ കണ്ടുപിടിക്കാനോ ഉപയോഗിക്കുന്ന ഒരു ട്രിക്കാണത്. പ്രത്യേകിച്ചും ഭൂപടനിർമാതാക്കൾക്കാണ് ഇതാവശ്യം വരിക. ഒരു സ്ഥലത്തെ റോഡുകൾ, നദികൾ, കുന്നുകൾ, താഴ്വരകൾ, സമതലങ്ങൾ എന്നിങ്ങനെയുള്ള നിരവധി ഭൂമിശാസ്ത്ര സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു മാപ്പ് നിർമിക്കുക എന്നത് വളരെയധികം അദ്ധ്വാനമുള്ള കാര്യമാണ്. ഒരേ സ്ഥലത്തിന്റെ മാപ്പ് എത്രപേർ നിർമിച്ചാലും ഒരുപോലെ തന്നെ ഇരിക്കും, അല്ലെങ്കിൽ ഇരിക്കണമെന്നാണല്ലോ. അപ്പോൾ സ്വാഭാവികമായും ഒരു കൂട്ടർ ഉണ്ടാക്കിയ മാപ്പ് വേറൊരു കൂട്ടർ അതേപടി പകർത്തിയാലും കണ്ടുപിടിക്കാൻ പ്രയാസമാണ്. ഇത് പിടിക്കാൻ ഭൂപടനിർമാതാക്കൾ ഉപയോഗിക്കുന്ന കോപ്പിറൈറ്റ് കെണിയാണ് Paper town അഥവാ phantom settlement എന്നറിയപ്പെടുന്ന ഇല്ലാനഗരങ്ങൾ. ആദ്യത്തെ മാപ്പ് ഉണ്ടാക്കുന്ന കൂട്ടർ ഇതുപോലൊരു ഇല്ലാനഗരം തങ്ങളുടെ മാപ്പിൽ വരച്ചുചേർക്കും. സ്വാഭാവികമായും സ്വന്തമായി സർവേ നടത്താതെ മാപ്പ് കോപ്പിയടിക്കുന്ന വിദ്വാൻമാർ ഇതുംകൂടി ചേർത്തങ്ങ് വരയ്ക്കും. പിന്നെ പറയേണ്ടല്ലോ. പരീക്ഷയ്ക്ക് ആവർത്തിക്കുന്ന തെറ്റ് നോക്കി ടീച്ചർമാർ കോപ്പിയടി പിടിക്കുന്ന അതേ ടെക്നിക്ക്! ചിലപ്പോൾ ടൗണിന് പകരം ഇല്ലാറോഡുകളായിരിക്കും (trap street) വരച്ചുചേർക്കുന്നത്. തൊട്ടടുത്തുള്ള Aughton എന്ന ടൗണിന്റെ പേരിനെ, സ്വന്തം പേരിനോട് സാമ്യമുള്ള ഉച്ചാരണത്തിലേയ്ക്ക് മെഴുക്കിയെടുത്ത് ഗൂഗിൾ ഉണ്ടാക്കിയ പേരാണ് 'ആർഗിൾട്ടൺ' എന്ന് കരുതപ്പെടുന്നു. (ചിത്രത്തിൽ കാണുന്നത് Aughton-ൽ നിന്ന് ആർഗിൾട്ടൺ എന്നാരോപിക്കപെടുന്ന 'ടൗണി'ലേയ്ക്ക് നോക്കിയാൽ കാണുന്ന ദൃശ്യമാണ്). മാപ്പിൽ വരുന്ന സ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത് ഓട്ടോമാറ്റിക്കായി മറ്റ് ബിസിനസുകളുമായി ബന്ധിപ്പിക്കുന്ന സേവനദാതാക്കളാണ് ആർഗിൾട്ടണെ ഇന്റർനെറ്റിൽ പകർത്തി നിറച്ചത്. ആർഗിൾട്ടണിലേതെന്ന പേരിൽ പ്രത്യക്ഷപ്പെട്ടിരുന്ന ബിസിനസ് സ്ഥാപനങ്ങളിൽ മിക്കതും ഒറിജിനലായിരുന്നു. അവ ആർഗിൾട്ടണ് അടുത്ത്, അതേ പോസ്റ്റ് കോഡിൽ വരുന്ന മറ്റ് സ്ഥലങ്ങളിലായിരുന്നു എന്ന് മാത്രം.