March 3, 2020

പ്രവാചകൻമാരേ പറയൂ, സുനാമി അകലെയാണോ?

Vaisakhan Thampi

2017

പ്രവാചകൻമാരേ പറയൂ, സുനാമി അകലെയാണോ?

(മുന്നറിയിപ്പ്: ശാസ്ത്രീയ പ്രവചനമാണ് പോസ്റ്റിലെ വിഷയം. എഴുതിവന്നപ്പോൾ നീളം അല്പം കൂടിപ്പോയി. ക്ഷമിക്കണം)

ഒരു പേപ്പറിൽ 3 സെന്റിമീറ്റർ നീളത്തിൽ ഒരു നേർരേഖ വരയ്ക്കുക. എന്നിട്ട് അതിന്റെ ഒരു അറ്റത്ത്, അതിന് ലംബമായി 4 സെന്റിമീറ്റർ നീളത്തിൽ മറ്റൊരു നേർരേഖ വരയ്ക്കുക. ഇനി ഈ രണ്ട് രേഖകളുടേയും മറ്റു രണ്ട് അറ്റങ്ങൾ ചേർത്ത് മൂന്നാമതൊരു വര വരച്ചാൽ അതൊരു ത്രികോണമായി മാറും.

ഇനി ചോദിക്കട്ടെ, നിങ്ങൾ അവസാനം വരച്ച വരയ്ക്ക് എത്ര നീളമുണ്ടാകും? ആദ്യത്തെ രണ്ട് വരകളും സ്കെയിൽ കൊണ്ട് അളന്ന്, കൃത്യം നീളത്തിൽ നമ്മൾ വരച്ചതാണ്. എന്നാൽ മൂന്നാമത്തെ വര വരയ്ക്കുമ്പോൾ അതിന് എത്ര നീളം വേണം എന്നതായിരുന്നില്ല നമ്മുടെ ആവശ്യം. മറിച്ച് രണ്ട് പോയിന്റുകളെ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇനി നമുക്കതിന്റെ നീളം അറിയേണ്ടതുണ്ട്. എന്താണ് മാർഗം?

ഏറ്റവും സിമ്പിളായ വഴി സ്കെയിൽ എടുത്ത് അതിന്റെ നീളം നേരിട്ട് അളക്കുക എന്നത് തന്നെ. പക്ഷേ മറ്റൊരു മാർഗമുണ്ട്. നിങ്ങൾ സ്കൂളിൽ പഠിച്ച ഗണിതം ഓർമയുണ്ടെങ്കിൽ, അളന്ന് നോക്കാതെ തന്നെ ആ മൂന്നാമത്തെ വരയുടെ നീളം 5 സെന്റിമീറ്റർ ആണെന്ന് അറിയാനാകും. ഇതെഴുതുന്ന ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ എവിടെയെങ്കിലുമിരുന്ന് ഇതുപോലൊരു മട്ടത്രികോണം (ഒരു ത്രികോണത്തിന്റെ ഏതെങ്കിലും രണ്ട് വശങ്ങൾ പരസ്പരം ലംബമായിരുന്നാൽ നമ്മളതിനെ മട്ടത്രികോണം എന്ന് വിളിക്കും) വരച്ചാൽ ഇവിടിരുന്ന് അതിന്റെ മൂന്നാമത്തെ വശത്തിന്റെ നീളം എനിയ്ക്ക് പറയാനാകും. അതിന് എന്നെ സഹായിക്കുന്നത് ഒരു ലളിതമായ അറിവാണ്. ആദ്യത്തെ വരയുടെ നീളം a-യും രണ്ടാമത്തേതിന്റെ നീളം b-യും ആണെങ്കിൽ, മൂന്നാമത്തെ വരയ്ക്ക് a²+b² ന്റെ വർഗമൂലത്തിന് (square root) തുല്യമായ നീളമുണ്ടാകും. പൈഥഗോറസ് തിയറം എന്ന പേരിൽ നമ്മൾ പഠിച്ച ഈ നിയമപ്രകാരം c² = a² + b² ആയിരിക്കും. ഇത് ആര് എപ്പോൾ ഏത് പരന്ന പ്രതലത്തിൽ വരയ്ക്കുന്ന ത്രികോണത്തിനും ബാധകമാണ്. ആദ്യം വരയ്ക്കുന്ന വരകൾക്ക് എത്ര നീളവും നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. പക്ഷേ മൂന്നാമത്തെ വരയുടെ നീളം നിങ്ങളുടെ നിയന്ത്രണത്തിലല്ല. അത് പൈഥഹോറസ് സിദ്ധാന്തമാണ് തീരുമാനിക്കുന്നത്. ഇനി, മട്ടത്രികോണം തന്നെ ആകണമെന്ന നിർബന്ധം ഒഴിവാക്കുന്നു എന്നിരിക്കട്ടെ. ഏത് ത്രികോണവും ആയിക്കോട്ടെ, ആദ്യത്തെ രണ്ട് വശങ്ങളുടെ നീളവും അവയ്ക്കിടയിലെ കോണും നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ അപ്പോഴും മൂന്നാമത്തെ വശത്തിന്റെ നീളം c² = a² + b² - 2ab cos(x) എന്ന സമവാക്യം തീരുമാനിക്കും. ഇവിടെ cos(x) എന്ന അളവ് വരകൾ തമ്മിലുള്ള കോൺ മാറുന്നതിനനുസരിച്ച് മാറുന്ന ഒന്നാണ്. അതുകൊണ്ട് രണ്ട് വശങ്ങളുട നീളം മാറാതിരുന്നാൽ പോലും, പരസ്പരമുള്ള കോൺ മാറിയാൽ മൂന്നാമത്തെ വശത്തിന്റെ നീളം മാറും. അത് പക്ഷേ മേൽപ്പറഞ്ഞ രീതിയിലാകും മാറുന്നത്, ആ രീതിയിലേ അത് മാറൂ.

ഇത്രയും പറഞ്ഞത് സ്കൂളിലെ കണക്ക് ക്ലാസിൽ പഠിച്ചുമറന്നത് ഓർമിപ്പിക്കാനല്ല കേട്ടോ. അവിടെ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ്. മൂന്ന് നേർരേഖാ വശങ്ങളും മൂന്ന് മൂലകളും ഉള്ള ഏത് രൂപവും ഒരു ത്രികോണമാണ്. അത് പേപ്പറിൽ വരച്ചതാകണം എന്നൊന്നുമില്ല. പക്ഷേ അവയുടെ വശങ്ങൾ തമ്മിൽ പ്രകൃത്യാൽ തന്നെ ഒരു പരസ്പരബന്ധമുണ്ട്. ആ ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ഗണിതശാസ്ത്ര മോഡൽ (mathematical model) ആണ് c² = a² + b² - 2ab cos(x) എന്ന സമവാക്യം. ഇത് മനസിലാക്കിയ ഒരാളിന് ഒരു ത്രികോണരൂപത്തിന്റെ രണ്ട് വശങ്ങളുടെ നീളവും അവയ്ക്കിടയിലെ കോണളവും വെച്ച് മൂന്നാമത്തെ വശത്തിന്റെ നീളം അളക്കാതെ തന്നെ അറിയാനാകും.

ഇവിടെ ശ്രദ്ധിക്കേണ്ടത്, ശാസ്ത്രം നിങ്ങൾക്ക് നൽകുന്ന പ്രവചനശേഷിയാണ്. പ്രവചനം എന്ന വാക്ക് തന്നെ വല്ലാണ്ട് തെറ്റിദ്ധരിക്കപ്പെട്ടുപോയി. മറ്റുള്ളവർക്കില്ലാത്ത സവിശേഷ കഴിവുകൾ അവകാശപ്പെടുന്ന സ്വയംപ്രഖ്യാപിത പ്രവാചകരുടെ കുത്തകയായി പ്രവചനങ്ങൾ എടുത്തുകാട്ടപ്പെടുന്നു. പക്ഷേ ശാസ്ത്രം നമുക്ക് പ്രയോജനപ്പെടുന്നത് തന്നെ ഒരർത്ഥത്തിൽ അതിന്റെ പ്രവചനശേഷി കൊണ്ടാണ്. പ്രവാചകരുടെ പ്രവചനവും ശാസ്ത്രീയപ്രവചനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ശാസ്ത്രീയപ്രവചനം മൊബൈൽ ഫോൺ ഉണ്ടാക്കുന്നത് പോലെയാണെങ്കിൽ, പ്രവാചകപ്രവചനം ഒരു മജീഷ്യൻ തൊപ്പിയിൽ നിന്നും മൊബൈൽ ഫോൺ പുറത്തടുക്കുന്നത് പോലെയാണ്. മൊബൈൽ ഫോൺ ഉണ്ടാക്കാൻ അതിന്റെ ഇലക്ട്രോണിക്സും മെറ്റീരിയൽ സയൻസും കമ്യൂണിക്കേഷൻ കോഡും ഒക്കെ അറിയണം. പക്ഷേ മജീഷ്യന് ഇതൊന്നും അറിയേണ്ട കാര്യമില്ല. താൻ പുറത്തെടുക്കാൻ പോകുന്ന മൊബൈൽ ഫോൺ എവിടുന്നെങ്കിലും സംഘടിപ്പിക്കുകയേ വേണ്ടൂ. ശരിയ്ക്കും ആ തൊപ്പിയ്ക്കുള്ളിൽ അപ്പോൾ പ്രത്യക്ഷപ്പെട്ടതാണ് ആ മൊബൈൽ ഫോൺ എന്ന തോന്നൽ ഉണ്ടാക്കേണ്ട കഴിവാണ് അയാൾക്ക് വേണ്ടത്. തത്കാലം ശാസ്ത്രമാണ് സംസാരിക്കുന്നത് എന്നതിനാൽ അത്തരം ട്രിക്കുകൾ ഇവിടത്തെ വിഷയമല്ല. നമുക്ക് ശാസ്ത്രപ്രവചനത്തിലേക്ക് മടങ്ങിവരാം.

ത്രികോണത്തിന്റെ വശങ്ങളെ ബന്ധപ്പെടുത്തുന്ന ഗണിതമോഡൽ പോലെ, ശാസ്ത്രം ഭൗതികലോകത്തെ വിവിധ അളവുകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ ഗണിതമോഡലുകൾ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. ദൂരം, വേഗത, താപനില, ഭാരം, സാന്ദ്രത എന്നിങ്ങനെ ഒരു മോഡലിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന അളവുകളെ നമുക്ക് ചരങ്ങൾ (variables) എന്ന് വിളിക്കാം. അവ പല രീതിയിൽ മാറാം (vary- ചെയ്യാം) എന്നതിനാലാണ് ആ പേര്. പക്ഷേ അവയുടെ മാറ്റങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ത്രികോണം എന്ന തീർത്തും ഗണിതപരമായ ഉദാഹരണത്തിൽ നിന്ന് അല്പം കൂടി ഭൗതികമായ ഒന്നിലേക്ക് വരാം. നിങ്ങൾ ഒരു കാറിൽ 50 km/h സ്ഥിരവേഗതയിൽ യാതൊരു വളവും ഇല്ലാത്ത ഒരു റോഡിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് സങ്കല്പിക്കുക. ഉച്ചയ്ക്ക് 12 മണിയ്ക്ക് നിങ്ങൾ പുറപ്പെടുന്നു. വേഗത മാറുകയോ, വണ്ടി വളയ്ക്കേണ്ടി വരികയോ ചെയ്യുന്നില്ല എങ്കിൽ ഒന്നര മണിക്കൂർ കഴിയുമ്പോൾ നിങ്ങൾ എവിടെയെത്തുമെന്ന് കൃത്യമായി മുൻകൂട്ടി പറയാനാകും. കാരണം, വേഗത, സമയം, സഞ്ചരിക്കുന്ന ദൂരം ഇവ തമ്മിൽ പ്രകൃതിയിൽ ഒരു പരസ്പര ബന്ധമുണ്ട്. അതറിയാവുന്ന ഒരാൾക്ക് ഇതിൽ ഏതെങ്കിലും രണ്ട് കാര്യങ്ങൾ അറിഞ്ഞാൽ മൂന്നാമത്തെ കാര്യം പ്രവചിക്കാനാകും. ഇവിടെ നിങ്ങളുടെ വേഗത v-യും, സഞ്ചരിക്കുന്ന ദൂരം x-ഉം, യാത്ര തുടങ്ങിയതിന് ശേഷമുള്ള സമയം t-യും ആണെങ്കിൽ ഇവ തമ്മിൽ

x = vt

എന്ന് ബന്ധപ്പെട്ടിരിക്കുന്നു. ഇതുപയോഗിച്ച്, യാത്ര തുടങ്ങിയിട്ട് എത്ര നേരമായി (t എത്ര) എന്ന് നോക്കി എത്ര ദൂരം (x എത്ര) സഞ്ചരിച്ചെത്തി എന്നറിയാം. അതുപോലെ എത്ര ദൂരെ എത്തി എന്ന് നോക്കിയാൽ, എത്ര നേരം യാത്ര ചെയ്തു എന്നുമറിയാം. ഇനി ഇത്ര നേരം കൂടി യാത്ര ചെയ്താൽ ഇത്ര ദൂരെയുള്ള സ്ഥലത്ത് എത്തുമെന്ന് മുൻകൂട്ടി പ്രവചിക്കാനും സാധിയ്ക്കും. എന്നാൽ ഇവിടെ വേഗത സ്ഥിരമായി നിർത്തുന്നു എന്ന് നമ്മൾ സങ്കല്പിച്ചിരുന്നു. മറിച്ച് വേഗത സ്ഥിരമല്ല, അത് സെക്കൻഡിൽ a എന്ന അളവിൽ മാറിക്കൊണ്ടിരിക്കുന്നു എങ്കിൽ അവിടെ ദൂരവും സമയവും തമ്മിലുള്ള ബന്ധം

x = vt + (1/2)at²

എന്നായി മാറും.

ആത്യന്തികമായി ശാസ്ത്രം ചെയ്യുന്നത് ഇത്തരം പരസ്പര ബന്ധങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുകയാണ്. ഇപ്പറഞ്ഞതൊക്കെ കാര്യം മനസിലാക്കാനുള്ള എളുപ്പത്തിന് പറഞ്ഞ ലളിതമായ ഉദാഹരണങ്ങളാണ്. പ്രായോഗിക സാഹചര്യങ്ങളോട് കൂടുതൽ അടുക്കുന്തോറും ഈ ഗണിതമോഡലുകൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കും. എന്തായാലും ഇവിടത്തെ ഗുണപാഠം ശാസ്ത്രത്തിന് ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ച് പ്രയോഗക്ഷമമായ നിരവധി മോഡലുകൾ ഉണ്ട് എന്നതാണ്. അവ ഉപയോഗിച്ച് നടത്തുന്ന പ്രവചനങ്ങൾ തന്നെയാണ് വിജയകരമായി പ്രവർത്തിക്കുന്ന ഓരോ സാങ്കേതികവിദ്യയും. ഇന്ന് ഇവിടന്ന് റോക്കറ്റിൽ ഘടിപ്പിച്ച് മുകളിലേക്ക് വിടുന്ന ഒരു ബഹിരാകാശ പേടകം എന്ന്, എപ്പോൾ, എവിടെ വെച്ച് ഏത് ഗ്രഹത്തിന്റെ ഏത് വശത്തുകൂടി ഏത് ഭ്രമണപഥത്തിൽ എത്തിച്ചേരുമെന്ന് മുൻകൂട്ടി പറയാനും, അത് ഭ്രമണത്തിനിടെ ആ ഗ്രഹത്തിന്റെ ഏത് പ്രദേശത്തിന് മുകളിൽ വരുമെന്ന് കണക്കാക്കി ഫോട്ടോയെടുക്കാനും ഒക്കെ നമുക്കിന്ന് സാധിയ്ക്കുന്നുണ്ട്. പ്രവാചകരുടെ ഭാഷയിൽ "അടുത്ത രണ്ടുവർഷത്തിനിടെ സൗരയൂഥത്തിലെ ഒരു ഗ്രഹത്തിനടുത്ത് ഒരു പേടകം എത്തിച്ചേരും" എന്നല്ല, അണുകിട തെറ്റാതെ സ്ഥലവും സമയവും പറഞ്ഞാണ് ശാസ്ത്രം അത് പ്രവചിക്കുന്നത്. കോടിക്കണക്കിന് കിലോമീറ്ററുകൾ ദൂരങ്ങളിൽ, മാസങ്ങളുടേയും വർഷങ്ങളുടേയും ഇടവേളകളിൽ നടക്കുന്ന ഇത്തരം കാര്യങ്ങളിൽ സങ്കീർണമെങ്കിൽ പോലും കൃത്യമായ ഗണിതമോഡലുകൾ തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്.

ഒക്കെ ശരി. പക്ഷേ അന്യഗ്രഹത്തിൽ പോയി ഇത്രയൊക്കെ സാധിച്ചിട്ടും, ഇവിടെത്തന്നെയുള്ള കാലാവസ്ഥ പ്രവചിക്കുന്ന കാര്യത്തിൽ എന്താണ് നമ്മളിത്ര പിന്നോട്ട് പോകുന്നത്?

പ്രവചനത്തിന്റെ കൃത്യതയുടെ കാര്യം വരുമ്പോൾ അന്യഗ്രഹമാണോ എന്നതൊന്നുമല്ല വിഷയം. നമ്മുടെ മോഡലിൽ ഉൾപ്പെട്ടിരിക്കുന്ന വേര്യബിളുകളുടെ എണ്ണം, സ്വഭാവം തുടങ്ങിയവയാണ്. താപനില കൂടുന്നതിന്റേയും, മഴ പെയ്യുന്നതിന്റേയും, കാറ്റടിക്കുന്നതിന്റേയും ഒക്കെ അടിസ്ഥാനശാസ്ത്രം നമുക്ക് വളരെ ഭംഗിയായി തന്നെ ഇന്നറിയാം. ഈ അടിസ്ഥാനനിയമങ്ങൾ ഉപയോഗിച്ച്, അന്തരീക്ഷത്തിലെ പല വേര്യബിളുകളെ തമ്മിൽ കൂട്ടിച്ചേർക്കുന്ന കാലാവസ്ഥാ ഗണിതമോഡലുകളാണ് പ്രവചനത്തിനായി ഉപയോഗിക്കുന്നത്. താപനില, മർദ്ദം, ജലബാഷ്പത്തിന്റെ അളവ്, കാറ്റിന്റെ സ്പീഡ് എന്നിങ്ങനെ പല വേര്യബിളുകളാണ് ഈ മോഡലിൽ ഉള്ളത്. പക്ഷേ ഇവിടെ ഗൗരവകരമായ ചില വെല്ലുവിളികൾ ഉണ്ട്. ഭൂമി എന്ന വിശാലമായഗോളത്തിന്റെ ഉപരിതലത്തിൽ ഓരോയിടത്തും ഈ വേര്യബിളുകൾക്ക് സാരമായ വ്യത്യാസമുണ്ട്. ഭൗമോപരിതലത്തിൽ പല ഭാഗങ്ങളിൽ പല അളവിൽ സൂര്യപ്രകാശം വീഴുന്നു, ഒരുപോലെ വീണാൽ തന്നെ പല അളവിൽ ഊർജം ആഗിരണം ചെയ്യപ്പെടുന്നത് കൊണ്ട് ഉപരിതലം പല അളവിൽ ചൂട് പിടിക്കുന്നു, ചൂടുള്ള ഭാഗത്തേയ്ക്ക് തണുത്ത ഭാഗത്ത് നിന്ന് വായു ഒഴുകുന്നു, കടലിൽ ചൂട് വ്യത്യാസം ജലപ്രവാഹങ്ങൾ ഉണ്ടാക്കുന്നു, എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് അത് സംഭവിക്കുന്നത്. ഇനി മറ്റൊന്നുള്ളത്, ഈ വേര്യബിളുകളുടെ സ്വാധീനശക്തിയാണ്. ഇവയിലെ ചെറിയ വ്യതിയാനം പോലും സമയക്രമേണ അനന്തരഫലങ്ങളിൽ വലിയ വ്യത്യാസം ഉണ്ടാക്കും. ഉദാഹരണത്തിന് ആമസോൺ കാട്ടിൽ ചിറകടിക്കുന്ന ഒരു പൂമ്പാറ്റ അതിന് ചുറ്റുമുള്ള വായുവിൽ നേരിയ മർദ്ദവ്യത്യാസവും കാറ്റും ഉണ്ടാക്കുന്നുണ്ടാവുമല്ലോ. ഈ വ്യതിയാനം അതിന് ചുറ്റുമുള്ള വായുവിനെയും സ്വാധീനിക്കും. ഇത് പതിയെ പതിയെ തുടർന്നുപോയാൽ ന്യൂയോർക്കിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെടാൻ മാത്രമുള്ള വ്യതിയാനം അന്തരീക്ഷത്തിൽ ഉണ്ടാക്കാനുള്ള സാഹചര്യം പോലും സൈദ്ധാന്തികമായി സാധ്യമാണ് (ബട്ടർഫ്ലൈ ഇഫക്റ്റ് എന്നാണ് ഈ സാധ്യതയ്ക്കുള്ള ഓമനപ്പേര്) ഇത് കൊണ്ട് തന്നെ താപനിലയും മർദ്ദവും ആർദ്രതയും ഒക്കെ പരമാവധി കൃത്യതയോടെ അളക്കേണ്ടതുണ്ട്. x = vt എന്ന സമവാക്യം വച്ച് സഞ്ചരിച്ച ദൂരം എത്രത്തോളം കൃത്യമായി കണക്കാക്കാം എന്നത്, v-യും t-യും എത്രത്തോളം കൃത്യമായി അറിയാം എന്നതിനെ അനുസരിച്ചിരിക്കുമല്ലോ. ഉപഗ്രഹങ്ങളും കടലിലും കരയിലുമുള്ള കാലാവസ്ഥാ സ്റ്റേഷനുകളും, വിമാനങ്ങളിലും കപ്പലുകളിലും ഒക്കെയുള്ള സെൻസറുകളും ഉൾപ്പടെ ഭൂമിയുടെ പരമാവധി ഭാഗങ്ങളിൽ നിന്ന് കഴിയാവുന്നത്ര കൃത്യതയോടെ ശേഖരിക്കുന്ന ഡേറ്റയാണ് നമ്മൾ കാലാവസ്ഥാ കംപ്യൂട്ടർ മോഡലുകളിലേക്ക് കൊടുക്കുന്നത്.

കംപ്യൂട്ടറിലേക്ക് കൊടുത്തു എന്ന് സിമ്പിളായി പറയുമ്പോൾ കാര്യം കഴിഞ്ഞു. പക്ഷേ ഇതത്ര ചെറിയ കാര്യമല്ല. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയുടെ വലിപ്പം നോക്കുമ്പോൾ ഒരു സാധാരണ കംപ്യൂട്ടർ മുട്ടിടിച്ച് നിൽക്കുകയേ ഉള്ളൂ. പല മുറികൾ നിറഞ്ഞുനിൽക്കാൻ മാത്രം വലിപ്പമുള്ള ഭീമൻ സൂപ്പർകംപ്യൂട്ടറുകൾക്ക് മാത്രമേ ഇത്രയും ഡേറ്റ ക്ലിപ്ത സമയത്തിനുള്ളിൽ കൈകാര്യം ചെയ്യാനാകൂ. കിട്ടിയ ഡേറ്റ കൂട്ടിക്കിഴിച്ച് വരും ദിവസങ്ങളിൽ അന്തരീക്ഷത്തിന്റെ അവസ്ഥ ഇന്നയിന്ന സ്ഥലത്ത് ഇന്നയിന്ന രീതിയിലായിരിക്കും എന്ന് കംപ്യൂട്ടർ ചൂണ്ടിക്കാണിക്കും. നമ്മൾ കൊടുത്ത ഡേറ്റയിലെ ചെറിയ കൃത്യതക്കുറവ് പോലും കംപ്യൂട്ടർ തരുന്ന ഔട്ട്പുട്ടിൽ കാര്യമായ വ്യത്യാസം വരുത്തിയേക്കും. നമ്മുടെ എല്ലാ ഉപകരണങ്ങൾക്കും സഹജമായ കൃത്യതക്കുറവ് ഉണ്ടാകുമെന്നതാണ്അവിടത്തെ യാഥാർത്ഥ്യം. സദാമാറിക്കൊണ്ടിരിക്കുന്ന താപനിലയും മർദ്ദവുമൊക്കെ, കംപ്യൂട്ടറിലേക്ക് ഡേറ്റ കൊടുക്കുന്നതിനും അതിന്റെ ഔട്ട്പുട്ട് വരുന്നതിനും ഇടയിലുള്ള സമയത്തിനുള്ളിൽ തന്നെ ഒരുപാട് മാറിയെന്നും വരാം. ഇതാണ് കാലാവസ്ഥാ പ്രവചനത്തിലെ വെല്ലുവിളി. ഡേറ്റ ശേഖരിക്കുന്നതിലെ കൃത്യത കൂട്ടുക, കംപ്യൂട്ടറുകളുടെ വേഗത കൂട്ടുക, കൂടുതൽ കാര്യക്ഷമതയുള്ള ഗണിതമോഡലുകൾ നിർമിക്കുക, തുടങ്ങിയവയാണ് കൂടുതൽ കൃത്യമായ പ്രവചനത്തിന് വേണ്ടത്. എന്തായാലും, കഴിഞ്ഞ രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ ഗംഭീരമായ പുരോഗതി നമ്മൾ നേടിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഇനി മുന്നോട്ടും കൃത്യത കൂടാൻ തന്നെയാണ് സാധ്യത.

പക്ഷേ... ആകാശത്തേയ്ക്ക് കൃത്രിമോപഗ്രഹം വിടുമ്പോൾ "പാവങ്ങളുടെ പട്ടിണി മാറ്റിയിട്ട് പോരേ ഇതൊക്കെ?" എന്ന് ചോദിക്കുന്നതും, ആകാശത്തോട്ട് നോക്കി 'സുനാമി വരാൻ പോകുന്നു' എന്ന് വെളിപാട് വിളമ്പുന്നവരെ പൊക്കിനടക്കുന്നതും ഒക്കെയാണ് നമ്മുടെ ട്രെൻഡ് എങ്കിൽ, കുറച്ച് കൂടുതൽ കാത്തിരിക്കേണ്ടി വരും.