March 3, 2020

രാഷ്ട്രീയം എന്നത് രാഷ്ട്രത്തെയും അതിന്റെ നിർവഹണത്തേയും സംബന്ധിച്ച പ്രവൃത്തികളാണ് എന്നതാണ് സങ്കൽപം.

Vaisakhan Thampi

2018

രാഷ്ട്രീയം എന്നത് രാഷ്ട്രത്തെയും അതിന്റെ നിർവഹണത്തേയും സംബന്ധിച്ച പ്രവൃത്തികളാണ് എന്നതാണ് സങ്കൽപം. പക്ഷേ അത് തിയറി മാത്രമെന്നും, പ്രാക്റ്റിക്കലിൽ അത് ഭരണത്തിലെത്താൻ വേണ്ടിയുള്ള കളികൾ (game for power) ആണെന്നും എല്ലാവർക്കും അറിയാം. ജനങ്ങളെ സ്വാധീനിച്ച്, അവരിൽ പരമാവധി പേരെ തങ്ങൾക്കനുകൂലമാക്കി മാറ്റിയെടുത്ത് അവരിൽ നിന്ന് അധികാരം സമ്പാദിക്കുക എന്നതാണ് അവിടത്തെ ഗെയിം പ്ലാൻ. പാർട്ടി എന്ന നിലയിലോ വ്യക്തി എന്ന നിലയിലോ, സ്വന്തം ഗുണങ്ങളും എതിർഭാഗത്തിന്റെ ദോഷങ്ങളും പരമാവധി പൊലിപ്പിച്ച് കാണിക്കലൊക്കെ അതിന്റെ ഭാഗമായിരുന്നു.

എന്നാൽ കാലം മാറുമ്പോൾ കോലവും മാറണം എന്നൊരു ചൊല്ലുണ്ട്. അത് രാഷ്ട്രീയത്തിനും ബാധകമാണ്. ഇൻഡ്യ എന്ന രാജ്യത്തിന് ഒരു പൊതു രാഷ്ട്രീയം ഉണ്ടാകുന്നത് ഒരുപക്ഷേ ബ്രിട്ടീഷ് ഭരണത്തോടുള്ള പൊതുവായ പ്രതിഷേധത്തിന്റെ ഫലമായാകണം. നൂറ്റിക്കണക്കിനായ ചെറു രാജ്യങ്ങളിൽ നിന്ന് ഇൻഡ്യ എന്ന രാഷ്ട്രം ഉണ്ടാകുന്നതിന് തന്നെ കാരണമായത് അതാണ്. പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പല അളവുകളിൽ, പല രീതികളിൽ അതിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. നമ്മൾ കണ്ടുവന്ന രാഷ്ട്രീയം അതിന്റെയൊക്കെ തുടർച്ച തന്നെ ആയിരുന്നു. സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ നിലനിന്നിരുന്ന സമയത്ത് ഏതാണ്ട് എല്ലാവരും തന്നെ രാഷ്ട്രീയ കാര്യങ്ങളിൽ ശ്രദ്ധ വെച്ചിരുന്നു. അതുകൊണ്ട് തന്നെ ജാതിവിവേചനവും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒക്കെ അന്നത്തെ രാഷ്ട്രീയ വിഷയങ്ങളായി. എന്നാൽ ഇന്ന് സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിരിക്കുന്നു. കാര്യമായ അല്ലലൊന്നുമില്ലാത്ത ജീവിതം കണ്ടുവളർന്ന തലമുറയ്ക്ക് രാഷ്ട്ര കാര്യത്തിൽ ഇടപെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതൊക്കെ വേറേ കുറേ രാഷ്ട്രീയക്കാരുടെ ചുമതലയായി കണക്കാക്കി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാനാണ് അവർക്ക് താത്പര്യം. തങ്ങളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയായ നേതാവിനെയല്ല, ജനത്തെ കൂട്ടത്തോടെ രക്ഷിയ്ക്കാൻ അവതരിക്കുന്ന അതിമാനുഷിക പ്രതിച്ഛായയുള്ള ഹീറോകളെയാണ് അവർക്ക് താത്പര്യം. അമ്പത്താറിഞ്ചും ഇരട്ടച്ചങ്കും ഒക്കെ അവകാശപ്പെടാവുന്ന നേതാക്കൻമാരും പത്ത് പേരെ ഒറ്റയിടിയ്ക്ക് പറപ്പിക്കുന്ന സിനിമാ നായകൻമാരുമൊക്കെയാണ് താരങ്ങൾ. അവിടെ വച്ച് രാഷ്ട്രീയക്കളിയുടെ സ്വഭാവവും മാറുകയാണ്.

കേരളത്തിന്റെ കാര്യമെടുത്താൽ, ചരിത്രത്തിൽ നിർണായകമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ്. കാലാകാലങ്ങളായി മാറി മാറി ഇവിടം ഭരിയ്ക്കുന്ന പാർട്ടികളെ നോക്കൂ. ആ പഴയ രാഷ്ട്രീയ മാറ്റങ്ങൾ കണ്ടും കേട്ടും വന്നവരാണ് മിക്ക നേതാക്കളും. അതാണ് അവരുടെ ശൈലി രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ അവർ സംസാരിക്കുന്നതാകട്ടെ, അടിയന്തരാവസ്ഥ പോലും കണ്ടിട്ടില്ലാത്ത ഒരു തലമുറയോടാണ്. ഇൻഡ്യൻ ജനസംഖ്യയുടെ 65%-നും 35 വയസ്സിൽ താഴെയാണ് പ്രായം എന്നോർക്കണം. പഴയ രാഷ്ട്രീയ സാഹസങ്ങളുടെ കഥകളോ, ഭരണഘടനാ മൂല്യങ്ങളോ വിളിച്ചുപറഞ്ഞുള്ള രാഷ്ട്രീയ വിശദീകരണ പ്രസംഗങ്ങൾക്ക് പൊതുജനങ്ങളിൽ എത്ര സ്വാധീനം ഉണ്ടാക്കാനാകും?

ഇവിടെയാണ് കേരളത്തിലെ ബി.ജെ.പി. വ്യത്യസ്തമാകുന്നത്. അവരുടെ നേതാക്കളെല്ലാം ചെറുപ്പക്കാരാണ്. കൂട്ടത്തിൽ മുതിർന്നവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന് പോലും ടീവീ ചാനലുകളിലെ അന്തിച്ചർച്ചയുടെ പഴക്കമേ ഉള്ളൂ. സ്വാതന്ത്ര്യസമരത്തിന്റെയോ അടിയന്തരാവസ്ഥയുടേയോ പഴങ്കഥകൾ അവർ പറയാറില്ല. പറയാനൊട്ട് ഇല്ല എന്നതും പറയേണ്ട കാര്യമില്ല എന്നതും വർത്തമാനകാല രാഷ്ട്രീയത്തിൽ ഒരേ ഫലമാണ് ചെയ്യുക. അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന് കുത്തിയിരുന്ന് നിയമവും ഭരണഘടനയും മനസിലാക്കുക, ചരിത്രം കാണാതെ പഠിക്കുക, ഡേറ്റ നോക്കി സാമൂഹ്യവിശകനലം നടത്തുക തുടങ്ങിയ മാനസികമായ അധ്വാനം ആവശ്യമുള്ള ഒരു ജോലിയുടേയും ആവശ്യമില്ല. കണ്ണും പൂട്ടി ഹിന്ദു അപകടത്തിലാണ് എന്നും തങ്ങളാണ് രക്ഷകരെന്നും ധ്വനിപ്പിക്കുന്ന നുണകൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ് തന്ത്രം. ചാനലിലും സോഷ്യൽ മീഡിയയുടെ ചില കോണുകളിലും ഇത്തരം നുണകൾ പൊളിച്ചടുക്കപ്പെടും എന്നവർക്കറിയാം. സത്യം ചെരുപ്പിടുമ്പോഴേയ്ക്കും നുണ ലോകം ചുറ്റിവരുമെന്നും അറിയാം. ചാനലൊക്കെ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനുള്ള മാർഗം മാത്രമാണവർക്ക്. 3.3 മനുഷ്യർക്ക് 3 കോടി മൊബൈൽ കണക്ഷൻ, അതിൽ 65%-ഉം സ്മാർട്ട്ഫോൺ എന്നതാണ് കേരളത്തിലെ അവസ്ഥ. സാമാന്യം വരുമാന സാദ്ധ്യതകളും രാഷ്ട്രീയത്തോട് പുച്ഛവുമുള്ള ചെറുപ്പക്കാരെ അതിനോട് ചേർത്ത് വയ്ക്കണം. യു.എസ്. തെരെഞ്ഞെടുപ്പിൽ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി നടത്തിയ ഇടപെടൽ വാർത്തയായത് ഓർക്കുന്നുണ്ടോ? എന്തായിരുന്നു അവിടെ നടന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണം ആളും തരവും നോക്കി ഓരോരുത്തരെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ട്രംപിന്റെ ചില നിലപാടുകൾ ചില ആളുകൾക്ക് സ്വീകാര്യമായിരുന്നു, മറ്റ് ചില നിലപാടുകൾ അവർക്ക് അസ്വീകാര്യവും. സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്ന് അവരുടെ താത്പര്യങ്ങൾ മനസിലാക്കി, അവർക്ക് സ്വീകാര്യമായ ട്രംപ് നിലപാടുകൾ മാത്രം അവരിലേയ്ക്ക് എത്തിക്കുക എന്നതാണ് തന്ത്രം. ഉദാഹരണത്തിന്, ഇൻഡ്യാക്കാരോട് വംശീയവിദ്വേഷമുള്ള അമേരിക്കക്കാർക്കിടയിൽ ട്രംപ് ഇൻഡ്യക്കാരെ ഇകഴ്ത്തുന്ന പ്രചാരണവും, അവിടെ താമസിക്കുന്ന ഇൻഡ്യൻ വംശജർക്കിടയിൽ ട്രംപ് ഇൻഡ്യൻ സംഭാവനകളെ പുകഴ്ത്തുന്ന പ്രചാരണവും ആണ് എത്തുക. ഓരോരുത്തരും തങ്ങൾ ഇഷ്ടപ്പെടുന്നത് മാത്രം കാണുമ്പോൾ, സ്വാഭാവികമായും ട്രംപിന് ജനസ്വീകാര്യത കൂടുമല്ലോ. ബി.ജെ.പി. ഇവിടെ കാലങ്ങളായി ഇത്തരമൊരു തന്ത്രം ക്ഷമാപൂർവം നടത്തുന്നുണ്ട്. അന്യമതസ്ഥരെ വെറുക്കാനും, സ്വമതത്തിൽ മിഥ്യാഭിമാനം വളർത്താനുമൊക്കെ പോന്ന ഉള്ളടക്കം സാവധാനം ഹിന്ദുവിശ്വാസികൾക്കിടയിൽ സ്വകാര്യ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കും. ഇവിടുത്തെ ശരാശരി സവർണ ഹൈന്ദവ ഫാമിലി ഗ്രൂപ്പുകളിലൊക്കെ കഴിഞ്ഞ കുറച്ചുകാലമായി പ്രചരിക്കുന്ന വർഗീയവിഷത്തിന്റെ ആഴവും വ്യാപ്തിയും പേടിപ്പിക്കുന്നതാണ്. മുസ്ലീം തീവ്രവാദവും, എന്തിന് അഖില-ഹാദിയ വിഷയവും വരെ ബി.ജെ.പി. അതിന് ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നമ്മളവരെ വിഡ്ഢികൾ എന്നുവിളിച്ച് അണ്ടറെസ്റ്റിമേറ്റ് ചെയ്യുമ്പോൾ, അത് തന്നെ ഒരു മറയാക്കി മികച്ച സംഘാടനത്തോടെ സംഘി നുണഫാക്ടറികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ കൃത്യമായി വിറ്റഴിയ്ക്കുന്നു. ഓരോരുത്തരും അവരവരുടെ ഫോണിൽ ഡെലിവർ ചെയ്യപ്പെടുന്ന നുണകളാൽ നയിക്കപ്പെടുന്നു. അതാണ് നാളത്തെ രാഷ്ട്രീയ തീരുമാനങ്ങളാകുന്നത്. മറ്റ് പാർട്ടികൾ പൊതുയോഗത്തിന് ആളെ കൂട്ടാൻ നെട്ടോട്ടമോടുമ്പോൾ ബി.ജെ.പി. വളരെ നിശ്ശബ്ദമായി തങ്ങളിലേയ്ക്ക് ആളെ കൂട്ടുന്നുണ്ട്.

ശബരിമല വിഷയത്തിൽ കേരള സർക്കാർ സ്വീകരിച്ച നിലപാടിനെ എന്നെപ്പോലുള്ളവർക്ക് അഭിനന്ദിക്കാൻ കഴിയുന്നത്, നാളെ എനിക്ക് ഇവിടത്തെ ഭൂരിപക്ഷത്തിന്റെ സ്വീകാര്യത നേടി തെരെഞ്ഞെടുപ്പൊന്നും ജയിക്കാനില്ല എന്നതുകൊണ്ടാണ്. എന്നാൽ അതൊരു അനുയോജ്യമായ നിലപാടാണെന്ന് ഇടതുപാർട്ടിയിലെയോ, എന്തിന് മന്ത്രിസഭയിലെ തന്നെയോ എത്രപേർക്ക് അഭിപ്രായമുണ്ടെന്ന് സംശയമുണ്ട്. പിണറായി വിജയൻ എന്ന ശക്തനായ നേതാവിന്റെ നിലപാടായതുകൊണ്ട് മാത്രം അതിനെ എതിർക്കാതിരിക്കുന്നവരാണ് മിക്കപാർട്ടിക്കാരും. മുഖ്യമന്ത്രിയുടെ വിശദീകരണ യോഗങ്ങളിൽ വലിയ ജനപങ്കാളിത്തവും പഞ്ച് ഡയലോഗിന് കൈയടിയും ഒക്കെ കിട്ടുന്നുണ്ട് എന്നത് സത്യം തന്നെ. പക്ഷേ എന്തൊക്കെ പറഞ്ഞാലും, ഈ നിലപാട് സീ.പീ.എമ്മിന് ദോഷകരം തന്നെയാണെന്നും സംഘപരിവാറിന് വലിയ മൈലേജ് നൽകുന്നതാണെന്നും തന്നെയാണ് എന്റെ അഭിപ്രായം. ആദർശ ശരികളിൽ വിശ്വസിക്കുന്ന ആൾ എന്ന നിലയിൽ, പൊതുജനത്തിന് മോശമെന്ന് തോന്നിയാൽ പോലും ശരികൾ നടപ്പിലാക്കണം എന്നാകും ഞാനെന്നും വാദിക്കുക. പക്ഷേ പ്രായോഗികരാഷ്ട്രീയം എന്ന ഗെയിം ഓഫ് പവറിന് അത് യോജിച്ചു കൊള്ളണം എന്നില്ല. അത് കാലം തന്നെ തെളിയിക്കട്ടെ. എന്തായാലും, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോൾ എല്ലാ പേടിയും ഇല്ലാതാകും എന്ന് പറയുമ്പോലെ, നമ്മുടെ രാഷ്ട്രീയരംഗം പോകുന്ന പോക്ക് കണ്ടിട്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തോന്നിയിരുന്ന ടെൻഷൻ ഇപ്പോഴില്ല. റെഡി റ്റു വെയ്റ്റ് ആൻഡ് സീ...