ഒരു മനുഷ്യശരീരത്തിന് ശരാശരി അര മീറ്റർ വീതിയുണ്ടാകും
Vaisakhan Thampi
2018
ഒരു മനുഷ്യശരീരത്തിന് ശരാശരി അര മീറ്റർ വീതിയുണ്ടാകും (സാമാന്യം തടിയുള്ളവർക്ക് അതിൽ കൂടുതലും നല്ല മെലിഞ്ഞവർക്ക് അതിൽ താഴെയുമായിരിക്കും) അപ്പോൾ രണ്ടുപേർ തോളോട് തോൾ മുട്ടി നിന്നാൽ ഒരു മീറ്ററായി. ആയിരം പേർ അങ്ങനെ നിന്നാൽ 500 മീറ്റർ അഥവാ അര കിലോമീറ്റർ. ഇനി, മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ റോഡ് ദൂരം 640 കിലോമീറ്റർ ആണ്, 6,40,000 മീറ്റർ. അതിനെ മുകളിലോട്ട് റൗണ്ട് ചെയ്ത് ആറരലക്ഷമാക്കിയേക്കാം. അങ്ങനെയെങ്കിൽ, അത്രയും ദൂരമുള്ള റോഡിൽ എത്ര പേർക്ക് തോൾ ചേർന്ന് നിൽക്കാം?
6.5 ലക്ഷം x 2 = 13 ലക്ഷം
ജേണലിസ്റ്റ് പുലികളോടാണ് പ്രധാനമായും ഇത് പറയുന്നത്. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി നിൽക്കാവുന്ന പരമാവധി ആളുകളുടെ എണ്ണമാണ്. അതും കൈകോർത്ത് നിൽക്കുന്ന കാര്യമല്ല, കൈകൾ താഴ്ത്തിയിട്ട് തോളോട് തോൾ മുട്ടിനിൽക്കുന്ന കാര്യമാണ് പറയുന്നത് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു. വലിയ വലിയ സംഖ്യകൾ ചുമ്മാ എടുത്തങ്ങ് വീശരുത്. ഏത് ധൂസര സങ്കൽപത്തിൽ വളർന്നാലും തള്ളുകൾക്കുണ്ടാകട്ടെ മൂന്നാം ക്ലാസിലെ കണക്കിന്റെ സ്മരണകൾ!