March 3, 2020

ആത്മീയതയ്ക്ക് ഇന്നൊരു പുതിയ മുഖമുണ്ട്.

Vaisakhan Thampi

August 2, 2019

·ആത്മീയതയ്ക്ക് ഇന്നൊരു പുതിയ മുഖമുണ്ട്. 'ഫിസിക്സ് ആഫ് ദ ബയാളജി ആഫ് കെമിസ്ട്രി' എന്നൊക്കെ വെച്ചുകീറി കൈയടി വാങ്ങുന്ന നിത്യാനന്ദജിയും സ്റ്റൈലിഷ് ഇംഗ്ലീഷിൽ 'ഇന്നർ എഞ്ചിനീയറിങ്' എന്നൊക്കെ കിടുക്കൻ പേരിട്ട് ആത്മീയത വിൽക്കുന്ന സദ്ഗുരുവും ഒക്കെ അതിന്റെ മുഖങ്ങളാണ്. ഇവരുടെയൊക്കെ ഫാൻസ് എന്നുപറഞ്ഞാൽ, കുട്ടൻ തന്ത്രിയെക്കൊണ്ട് ബാധ ഒഴിപ്പിക്കാൻ ക്യൂ നിൽക്കുന്ന അരപ്പട്ടിണിക്കാരല്ല, സാമാന്യം ഉണ്ണാനും ഉടുക്കാനു വകയും, ഡിഗ്രിയും വൈറ്റ് കോളർ ജോലിയുമൊക്കെ ഉള്ളവരാണ്.

കൂട്ടുകാരും പരിചയക്കാരും ഒക്കെയായി അത്തരം കുറേ ആത്മീയവാദികളെ അറിയാം. മാനസിക പിരിമുറുക്കങ്ങളെ മറികടക്കുക, ഇന്ദ്രിയങ്ങളെ നിയന്ത്രണത്തിൽ നിർത്തുക, പ്രപഞ്ചാസ്തിത്വത്തിന്റെ ഭാഗമായി സുഖദുഃഖങ്ങളെ ഒന്നായി കാണാൻ പഠിയ്ക്കുക തുടങ്ങി നിരവധി ഘടാഘടിയൻ ഓഫറുകളാണ് ആത്മീയതയിലേയ്ക്കുള്ള ക്ഷണപത്രത്തിൽ ഇവർ നിരത്തുന്നത്. പക്ഷേ, നൂറ് കൂട്ടം പ്രശ്നങ്ങളുമായി വെറും പച്ച ലൗകികനായി നടക്കുന്ന എന്നെക്കാൾ നൂറ് മടങ്ങ് അസ്വസ്ഥരാണ് ഈ ആത്മീയർ എന്നത് ഇവരെ നേരിട്ടറിയാവുന്ന ഞാൻ സ്ഥിരം കാണുന്നുമുണ്ട്. എന്നെ സ്പർശിക്കാൻ പോലും സാധ്യതയില്ലാത്ത പല കാര്യങ്ങളും ഇവരെ വല്ലാതെ അലട്ടുന്നത് കണ്ടിട്ടുണ്ട്. അവരിൽ ചിലർക്കാകട്ടെ, ടെൻഷനൊഴിഞ്ഞ നേരമേയില്ല എന്നതാണ് രസം. ടെൻഷൻ വരുമ്പോ താങ്ങാനാവാതെ കള്ളുകുടിയ്ക്കുകയും പിന്നെ കള്ളിന്റെ കാല്പനികതയെക്കുറിച്ച് കവിത രചിക്കുകയും ചെയ്യുന്നവരുമുണ്ട് ആ കൂട്ടത്തിൽ. അതുകൊണ്ട് തന്നെ വെറും പച്ചയായ ലൗകികനായിരിക്കാനാണ് എനിയ്ക്കിപ്പോഴും താത്പര്യം. ഇതാവുമ്പോ ടെൻഷൻ വരുമ്പോ എന്റെ ടെൻഷനെക്കുറിച്ച് മാത്രം ടെൻഷനടിച്ചാൽ മതിയല്ലോ. പ്രപഞ്ചത്തിന്റെ മൊത്തം ഭാരവും കൂടി തോളിലെടുക്കേണ്ട കാര്യമെന്താ!