March 3, 2020

ഇത് കുന്നിക്കുരു,

Vaisakhan Thampi

2018

ഇത് കുന്നിക്കുരു, നമ്മൾ മിക്കവരുടേയും ബാല്യകാല നൊസ്റ്റാൾജിയയുടെ ഭാഗം. ആ തിളക്കമുള്ള നിറവിന്യാസവും കടുപ്പവും അതിനെ കുട്ടികൾക്ക് ആകർഷകമായ ഒരു കളിവസ്തുവാക്കി മാറ്റുന്നു. മുതിർന്നവർക്കും ഇതൊരു അലങ്കാരവസ്തുവാണ്. ഇത് കോർത്തുള്ള ആഭരണങ്ങളും ഒരുപാടുണ്ട്. എന്നാൽ ഇത്ര പരിചിതവും പ്രിയതരവുമായ കുന്നിക്കുരുവിനെ പറ്റി, അധികമാർക്കും അറിയാത്ത ഒരു പ്രധാനകാര്യമുണ്ട്-കുന്നിക്കുരു ഒരു കടുത്ത വിഷവസ്തുവാണ്!

Abrus precatorius എന്നാണ് കുന്നിയുടെ ശാസ്ത്രനാമം. അതിന്റെ കുരുവിൽ അബ്രിൻ (Abrin) എന്നൊരു രാസവസ്തു ഉണ്ട്. അതാണ് വില്ലൻ. എത്രത്തോളമെന്നാൽ, കുരു ചവച്ചരച്ച് തിന്നാൽ മരണം വരെ സംഭവിക്കാൻ അത് കാരണമാകാം! അബ്രിന് കോശങ്ങൾക്കുള്ളിൽ കടന്നുകയറി പ്രോട്ടീൻ നിർമാണത്തെ നിർത്താൻ കഴിയും. പ്രോട്ടീൻ നിർമാണത്തിൽ പ്രവർത്തിക്കുന്ന റൈബോസോമുകൾ എന്ന കോശഘടകങ്ങളെ തടയുക വഴിയാണ് ഇത് ചെയ്യുന്നത്. അബ്രിന്റെ ഒരു തന്മാത്രയ്ക്ക് ഒരു സെക്കൻഡിൽ 1500 റൈബോസോമുകളെ നിഷ്ക്രിയമാക്കാൻ കഴിയുമെന്നാണ് കണക്ക്. ഒരു മനുഷ്യനെ സംബന്ധിച്ച് ശരീരഭാരത്തിന്റെ 0.00015% ആണ് മരണകാരണമാകാവുന്ന ഡോസ്. അതിലും ചെറിയ അളവുകളിൽ ഓക്കാനവും ഛർദ്ദിയും തൊട്ട് കരൾ തളർച്ച വരെയുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.

സാധാരണ ഗതിയിൽ കുന്നിക്കുരുവിന്റെ കട്ടിയുള്ള പുറന്തോടാണ് ഈ ദുർഭൂതത്തെ കുപ്പിയിൽ തന്നെ പൂട്ടിയിടുന്നത്. കുരു അപ്പാടെ വിഴുങ്ങിയാൽ തോട് ദഹിക്കില്ല എന്നതിനാൽ അബ്രിന് ശരീരവുമായി പ്രവർത്തിക്കാനാവില്ല. എന്നാൽ ചവച്ചരയ്ക്കുന്നതോ, മാല കോർക്കാനായിട്ടോ മറ്റോ തോടിൽ തുളയിട്ട ഭാഗം മുറിവുള്ള ഭാഗങ്ങളുമായി സമ്പർക്കത്തിൽ വരുന്നതോ അത്ര നല്ലതല്ല.