മനസിലാവാത്ത കാര്യങ്ങളെ എന്തുചെയ്യണം
Vaisakhan Thampi
February 6 2019
എല്ലാ കാര്യങ്ങളും മനസിലാക്കാൻ ഒരുപോലെ എളുപ്പമല്ല. മൂന്ന് തേങ്ങയും രണ്ട് തേങ്ങയും ചേർന്നാൽ അഞ്ച് തേങ്ങയാകും എന്ന കാര്യവും, വയറിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ ചൂട് ഉണ്ടാകുന്നതെങ്ങനെ എന്ന കാര്യവും, സൂക്ഷ്മകണങ്ങൾക്ക് തരംഗങ്ങളുടെ സ്വഭാവമുണ്ട് എന്ന കാര്യവും ഒരേ എളുപ്പത്തിൽ മനസിലാക്കാവുന്നവയല്ല. ആ സാഹചര്യത്തിലാണ് മനസിലാവാത്ത കാര്യങ്ങളെ എന്തുചെയ്യണം എന്ന ചോദ്യത്തിന്റെ പ്രസക്തി.
മനസിലാവാത്ത കാര്യങ്ങളെ 'അത് മനസിലായിട്ടില്ല' എന്ന ലേബലൊട്ടിച്ച് മസ്തിഷ്കത്തിന്റെ ഔട്ട്ഹൗസിൽ താമസിപ്പിക്കണോ, അതോ എങ്ങനെയെങ്കിലും മനസിലായെന്ന് വരുത്തി ബെഡ്റൂമിലേയ്ക്ക് ക്ഷണിച്ചിരുത്തണോ എന്നതാണ് ചോദ്യം. ഉത്തരം ആപേക്ഷികമായിരിക്കാം. ഞാൻ ആദ്യത്തെ ഓപ്ഷന്റെ ആളാണ്. മനസിലായില്ലെങ്കിൽ അതങ്ങനെ തന്നെ ഇട്ടേയ്ക്കുക, നാളെ മനസിലാക്കാനുള്ള സാധ്യത അവിടെ അവശേഷിപ്പിക്കുക. മറിച്ച് പലരും പെട്ടെന്ന് മനസിലാക്കാനുള്ള തത്രപ്പാടിൽ, സ്വയമറിയാതെ തെറ്റായ ആശയങ്ങൾ ഉള്ളിലേക്കെടുക്കുകയും പിന്നീടൊരിയ്ക്കൽ അത് ശരിയ്ക്ക് മനസിലാകാനുള്ള സാധ്യതകളെ അടച്ചുകളയും ചെയ്യാറുണ്ട്.
ഒരു ഫെയ്സ്ബുക്ക് സുഹൃത്ത് ചൂണ്ടിക്കാട്ടിയ ഒരു കാര്യമാണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. എന്റെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും പലയിടങ്ങളിലും 'പോസ്റ്റ് ഗ്രാജ്വേഷൻ വരെയെങ്കിലും ഫിസിക്സ് പഠിച്ചാലേ ഇക്കാര്യം മനസിലാകൂ' എന്ന് പറയുന്നത് അല്ലാത്തവരെല്ലാം മോശക്കാരാണ് എന്നൊരു ധ്വനി ഉണ്ടാക്കാൻ സാധ്യതയില്ലേ എന്നദ്ദേഹം ചോദിച്ചിരുന്നു. ശരിയാണ്, ആ പ്രയോഗം ഞാൻ പലയിടങ്ങളിലും ആവർത്തിച്ചിട്ടുണ്ട്. പക്ഷേ ഫിസിക്സ് പോസ്റ്റ് ഗ്രാജ്വേറ്റല്ലാത്തവർ മോശക്കാരാണ് എന്നൊരു ധ്വനിയല്ല അതിന് പിന്നിൽ. മറിച്ച്, നേരത്തേ പറഞ്ഞതുപോലെ തെറ്റായ ഉത്തരങ്ങൾ കൊണ്ട് ചോദ്യങ്ങളെ അടച്ചുപൂട്ടി ആശ്വസിക്കുന്നതിന് എതിരായതുകൊണ്ടാണ് അങ്ങനെ പറയുന്നത്. എല്ലാ വിഷയങ്ങളും ഒരുപോലെ ലളിതമല്ല എന്ന കാര്യം, നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മൾ അംഗീകരിച്ചേ ഉള്ളൂ. ചില കാര്യങ്ങൾ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിൽ മാത്രം പഠിയ്ക്കേണ്ടിവരുന്നത്, ആ തലത്തിൽ നിന്നുകൊണ്ടേ അതിനെ ഫലപ്രദമായി അവതരിപ്പിക്കാൻ സാധിയ്ക്കൂ എന്നതുകൊണ്ടാണ്.
ഒരു ഭൗതികശാസ്ത്രവിദ്യാർത്ഥിയും അദ്ധ്യാപകനും ആയിരിക്കേ എനിയ്ക്ക് ഉറപ്പിച്ച് പറയാൻ കഴിയുന്ന കാര്യമുണ്ട്; ഏറ്റവും ലളിതമായ ചോദ്യങ്ങൾക്ക് പോലും മിക്കപ്പോഴും ഏറ്റവും സങ്കീർണമായ ഉത്തരമാണുള്ളത്. സൂര്യനിൽ നിന്ന് എങ്ങനെയാണ് പ്രകാശം പുറത്തുവരുന്നത് എന്ന് ആർക്കും ചോദിയ്ക്കാം. വേണമെങ്കിൽ 'ന്യൂക്ലിയർ ഫ്യൂഷൻ വഴി' എന്ന ഒറ്റവരി ഉത്തരം കൊടുക്കാവുന്ന ഒരു ചോദ്യമാണത്. പക്ഷേ ന്യൂക്ലിയർ ഫ്യൂഷൻ വഴി എങ്ങനാ ഊർജം ഉണ്ടാകുന്നത് എന്നറിയാവുന്ന ആളിനേ ആ ഉത്തരം കൊണ്ട് പ്രയോജനമുള്ളൂ. രണ്ട് ആറ്റങ്ങൾ ചേർന്ന് പുതിയൊരാറ്റമായി മാറുന്നു എന്ന് വിശദീകരിച്ചാൽ പോലും, അതുകൊണ്ട് ഊർജ്ജം ഉണ്ടാകുന്നതെങ്ങനെ എന്നത് സ്പഷ്ടമാകുന്നില്ല. ആത്യന്തികമായി, ആ ഉത്തരം വളരെ നീണ്ട വിശദീകരണം ആവശ്യം വരുന്ന ഒന്നാണ്. ശാസ്ത്രപുരോഗതിയുടെ നീണ്ട ചരിത്രത്തിൽ അവസാന നൂറ്റാണ്ടിൽ മാത്രമാണ് അത് കണ്ടെത്തപ്പെട്ടത്. ഇവിടെ അനുബന്ധമായി പറയേണ്ട മറ്റൊരു കാര്യമുണ്ട്. ആവർത്തിച്ച് കേട്ടാൽ പച്ചനുണ പോലും വിശ്വാസയോഗ്യമായി തോന്നും എന്നൊരു ദൗർബല്യം നമുക്കുണ്ട്. ഒരു ഭൗതികശാസ്ത്ര വിദ്യാർത്ഥി എം.എസ്.സി. വരെയുള്ള പഠനകാലത്തിനിടെ പല തവണ 'ആറ്റങ്ങൾ കൂടിച്ചേരുമ്പോൾ ഊർജം സ്വതന്ത്രമായി പുതിയ ആറ്റമായി മാറും' എന്ന കാര്യം പല രീതിയിൽ കേൾക്കും. പലപ്പോഴും അതുവഴി അയാൾക്കത് വളരെ നിസ്സാരകാര്യമായി (trivial) തോന്നുകയും ചെയ്യും. എന്നാൽ ഭൗതികശാസ്ത്ര പശ്ചാത്തലമില്ലാത്ത ഒരാളെ സംബന്ധിച്ച് അത് അത്രവേഗം ദഹിക്കുന്ന ഒന്നല്ല. (നമ്മുടെ എം.എസ്.സി.ബിരുദധാരിയ്ക്കും അത് ദഹിച്ചിട്ടുണ്ടാവണമെന്നില്ല, ഒരുപക്ഷേ സ്ഥിരം കേട്ടുകേൾവി കൊണ്ടുള്ള 'പരിചയം' മാത്രമാകാം). ശാസ്ത്രത്തെ ഒരു മികച്ച ജ്ഞാനോൽപാദന മാർഗമായി മനസിലാക്കുന്ന ഒരാൾ അക്കാര്യത്തെ വിശ്വാസത്തിലെടുത്തേക്കാം (Trust, not belief). പക്ഷേ അത് 'മനസിലായി' എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. കാരണം, അതുമായി ബന്ധപ്പെട്ട മറ്റ് പലതും മറ്റ് പലയിടങ്ങളിലും പഠിച്ചിട്ടുള്ളതുകൊണ്ട് മാത്രമാണ് എനിക്കത് മനസിലായത്. എന്നിട്ട് പോലും അവ്യക്തതകൾ അവശേഷിക്കുന്നുമുണ്ട്. ഇതൊന്നും ലളിതമായ കാര്യങ്ങളല്ല തന്നെ.
ലളിതമല്ലാത്ത കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതെങ്ങനെയാണ്? "Things should be made as simple as possible, but not simpler." എന്ന ഐൻസ്റ്റൈന്റെ വാചകമാണ് ഓർമ്മ വരുന്നത്. ആകെ ചെയ്യാവുന്നത് ലളിതമാണെന്ന മട്ടിൽ (pretend to be simple) അവതരിപ്പിക്കലാണ്. പക്ഷേ ഒരു വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിൽ നിന്ന് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. 'ഇത് പെട്ടെന്ന് മനസിലാവില്ല' എന്ന മുഖവുരയോടെ പറയുന്ന കാര്യങ്ങൾ വിദ്യാർത്ഥിയ്ക്ക് ബൗദ്ധികമായ ബുദ്ധിമുട്ടുണ്ടാക്കില്ല. പക്ഷേ 'ഇത്രേ ഉള്ളൂ' എന്ന മട്ടിൽ പറയുന്ന കാര്യം മനസിലായില്ലെങ്കിൽ വിദ്യാർത്ഥിയിൽ ഒരു അസ്വസ്ഥത ഉണ്ടാകും. 'ഇതെന്താ എനിയ്ക്ക് മനസിലാവാത്തത്!' എന്ന ആശയക്കുഴപ്പത്തിലാകും അയാൾ. വിവരമല്ല, അറിവാണ് പങ്ക് വെക്കാൻ ശ്രമിക്കുന്നത് (to share knowledge instead of information) എങ്കിൽ അതൊഴിവാക്കുക തന്നെ വേണം. നമ്മുടെ ശാസ്ത്രവിദ്യാഭ്യാസം പാളിപ്പോകുന്നതിൽ ഇതിന് വലിയ പങ്കുണ്ടെന്നാണ് തോന്നുന്നത്. ന്യൂട്ടന്റെ മൂന്ന് ചലനനിയമങ്ങളിൽ മൂന്നാമത്തേത് ('...equal and opposite reaction'!) മറ്റുള്ളവയെ അപേക്ഷിച്ച് വളരെ എളുപ്പമാണെന്ന് മിക്കവരും കരുതുന്നുണ്ടെങ്കിൽ അതിനർത്ഥം ലളിതമല്ലാത്ത കാര്യം 'ലളിതമാണെന്ന മട്ടിൽ' പഠിച്ചു എന്നാണ്. അതോടെ അത് ആഴത്തിൽ മനസിലാവാനുള്ള സാധ്യതയും അടഞ്ഞു!
പല ശാസ്ത്ര ചർച്ചകളിലും (ഓൺലൈനിലും പ്രിന്റിലും) ഈ അമിത ലളിതവൽക്കരണം തെറ്റ് പറയുന്ന ലെവലിലേയ്ക്ക് പോലും പോകുന്നത് കണ്ടിട്ടുണ്ട്. വിമർശനങ്ങൾ വ്യക്തിനിഷ്ഠമല്ലാതെ ആശയനിഷ്ഠമായി എടുക്കുന്ന രീതി പരിചയമില്ലാത്ത സമൂഹമായതിനാൽ മിക്കപ്പോഴും വിയോജിപ്പ് പ്രകടിപ്പിക്കാറില്ല എന്നേയുള്ളൂ. എന്റെ കാര്യത്തിൽ റിലേറ്റിവിറ്റി, ക്വാണ്ടം ഫിസിക്സ് തുടങ്ങിയ വിഷയങ്ങൾ വിശദമായി പൊതുവേദിയിൽ സംസാരിക്കാൻ വല്ലാത്ത മടിയാണ്. ബ്ലാക് ഹോൾ, വേം ഹോൾ, ക്വാണ്ടം എന്റാങ്കിൾമെന്റ്, മുതലായവയെ അധികരിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കാറുമുണ്ട്. അറിവിന്റെ മിഥ്യ (illusion of knowledge) ഉണ്ടാക്കാൻ താത്പര്യമില്ല എന്നത് തന്നെ കാരണം. പക്ഷേ ചിലപ്പോഴൊക്കെ ചോദ്യങ്ങൾക്ക് ഏതാണ്ടൊരു ഉത്തരം പറഞ്ഞ് കൈച്ചിലാക്കേണ്ടി വന്നിട്ടുണ്ട്. രസകരമായ കാര്യമെന്തെന്നാൽ, 'ആളുകൾക്ക് മനസിലാകരുത്' എന്നായിരിക്കും ആ സമയത്തെ ആഗ്രഹം. പക്ഷേ നമ്മളെ തോൽപ്പിച്ചുകൊണ്ട് ചിലർ "മനസിലായി!" എന്ന് പറഞ്ഞുകളയും. അപ്പോൾ ഉള്ളൊന്ന് കാളും, "എന്ത് മനസിലായെന്ന്? എനിക്ക് തന്നെ അത് നേരെ മനസിലായിട്ടില്ലല്ലോ!" എന്നായിരിക്കും ആഗ്മഗതം.
സുഹൃത്തും തിയററ്റിക്കൽ ഫിസിസിസ്റ്റുമായ Sebastian-ഉമായി അടുത്തിടെ നടന്ന ഒരു പെഴ്സണൽ സംഭാഷണത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം.
Sebastian: Many world interpretation (Multi-universe) നെ കുറിച്ച് എന്താ അഭിപ്രായം?
Me: ഞാനത് അധികം പഠിച്ചിട്ടില്ല. ചിലരൊക്കെ ചോദിക്കുമ്പോൾ completely hypothetical എന്നുപറഞ്ഞ് ഒഴിയുകയാണ് പതിവ്. നമുക്ക് verify ചെയ്യാൻ പറ്റാത്ത സംഗതിയല്ലേ?
Sebastian: പക്ഷേ അതങ്ങ് എഴുതിത്തള്ളാൻ പറ്റുമോ? Quantum physics ന്റെ ഒരു valid implication ആണല്ലോ അത്. അതിന്റെ ബാക്കിയെല്ലാ വശങ്ങളും ഇതിനകം verified ആണ്. അപ്പോ ഇതും ഗൗരവമായി പരിഗണിക്കേണ്ടതല്ലേ?
Me: പക്ഷേ... ഈ many universe എന്ന് പറയുമ്പോൾ തന്നെ, edge/boundary of universe എന്നൊരു കാര്യം define ചെയ്യേണ്ടിവരില്ലേ?
Sebastian: അതിന്റെ ആവശ്യമുണ്ടോ? ആ universes spatially separated ആകണം എന്നില്ലല്ലോ. Hilbert space അല്ലേ?
Me: ഓഹ്, അതും ശരിയാണല്ലോ. (pause) പക്ഷേ ഇതെങ്ങനെ ഒരു layperson-നോട് പറയും?!
Sebastian: അത് പാടായിരിക്കും.
Me: നമ്മൾ ഫിസിക്സുകാരുടെ ഗതികേടാ. സാധാരണക്കാരുടെ ചോദ്യമെല്ലാം ഇങ്ങോട്ടാ വരുന്നത്, പലതിനും നമ്മുടെ കൈയിൽ ഉത്തരമുണ്ടാവില്ല. ഉള്ളത് തന്നെ പലതും അവരോട് പറയാനും പറ്റില്ല.