കഴിഞ്ഞ കുറേ കാലമായി ബഹിരാകാശ ഗവേഷണരംഗത്തെ വലിയ ചർച്ചകളിലൊന്നാണ് ബഹിരാകാശ മാലിന്യം അഥവാ സ്പെയ്സ് ഡിബ്രി (space debris).
Vaisakhan Thampi
April 2 2019
കഴിഞ്ഞ കുറേ കാലമായി ബഹിരാകാശ ഗവേഷണരംഗത്തെ വലിയ ചർച്ചകളിലൊന്നാണ് ബഹിരാകാശ മാലിന്യം അഥവാ സ്പെയ്സ് ഡിബ്രി (space debris). 1950-ളിൽ തുടങ്ങി 70 വർഷത്തോളമായി തുടരുന്ന ബഹിരാകാശ പരീക്ഷണങ്ങൾ മുഖേന അസംഖ്യം വസ്തുക്കളെ നമ്മൾ അന്തരീക്ഷത്തിന് പുറത്തേയ്ക്ക് എത്തിച്ചിട്ടുണ്ട്. ചെറുതും വലുതുമായ സാറ്റലൈറ്റുകൾ, ഉപകരണങ്ങൾ, സ്പെയർ പാർട്സ്, എന്നുവേണ്ട ഫുട്ബോൾ സ്റ്റേഡിയത്തിന്റെ വലിപ്പം വരെയുള്ള ബഹിരാകാശ നിലയങ്ങൾ വരെ. ബഹിരാകാശത്തേയ്ക്ക് വസ്തുക്കളെ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നത് സത്യമാണ്. പക്ഷേ അവയെ തിരിച്ച് ഭൂമിയിലേയ്ക്ക് എത്തിക്കുക എന്നത് അതിലും ബുദ്ധിമുട്ടാണ് എന്നതാണ് സത്യം.
ഒരു വസ്തുവിനേയും ബഹിരാകാശത്ത് കൊണ്ട് സ്ഥിരമായി നിർത്താൻ കഴിയില്ല എന്നറിയാമല്ലോ. പലരും കരുതിയിരിക്കുന്നത് പോലെ ബഹിരാകാശത്ത് ഗുരുത്വാകർഷണം പൂജ്യമല്ല. ഭൂമിയുടെ ശക്തമായ ആകർഷണമണ്ഡലത്തിൽ തന്നെയാണ് സാറ്റലൈറ്റുകളെല്ലാം തന്നെ. താഴോട്ടുള്ള വീഴ്ചയെ പ്രതിരോധിയ്ക്കുന്ന വിധത്തിൽ അതിവേഗം ഭൂമിയ്ക്ക് ചുറ്റുമുള്ള ഒരു ഓർബിറ്റിൽ കറങ്ങുന്നവിധത്തിലാണ് നമ്മളവയെ ബിഹരാകാശത്ത് കൊണ്ടുവിടുന്നത്. കറക്കവേഗത കാരണം ഭൂമിയിൽ നിന്ന് വെളിയിലേയ്ക്ക് തെറിച്ചുപോകാനുള്ള പ്രവണതയും, ഭൂമിയുടെ ഗുരുത്വാകർഷണം കാരണം ഭൂമിയിലേയ്ക്ക് വീഴാനുള്ള പ്രവണതയും തമ്മിലുള്ള ഒരു സന്തുലനത്തിലാണ് അവ ഓർബിറ്റിൽ സ്ഥിതി ചെയ്യുന്നത്. ഓർബിറ്റ് എത്ര ഉയരത്തിലാണെന്നതിനനുസരിച്ചാണ് അവയുടെ വേഗത തീരുമാനിക്കപ്പെുന്നത്. ഏറ്റവും കൂടുതൽ സാറ്റലൈറ്റുകൾ (അന്താരാഷ്ട്ര ബഹിരാകാശനിലയം ഉൾപ്പടെ) കാണപ്പെടുന്ന ലോ-എർത്ത് ഓർബിറ്റുകളുടെ തലത്തിൽ വേഗത മണിക്കൂറിൽ 30,000 കിലോമീറ്ററോളം വരും. ഇത്രയധികം ഉയർന്ന വേഗതയിൽ കറങ്ങുന്ന സാറ്റലൈറ്റുകളുടെ ഗതിമാറ്റം നിയന്ത്രിക്കുന്നത് അതിൽ തന്നെ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്ററുകളും ഇന്ധനവും ഉപയോഗിച്ചാണ്. അതിന് ചെലവുണ്ട്. എല്ലാ സാറ്റലൈറ്റുകളിലും അത് ഘടിപ്പിക്കാൻ പറ്റില്ല, പ്രത്യേകിച്ചും വളരെ ചെറിയ സാറ്റലൈറ്റുകളിൽ.
ഓർബിറ്റ് ചെയ്യുന്ന വസ്തുക്കൾക്കെല്ലാം പല കാരണങ്ങൾ കൊണ്ട് ഒരുതരം ഓർബിറ്റൽ ശോഷണം (orbital decay) ഉണ്ടാകാറുണ്ട്. കാലക്രമേണ അവയുടെ ഓർബിറ്റിന്റെ ഉന്നതി (altitude) താഴ്ന്നുവരും. അവയിൽ വലിപ്പം കുറഞ്ഞവ അന്തരീക്ഷവായുവുമായുള്ള ഉരസലിൽ കത്തിപ്പോകുകയോ ചിതറിപ്പോകുകയോ ഒക്കെ ചെയ്യാം. എന്നാൽ ഒരു പരിധിക്കപ്പുറം വലിപ്പം കൂടിയവ ഭൂമിയിൽ വന്നിടിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അത്തരം വസ്തുക്കളിൽ, ഭൂമിയിൽ നിന്നുകൊണ്ട് നിയന്ത്രിച്ച് നമ്മൾ വിചാരിക്കുന്നിടത്ത് കൊണ്ട് വീഴിക്കാനുള്ള ഡീ-ഓർബിറ്റിങ് സംവിധാനങ്ങൾ കൂടി ഒരുക്കിയിരിക്കും. പക്ഷേ നേരത്തേ പറഞ്ഞതുപോലെ അതിന് നല്ല ചെലവുണ്ട്. ഭൂമിയുടെ ആകർഷണത്തിന് പൂർണമായും വഴങ്ങി ചീറിപ്പാഞ്ഞ് വരുന്ന അതിനെ നിയന്ത്രിക്കുന്നതിന് നല്ല സന്നാഹങ്ങൾ വേണം. അപകകരമായ രീതിയിൽ ഭൂമിയിലേയ്ക്ക് വീഴാൻ സാധ്യതയുള്ള വസ്തുക്കളിൽ മാത്രമേ അത്ര വിപുലമായ തയ്യാറെടുപ്പുകൾ ഒരുക്കാറുള്ളൂ. (പണ്ട് ഈ വിഷയത്തിൽ അമേരിയ്ക്കയ്ക്ക് കനത്ത വിമർശനം നേടിക്കൊടുത്ത സ്കൈലാബ് ബഹിരാകാശനിലയത്തെ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും) അല്ലാത്തവയെ അവിടെത്തന്നെ ഉപേക്ഷിക്കുകയെ തത്കാലം നിർവാഹമുള്ളു.
ഇത്രയും പറഞ്ഞത്, എന്തുകൊണ്ട് ബഹിരാകാശ മാലിന്യം കുന്നുകൂടുന്നത് സ്വാഭാവികമാണ് എന്ന് മനസ്സിലാക്കാനാണ്. കണക്കുകൾ പ്രകാരം 10 cm-ൽ കൂടുതൽ വലിപ്പമുള്ള 34,000 വസ്തുക്കളും അതിൽ താഴെ വലിപ്പമുള്ള 13 കോടിയോളം വസ്തുക്കളും ഉപയോഗശൂന്യമായ അവസ്ഥയിൽ ഭൂമിയെ ചുറ്റുന്നുണ്ട്. ഇവയുടെ കറക്കവേഗത മറക്കരുത്. വെറും 100 ഗ്രാം ഭാരമുള്ള ഒരു വസ്തു 30,000 km/h വേഗതയിൽ നീങ്ങുമ്പോൾ അതിന്റെ ഗതികോർജം 70 km/h വേഗതയിൽ പായുന്ന ഒരു സ്വിഫ്റ്റ് കാറിന്റേതിനെക്കാൾ കൂടുതലായിരിക്കും. അതായത്, കൂട്ടിയിടിക്കാൻ തീരെ സുഖമുള്ള ഒരു സാഹചര്യമല്ല ബഹിരാകാശ ഓർബിറ്റുകളിൽ ഉള്ളത്. ഓരോ കൂട്ടിയിടിയും കൂടുതൽ കഷണങ്ങളെ ഉണ്ടാക്കും. നിയന്ത്രണവിധേയമല്ലാത്ത ഇത്തരം കൂട്ടിയിടികളിൽ ഏതൊക്കെ കഷണം, ഏതൊക്കെ ദിശകളിൽ, എത്രയൊക്കെ വേഗത്തിൽ തെറിക്കും എന്നൊന്നും പറയാനാകില്ല. ഒന്നുറപ്പാണ്, അവയിൽ ബഹുഭൂരിപക്ഷവും അവരവരുടെ ഓർബിറ്റുകൾ സ്വീകരിച്ച് തലങ്ങും വിലങ്ങും ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കും. വ്യത്യസ്ത ദിശകളിലേയ്ക്ക് ചിതറുന്ന കഷണങ്ങൾ കൂടുതൽ കൂട്ടിയിടികൾക്കുള്ള സാധ്യതകൾ വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. ഇന്നേതാണ്ട് ദിനംപ്രതി പുതിയ സാറ്റലൈറ്റുകൾ വിക്ഷേപിക്കപ്പെടുന്നുണ്ട്. പലതും ആയുസ്സ് വളരെ കുറഞ്ഞവ. ഇതെല്ലാം ബഹിരാകാശ മാലിന്യങ്ങളുടെ കൂമ്പാരം വലുതാക്കുകയാണെന്ന് പറയേണ്ടതില്ലല്ലോ. ഇവയുടെ സാന്ദ്രത ഒരു പരിധി കടക്കുന്നതോടെ ഏതൊരു ചെറിയ കൂട്ടിയിടിയും അപകടകരമായ രീതിയിൽ സ്വയം വളരുന്ന ഒരു കൂട്ടിയിടിശൃംഖല ആയി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആ അവസ്ഥയെ കെസ്സ്ലർ സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നു. (ഗ്രാവിറ്റി എന്ന് ഹോളിവുഡ് സിനിമയിൽ ഇത് കാണിക്കുന്നുണ്ട്) കുറേ കാലമായി നമ്മൾ പേടിയോടെ ഉറ്റുനോക്കുന്ന ഒരു സാഹചര്യമാണത്. അതുകൊണ്ട് തന്നെ നാസ പോലെയുള്ള ഏജൻസികൾ നിരന്തരം ഇത്തരം തോന്ന്യാസി സാറ്റലൈറ്റുകളെ നിരീക്ഷിക്കുന്നുണ്ട്. എന്നിട്ട് പോലും 2009-ൽ അമേരിക്കയുടെ ഒരു ലൈവ് സാറ്റലൈറ്റ് ഉപയോഗശൂന്യമായ ഒരു റഷ്യൻ സാറ്റലൈറ്റുമായി കൂട്ടിയിടിച്ചു. 2300 പുതിയ മാലിന്യക്കഷണങ്ങൾ ആ സെക്കൻഡിൽ സൃഷ്ടിക്കപ്പെട്ടു എന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് ഇൻഡ്യ അടുത്തിടെ നടത്തിയ ബഹിരാകാശ ശക്തിപ്രകടനം ആഗോളശ്രദ്ധ നേടുന്നത്. അന്താരാഷ്ട്ര തലത്തിൽ ബഹിരാകാശം സമാധാനപരമാക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഒരു ആന്റി-സാറ്റലൈറ്റ് മിസ്സൈൽ ഉപയോഗിച്ച്, ഒരു പഴയ സാറ്റലൈറ്റിനെ തകർത്തുകൊണ്ട് പുതിയ സാങ്കേതകവിദ്യ പ്രദർശിപ്പിച്ചു. അതുണ്ടാക്കിയ ബഹിരാകാശ മാലിന്യങ്ങളിൽ ആശങ്ക അറിയിച്ചുകൊണ്ട് നാസ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. മുൻപ് അമേരിക്കയും റഷ്യയും ചൈനയും ചെയ്തിട്ടുള്ള കാര്യം തന്നെയാണിത്. പക്ഷേ അമേരിക്കയുടെ ആശങ്കയ്ക്ക് കാരണമുണ്ട്. ഒന്ന്, അവർ മുൻപീ വിദ്യ പ്രയോഗിച്ചത് അപകടകരമായ രീതിയിൽ ഓർബിറ്റൽ ഡീകേ സംഭവിച്ചുകൊണ്ടിരുന്ന, തകരാറിലായ ഒരു സാറ്റലൈറ്റിനെ നശിപ്പിക്കാനായിരുന്നു. രണ്ട്, ഇന്ന് ബഹിരാകാശത്തുള്ള വസ്തുവകകളിൽ ഏതാണ്ട് പകുതിയോളവും അമേരിക്കയുടേതാണ്. അതിൽ, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ താമസിക്കുന്ന നാലഞ്ച് മനുഷ്യജീവനുകൾ കൂടി ഉൾപ്പെടും. അതുകൊണ്ട് തന്നെ ബഹിരാകാശത്ത് സംഭവിക്കുന്ന ഏത് അപകടവും കൂടുതൽ നഷ്ടം വരുത്താൻ പോകുന്നത് അമേരിക്കയ്ക്കാണ്. ഇൻഡ്യൻ മിസ്സൈൽ പരീക്ഷണം ഉണ്ടാക്കിയ പത്തോളം കഷണങ്ങൾ അന്താരാഷ്ട്രബഹിരാകാശ നിലയത്തിന് (ISS) മുകളിലേയ്ക്ക് ചിതറിയിട്ടുണ്ട്. ഇത് ISS-ഉമായുള്ള കൂട്ടിയിടി സാധ്യത 44% വർദ്ധിപ്പിച്ചിട്ടുണ്ട് എന്നവർ കണക്കാക്കുന്നു. ISS-ൽ ഗതിമാറ്റിവിട്ടും ഷീൽഡ് ഉപയോഗിച്ച് തടഞ്ഞും ഇത്തരം സാഹചര്യങ്ങളെ കുറെയൊക്കെ പ്രതിരോധിയ്ക്കാനുള്ള സംവിധാനം ഉണ്ടെന്നതും, ഈ കഷണങ്ങൾ പതിയെ ഡികേ ചെയ്ത് താഴേയ്ക്ക് വരും എന്നതും ആശ്വാസകരമായ കാര്യമാണ്. പക്ഷേ മൊത്തത്തിൽ ഇത്തരം സംഭവങ്ങൾ നൽകുന്ന സൂചനകൾ ശുഭകരമല്ല.