ഒരു നല്ല ടീച്ചർ പഠിപ്പിക്കുകയല്ല, പഠിയ്ക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാറുണ്ട്.
Vaisakhan Thampi
2018
ഒരു നല്ല ടീച്ചർ പഠിപ്പിക്കുകയല്ല, പഠിയ്ക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാറുണ്ട്. ആ അർത്ഥത്തിൽ മോദിജി എന്റെ മികച്ച അദ്ധ്യാപകരിൽ ഒരാളാണ്. കാരണം മോദിജി ഒറ്റയൊരാളാണ് എക്കണോമിക്സ് പഠിയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ഗ്യാപ്പ് കിട്ടുമ്പോൾ ഓൺലൈൻ റിസോഴ്സുകൾ പരതിയും അറിയുന്ന സുഹൃത്തുക്കളോട് ചോദിച്ചുമൊക്കെ സമ്പദ് വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാൻ ശ്രമിക്കാറുണ്ട്. വേറൊരാൾക്ക് പറഞ്ഞുകൊടുക്കാൻ കഴിയുംവിധമൊന്നും എനിക്കാ വിഷയം ഇപ്പോഴും മനസിലായിട്ടില്ല. പക്ഷേ മനസിലായ ഒന്നുണ്ട്, അതിസങ്കീർണമായ ഒരു വിഷയമാണത്. പ്രകൃതിശാസ്ത്രത്തിൽ, കാലാവസ്ഥാ ശാസ്ത്രത്തോട് ഉപമിക്കാവുന്ന തരം സങ്കീർണതയാണെന്ന് തോന്നുന്നു. അടിസ്ഥാന തത്വങ്ങൾ ലളിതമെങ്കിലും സമ്പദ് വ്യവസ്ഥയുടെ ഗതിവിഗതികളെ സ്വാധീനിക്കുന്ന ഘടകങ്ങൾ അനവധിയാണ്. അതുകൊണ്ട് അതിന്റെ പോക്ക് മനസിലാക്കാൻ നല്ല വൈദഗ്ദ്ധ്യം വേണം. അതുകൊണ്ട് തന്നെയാണ് നയരൂപീകരണങ്ങളിൽ ഉപദേശം തേടപ്പെടുന്ന 'എലീറ്റ് ക്ലാസ്' സാമൂഹ്യശാസ്ത്രജ്ഞരായി സാമ്പത്തിക ശാസ്ത്രജ്ഞർ അറിയപ്പെടുന്നത്.
പക്ഷേ ഇവിടെയിതാ ചരിത്രത്തിലാദ്യമായി സാമ്പത്തികശാസ്ത്രത്തിൽ ഒരു ബിരുദം പോലുമില്ലാത്ത ഒരാൾ കേന്ദ്ര ബാങ്കിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മുൻ സംഭാവനകൾ പരിശോധിച്ചാൽ കാണുന്നത്, നോട്ട് മാറ്റിയെടുക്കുന്നവരുടെ കൈയ്യിൽ മഷി പുരട്ടി വിടാനുള്ള കാഞ്ഞബുദ്ധിയുടെ കർതൃത്വമാണ്. സത്യത്തിൽ പേടിയുണ്ട്. നോട്ടുനിരോധനത്തിൽ ഇക്കൂട്ടർ പ്രകടിപ്പിച്ച കോൺഫിഡൻസ് മറന്നിട്ടില്ലല്ലോ. റിസർവ് ബാങ്കിന്റെ കരുതൽ ധനം എടുത്ത് ചെലവാക്കാമെന്ന് പറഞ്ഞതും, 'നോട്ടടി ഇനി സർക്കാർ ചെയ്തോളാം കേട്ടോ' എന്ന് പറഞ്ഞതും മറന്നിട്ടില്ല. പണിയറിയറിയാത്തവർ എക്കോണമിയിൽ കേറിയിരുന്ന് പണിഞ്ഞതിന്റെ ഫലം അനുഭവിക്കുന്ന രാജ്യങ്ങൾ കുറേയുണ്ട്. കറൻസിയ്ക്ക് ടോയ്ലറ്റ് പേപ്പറിന്റെ വില പോലും ഇല്ലാതെ, കൂട്ടിയിട്ട് കത്തിച്ച് തീ കാഞ്ഞ മനുഷ്യരുടെ രാജ്യങ്ങൾ. ഉദാഹരണത്തിന്, ഒരു അമേരിക്കൻ ഡോളർ ഏതാണ്ട് രണ്ടര ലക്ഷം വെനസ്വേലൻ ബൊളിവറാണ്! ബെസ്റ്റ് ഓഫ് ലക്ക് ഇൻഡ്യ!