March 3, 2020

ബി.ജെ.പി.ഗവൺമെന്റ് ഒരു അഴിമതിഗവൺമെന്റാണോ?

Vaisakhan Thampi

2018

ബി.ജെ.പി.ഗവൺമെന്റ് ഒരു അഴിമതിഗവൺമെന്റാണോ? ആണ് എന്ന് തോന്നിപ്പിക്കാൻ പോന്ന വലിയ ചർച്ചകളോ വിവാദങ്ങളോ പൊങ്ങിവന്നത് ഓർക്കുന്നുണ്ടോ? കുറവായിരിക്കും, അത് പക്ഷേ അഴിമതി കുറവായതുകൊണ്ടല്ല. നിങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചാൽ ബി.ജെ.പി. ഉണ്ടാക്കിയ കോലാഹലങ്ങളിൽ ഒരു പങ്ക് മന്ത്രിമാരും എം.പി.മാരും ഒക്കെ വിളിച്ചു പറഞ്ഞ മണ്ടത്തരങ്ങളും, മറ്റൊരു പങ്ക് ബീഫ്-കൊല പോലുള്ള വർഗീയ സംഘർഷങ്ങളും ആയിരുന്നു. അതിനിടയിൽ അഴിമതിച്ചർച്ചയ്ക്ക് ഗ്യാപ്പുണ്ടായിരുന്നില്ല.

മറ്റുള്ളവരുടെ മണ്ടത്തരങ്ങൾ നമുക്കിഷ്ടമാണ്. അവരെ കളിയാക്കുമ്പോൾ ഒരു രസവും നമ്മൾ അവരെക്കാൾ ഭേദമാണെന്നൊരു അഭിമാനബോധവും ഒക്കെ തോന്നും. അതുകൊണ്ട് സത്യത്തിൽ നമുക്കവരെ ഇഷ്ടപ്പെടും. അവരെ നമ്മൾ ഒരിയ്ക്കലും വെറുക്കില്ല. പിന്നെ വർഗീയത, ജനസംഖ്യയുടെ 99% മതവിശ്വാസികളായിരിക്കുന്ന ഒരു രാജ്യത്ത് അതത്ര വലിയ കാര്യമാണോ? "മറ്റവൻ വർഗീയമായി ചിന്തിക്കുന്നു, അതുകൊണ്ട് ഞാനും അങ്ങനെ ചിന്തിക്കും" എന്നാണ് എല്ലാവരുടേയും ന്യായം. അത് സത്യമാണ് താനും. 'ഞങ്ങൾ', 'മറ്റുള്ളവർ' എന്നിങ്ങനെ വേർപെടുത്തിയുള്ള ചിന്ത തന്നെയാണ് മതങ്ങളുടെ ആണിക്കല്ല്. മുറുകെ പിടിക്കാൻ വിശുദ്ധ പുസ്തകം, അതിലെ ദൈവം, അത് പഠിപ്പിക്കുന്ന പുരോഹിതർ എന്നിങ്ങനെ ചില പൊതുവായ മാമൂലുകളാണ് 'ഞങ്ങൾ-അവർ' എന്ന അതിരുകൾ നിശ്ചയിക്കുന്നത്. അതാണ് 'ഞങ്ങൾ' എന്ന ഐക്യം മതവിശ്വാസികളിൽ ഉണ്ടാക്കുന്നതും. (അങ്ങനെ മുറുകെ പിടിക്കാൻ പൊതുവായ മാമൂലുകൾ ഇല്ലാത്തതിന്റെ കുഴപ്പം കാണണമെങ്കിൽ യുക്തിവാദികളുടെ ഐക്യം നോക്കിയാൽ മതി). ഈ ഐക്യബോധം അധികാര രാഷ്ട്രീയത്തിൽ ഉപയോഗിക്കണമെങ്കിൽ, ഉള്ളതിൽ ഏറ്റവും വലിയ കൂട്ടത്തെ വേണം ഇളക്കാൻ. ഇൻഡ്യയിൽ അതേതാണ് എന്ന് പറയേണ്ടതില്ലല്ലോ, ജനസംഖ്യയുടെ 80% ആണ് ഹിന്ദുത്വത്തിന്റെ പങ്ക്! വർഗീയത ഒരുതരം ഭ്രാന്ത് ആണ്. രണ്ട് കൂട്ടർ പരസ്പരം നോക്കി 'നിങ്ങൾക്കാണ് ഭ്രാന്ത്' എന്ന് പറഞ്ഞാൽ എണ്ണത്തിൽ കൂടുതൽ ഉള്ളവർ വിജയിക്കും.

മറ്റൊരു മതത്തിൽ നിന്ന് വിവാഹം കഴിച്ചാൽ മക്കളെ വേണ്ടെന്ന് വെക്കുന്ന നാട്ടിൽ മതം സ്വന്തം മക്കളെക്കാൾ പ്രധാനപ്പെട്ടതാണ് എന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അതുകൊണ്ട് തന്നെ പെട്രോൾ വിലയിലോ നോട്ട് നിരോധനത്തിലോ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ നിസ്സംഗതയോടെ നേരിട്ട ജനം, 'ഞങ്ങളുടെ വിശ്വാസം' വ്രണപ്പെട്ടേന്ന് നിലവിളിച്ച് തെരുവിലിറങ്ങും. ഇത് വേറെ ആരെക്കാൾ നന്നായി സംഘപരിവാറിന് അറിയാം. അവരത് പല തവണ പ്രയോഗിച്ച് വിജയിച്ച തന്ത്രമാണ്. കേരളത്തിൽ അത് വേണ്ടത്ര ഏൽക്കാതെ പോയി എന്നത് സത്യമാണ്. പക്ഷേ 'വിഡ്ഢികളെ ആരും വെറുക്കില്ല' എന്ന തത്വം പ്രയോഗിച്ച് സദാസമയം അവർ വാർത്തകളിൽ നിൽക്കാൻ ശ്രമിച്ചു. അവിടെ നിന്ന് വർഗീയവിഷം ചെറിയ ഡോസുകളായി പടർത്തിക്കൊണ്ടിരുന്നു. പൊതു രാഷ്ട്രീയ വേദികളിൽ പരസ്യമായല്ല, പ്രധാനമായും രാഷ്ട്രീയമറിയാത്ത സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലൂടെ നിശ്ശബ്ദമായാണ് വർഗീയവിഷം പരന്നത്. വർഷങ്ങളുടെ ക്ഷമാപൂർവമായ ശ്രമങ്ങളിലൂടെ നല്ലൊരു ഗ്രൗണ്ട് വർക്ക് അവർ സാധിച്ചെടുത്തു.

ഇപ്പോൾ നടക്കുന്നതൊന്നും അപ്രതീക്ഷിതമല്ല. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങൾക്കുള്ള ആദ്യ തിരി കൊളുത്തിയത് ഒരു സംഘം സ്ത്രീകളുടെ ഹർജിയാണ്. അവരാകട്ടെ സംഘപരിവാറുമായി ബന്ധപ്പെട്ടവരും. ഭരണഘടനാനുസൃതമായി സുപ്രീം കോടതി പറയാൻ പോകുന്ന വിധി ഇത് തന്നെയാകുമെന്ന് അവർക്ക് ഉറപ്പായും അറിയുമായിരുന്നു. അതായിരുന്നു അവർക്ക് വേണ്ടതും. വിധി വന്നതും, അതുവരെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്ന സംഘപരിവാർ ടപ്പനെ പ്ലേറ്റ് മറിച്ചു. ഭരണഘടനാ ബാധ്യതയുള്ള സർക്കാരിന് സുപ്രീം കോടതിവിധിയെ എതിർക്കാനാവില്ല എന്നറിയാമായിരുന്നിട്ടും, അത് മറച്ചുവെച്ച് മുഴുവൻ പ്രതിഷേധവും കൃത്യമായി കേരള സർക്കാരിനെതിരേ തിരിച്ചുവിട്ടു. ഇപ്പോൾ സുപ്രീംകോടതി ചിത്രത്തിലില്ല. കേരള സർക്കാർ ഒറ്റയ്ക്ക് ചെയ്ത ഒരു മതദ്രോഹമായിട്ടാണ് ഈ പ്രശ്നം മൊത്തം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. അതങ്ങനെയല്ല എന്ന് സ്ഥാപിക്കാനുള്ള ഒരു ശ്രമവും ഈ പോസ്റ്റിലില്ല. കാരണം, ഇതൊന്നും തിരിച്ചറിയാതെ കലാപത്തിനിറങ്ങുന്ന ജനം സ്വയം തുലയാൻ തീരുമാനിച്ചു കഴിഞ്ഞതാണ്. അതാണ് അവർക്ക് വേണ്ടതെങ്കിൽ പിന്നെ ആർക്കാണ് തടയാനാകുക! ഒരുപക്ഷേ ഇൻഡ്യയിൽ ഏറ്റവും അവസാനം പാഠം പഠിയ്ക്കുന്ന ജനത കേരളീയരായിരിക്കും. Just going to watch the show...