April 4, 2020

ശാസ്ത്രീയമായ കണ്ടെത്തലുകളുടെ ചരിത്രമെടുത്താൽ, താരതമ്യേന എളുപ്പം തിരിച്ചറിയാൻ കഴിയുന്ന കാര്യങ്ങളാണ് നമ്മൾ ആദ്യമാദ്യം കണ്ടുപിടിച്ചത് എന്ന് കാണാനാകും.

Vaisakhan Thampi

March 22 at 8:01 AM

·

ശാസ്ത്രീയമായ കണ്ടെത്തലുകളുടെ ചരിത്രമെടുത്താൽ, താരതമ്യേന എളുപ്പം തിരിച്ചറിയാൻ കഴിയുന്ന കാര്യങ്ങളാണ് നമ്മൾ ആദ്യമാദ്യം കണ്ടുപിടിച്ചത് എന്ന് കാണാനാകും. ഉദാഹരണത്തിന്, ഭൂമി ഉരുണ്ടതാണ് എന്നത് മനസിലാക്കാൻ താരതമ്യേന എളുപ്പമാണ്. അതുകൊണ്ട് ആയിരക്കണക്കിന് വർഷം മുന്നേ തന്നെ മനുഷ്യരത് മനസിലാക്കി. അപ്പോഴും, ശ്വാസമെടുക്കാതെ ജീവിക്കാനാവില്ല എന്ന സത്യം മനസിലാക്കുന്നതുപോലെ, അതങ്ങനെ ആർക്കും പെട്ടെന്ന് മനസിലാക്കാവുന്ന കാര്യമല്ല എന്നതും കാണണം. അതുകൊണ്ടാണ് മനുഷ്യനെന്ന ജീവിക്ക് ലക്ഷക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ടായിട്ടും, ഉരുണ്ട ഭൂമിയുടെ കണ്ടെത്തലിന് ഏതാനം ആയിരം വർഷങ്ങളുടെ ചരിത്രം മാത്രമുള്ളത്. അതുപോലെ സൂര്യൻ ഭൂമിയെയല്ല, ഭൂമി സൂര്യനെയാണ് വലംവെക്കുന്നത് എന്നതിന് കഷ്ടിച്ച് അഞ്ഞൂറ് വർഷത്തിന്റെ ചരിത്രമേയുള്ളൂ. നാം ജീവിക്കുന്ന പ്രപഞ്ചം വികസിക്കുകയാണ് എന്ന തിരിച്ചറിവ് വന്നിട്ട് വെറും നൂറ് വർഷമേ ആയുള്ളൂ. എല്ലാ വസ്തുക്കളേയും ആറ്റങ്ങൾ കൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിനും അത്രയൊക്കെയേ പഴക്കമുള്ളൂ.

ഇനി ചോദിക്കട്ടെ, രോഗാണു എന്ന സങ്കല്പത്തിന് എത്ര വർഷം പഴക്കമുണ്ട്? കണ്ണുകൾ കൊണ്ട് കാണാനാകാത്ത സൂക്ഷ്മജീവികൾ കാരണം മനുഷ്യർക്ക് രോഗമുണ്ടാകാം എന്ന ആശയം പല കാലങ്ങളിൽ പല രൂപത്തിൽ പലരാൽ മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ അത് അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്രസത്യമായി മാറാൻ നൂറ്റാണ്ടുകളുടെ തർക്കവിതർക്കങ്ങൾ വേണ്ടിവന്നു. ആധുനിക രോഗാണുസിദ്ധാന്തത്തിന് ഒന്നര നൂറ്റാണ്ടിന്റെ പഴക്കം പോലുമില്ല. ബുദ്ധിമുട്ടി അംഗീകരിക്കപ്പെടുന്ന അറിവുകൾ, മനസിലാക്കാൻ ബുദ്ധിമുട്ടുള്ള അറിവുകളാണെന്ന് വേണം കരുതാൻ.

അറിവും മനസിലാക്കലും തമ്മിൽ വ്യത്യാസമുണ്ട്. അറിവ് നിങ്ങളുടെ സാമാന്യബുദ്ധിയുടെ ഭാഗമാകുമ്പോഴാണ് അത് മനസിലാക്കലെന്ന അവസ്ഥയിലെത്തുന്നത്. ആഹാരം കഴിച്ചാൽ വിശപ്പ് മാറുമെന്ന അറിവ് തീർത്തും സ്പഷ്ടമാണ്. നിങ്ങൾക്കത് ആരും പറഞ്ഞുതരാതെ തന്നെ മനസിലായിട്ടുണ്ടാകും. അതുകൊണ്ട് വിശക്കുമ്പോൾ, അതെങ്ങനെ പരിഹരിക്കാം എന്ന് കൂലങ്കഷമായി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല. നിങ്ങളുടെ സാമാന്യബുദ്ധി തന്നെ ആഹാരം കഴിക്കുക എന്ന പരിഹാരമാർഗം നിർദ്ദേശിക്കും. വീട്ടിലെ ഫ്യൂസ് കത്തിപ്പോയാൽ കറന്റ് കിട്ടില്ല എന്ന കാര്യം ഒരുപക്ഷേ ഇത് വായിക്കുന്ന എല്ലാവരുടേയും സാമാന്യബുദ്ധിയുടെ ഭാഗമായിരിക്കും. പക്ഷേ എല്ലാവരുടേയും കാര്യം അങ്ങനല്ല. ഗാർഹിക വൈദ്യുതീകരണത്തിൽ ഇലക്ട്രിക് ഫ്യൂസിന്റെ പങ്കിനെപ്പറ്റി കേട്ടിട്ടേ ഇല്ലാത്ത ഒരാളിനെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ സാമാന്യബുദ്ധിയിൽ ഫ്യൂസ് ശരിയാക്കി കറന്റ് കണക്ഷൻ പുനഃസ്ഥാപിക്കുന്ന ഓപ്ഷൻ താനേ തെളിഞ്ഞുവരില്ല. രണ്ട് ദിവസം സൂര്യൻ അസ്തമിക്കില്ല എന്ന വാട്സാപ്പ് മെസ്സേജ് ഫോർവേഡ് ചെയ്യുന്ന കേശവമ്മാമൻ ഭൂമി സ്വയം കറങ്ങുന്നതുകൊണ്ടാണ് ഉദയാസ്തമനങ്ങൾ ഉണ്ടാകുന്നത് എന്ന കാര്യം തീർച്ചയായും പഠിച്ചിട്ടുണ്ട്. അതദ്ദേഹത്തിന് അറിയാം. സൂര്യൻ അസ്തമിക്കാതിരിക്കണമെങ്കിൽ ഒരു ദിവസം ഇത്രേം വലിയ ഭൂമിയുടെ കറക്കം താനേ നിൽക്കുകയോ, ആരെങ്കിലും പിടിച്ചുനിർത്തുകയോ വേണമെന്നും അത് അസ്വാഭാവികമാണെന്നും അദ്ദേഹത്തിന് തോന്നുന്നില്ല. ഭൂമി സ്വയം കറങ്ങുന്നതുകൊണ്ടാണ് ഉദയാസ്തമനങ്ങൾ ഉണ്ടാകുന്നത് എന്ന കാര്യത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടൊന്നുമല്ല, അത് മനസിലായിട്ടില്ലാത്തതുകൊണ്ടാണ്. അതദ്ദേഹത്തിന്റെ സാമാന്യബുദ്ധിയുടെ ഭാഗമല്ലാത്തതുകൊണ്ടാണ്.

സ്പഷ്ടമല്ലാത്ത കാര്യങ്ങളിൽ നിന്നുപോലും സത്യം മനസിലാക്കാനായതും, സ്പഷ്ടമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന കാര്യങ്ങൾ വാസ്തവമല്ല എന്ന് തിരിച്ചറിഞ്ഞതും ശാസ്ത്രീയമായ അന്വേഷണരീതി മനുഷ്യൻ പഠിച്ചതോടെയാണ്. തോന്നലുകൾക്കപ്പുറം, വസ്തുതകളുടെ അടിസ്ഥാനത്തിൽ സാവധാനമുള്ള വിശകലനത്തിലൂടെ അറിവുണ്ടാക്കുന്ന രീതി. ഉദാഹരണത്തിന്, വൈകാരികസമ്മർദ്ദം എറ്റവും സ്പഷ്ടമായി അനുഭവപ്പെടുന്നത് ഹൃദയത്തിലാണെങ്കിലും, വികാരങ്ങളുടെ ഉത്ഭവസ്ഥാനം ഹൃദയമല്ല എന്ന കാര്യം നാം ശാസ്ത്രത്തിലൂടെ മനസിലാക്കിയതാണ്. കണ്ണിൽപ്പെടാത്ത സൂക്ഷ്ജീവികളും രോഗങ്ങളും തമ്മിലുള്ള ബന്ധം സ്പഷ്ടമല്ലാതിരുന്നിട്ടും, നാം മനസ്സിലാക്കിയത് ശാസ്ത്രത്തിലൂടെയാണ്.

ഇനി പകർച്ചവ്യാധിയിലേയ്ക്ക് വരാം. രോഗാണുശാസ്ത്രവും, സാമൂഹ്യശാസ്ത്രവും, ഗണിതശാസ്ത്രവും, സ്റ്റാറ്റിസ്റ്റിക്സും ഒക്കെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഒരു സങ്കീർണവിഷയമാണ് എപ്പിഡെമിയോളജി. സർക്കാരും ലോകാരോഗ്യസംഘടനയുമൊക്കെ തൊണ്ടപൊട്ടി വിളിച്ചുപറഞ്ഞാലും പൊതുജനം അത് ഗൗരവമായി എടുക്കാത്തത്, ഇപ്പറയുന്ന കാര്യങ്ങളൊന്നും ഒറ്റയടിക്ക് സ്പഷ്ടമായിക്കിട്ടുന്ന കാര്യങ്ങളല്ല എന്നതുകൊണ്ടാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അല്ലാതെ മനഃപൂർവം സർക്കാരിനെ ധിക്കരിക്കുകയോ, അഹങ്കാരമോ കാണിക്കുകയോ, സമൂഹത്തിന് ദോഷം വരുത്തലോ ഒന്നും അവരുടെ ലക്ഷ്യങ്ങളല്ല. കൂട്ടം കൂടരുത് എന്ന് പറയുമ്പോൾ എന്തുകൊണ്ട് കൂട്ടം കൂടരുത് എന്ന കാര്യം അവർക്ക് മനസിലാകുന്നില്ല. കൂട്ടം കൂടുമ്പോൾ കമ്യൂണിറ്റി സ്പ്രെഡ് ഉണ്ടാകും, രോഗികളുടെ എണ്ണം കൂടി കൈകാര്യം ചെയ്യാൻ പറ്റാതാകും, എന്നൊക്കെ അവരെ 'അറിയിക്കാ'നായേക്കും. പക്ഷേ അതവരുടെ ചിന്താഗതിയുടെ ഭാഗമാകുന്നില്ല. വൈറസ് അകത്തുകയറിയാണ് രോഗമുണ്ടാകുന്നത് എന്നുവരെ മനസിലാക്കി നിർത്തിയ ആളുകളാണെന്ന് തോന്നുന്നു ചാടിക്കേറി മാസ്ക് ധരിക്കുന്നത്. വായു എന്ന സാധനം അകത്തേയ്ക്ക് കയറുന്ന മൂക്ക്, വായ എന്നീ ദ്വാരങ്ങളെ തടയുക വഴി, വൈറസ് അകത്തുകയറുന്നത് തടയാമല്ലോ എന്ന ചിന്തയാണ്. അറിവിന്റെയല്ല, മനസിലാക്കലിന്റെ കുറവാണ്. ഞാൻ ഭാഗമായ ഒരു അധ്യാപക കോഴ്സ് കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. ഇപ്പോഴും ആ കോഴ്സിന്റെ ഭാഗമായിരുന്ന പലരുടേയും അഭിപ്രായങ്ങൾ കാണിക്കുന്നത്, അതിൽ പങ്കെടുക്കുന്ന എഴുപത് അധ്യാപകരുടെ ആരോഗ്യത്തെ കരുതിയാണ് സർക്കാർ കോഴ്സ് നിർത്താൻ ഉത്തരവിട്ടത് എന്നവർ മനസിലാക്കിയിരിക്കുന്നുവെന്നാണ്. കമ്യൂണിറ്റി സ്പ്രെഡ് എന്ന അപകടവശം വിദ്യാസമ്പന്നർക്ക് പോലും മനസിലാക്കാൻ ബുദ്ധിമുട്ടാണ് എന്നുവേണ്ടേ കരുതാൻ.

എന്താണീ പറഞ്ഞുവരുന്നത് എന്ന് ആശയക്കുഴപ്പം വേണ്ട. കേരളത്തിലെ മൂന്നരക്കോടി മനുഷ്യരും എപ്പിഡമിയോളജി ആഴത്തിൽ പഠിക്കേണ്ടിവരും എന്നാണോ? അല്ലേയല്ല. ഒരിയ്ക്കലും പ്രായോഗികമായ കാര്യമല്ല അത്. ആധുനികലോകത്ത് നാം നിരന്തരം ഉപയോഗിക്കുന്ന അറിവുകൾ മിക്കതും ബുദ്ധിമുട്ടി മനസിലാക്കിയ, മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. അതെല്ലാം എല്ലാവർക്കും മനസിലാക്കാനാവില്ല. അങ്ങനെയൊരു വശം അറിവിനുണ്ട് എന്നത് എല്ലാവരും തിരിച്ചറിയണം. എന്താണ് പ്രസക്തമായതെന്നും, എന്താണ് അപ്രസക്തമായതെന്നും തിരിച്ചറിയാനുള്ള ഒരു കഴിവ് ജനങ്ങൾക്കുണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ഒരു ക്രൈസിസ് ഉണ്ടാകുമ്പോൾ പെട്ടെന്ന് കയറി ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല അത്. ഗ്രൗണ്ട് വർക്കാണ്. വളരെ കാലമെടുത്ത്, പതിയെ ഉണ്ടാക്കിയെടുക്കേണ്ടത്. ശാസ്ത്രബോധം എന്നൊക്കെ പറഞ്ഞ് ചില മനുഷ്യർ ഘോരഘോരം വാദിക്കുന്നത് അതിന് വേണ്ടിയാണ്. തങ്ങളുടെ സഹജമായ സാമാന്യബോധത്തിൽ തോന്നുന്നതിനപ്പുറം, ശാസ്ത്രീയമായി കണ്ടെത്തപ്പെടുന്ന കാര്യങ്ങളോടുള്ള മതിപ്പ് ജനങ്ങൾക്കുണ്ടാകണം. അല്ലെങ്കിൽ 'ഞമ്മള് വൈറസിനെ കണ്ടിട്ടില്ല, അതുകൊണ്ട് വൈറസില്ല' എന്ന് പുലമ്പുന്ന 'പണ്ഡിതൻമാർ'ക്ക് കൈയടിക്കാൻ ആളുണ്ടാകും, ഗോമൂത്രം കുടിച്ച് വൈറസിനെ കൊല്ലാമെന്ന് പറയുന്ന നേതാക്കളും അവർക്ക് ലക്ഷക്കണക്കിന് അണികളും ഉണ്ടാകും. സോഷ്യൽ ഡിസ്റ്റൻസിങ് എന്ന് പറയുമ്പോൾ തലകുലുക്കിയിട്ട് ആളുകൾ ആനയെഴുന്നള്ളത്തിന് തടിച്ചുകൂടും. കർഫ്യൂവിന്റെ തലേന്ന് പോകാവുന്നിടത്തെല്ലാം പോയി വിരകിയിട്ട്, പന്ത്രണ്ട് മണിക്കൂർ കൊണ്ട് വീട്ടിലിരുന്ന് വൈറസിനെ കൊല്ലാമെന്ന് കരുതും, പ്ലേറ്റ് മുട്ടുന്ന ശബ്ദം കേട്ട് വൈറസും ബാക്ടീരയും നശിച്ചുപോകുമെന്ന് പറയുന്ന സെലിബ്രിറ്റീസ് ഉണ്ടാകും...

പിന്നെ ജനാധിപത്യത്തിൽ അത് പറഞ്ഞിട്ടുള്ളതാണ്; നിങ്ങളുടേതല്ലാത്ത മണ്ടത്തരങ്ങൾക്ക് കൂടി നിങ്ങൾ വില കൊടുക്കേണ്ടി വരും! വലിയ വില!