എന്താണ് സമത്വം?
Vaisakhan Thampi
2018
എന്താണ് സമത്വം? തീരെ വ്യക്തതയില്ലാതെ പ്രയോഗിക്കപ്പെടുന്ന ഒരു വാക്കാണതെന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും അതിന് വേണ്ടി വാദിക്കുന്നവരിൽ പോലും അത്തരമൊരു അവ്യക്തത കണ്ടിട്ടുമുണ്ട്.
എല്ലാവരും തുല്യരാണ്, ആരും ആർക്കും മുകളിലോ താഴെയോ അല്ല, എന്നിങ്ങനെയാണ് സമത്വം എന്ന അവസ്ഥയുടെ സവിശേഷതകൾ നമ്മൾ മനസിലാക്കുന്നത്. ഗണിതശാസ്ത്രത്തിൽ ഈ സമത്വം സ്പഷ്ടമാണ്. ഉദാഹരണത്തിന് 1 +2 = 3 എന്ന് പറഞ്ഞാൽ അവിടത്തെ സമത്വം നിസ്തർക്കമാണ്. ഒന്നും രണ്ടും കൂട്ടുന്നതും (1+2) മൂന്നും (3) സമമാണ് (=). ഇതൊരു പ്രകൃതിനടപ്പാണ്. അതനുസരിക്കുന്ന എത്രയെങ്കിലും കാര്യങ്ങൾ പ്രകൃതിയിൽ കാണാം, അതിന് കടകവിരുദ്ധമായ ഒന്നും കാണുകയുമില്ല.
പക്ഷേ ആധുനിക മനുഷ്യന്റെ സാമൂഹിക ജീവിതത്തിലേയ്ക്ക് വരുമ്പോൾ ഏതാണ്ട് മൊത്തം പ്രകൃതിനടപ്പിന് വിരുദ്ധമായ കാര്യങ്ങളാണ്. സ്വാഭാവികമായി കാട്ടിൽ ഉണ്ടാകുന്ന പഴങ്ങൾ അലഞ്ഞുനടന്ന് ഭക്ഷിക്കുന്നതിന് പകരം നമുക്കാവശ്യമായ ചെടികളെ അസ്വാഭാവികമായ അളവിൽ അസ്വാഭാവിക സ്ഥലത്ത് വെള്ളം, വളം എന്നിങ്ങനെ കൃത്രിമസാഹചര്യങ്ങൾ സൃഷ്ടിച്ച് വളർത്തിയെടുത്തിട്ട് 'കൃഷി' എന്ന് നാമതിനെ വിളിച്ചു. അതുപോലെ സ്വാഭാവിക രോഗാവസ്ഥകളെ ചികിത്സ കൊണ്ട് നേരിട്ടും, സ്വാഭാവിക ഭക്ഷണത്തെ പാചകം കൊണ്ട് തകിടം മറിച്ചും, സ്വാഭാവിക പരിമിതികളെ ആയുധങ്ങൾ, വാഹനങ്ങൾ എന്നിങ്ങനെ അസംഖ്യം ഉപാധികൾ കൊണ്ട് മറികടന്നും ആണ് മനുഷ്യൻ ഇന്നത്തെ രൂപത്തിലായത്. അതിജീവനത്തിനായി പരസ്പരം മത്സരിക്കുന്ന ജീവിവർഗങ്ങൾക്കിടയിൽ ജനാധിപത്യം എന്ന 'പ്രകൃതിവിരുദ്ധ' സാമൂഹ്യക്രമം വെച്ചുപുലർത്തുന്ന ഏക ജീവിയാണ് മനുഷ്യൻ. ഇങ്ങനെ അടിമുടി പ്രകൃതിവിരുദ്ധരായ ആധുനിക മനുഷ്യന്റെ പല സങ്കല്പങ്ങൾക്കും പ്രകൃതിയിൽ ന്യായീകരണമില്ല. അക്കൂട്ടത്തിൽ ഒന്നാണ് സമത്വം. 1 + 2 = 3 എന്ന് പറയുന്നപോലെ Tom = Harry എന്ന് പറയാൻ പോന്ന ഒന്നും പ്രകൃതിയിൽ നിന്ന് നമുക്ക് കിട്ടില്ല. സമജാത ഇരട്ടകളിൽ പോലും വ്യത്യാസങ്ങൾ ഒരുപാടുണ്ട്. ഒരാൾക്കും വേറൊരാളോട് 'സമത്വം' ഇല്ല. പിന്നെ എന്തിനെയാണ് നമ്മളീ സമത്വം എന്ന് വിളിക്കുന്നത്?
നിങ്ങൾ റോഡിൽ ചുവന്ന ട്രാഫിക് സിഗ്നലിന് മുന്നിൽ കാത്തുകിടക്കുകയാണ്. അപ്പോഴതാ പിന്നിൽ നിന്നും ഒരു ആംബുലൻസ് സൈറനടിച്ച് പാഞ്ഞ് വരുന്നു. ട്രാഫിക് പോലീസ് മറ്റ് വണ്ടികളെ നിയന്ത്രിച്ച് റെഡ് സിഗ്നൽ മറികടന്ന് അതിനെ പോകാൻ അനുവദിക്കുന്നു. ഇവിടെ സമത്വം ലംഘിക്കപ്പെട്ടിട്ടുണ്ടോ? ആംബുലൻസ് സിഗ്നൽ തെറ്റിച്ച് പോയി എന്ന ഒരു കാരണം കൊണ്ട് മാത്രം അവിടെ സമത്വം ലംഘിയ്ക്കപ്പെടുന്നില്ല. കാരണം അതിനുള്ളിൽ നിങ്ങളായിരുന്നു എങ്കിലും ആ സിഗ്നൽ തെറ്റിയ്ക്കൽ അനുവദിക്കപ്പെടുമായിരുന്നു. നിങ്ങളുടേയും ആംബുലൻസിലെ രോഗിയുടേയും ആവശ്യങ്ങളിൽ ഉള്ള വ്യത്യാസം മാത്രമാണ് അവിടെ കാണുന്നത്. അത്യാഹിതാവസ്ഥയിലുള്ള രോഗിയ്ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ടെന്ന് എല്ലാവരും സമ്മതിക്കും എന്നതിനാലാണ് അത്തരം ഘട്ടങ്ങളിൽ സമത്വ തർക്കങ്ങൾ ഉണ്ടാവാത്തത്. അതുപോലെ പ്രധാനമന്ത്രിയ്ക്കോ പ്രസിഡന്റിനോ കിട്ടുന്ന ഇസഡ്-ക്ലാസ് സെക്യൂരിറ്റി എനിയ്ക്ക് കിട്ടാത്തതിലും യാതൊരു സമത്വ ലംഘനവും ഇല്ല.
പറഞ്ഞുവന്നത് സമത്വം ഒരു കൃത്രിമ സങ്കൽപം ആണെന്നാണ്. ആധുനിക ജനാധിപത്യ തത്വങ്ങൾ പ്രകാരം രണ്ട് മനുഷ്യർക്ക് സമൂഹത്തിൽ തുല്യ സ്ഥാനങ്ങളാണ് ഉള്ളത്. എന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടായാലും നിയമം അവരെ രണ്ടുപേരേയും ഒരുപോലെ, ഒരേ പ്രാധാന്യത്തോടെ, പരിഗണിക്കുന്നു. നല്ലപോലെ പാടുന്നയാളും, നല്ലപോലെ വരയ്ക്കുന്ന ആളും, നല്ല ചൂലുണ്ടാക്കുന്ന ആളും, ഒന്നും നല്ലപോലെ ചെയ്യാത്തയാളും വരെ നിയമത്തിന് മുന്നിൽ തുല്യരാണ്. ഈ രീതിയിൽ തന്നെ വേണം സ്ത്രീപുരുഷ സമത്വത്തേയും മനസിലാക്കാൻ. എങ്ങനെയാണോ പരസ്പരം വ്യത്യസ്തരായ രണ്ട് പുരുഷൻമാർ നിയമത്തിന് മുന്നിൽ തുല്യരാകുന്നത്, അതേ രീതിയിൽ ഒരു സ്ത്രീയും പുരുഷനും തുല്യരാകുന്നു. അല്ലാതെ പുരുഷൻ പ്രസവിക്കാനും സ്ത്രീ പുരുഷന്റെ ടോയിലറ്റിൽ മൂത്രമൊഴിക്കാനും തുടങ്ങുന്ന അന്ന് മാത്രം നിലവിൽ വരുന്ന ഒന്നല്ല സ്ത്രീപുരുഷ സമത്വം.
ലിംഗസമത്വം ചർച്ച ചെയ്യുന്ന വേദികളിൽ പലരും സമത്വത്തിന്റെ ശാസ്ത്രീയ തെളിവുകളെ പറ്റി തർക്കിക്കുന്നത് കണ്ടിട്ടുണ്ട്. ഒരുകൂട്ടർ സ്ത്രീയും പുരുഷനും വ്യത്യസ്തരാണെന്നതിനും മറുകൂട്ടർ സ്ത്രീയും പുരുഷനും തുല്യരാണെന്നതിനും തെളിവ് കൊണ്ടുവരാൻ ശ്രമിക്കും. ചർച്ച സമത്വത്തെ കുറിച്ചാണെങ്കിൽ ഇത് രണ്ടും അപ്രസക്ത വാദങ്ങളാണ് എന്നാണ് എന്റെ പക്ഷം. രണ്ട് പുരുഷൻമാർക്ക് സമത്വം ഉണ്ടാവാൻ 'തെളിവ്' വേണ്ടായെങ്കിൽ, ഒരു സ്ത്രീയ്ക്കും പുരുഷനും തുല്യരാവാൻ അതാവശ്യമുണ്ടോ?!
ഈ സമത്വസങ്കൽപം ജനാധിപത്യരാജ്യത്തിലെ പരമോന്നത നീതിപീഠം ഉയർത്തിപ്പിടിച്ചു എന്നത് മാത്രമേ ഇവിടെ സംഭവിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതിനുള്ള കള്ളക്കളികൾ മാത്രം.