നാലും കൂടിയ കവലയിലേക്ക് എത്തുമ്പോൾ, വലത്തോട്ടോ ഇടത്തോട്ടോ അല്ലാതെ നേരെയാണ് പോകേണ്ടത് എങ്കിൽ എന്ത് ഇൻഡിക്കേറ്റർ ഇടണം?
Vaisakhan Thampi
2018
നാലും കൂടിയ കവലയിലേക്ക് എത്തുമ്പോൾ, വലത്തോട്ടോ ഇടത്തോട്ടോ അല്ലാതെ നേരെയാണ് പോകേണ്ടത് എങ്കിൽ എന്ത് ഇൻഡിക്കേറ്റർ ഇടണം? അവിടെ ഹസാർഡ് ലൈറ്റിടണം എന്നറിയാതെ വണ്ടിയോടിക്കുന്നവർ ചുരുക്കമായിരിക്കും! നമ്മുടെ നാട്ടിൽ സർവസാധാരണ കാഴ്ചയാണത്. അതിന്റെ പേര് Hazard lamp എന്നാണെന്ന് ശ്രദ്ധിക്കുകയോ അറിയുകയോ പോലും ചെയ്യാതെ, 'നേരേ പോവാനുള്ള ഇൻഡിക്കേറ്ററാ'യി നമ്മളതിനെ മാറ്റിയെടുത്തു.
ഇതൊരു ഉദാഹരണമായി പറഞ്ഞതാണ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ഭൂരിപക്ഷം പേരും ഹസാർഡ് ലാമ്പിനെ ഇൻഡിക്കേറ്ററായി കണക്കാക്കുന്ന സമൂഹത്തിൽ, അത് അങ്ങനെ തന്നെ പിൻതുടരുന്ന ആൾ ചെയ്യുന്നതാണോ ശരി? അതോ, അപകടകരമായ രീതിയിൽ പതുക്കെ പോകുമ്പോഴും റിവേഴ്സെടുക്കുമ്പോഴും ഒക്കെ അപകടസാധ്യത അറിയിക്കാനായി -ഹസാർഡ് സൂചിപ്പിക്കാനായി- മാത്രം അതുപയോഗിക്കുന്ന ആൾ ചെയ്യുന്നതാണോ ശരി?
ഉത്തരം തർക്കവിഷയമാകാം. ആദ്യത്തേത് കീഴ്.വഴക്കങ്ങൾ വഴി ഉരുത്തിരിയുന്ന ആപേക്ഷിക ശരിയും രണ്ടാമത്തേത് ആദർശമാതൃകകൾ (ideals) പ്രകാരം നിർവചിക്കപ്പെടുന്ന കേവല ശരിയും ആണെന്ന് പറയാം. ഞാൻ ഇതിൽ രണ്ടാമത്തേതിന് വേണ്ടി വാദിക്കുന്ന ആളാണ്. മുഴുവൻ മനുഷ്യരും ഭൂമി പരന്നതാണ് എന്ന് കരുതിയിരുന്നപ്പോഴും അത് ഉരുണ്ടതായിരുന്നു എന്നൊക്കെ പറയുന്നതിന് പിന്നിലെ ശാസ്ത്രയുക്തിയാണ് അക്കാര്യത്തിൽ എന്നെ നയിക്കുന്നത്.
കേവല ശരികളുടെ ഏറ്റവും വലിയ കുഴപ്പം അത് താനേ പഠിയ്ക്കാൻ സാധ്യത കുറവാണ് എന്നതാണ്. നമ്മൾ കൺമുന്നിൽ നിരന്തരം കാണുന്നത് കീഴ്.വഴക്ക ശരികളായിരിക്കും. എല്ലാവരും ചെയ്യുന്നതാകും ശരിയായ രീതി എന്ന പ്രാകൃതയുക്തി വെച്ച് സ്വയമറിയാതെ തന്നെ അത്തരം ശരി-തെറ്റ് സങ്കൽപ്പങ്ങളെ നമ്മൾ ഉൾക്കൊണ്ടുകളയും. കേവല ശരികൾ എന്തൊക്കെയാണ് എന്ന ധാരണ മിക്കപ്പോഴും നമ്മൾ പഠിച്ചെടുക്കേണ്ടി വരും. ഒരു ടിപ്പിക്കൽ തിരുവിതാംകൂറുകാരൻ എന്ന നിലയ്ക്ക്, കവടിയാർ കൊട്ടാരത്തിൽ നിന്നും ബെൻസ് കാറിൽ പുറത്തേയ്ക്ക് വരുന്ന ആൾ അക്കാരണം കൊണ്ട് മാത്രം സവിശേഷ ബഹുമാനത്തിന് അർഹനാണ് എന്ന് ഞാൻ മനസിലാക്കിയിരുന്നു. അതൊരു കീഴ്വഴക്ക ശരിയായിരുന്നു. ജനാധിപത്യ മൂല്യങ്ങളേയും നിയമവ്യവസ്ഥയേയും ചരിത്രത്തേയുമൊക്കെ കുറേ മെനക്കെട്ട് പഠിച്ച ശേഷമാണ് വ്യക്തിസമത്വം എന്ന കേവല ശരിയുടെ ഹിക്കുമത്ത് പിടികിട്ടിയത്. അതെ, അതിത്തിരി മെനക്കെട്ടതുകൊണ്ട് മാത്രം സാധിച്ചതാണ്. അതിൽ ഒരു മാനസിക അധ്വാനം കൂടി അടങ്ങിയിട്ടുണ്ട്. അതിന് തയ്യാറല്ലാത്തവരും, അതിന് സാവകാശമില്ലാത്തവരും കീഴ്വഴക്ക ശരികളിൽ പെട്ടുപോകും.
നമ്മുടെ പൊതുസമൂഹം കീഴ് വഴക്ക ശരികളാൽ നയിക്കപ്പെടുന്ന ഒന്നാണ്. എന്തിനും ആപേക്ഷികമായ ബെഞ്ച്മാർക്കുകളാണ് നമുക്കുള്ളത്. ഉദാഹരണത്തിന്, തിരുവനന്തപുരം നഗരത്തിൽ 28 രൂപ മീറ്റർ ചാർജിന് 30 രൂപ വാങ്ങി 2 രൂപ തിരിച്ച് തരുന്ന ഓട്ടോ ഡ്രൈവർ 'ദൈവ പ്രതിപുരുഷനും', 30 രൂപ മാത്രം വാങ്ങിപ്പോകുന്നയാൾ 'നല്ല ഓട്ടോക്കാരനും', 35-ഓ 40-ഓ വാങ്ങിക്കുന്നയാൾ 'സാധാരണ ഓട്ടോക്കാരനും' ആയിട്ടാകും നമുക്ക് അനുഭവപ്പെടുക. ആ കീഴ്വഴക്ക ശരിയിൽ ഒരു തിരുവനന്തപുരം മലയാളി ഓക്കേയാണ്. അതാണ് പൊതുവായ ബെഞ്ച്മാർക്ക്. കോഴിക്കോട് നഗരത്തിൽ ഈ ബെഞ്ച്മാർക്ക് മറ്റൊന്നാകാനാണ് സാധ്യത. എന്നാൽ കേവല ശരിയിൽ വിശ്വസിക്കുന്ന ഒരാൾക്ക് 2 രൂപ ബാക്കി തരുന്ന ഓട്ടോഡ്രൈവറായിരിക്കും എല്ലായിടത്തേയും ബെഞ്ച്മാർക്ക്. അതിനെ ഗുണമെന്നോ ദോഷമെന്നോ കണക്കാക്കാം.
ഇപ്പോഴിത് എഴുതാൻ ഒരു കാരണമുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരിൽ നിന്ന് എന്ത് പ്രതീക്ഷിക്കണം എന്നതിന് ചില അലിഖിത ബെഞ്ച്മാർക്കുകൾ ഉണ്ടല്ലോ. അല്പസ്വല്പം അഴിമതി, സ്വജനപക്ഷപാതം, അറിയാത്ത കാര്യങ്ങളിലും അഭിപ്രായം പറയൽ, ശബ്ദഘോഷവും വികാര വിക്ഷോഭവും ചേർത്ത തീപ്പൊരി പ്രസംഗം, മതവിശ്വാസം പോലുള്ള ജനങ്ങളുടെ പൊതുവായ വീക്ക്നെസ്സുകളെ തലോടൽ (സ്വയം വിശ്വാസിയല്ലെങ്കിൽ പോലും) ഇതൊക്കെ അതിൽ പെടും. അവിടെ കേവല ശരികൾക്ക് യാതൊരു സ്ഥാനവും ഉള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ 'വ്യക്തിസമത്വം', 'ഭരണഘടനാ മൂല്യങ്ങൾ' എന്നിവയൊക്കെ രാഷ്ട്രീയമാണ് വിഷയം എന്ന് ധ്വനിപ്പിക്കാനുള്ള പൊള്ളവാക്കുകൾ മാത്രമാണ് ഇൻഡ്യൻ രാഷ്ട്രീയ പ്രസംഗങ്ങളിൽ. പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി, നിരന്തരം മാധ്യമങ്ങളെ അഭിമുഖീകരിക്കുകയും, ഡേറ്റ വെച്ച് സംസാരിക്കുകയും, അപ്പോഴും വികാര വിക്ഷോഭങ്ങൾ ഒഴിവാക്കി സമചിത്തതയോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിൽ കാണുന്നുണ്ട്. സമകാലിക രാഷ്ട്രീയത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമായി അത് തോന്നിക്കുന്നു. വ്യക്തിപരമായി, എന്നെങ്കിലും മതിപ്പ് തോന്നുമെന്നും അഭിനന്ദിക്കാൻ തോന്നുമെന്നും ഞാൻ കരുതിയിരുന്ന ഒരു രാഷ്ട്രീയ നേതാവല്ല അദ്ദേഹം. ഭരണനേതൃത്വം ഏറ്റെടുത്ത ആദ്യ കാലങ്ങളിൽ മതിപ്പുകുറവ് തോന്നിയിട്ടുമുണ്ട്. പക്ഷേ സുപ്രീം കോടതിവിധി എന്ന 'law of the land'-നെ മുൻനിർത്തി, ചരിത്രവസ്തുതകൾ നിരത്തി, ഒരു ശരാശരി രാഷ്ട്രീയനേതാവ് ഭയപ്പെടുന്ന മതവികാരം എന്ന വജ്രായുധത്തെ മറികടക്കാൻ ശ്രമിക്കുന്ന ഒരു ഭരണാധികാരി കേവല ശരികളോട് അടുത്ത് നിൽക്കുന്നു എന്ന് തന്നെ പറയണം. ഇപ്പോഴും ഒരു സ്ത്രീയ്ക്കും പൂർണമായ ശബരിമല പ്രവേശനം സാധ്യമായിട്ടില്ല എന്നത് ഭരണപരാജയമായി വിലയിരുത്താം. 'പഞ്ച് ഡയലോഗ് മാത്രമേയുള്ളൂ, പ്രവൃത്തിയിൽ അതില്ല' എന്ന വിമർശനവും സാധുവായിരിക്കാം. യുക്തിവാദം പറയുന്നവരെല്ലാം 'കമ്മി'യാണെന്ന ക്ലീഷേ പൊതുബോധം പണ്ടേ നേരിടുന്ന ആളാണ് ഞാൻ. പക്ഷേ കമ്യൂണിസത്തോടോ കമ്യൂണിസ്റ്റ് പാർട്ടികളോടോ ബാധ്യതകളില്ലാത്ത എനിക്ക് മേൽപ്പറഞ്ഞ ഒരു വിമർശനത്തേയും നേരിടേണ്ട കാര്യമില്ല. ഇവിടത്തെ പോയിന്റ്, പ്രവൃത്തിയിൽ കാണാത്തതായാൽ പോലും ഡയലോഗിൽ കേവല ശരികളോട് കാണപ്പെടുന്ന പ്രതിപത്തി മാത്രമാണ്. അതിനെ ഇപ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ, നാളെ മറ്റ് കാര്യങ്ങളിൽ വിമർശിക്കാനുള്ള വോയ്സ് കുറവായിരിക്കും എന്ന തോന്നലിലാണ് ഇതെഴുതിയത്.