നാട്ടിൻപുറം വിട്ട് സിറ്റിയിൽ പഠിക്കാൻ വന്ന ശേഷമാണ് മറ്റ് ജില്ലകളിലുള്ള ആളുകളുമായി ഇടപെടാൻ അവസരം വന്നത്.
Vaisakhan Thampi
നാട്ടിൻപുറം വിട്ട് സിറ്റിയിൽ പഠിക്കാൻ വന്ന ശേഷമാണ് മറ്റ് ജില്ലകളിലുള്ള ആളുകളുമായി ഇടപെടാൻ അവസരം വന്നത്. ഒരു ആലപ്പുഴക്കാരിയുമായി ചങ്ങാത്തം വന്ന ശേഷം ഒരു ദിവസം ഒരു കമന്റ് പറഞ്ഞു-"നിങ്ങടെ നാട് എന്ത് ഭംഗിയാണല്ലേ? പച്ചപ്പാടങ്ങളും തോടും വരമ്പും..."
മറുപടി എന്റെ വായടയ്ക്കുന്നത് പോലായിരുന്നു, "ഉം... നീയങ്ങോട്ടൊന്ന് എറങ്ങണം. ചെളി കഴുകാനേ നേരം കാണൂ."
ഇത്രേം കാലത്തിന് ശേഷം ആ ഡയലോഗ് ഇവിടെ ഓർക്കണമെങ്കിൽ അതുണ്ടാക്കിയ ഇംപാക്റ്റ് മനസിലാക്കാമല്ലോ. അതൊരു തിരിച്ചറിവായിരുന്നു.
തമാശ എന്താന്ന് വെച്ചാൽ, ഇതേ ഡയലോഗിന്റെ പല വെർഷനുകൾ ഞാനും പിന്നീട് പറഞ്ഞിട്ടുണ്ട്. സിറ്റിയിൽ നിന്ന് എന്റെ വീട്ടിൽ വന്നിട്ട് മലഞ്ചെരിവും കാടും കണ്ട് "ഹാ! എത്ര മനോഹരമായ സ്ഥലം!" എന്ന് കമന്റ് പറഞ്ഞവരോട് "ഉവ്വ, ഒരു കാറ്റ് വീശിയാൽ മരം വീണ് മൂന്ന് ദിവസം കറന്റ് കാണില്ലാന്നേ ഉള്ളൂ" എന്ന് Angry റിയാക്ഷൻ ഇട്ടിട്ടുണ്ട്. "ഹോ, ഇവിടത്തെ KSRTC ഡ്രൈവർമാർ കിടിലമാണല്ലോ അളിയാ, കപ്പല് തിരിക്കുന്നപോലല്ലേ ബസ് തിരിക്കുന്നത്" എന്ന് പറഞ്ഞവനോട് "മണിക്കൂറുകൾ ഒറ്റ നില്പ് നിന്നാലേ അതിലൊന്നിൽ കേറിപ്പറ്റാൻ കഴിയൂ" എന്ന് പറഞ്ഞിട്ടുണ്ട്.
പിന്നീടൊരു മൂന്നാർ യാത്രയ്ക്കിടെ ബസ്സിൽ അടുത്തിരുന്ന സുഹൃത്ത് "ഇവിടൊക്കെ വന്ന് താമസിക്കണം, എന്ത് രസമുള്ള സ്ഥലം" എന്ന് കമന്റ് ചെയ്തപ്പോൾ ഞാനൊന്നും പറഞ്ഞില്ല. കോളേജിൽ ഒരുപാട് മൂന്നാർ സ്വദേശികളോടൊപ്പം പഠിച്ചതിന്റെ അനുഭവമായിരുന്നു കാരണം. ടൂറ് പോകുമ്പോൾ കാണുന്ന കാഴ്ച വെച്ച് അവിടെ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം അളക്കരുത് എന്ന് ഞാൻ പഠിച്ചുകഴിഞ്ഞിരുന്നു.
എന്തിനേയും പൈങ്കിളിവൽക്കരിച്ചാലേ ഒരു ഗുമ്മുള്ളൂ എന്നതാണ് നമ്മുടെ രീതി. മാതൃത്വം തൊട്ട് വിപ്ലവവും നിരീശ്വരവാദവും വരെ നമുക്ക് പൈങ്കിളി വേണം. അതിൽ ഏറ്റവും ട്രെൻഡിങ്ങായ ഇരയാണ് പരിസ്ഥിതി സംരക്ഷണം. 'പരിസ്ഥിതി' എന്ന വാക്ക് മിക്കവാറും ഒരു ശരാശരി വ്യക്തിയുടെ മനസിൽ കൊണ്ടുവരുന്നത് 'പച്ചപ്പട്ടുടുത്ത ഗിരിനിരകളും' 'കളകളാരവം മുഴക്കുന്ന അരുവി'യും ഒക്കെയായിരിക്കും. ആമയിഴഞ്ചാൻ തോടും പൂന്തുറ കടപ്പുറവും ഒക്കെ പരിസ്ഥിതിയിൽ പെട്ടതാണ് എന്ന് സ്വാഭാവികമായി തോന്നാൻ സാധ്യത കുറവാണ്. പരിസ്ഥിതി റാലിയിൽ മുഖ്യ പ്രഭാഷകൻ 'വീടിനടുത്ത് മരം നട്ടുപിടിപ്പിച്ച് അവരവർക്കാവശ്യമുള്ള ഓക്സിജൻ ഉണ്ടാക്കി സ്വയംപര്യാപ്ത നേടണം' എന്നൊക്കെ വെച്ചുകാച്ചുന്നത് കേട്ടിട്ടുണ്ട്. അതായത് പൈങ്കിളിവൽക്കരണം എന്നല്ല പൈങ്കിളി മാത്രമേ ഉള്ളുവെന്ന് പറയാം. പറയുന്ന കാര്യത്തെ പറ്റി ധാരണയൊന്നുമില്ല.
ഹോം ഡെലിവറിയുടേയും ഓൺലൈൻ ടാക്സിയുടേയും സീസീറ്റീവി ശൃംഖലയുടേയും ഫുൾ റെയ്ഞ്ചുള്ള ഇന്റർനെറ്റ് കണക്ഷന്റേയും ഒക്കെ നഗരസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് നോക്കുമ്പോൾ വനം-മലമ്പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ വല്യ പരിസ്ഥിതി ദ്രോഹികളാണെന്ന് തോന്നും. വല്ലപ്പോഴും കുപ്പീം ചവറുമായി ടൂറിന് മല കയറിയപ്പോൾ കണ്ട പരിചയമേ ഉള്ളൂവെങ്കിലും അവർക്ക് മാർക്കിട്ട് തീർപ്പാക്കിക്കഴിഞ്ഞു. അരൂർ-കുമ്പളം പാലം ഉണ്ടാകുമ്പോഴും ലുലു മാളിന്റെ സെൻട്രലൈസ്‌ഡ് ഏ.സി. പ്രവർത്തിക്കുമ്പോഴും സംഭവിക്കാത്ത പരിസ്ഥിതിനാശം ഹൈറെയ്ഞ്ചിൽ കുടിയേറ്റക്കാർ വേലി കെട്ടുമ്പോൾ സംഭവിക്കുമെന്നതാണ് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രമാണം. വന്യജീവിയെ പിടിച്ച് ചട്ടമുറിവുണ്ടാക്കി പീഡിപ്പിച്ച്, പൂരക്കോലാഹലത്തിന്റെ നടുക്ക് നിർത്തിയും ടാറിലൂടെ നടത്തിയും ദഹിക്കാത്ത സാധനം തീറ്റിച്ചും 'പ്രേമം' പ്രകടിപ്പിക്കുന്ന മനുഷ്യർ, മറ്റു ചിലർ അതിജീവനത്തിനായി കാണിക്കുന്ന പരാക്രമങ്ങളിൽ അറിയാതെ പറ്റുന്ന അബദ്ധങ്ങളെ അപലപിച്ച് കവിതയെഴുതുന്നതും അങ്ങനെയാണ്. ക്ഷമിക്കണം. അജ്ജാതി സംരക്ഷണക്കാരിൽ ഞാൻ പെടില്ല.
~ എന്ന് ചുറ്റും പന്നീം കുരങ്ങനും കാട്ടുപോത്തും നശിപ്പിച്ച വയറ്റിപ്പിഴപ്പുകളുടെ കഥ കേട്ടുവളർന്ന ഒരു പരിസ്ഥിതിദ്രോഹി.