ഒരാൾ കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോൾ
Vaisakhan Thampi
·
ഒരാൾ കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോൾ, അയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോൾ, അയാൾ പോയിട്ടുള്ള സ്ഥലങ്ങളുടെ കണക്കെടുക്കുമ്പോൾ പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണ്. പക്ഷേ നമ്മളോരോരുത്തരും ചില കാര്യങ്ങൾ കൂടി സ്വയം ചോദിക്കണം. കോവിഡിന്റെ ഇൻകുബഷൻ പീരീഡ് ഒന്ന് മുതൽ 14 ദിവസം വരെയാണ്. അതായത്, ശരീരത്തിൽ അത് കയറിപ്പറ്റിയാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ പതിനാല് ദിവസം വരെ എടുത്തേക്കാം. ശരാശരി അഞ്ച് ദിവസമാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുന്നേ തന്നെ വൈറസ്ബാധിതനായ ആളിൽ നിന്ന് അത് പകരാനും തുടങ്ങും. അങ്ങനെയെങ്കിൽ, 'നാളെ ഞാനും വൈറസ് ബാധിതനാണെന്ന് തിരിച്ചറിയപ്പെട്ടാൽ, ഞാനിതുവരെ എത്രപേർക്ക് ഈ വൈറസ് പകർന്നുകൊടുത്തിട്ടുണ്ടാകും?' എന്നൊരു ചോദ്യം നാമോരോരുത്തരും സ്വയം ചോദിക്കണം. കോവിഡ് പോസിറ്റീവായി തിരിച്ചറിയുമ്പോൾ മറ്റുള്ളവരെക്കൊണ്ട് 'ദ്രോഹി' എന്ന് വിളിപ്പിക്കാൻ സാധ്യതയില്ലാത്ത എത്രപേർ നമ്മുടെ ഇടയിലുണ്ടാകും? ആരെയും കുറ്റപ്പെടുത്താനല്ല ഇവിടെ ഇത് പറഞ്ഞത്. വൈറസാണ്, അതും അതിവ്യാപനശേഷിയുള്ളത്. നൂറുശതമാനം അത് ശരീരത്തിൽ കയറാതെ നോക്കാനൊന്നും പറ്റിയെന്ന് വരില്ല. പക്ഷേ ചെയ്യാനാവുന്നതെങ്കിലും ചെയ്യണമല്ലോ.
ഇപ്പോഴും 'ഇത് വേറേ ആരുടേയോ പ്രശ്നമാണ്, എനിക്കിത് വരാൻ തീരെ സാധ്യതയില്ല' എന്ന ആത്മവിശ്വാസം പുലർത്തുന്നവരുണ്ട്. നിങ്ങളാ കൂട്ടത്തിൽ പെട്ട ആളാണെങ്കിൽ കണക്കുകളിലൂടെ ഒന്ന് പോകണം. കഴിഞ്ഞ ജനുവരി 22-ന് ലോകത്താകെ 580 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 22 ആയപ്പോൾ അത് 78,651 ആയി, 135 മടങ്ങ്. രണ്ട് മാസത്തിനിപ്പുറം ഇന്നാ സംഖ്യ 2,44,933 ആണ്. 422 മടങ്ങ്! ചൈന എന്ന രാജ്യത്തെ വൂഹാൻ എന്ന പ്രദേശത്ത് തുടങ്ങിയ കളി ഇന്ന് 180-ലധികം രാജ്യങ്ങളുടെ വിഷയമാണ്.
കൊറോണയുടെ ഗുണവും ദോഷവും ഒന്ന് തന്നെയാണ് - ലക്ഷണങ്ങൾ താരതമ്യേന ലഘുവായതും ഭൂരിഭാഗം പേർക്കും എളുപ്പത്തിൽ സുഖപ്പെടുന്നതുമാണ്. ലക്ഷണങ്ങൾ ലഘുവായതുകൊണ്ട് ആളുകൾ കിടപ്പാകുന്നില്ല, അവർ വൈറസിനേയും വഹിച്ച് തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. മരണനിരക്കിന്റെ ചെറിയ ശതമാനസംഖ്യ കണ്ട് അവർ ആശ്വസിക്കുന്നു. പക്ഷേ ഈ ചെറിയ ശതമാനം വച്ച് ഇന്ന് ലോകത്ത് 11,180 പേർ മരിച്ചുകഴിഞ്ഞു എന്നത് മറക്കും. കാരണം, മരിച്ചത് അങ്ങെവിടെയോ കുറേ പ്രായമായ ആളുകളാണല്ലോ. പ്രായമായവർ എന്റെ വീട്ടിലും ഉണ്ടെന്നും, അവർക്ക് വന്നാൽ അവരെയും നഷ്ടപ്പെടാമെന്നും, എനിക്ക് വന്നാൽ അവർക്കും വരാമെന്നും, അതുകൊണ്ട് എനിക്ക് വരാതെ ആദ്യം നോക്കണമെന്നും ഒക്കെയുള്ള ചിന്ത പോകാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ ആ ചിന്ത വൈകിവന്നിട്ട് കാര്യമില്ലാന്നാണ് ലോകം ഇന്ന് തെളിയിക്കുന്നത്. ഉത്സവം കൂടാനൊക്കെ ഇറങ്ങിപ്പുറപ്പെടുമ്പോൾ അതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. അതിന്ന് ചികിത്സിക്കാൻ ശ്രമിക്കേണ്ടവരെന്നും, മരണത്തിന് വിട്ടുകൊടുക്കേണ്ടവരെന്നുമൊക്കെ പൗരരെ വേർതിരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരോട് കരുണയില്ലാത്ത സർക്കാരായതുകൊണ്ടല്ല, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. സ്കൂളിന് ബെഞ്ച് പണിയുമ്പോൾ അതിൽ ഒരേസമയം ഇരിക്കാൻ സാധ്യതയുള്ള കുട്ടികളുടെ എണ്ണം, ഒരു കുട്ടിയുടെ ശരാശരി ഭാരം എന്നിവ പരിഗണിച്ചാണ് ചെയ്യുക. എത്ര മികച്ച രീതിയിൽ പണിഞ്ഞ ബെഞ്ചും നൂറ് കുട്ടികൾ ഒരുമിച്ച് കയറാൻ നോക്കിയാൽ (അത്രയും ഭാരം കയറ്റിയാൽ) ഒടിഞ്ഞേ പറ്റൂ. അതുപോലെ ഏത് മികച്ച ചികിത്സാസംവിധാനവും ഒരുമിച്ച് കൈകാര്യം ചെയ്യാവുന്ന രോഗികളുടെ ഒരു പരമാവധി എണ്ണം മുന്നിൽ കണ്ടിട്ടുണ്ടാകും. അതിനപ്പുറമായാൽ സിസ്റ്റം തകരും. തകർന്ന സിസ്റ്റവും നിലവിലില്ലാത്ത സിസ്റ്റവും തമ്മിൽ വ്യത്യാസം തീരെ ചെറുതാണ്. സ്ഥിരീകരിച്ചവരുടെ എണ്ണവും അവരുടെ റൂട്ട്മാപ്പും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഒക്കെ പറയുന്നത് കേട്ട് ഇപ്പോ ഇരുത്തിമൂളാം. ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഈ എണ്ണമെടുപ്പും കാണില്ല, റൂട്ട് മാപ്പും കാണില്ല. എല്ലാവർക്കും കൂടി തേരാപ്പാരാ ഓടാം.
പേടിപ്പിക്കാൻ പറയുന്നതല്ല, പേടിച്ചിട്ട് പറയുന്നതാണ്.