കേന്ദ്രഗവൺമെന്റ് സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും, കേരളത്തിലെ ഇടത് ഗവൺമെന്റ് ഉടനടി അത് സ്വാഗതം ചെയ്യുകയും ചെയ്തിരിക്കുന്നു. രണ്ടും തീരെ അപ്രതീക്ഷിതമല്ലാത്ത കാര്യങ്ങളാണ്.
Vaisakhan Thampi
January 7 2019
കേന്ദ്രഗവൺമെന്റ് സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും, കേരളത്തിലെ ഇടത് ഗവൺമെന്റ് ഉടനടി അത് സ്വാഗതം ചെയ്യുകയും ചെയ്തിരിക്കുന്നു. രണ്ടും തീരെ അപ്രതീക്ഷിതമല്ലാത്ത കാര്യങ്ങളാണ്. 'മുന്നോക്കക്കാരിലെ പിന്നാക്ക'ക്കാർക്ക് സംവരണം കൊടുക്കുന്നതിന് വേണ്ടി കുറച്ചുകാലം മുൻപ് സീ.പി.എം. സെക്രട്ടറി തന്നെ ബി.ജെ.പി.യോട് ആവശ്യപ്പെടുകയും ചെയ്തിരുന്നല്ലോ. അല്ലേലും ഇങ്ങനത്തെ കാര്യങ്ങളിലെല്ലാം 'ചേട്ടന്റേം എന്റേം ശബ്ദം ഒരുപോലെ ഇരിയ്ക്കും' എന്നതാണ് കുറേ കാലമായിട്ടുള്ള രാഷ്ട്രീയ ട്രെൻഡ്. ഇക്കാര്യത്തിൽ മുൻപ് പറഞ്ഞിട്ടുള്ളതുൾപ്പടെ കുറച്ച് കാര്യങ്ങൾ കുറിയ്ക്കട്ടെ.
എന്താണ് സർക്കാർ ജോലി?
പൗരരിൽ നിന്ന് കഴിവുറ്റ, 'ടാലന്റഡ്' ആയ ആളുകളെ കണ്ടുപിടിച്ച് അവർക്ക് മാസാമാസം ശമ്പളം കൊടുത്ത് പരിപാലിക്കുന്നതിനുള്ള സർക്കാർ പദ്ധതിയല്ല സർക്കാർ ജോലി. സർക്കാരിന്റെ പ്രവർത്തനം നടത്താൻ വേണ്ടി ആളുകളെ ഓരോ ജോലി ഏൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ പലയിടത്തും നിങ്ങൾക്ക് കഴിവിന് അനുസരിച്ച് ശമ്പളം വാങ്ങാം. സർക്കാർ ജോലിയിൽ, സർക്കാർ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി/ഉത്തരവാദിത്വത്തിന്റെ വലിപ്പം അനുസരിച്ചാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി മുതൽ പ്യൂൺ വരെ ഓരോരുത്തരുടേയും ഉത്തരവാദിത്വം എന്താണെന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനനുസരിച്ച് ശമ്പളവും. ഇതിൽ ഓരോരുത്തരും പരസ്പരം ചേർന്നാണ് സർക്കാരിന്റെ നടത്തിപ്പ് ചെയ്യുന്നത്.
ക്ലിയറല്ലേ?
ഇനി ആരാണ് സർക്കാർ? രാജ്യത്തിന്റെ അധികാരം (power) സർക്കാരിന്റെ കൈയിൽ മാത്രമാണ്. ജനാധിപത്യരാജ്യത്തിൽ അത് ജനങ്ങളുടെ തന്നെ പ്രതിനിധിയാണ്. ജനങ്ങളുടേത് എന്നാൽ മുഴുവൻ ജനങ്ങളുടേതും ആണ്. ഇതുവരെയുള്ളത് ചേർത്ത് പറഞ്ഞാൽ, സർക്കാർ ജോലി എന്നാൽ അധികാരസ്ഥാനം ആണ്, വെറും വരുമാനമാർഗം അല്ല. 'സർക്കാർ സേവനം' (Government Service) എന്നാണ് അവിടെ ഉപയോഗിക്കുന്ന വാക്ക് തന്നെ.
ഇനി പറയൂ, മുഴുവൻ ജനങ്ങൾക്കും അധികാരസ്ഥാനത്ത് എത്താൻ സാധിക്കുന്നില്ല എങ്കിലോ? ജനങ്ങൾ പല വിഭാഗങ്ങളായി വിഘടിച്ച് ജീവിക്കുകയും, ആ വിഭാഗങ്ങൾ പരസ്പരം തുല്യരായി കണക്കാക്കുകയും ചെയ്യുന്നില്ല എങ്കിൽ അത് ബുദ്ധിമുട്ടാകും. കൂട്ടത്തിൽ, താഴ്ന്നവരായി കണക്കാക്കപ്പെടുന്നവർക്ക് അധികാരസ്ഥാനങ്ങളിൽ എത്താൻ കഴിയാതെ വരും. അപ്പോൾ ജനാധിപത്യബോധമുള്ള ഒരു സർക്കാർ ചെയ്യുക ദുർബലവിഭാഗങ്ങളെ തെരെഞ്ഞുപിടിച്ച് മുന്നിലേക്ക് കൊണ്ടുവരിക എന്നതാണ്. അതിനെ Positive Discrimination, Affirmative Action എന്നൊക്കെ വിളിക്കാറുണ്ട്. ഇൻഡ്യയിൽ ഇത് ചെയ്യുന്നത് ജാതിയെ അടിസ്ഥാനമാക്കിയുള്ള സംവരണം വഴിയാണ്. കാരണം ഇവിടെ ജനവിഭാഗങ്ങളെ തുല്യരല്ലാതാക്കി നിർത്തുന്ന പ്രധാന ഘടകം ജനിച്ച ജാതിയാണ് എന്നതാണ്. സാമ്പത്തിക സ്ഥിതി ജാതി കഴിഞ്ഞ് മാത്രം വരുന്ന മാനദണ്ഡമാണ്.(സംശയമുണ്ടെങ്കിൽ പത്രമെടുത്ത് വിവാഹപ്പരസ്യം നോക്കൂ)
സത്യത്തിൽ ഇത്രേ ഉള്ളൂ സംവരണം. അതൊരു സാമൂഹിക വിഷയമാണ്, സാമ്പത്തിക വിഷയമല്ല. 'സർക്കാർ ജോലി = സ്ഥിരവരുമാനം' എന്ന തെറ്റായ സമവാക്യം മനസിൽ ഉറച്ചുപോയതുകൊണ്ടാണ് സംവരണത്തെ എല്ലാവരും നിരന്തരം സാമ്പത്തികസ്ഥിതിയുമായി കൂട്ടിക്കെട്ടുന്നത്.
ഇൻഡ്യയിൽ എത്രപേർക്ക് സർക്കാർ ജോലിയുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. 2011-12-ൽ ഇൻഡ്യയിലെ പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം 1.76 കോടി ആണെന്ന് റിസർവ് ബാങ്കിന്റെ ഒരു റിപ്പോർട്ടിൽ കാണുന്നു (
https://www.rbi.org.in/scripts/PublicationsView.aspx
…). കേരള സർക്കാരിന്റെ SPARK കണക്കനുസരിച്ച് 5.25 ലക്ഷം സർക്കാർ ഉദ്യോഗസ്ഥരാണ് കവർ ചെയ്യപ്പെട്ടിരിക്കുന്നത് (
https://www.nisg.org/files/documents/B18040008.pdf
). ഇത് രണ്ടും വിരൽ ചൂണ്ടുന്നത്, ജനസംഖ്യയുടെ പരമാവധി ഒന്നര ശതമാനത്തിനാണ് സർക്കാർ ജോലി എന്നത് ഒരു വരുമാന മാർഗമായിരിക്കുന്നത് എന്നതാണ്. അതായത് ജനസംഖ്യയുടെ 98 ശതമാനം സംവരണചർച്ചയുടെ സ്കോപ്പിന് വെളിയിലാണ്! അതുകൊണ്ട് തന്നെ ഇൻഡ്യൻ ജനതയുടെ പൊതുവായ സാമ്പത്തിക അഭിവൃദ്ധിയെ കുറിച്ചാണ് നമുക്ക് വേവലാതിയെങ്കിൽ സംവരണമെന്ന സാമൂഹ്യവിഷയത്തിന്റെ അകത്തുകിടന്ന് തായംകളിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല. അതിന് വേറെ മേഖലകളിലാണ് ചർച്ച പടരേണ്ടത്, സംവരണം അതിനുള്ള പരിപാടിയല്ല. ക്ഷയരോഗനിർമാർജനത്തിൽ കുടുംബാസൂത്രണം എത്രത്തോളം ഫലപ്രദമായിരുന്നു എന്ന് ചർച്ച ചെയ്യുമ്പോലെയാണ്, സംവരണം വഴി സാമ്പത്തിമായി രക്ഷപെട്ടവരുടെ കണക്കെടുത്ത് പരിശോധിക്കുന്നത്.
സംവരണവിരുദ്ധ നിലപാടിന് എനിക്കറിയാവുന്ന മിക്ക ആളുകൾക്കും പറയാനുള്ള രണ്ട് പൊതുവായ ന്യായങ്ങളുണ്ട്; സംവരണം കിട്ടി രക്ഷപെട്ടവരുടെ മക്കൾക്ക് തന്നെ പിന്നേം പിന്നേം സംവരണാനുകൂല്യം കിട്ടുന്നു എന്നതാണ് ഒന്ന്. സംവരണം കാരണം 'ടാലന്റ് കുറഞ്ഞ' പിന്നാക്കക്കാരൻ 'ടാലന്റ് കൂടിയ' മുന്നാക്കക്കാരനെ മറികടന്ന് ജോലിയും ജോലിക്കയറ്റവും നേടുന്നു എന്നതാണ് രണ്ടാമത്തേത്. ഇതിൽ ആദ്യത്തേത് നേരത്തെ പറഞ്ഞ 'സാമ്പത്തികവശം' മാത്രമാണ് എന്ന ഒറ്റക്കാരണംകൊണ്ട് തന്നെ അസാധുവാകുന്ന ഒരു വാദമാണ് എങ്കിലും അതിവിടെ പരിഗണിക്കാൻ ഒരു കാരണമുണ്ട്. രണ്ടാമത്തെ വാദവുമായി ബന്ധപ്പെട്ടാണത്. തത്കാലത്തേയ്ക്ക് സംവരണം ചെയ്യപ്പെട്ട പോസ്റ്റുകൾ, സംവരണവിഭാഗത്തിലെ ജനങ്ങൾ എന്നീ ഘടകങ്ങളെ പൂർണമായും ചിത്രത്തിൽ നിന്ന് മാറ്റിനിർത്തി ഒന്നാലോചിക്കുക. അതായത് ഇതുവരെയുള്ള പരമാവധി സംവരണം 50% ആയതിനാൽ ഇപ്പോൾ മൊത്തം പോസ്റ്റുകളുടെ ബാക്കി 50% മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിലേയ്ക്ക് ജനസംഖ്യയിൽ, SC (19.7%)-യും ST (8.5%)-യും OBC (41.1.%)-യും കൂടി ചേർന്നാൽ ഏതാണ്ട് 70% പേർ മാറി ബാക്കി 30% പേർ മത്സരിക്കുന്നു. എങ്ങനെയായിരിക്കും ആ മത്സരത്തിലെ ജയപരാജയങ്ങൾ തീരുമാനിക്കപ്പെടുക? കോളേജ് അധ്യാപകനായ നമ്പൂതിരിയുടെ മകനും, ശാന്തിപ്പണിക്കാരനായ നമ്പൂതിരിയുടെ മകനും കൂടി എൻട്രൻസിന് മത്സരിച്ചാൽ ആരായിരിക്കും റാങ്കിൽ മുകളിൽ വരാൻ സാധ്യത? അവിടെ എന്തായിരിക്കും ടാലന്റ് നിശ്ചയിക്കുന്നത്? കുടിലിൽ നിന്ന് ചിമ്മിനി വെട്ടത്തിൽ പഠിച്ച് റാങ്ക് വാങ്ങുന്നയാളും മീൻ വിറ്റ് എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ആളുമൊക്കെ പത്രവാർത്തയാകുന്നത് അതൊക്കെ 'അസാധാരണ' സംഭവങ്ങളായതുകൊണ്ടാണ്. നിങ്ങളുടെ ടാലന്റിന്റെ നിങ്ങളുടെ ശരീരത്തിൽ ഒതുക്കിനിർത്തി ആലോചിക്കരുത്. നിങ്ങൾക്ക് എത്രത്തോളം ടാലന്റ് ആകാം എന്ന് തീരുമാനിക്കുന്നതിൽ പുറത്തെ ഒരുപാട് ഘടകങ്ങൾക്ക് പങ്കുണ്ട്, ജനിച്ച വീടും നാടും വീട്ടുകാരും നാട്ടുകാരും ഉൾപ്പടെ. സംവരണം എന്നൊരു സംഗതിയേ ഇല്ലാത്ത സാഹചര്യത്തിലും, നിങ്ങളെക്കാൾ അഭിവൃദ്ധിയുള്ള കുടുംബപശ്ചാത്തലത്തിൽ വളർന്ന്, നിങ്ങളെക്കാൾ കൂടുതൽ കാശ് ചെലവാക്കി പഠിയ്ക്കുന്ന ആൾ നിങ്ങളുടെ മുകളിൽ കയറും. അതൊരു ഫെയർ പ്ലേ ആയിരിക്കില്ല. അതുതന്നെയാണ് സംവരണാനുകൂല്യം നേടിയ ആളുകളുടെ തലമുറ തന്നെ പിന്നേം പിന്നേം അത് നേടുന്നതിനും കാരണമാകുന്നത്. തങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന പോസ്റ്റിലേയ്ക്ക് ഒരു വിഭാഗം ആളുകൾ മത്സരിക്കുമ്പോൾ, അവർക്കുള്ളിൽ തന്നെയുള്ള അസമത്വങ്ങൾ ആ മത്സരത്തെ ഒരുവശത്തേയ്ക്ക് വലിയ്ക്കും. അത് സ്വാഭാവികമാണ്. പക്ഷേ അപ്പോഴും അവിടെ അതേ വിഭാഗത്തിൽ പെട്ട ആളായിരിക്കും പ്രതിനിധീകരിക്കപ്പെടുന്നത്. സംവരണം സാമ്പത്തികവിഷയമല്ലാ എന്ന, അംഗീകരിക്കാൻ വിഷമമുള്ള സത്യം തന്നെയാണ് അവിടത്തെ ന്യായീകരണം.
ഇനി ഇപ്പോഴത്തെ 10% സാമ്പത്തികസംവരണത്തിലേയ്ക്ക് വരാം. 'മുന്നോക്കക്കാരിലെ പിന്നോക്കക്കാർ' എന്ന പ്രയോഗം തന്നെ പ്രശ്നമാണ്. 'നല്ല ഓട്ടക്കാർക്കിടയിലെ മോശം പാട്ടുകാർ' എന്നൊക്കെ പറയുന്നതുപോലുള്ള ഒരു കോംബിനേഷനാണത്. രണ്ടും രണ്ട് വ്യത്യസ്ത സ്കെയിലുകളിൽ അളക്കേണ്ട കാര്യങ്ങളാണ്. ദരിദ്രരുടെ 'പിന്നോക്കാവസ്ഥ' സാമ്പത്തികസ്ഥിതി വെച്ച് അളക്കുന്ന കാര്യമാണ്. പക്ഷേ ഇവിടത്തെ 'മുന്നോക്കം' എന്നത് സാമൂഹികമായ സ്വീകാര്യതയുടെ സ്കെയിൽ വച്ചാണ് അളക്കുന്നത്. അത് ഇൻഡ്യയിൽ അന്നും ഇന്നും ഏറ്റവുമാദ്യം ജാതിയുടെ പേരിലാണ് സമൂഹം ചെയ്യുന്നത്. നിങ്ങളുടെ ടാലന്റ് എവിടം വരെ പോകാം എന്ന് തീരുമാനിക്കുന്ന ബാഹ്യഘടകങ്ങളെക്കുറിച്ച് പറഞ്ഞത് ഇവിടേയും പ്രസക്തമാണ്. ഇനി അതൊക്കെ പോട്ടേന്ന് തന്നെ വെയ്ക്കാം. വാർത്തകളിൽ കാണുന്നത് 8 ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ളവരാണ് ഇപ്പോ സംവരണയോഗ്യരാകുന്നത് എന്നാണ്. വർഷം 8 ലക്ഷം എന്നാൽ മാസം 66,000 രൂപയിൽ അധികം വരും എന്നോർക്കണം. അപ്പോ മാസാമാസം അറുപത്താറായിരം സമ്പാദിക്കുന്ന കുടുംബവും ആറായിരം സമ്പാദിക്കുന്ന കുടുംബവും തമ്മിൽ ഒരേതട്ടിൽ നിന്ന് ഇനി ആ 10 ശതമാനം സീറ്റുകളിലേയ്ക്ക് മത്സരിക്കേണ്ടിവരും. വരുമാനം എന്നത് മിക്കവാറും ഒരു വരുമാന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുന്നത്. കുടുംബങ്ങളെ ഇതുവരെ നേരാംവണ്ണം APL-BPL ആയിട്ട് വേർതിരിക്കാൻ പോലും പറ്റിയിട്ടില്ലാത്ത ഒരു സിസ്റ്റമാണ് നമ്മൾ കൊണ്ടുനടക്കുന്നത് എന്നുകൂടി ഓർക്കണം. അവിടെ മത്സരത്തിൽ ഫെയർ പ്ലേയായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത് എങ്കിൽ, സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ. ഉട്ടോപ്യ ദാ വാതിലിൽ മുട്ടുന്നു...