March 3, 2020

വീട്ടിൽ രണ്ട് അതിഥികൾ വന്നാൽ അത് നമുക്ക് വലിയ ബുദ്ധിമുട്ടാകണമെന്നില്ല.

Vaisakhan Thampi

2018

വീട്ടിൽ രണ്ട് അതിഥികൾ വന്നാൽ അത് നമുക്ക് വലിയ ബുദ്ധിമുട്ടാകണമെന്നില്ല. ആഹാരം ഉണ്ടാക്കുന്ന കാര്യത്തിലൊക്കെ വീട്ടുകാർ ചെറിയ ചില നീക്കുപോക്കുകൾ ചെയ്താൽ മതിയാകുമല്ലോ. പക്ഷേ അതിഥികൾ അഞ്ചായാൽ ബുദ്ധിമുട്ട് കൂടും. ചിലപ്പോൾ സ്വീകരണമുറിയിലേക്ക് കൂടുതൽ കസേര എടുക്കേണ്ടി വരാം, ഭക്ഷണം ഉണ്ടാക്കുന്നതിന് പകരം പുറത്തുനിന്ന് വാങ്ങേണ്ടി വരാം... ഇനി അതിഥികൾ നൂറായാലോ? വീട്ടിലെ സ്ഥലം പോരാതെ പുറത്ത് പന്തലിടേണ്ടി വരാം, മേശയും കസേരയും ഒക്കെ വാടകയ്ക്കെടുക്കേണ്ടി വരും, അങ്ങനെ പല അധികജോലികൾ വരും. അത്തരം ആതിഥേയത്വം നിർവഹിച്ച് പരിചയമുള്ളവർക്കറിയാം, അതിഥികളെ സ്വീകരിക്കുന്നത്രയും തന്നെ ബുദ്ധിമുട്ടുള്ള ഒരു പണിയാണ് അവർ പോയ ശേഷം വീടും പരിസരവും പഴയപടി ആക്കുന്നത്. ഇനി പ്രായോഗികമല്ലെങ്കിൽ കൂടി, ആ നൂറ് പേർ ആ വീട്ടിൽ താമസിക്കുന്നു എന്നൊന്ന് സങ്കൽപിച്ചാലോ? വീടിന്റെയും പരിസരത്തിന്റെയും ഭംഗി, വൃത്തി തുടങ്ങിയ എല്ലാ നിർവചനങ്ങളും തിരുത്തേണ്ടിവരും. വീട് എത്രത്തോളം ചെറുതാണോ അത്രത്തോളം പ്രകടമായിരിക്കും ഫലം.

ഇനി വീട് എന്നത് ഭൂമിയും അതിഥികൾ മനുഷ്യരും ആണെന്ന് വായിച്ചാൽ ഒരു ഏകദേശചിത്രം കിട്ടും. ഐക്യകേരളം രൂപം കൊള്ളുമ്പോൾ 1.3 കോടി മനുഷ്യരിവിടെ ഉണ്ടായിരുന്നുവെങ്കിൽ, നാല്പത് വർഷം കഴിഞ്ഞപ്പോൾ അതിൽ 1.6 കോടി കൂടി അധികമായി- 2.9 കോടി. പിന്നെ ഇരുപത് വർഷം കൂടി കഴിഞ്ഞപ്പോൾ അത് മൂന്നര കോടിയോടടുത്തെത്തി. ഇതിനനുസരിച്ച് കേരളം വലുതാകുന്നില്ല എന്നറിയാമല്ലോ. നമ്മൾ ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനത്താണ്. കേരളത്തിന് ഇൻഡ്യയുടെ ഭൂവിസ്തൃതിയുടെ 1.2% വലിപ്പമേയുള്ളൂ. പക്ഷേ ഇൻഡ്യൻ ജനസംഖ്യയുടെ 2.8% കേരളത്തിനകത്തുണ്ട്. കേരളത്തിലെ ജീവിതനിലവാരം കൂടുതലായതിനാൽ ഇവിടുത്തെ മിക്ക ഗ്രാമങ്ങളും മറ്റ് ചില സംസ്ഥാനങ്ങളിലെ നഗരങ്ങൾ പോലെ റോഡും വൈദ്യുതിയും കച്ചവട-വിനോദ കേന്ദ്രങ്ങളും ഒക്കെക്കൊണ്ട് ആധുനികവൽക്കരിക്കപ്പെട്ടതാണ്. ഇതൊക്കെ സ്വാഭാവികപ്രകൃതിയെ തകിടം മറിയ്ക്കാതെ നടക്കുമോ? ഉത്തരത്തിലേയ്ക്ക് രണ്ട് കൈയും നീട്ടിപ്പൊക്കിയിട്ട് കക്ഷത്തിലിരിക്കുന്നത് പോയേ എന്ന് നിലവിളിച്ചിട്ട് കാര്യമില്ല.

പരിസ്ഥിതിസംരക്ഷണം പ്രധാനപ്പെട്ടതല്ലാന്നോ ഒഴിവാക്കാമായിരുന്ന പരിസ്ഥിതിനാശം ഉണ്ടായിട്ടില്ലാന്നോ ഒന്നുമല്ല പറയുന്നത്. പക്ഷേ ഇവിടുണ്ടായിട്ടുള്ള പരിസ്ഥിതിനാശത്തിൽ മുഖ്യപങ്ക് ഇവിടുത്തെ ജസാന്ദ്രതയുടെ സംഭാവനയാണ് എന്നത് മറക്കാൻ പാടില്ല. ജനസംഖ്യ എന്നത് ഓരോ മനുഷ്യന്റേയും ജനനം കൊണ്ട് വലുതായ ഒന്നാണ്. അതിൽ ഞാനും പെടും. എന്റെ ജനനം മറ്റൊരാളുടെ ജനനത്തെക്കാൾ ഏതെങ്കിലും രീതിയിൽ അനിവാര്യമായിരുന്നു എന്ന് ചിന്തിക്കാൻ എനിയ്ക്ക് ഉളുപ്പുണ്ട്. അതുകൊണ്ട് തന്നെ, ഒരു വൻ ദുരന്തം നടക്കുമ്പോൾ അത്യപൂർവവും അസാധാരണവുമായ കാലാവസ്ഥാ പ്രതിഭാസങ്ങളെ വരെ മറന്ന്, നഗരസൗകര്യങ്ങളുടെ തണലിലിരുന്ന്, മലമ്പ്രദേശങ്ങളിൽ കുടിയേറി വീടും കൃഷിഭൂമിയും ഒരുക്കിയവരെ പ്രതിയാക്കി 'മനുഷ്യന്റെ ആർത്തി'യെക്കുറിച്ച് പഴിസാഹിത്യം എഴുതുന്നവർ എന്നെ അരിശം പിടിപ്പിക്കുന്നു.