മോഹിച്ചുപോയതിന്റെയാണ്...
Vaisakhan Thampi
·
മോഹിച്ചുപോയതിന്റെയാണ്... ന്യൂസ്ഫീഡ് കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഓരോന്ന് കാണുമ്പഴും 'ആ... അടുത്ത ഇലക്ഷൻ വരെയല്ലേ കാണൂ...' എന്ന് പ്രതീക്ഷിച്ചവരാണ് ഭൂരിഭാഗവും. കേരളത്തിൽ ട്രോൾ നായകരായി നിറഞ്ഞുനിന്ന ബി.ജെ.പി.നേതാക്കൾ ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ടാകും. കൂടിപ്പോയാൽ മോദിയുടെ നേതൃത്വത്തിൽ ഒരു കൂട്ടുകക്ഷി ഭരണം, അത്രയ്ക്കൊക്കെയേ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രകടനം വെച്ച് അവർ പ്രതീക്ഷിച്ചുള്ളൂ. ഫലം വരുമ്പോൾ തലയ്ക്കൊരു തട്ട് കിട്ടിയാലും സഹിയ്ക്കാൻ തയ്യാറായിട്ടാണ് നിന്നത്. പക്ഷേ വന്നപ്പോൾ കണ്ടെയ്നർ ലോറി ഇടിച്ചതുപോലെ ആയിപ്പോയി.
കേരളത്തിന്റെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ദേശീയരാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതിന്റെ പ്രശ്നമാണ് ഇത്തരം സർപ്രൈസുകൾ. വിദ്യാഭ്യാസമുള്ള, പുറംലോകത്തെ കുറിച്ച് സാമാന്യധാരണകൾ ഉള്ള, നല്ല ഭൗതികസാഹചര്യങ്ങളിൽ ജീവിക്കുന്ന നമ്മൾ നോക്കിക്കാണുന്നതുപോലെ അല്ല കാര്യങ്ങൾ. എഴുത്തും വായനയും അറിയാത്ത, ടീവീയോ പത്രമോ പോലും നോക്കാത്ത, അന്നന്നത്തെ അന്നത്തിന് പെടാപ്പാട് പെടുന്ന ജനങ്ങളുള്ള നാടുകളാണ് പാർലമെന്റിലേയ്ക്ക് ഏറ്റവും കൂടുതൽ ആളുകളെ പറഞ്ഞുവിടുന്നത്. (കേരളത്തിനാകട്ടെ അവിടെ നാല് ശതമാനം പോലും പ്രാതിനിധ്യമില്ല). മൻ കീ ബാത്തിലെ വാഗ്ദാനങ്ങളും പ്രച്ഛന്നവേഷവും മെലോഡ്രാമയും തപസ്സും പട്ടാളവാദങ്ങളുമൊക്കെ അവിടെ നന്നായി ചെലവാകുന്ന കാര്യങ്ങളാണ്. അത് തന്നെയാണ് തെരെഞ്ഞെടുപ്പുഫലം കാണിക്കുന്നതും. ഇതൊക്കെ തള്ള് മാത്രമാണെന്ന് മനസിലാകാത്ത ജനങ്ങളെ വേണമെങ്കിൽ വിഡ്ഢികളെന്ന് വിളിയ്ക്കാം. പക്ഷേ വിഡ്ഢിത്തം അവരുടെ ചോയ്സല്ല എന്നത് മറക്കരുത്. നോർത്തിൻഡ്യൻ ഗ്രാമീണരുമായി താരതമ്യം ചെയ്യുമ്പോൾ സ്വയം ഒരു പ്രബുദ്ധത അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കഴിവല്ല (അല്ലെങ്കിൽ അത് മാത്രമല്ല), നിങ്ങൾ വളർന്ന സാഹചര്യങ്ങളുടെ കൂടി മേൻമയാണ്. ശരാശരി ഇൻഡ്യനും ശരാശരി കേരളൈറ്റും തമ്മിലുള്ള വ്യത്യാസം മനസിലായാൽ, ഈ തെരെഞ്ഞെടുപ്പിൽ അത്ഭുതമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഇതിനിയും ആവർത്തിച്ചെന്നും വരും.
കേരളമെന്ന ഇട്ടാവട്ടത്തിനുള്ളിൽ കമ്മികോങ്ങിസംഘ്യാദികൾ പരസ്പരം ട്രോളുണ്ടാക്കി വിഷമം മറക്കും. ദേശീയ തലത്തിൽ കോൺഗ്രസ് തകർന്നത്, സംസ്ഥാനതലത്തിൽ എൽ.ഡി.എഫ്. തകർന്നത്, സംസ്ഥാന തലത്തിൽ ബി.ജെ.പി. ചമ്മിയത് എന്നിങ്ങളെ സന്തോഷിക്കാൻ ഓരോ കൂട്ടർക്കും കാരണങ്ങളുണ്ടല്ലോ. പക്ഷേ പൗരർക്ക് രാഷ്ടീയ വിദ്യാഭ്യാസം നൽകുക എന്ന, ജനാധിപത്യത്തിന്റെ അടിസ്ഥാന ആവശ്യകതയ്ക്ക് ഊന്നൽ നൽകി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല. പിന്നെന്താ, വഞ്ചി മുങ്ങി വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിയ്ക്കുമ്പോൾ ഇന്ന് ആർത്തിളിയ്ക്കുന്ന സംഘികളും കാണും ഒപ്പം എന്നോർത്ത് തത്കാലം ആശ്വസിയ്ക്കാം.