പഴയൊരു കുസൃതിയുണ്ട്; ഒരു വര വരച്ചിട്ട് അതിൽ തൊടാതെ, മായ്ക്കാതെ അതിനെ ചെറുതാക്കണം. അതിന്റെ അടുത്ത് കുറച്ചുകൂടി വലിയ ഒരു വര വരയ്ക്കുക എന്നതാണ് ട്രിക്ക്.
Vaisakhan Thampi
2018
പഴയൊരു കുസൃതിയുണ്ട്; ഒരു വര വരച്ചിട്ട് അതിൽ തൊടാതെ, മായ്ക്കാതെ അതിനെ ചെറുതാക്കണം. അതിന്റെ അടുത്ത് കുറച്ചുകൂടി വലിയ ഒരു വര വരയ്ക്കുക എന്നതാണ് ട്രിക്ക്.
ഇത് വരയുടെ കാര്യത്തിൽ മാത്രമല്ല നടക്കുന്നത്. തൊട്ടടുത്ത് കിടക്കുന്നവര നോക്കി സ്വയം ചെറുതാണെന്ന് ആധി പിടിക്കുന്ന ചില വരകളുണ്ട്. അപകർഷത അഥവാ ഇൻഫീരിയോറിറ്റി കോംപ്ലക്സ് എന്ന് വിളിക്കും. നിങ്ങളായിട്ട് ആ വരയെ ഒന്നും ചെയ്യുന്നില്ല, പക്ഷേ നിങ്ങൾ അതിനടുത്ത് വരയ്ക്കുന്ന വര അതിനെ ചെറുതാക്കുന്നു എന്നതിന് തോന്നുന്നു. ആണായിരിക്കുക എന്നത് തന്നെ ഒരു നീളക്കൂടുതലായി കരുതപ്പെടുന്ന സമൂഹത്തിൽ, പെണ്ണായിരുന്നുകൊണ്ട് സാമർത്ഥ്യം കാണിക്കുന്നത് ഇത്തരമൊരു പ്രഭാവം ഉണ്ടാക്കാൻ സാധ്യതയുണ്ട്. സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളും പ്രകടിപ്പിക്കുന്ന പെണ്ണ് ആണിനടുത്ത് വലിയ വര വരയ്ക്കുകയാണ്. ഇഷ്ടപ്പെടില്ല. ചിലപ്പോൾ സഹിക്കാനാകില്ല. പക്ഷേ പണ്ടത്തെപ്പോലെ അടുക്കളച്ചുമരിൽ ലോകത്തിന്റെ അതിര് കാണുന്ന തലമുറയല്ല, ടീവീലും ഇന്റർനെറ്റിലും ലോകമെന്താണെന്ന് കണ്ടിട്ടുള്ള പിള്ളേരാണ്, മിടുക്ക് കൂടുതലായിരിക്കും. അപ്പോ ചെറിയ വരകൾ കൂട്ടത്തോടെ അസ്വസ്ഥരാകും, കിളിനക്കോടുകൾ വാർത്തയാകും.