ആശ്ലേഷ ഹോർമോൺ
Vaisakhan Thampi
·ആശ്ലേഷ ഹോർമോൺ എന്നറിയപ്പെടുന്ന ഒരു കെമിക്കലുണ്ട് നമ്മുടെയൊക്കെ ശരീരത്തിൽ- ഓക്സിറ്റോസിൻ. പ്രിയപ്പെട്ടവരോട് അടുത്തിടപെടുമ്പോൾ - മക്കളോ, മാതാപിതാക്കളോ, സഹോദരങ്ങളോ, സുഹൃത്തുക്കളോ, അങ്ങനെ ആരുമാകാം - ഒരു ആനന്ദം അനുഭവിപ്പിക്കാൻ അതിന് കഴിയും. മനുഷ്യനെന്ന ജീവിയുടെ പരിണാമത്തിൽ ഇതിന് കാര്യമായ ഒരു പങ്കുണ്ട്. ശാരീരികമായ മത്സരത്തിലൂടെ മറ്റ് ജീവികളെ തോൽപ്പിക്കുന്നതിൽ നമുക്ക് പരിമിതികളുണ്ട്. മസിൽ പവറിലും കാഴ്ചശക്തിയും ഘ്രാണശേഷിയിലും ഒക്കെ മറ്റ് ജീവികളെ അപേക്ഷിച്ച് നമ്മൾ പിന്നിലാണ്. പക്ഷേ സംഘടിച്ച് നിൽക്കാനുള്ള കഴിവ് അതൊക്കെ മറികടക്കാൻ നമ്മളെ സഹായിച്ച ഒരു ഘടകമാണ്. പരസ്പരവിശ്വാസം, ദയ, സഹാനുഭൂതി എന്നിങ്ങനെ മനുഷ്യരെ പരസ്പരം അടുപ്പിച്ച നിർത്തുന്ന നിരവധി വികാരങ്ങൾക്ക് ഓക്സിറ്റോസിൻ ചരടുവലിക്കുന്നുണ്ട്.
പക്ഷേ...
ഇതിനൊരു വിലയുണ്ട്. സ്വന്തം കൂട്ടത്തിലുള്ളവരോട് അടുപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ഇതേ ഹോർമോൺ കൂട്ടത്തിൽ പെട്ടവരല്ലാത്തവരോട് വെറുപ്പ് സൃഷ്ടിക്കുന്നതിലും പങ്ക് വഹിക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ അതിരുകളൊക്കെ ഉണ്ടാകുന്നതിന് മുൻപ് കാടുകളിൽ ഗോത്രങ്ങളെന്ന ചെറുസംഘങ്ങളായിട്ടാണല്ലോ മനുഷ്യൻ ജീവിച്ചത്. അന്ന് സ്വന്തം ഗോത്രത്തിലുള്ളവരോടുള്ള കൂറും, അവർക്ക് വേണ്ടി എന്തും ചെയ്യാനുള്ള മനസ്സും ഉള്ള അംഗങ്ങളെ കൂടുതൽ ഉൾക്കൊണ്ടിരുന്ന ഗോത്രങ്ങൾക്ക് അതിജീവനസാധ്യത കൂടുതലായിരുന്നു. ഇന്ന് നമ്മൾ ദേശസ്നേഹം എന്ന് വിളിക്കുന്ന വികാരത്തിന്റെ പ്രാഗ്രൂപമായി അതിനെ കണക്കാക്കാം. ആ വികാരത്തിന്റെ കൂടി ബലത്തിൽ അന്യഗോത്രങ്ങളെ കൊന്നൊടുക്കിയും അടിമകളാക്കിയുമൊക്കെ തന്നെയാണ് പ്രബല ഗോത്രങ്ങൾ വ്യാപിച്ചതും സാമ്രാജ്യങ്ങളായതും. പണ്ടുകാലത്ത് അതിജീവനസാധ്യത കൂടുതലുണ്ടായിരുന്നവരുടെ പിൻതലമുറയാണ് ഇന്ന് നിലവിലുള്ളത് എന്നതുകൊണ്ട് തന്നെ ആ 'ഗോത്രീയത' ഇന്നും നമ്മുടെയെല്ലാം ഉള്ളിലുണ്ട്. നമ്മളിൽ പെട്ടവരല്ലാത്തവരോടുള്ള വെറുപ്പ് ഒരു സഹജ വികാരമാണെന്നർത്ഥം.** ചുറ്റുമുള്ളവരെ 'നമ്മൾ-അവർ' എന്ന് വേർതിരിക്കാനുള്ള ശക്തമായ പ്രേരണ പരിണാമവഴിയിൽ നമ്മുടെ ബന്ധുക്കളായ മറ്റ് പ്രൈമേറ്റ് ജീവികളിലും കാണാവുന്നതാണ്.
പറഞ്ഞുവന്നത്, അന്യമതവിദ്വേഷം സംഘപരിവാർ ഉണ്ടാക്കിയ എന്തോ സാധനമാണ് എന്ന മട്ടിലുള്ള നരേറ്റീവുകൾ കൃത്യമല്ല എന്നാണ്. സംഘപരിവാർ അത് മുതലെടുത്തുവെന്നുമാത്രം. ഇൻഡ്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളായതുകൊണ്ട് മാത്രമാണ് അവരും ഹിന്ദുക്കളായിരിക്കുന്നതും ഹിന്ദുമാഹാത്മ്യം പ്രസംഗിക്കുന്നതും. ഹിന്ദു എന്ന ഒരു 'നമ്മളെ' അടിച്ചുറപ്പിക്കുന്നതും മുസ്ലീം എന്ന 'അവർ'ക്ക് നേരെ നിരന്തരം വിരൽ ചൂണ്ടുന്നതും മനുഷ്യസഹജമായ ഗോത്രീയത മാത്രമാണ്. ജനാധിപത്യം എന്ന, ലക്ഷക്കണക്കിന് വർഷത്തെ മനുഷ്യചരിത്രത്തിന്റെ അവസാന നൂറ്റാണ്ടുകളിൽ മാത്രം ഉണ്ടാക്കപ്പെട്ട ആശയം മനുഷ്യപ്രകൃതത്തിന് യോജിച്ചതേ അല്ല. അതുകൊണ്ട് തന്നെ നിരന്തരം പണിയെടുത്തുകൊണ്ടിരുന്നില്ലെങ്കിൽ അത് പൊളിയുക തന്നെ ചെയ്യും. Democracy is not a self-driving car. ഓരോ പൗരനും നിരന്തരം ഭരണസംവിധാനത്തെ വിലയിരുത്തുകയും ഇടപെടുകയും ചെയ്യുകയെന്ന, ഡ്രൈവിങ് പോലെ നിരന്തരശ്രദ്ധ വേണ്ടിവരുന്ന ഒരു പ്രക്രിയയാണത്. അതുകൊണ്ട് തന്നെ അതിന് അധ്വാനമുണ്ട്. സർക്കാരിന്റെ നയങ്ങളേയും പദ്ധതികളുടെ ദൂരവ്യാപക പ്രതിഫലനങ്ങളേയുമൊക്കെ വിലയിരുത്താൻ രാഷ്ട്രമീമാംസയും ചരിത്രവും സാമ്പത്തികശാസ്ത്രവും എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടിവരും. പക്ഷേ നമ്മൾ-അവർ എന്ന വേർതിരിവിന്റെ ചൂണ്ടയിൽ കൊളുത്താൻ ഒരാൾ മനുഷ്യനാവുക മാത്രം ചെയ്താൽ മതി. അതുകൊണ്ട് തന്നെ നിങ്ങൾ ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന ആളാണെങ്കിൽ ശത്രുവിന് നിങ്ങൾക്ക് മേൽ ശക്തമായ മേൽക്കൈ ഉണ്ടെന്ന കാര്യം അംഗീകരിച്ചേ പറ്റൂ.
ഒരു കാര്യം കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. നമ്മളെയും അവരെയും വേർതിരിച്ച് കാണാനുള്ള പ്രവണത വളരെ ശക്തമായതാണ് എങ്കിലും ആരാണ് അവർ, ആരാണ് നമ്മൾ എന്ന നിർവചനത്തിന്റെ കാര്യത്തിൽ നമ്മുടെ മസ്തിഷ്കത്തിന് കൃത്യത കുറവാണ്. അത് വളരെ പെട്ടെന്ന് മാറിമറിയാം. ഉദാഹരണത്തിന് ഇൻഡ്യാക്കാരനെന്ന പേരിൽ പാകിസ്ഥാനെ തെറിപറയുന്ന ഒരു മലയാളി തൊട്ടടുത്ത നിമിഷം മലയാളിയെന്ന പേരിൽ തമിഴനെ കളിയാക്കും. ഹിന്ദുമതത്തിന്റെ പേരിൽ ഞെളിയുന്ന സനാതനൻ തൊട്ടടുത്ത നിമിഷം ഹിന്ദുമതത്തിലെ തന്നെ അന്യജാതിക്കാരനെ പുച്ഛിക്കും. "ഭാര്യ എങ്ങനാ, നമ്മടെ ആളാണോ?" എന്ന് എന്നോട് ചോദിച്ച ഒരു യുക്തിവാദിയെക്കൂടി ഈ അവസരത്തിൽ ഓർക്കുന്നു. എന്റെ ഭാര്യ യുക്തിവാദിയാണോ അതോ വിശ്വാസിയാണോ എന്നറിയാനുള്ള കൗതുകത്തെയാണ് അദ്ദേഹം 'നമ്മടെ ആളാണോ' എന്ന ചോദ്യത്തിലൂടെ പ്രകടിപ്പിച്ചത്.
ചുരുക്കത്തിൽ, നിങ്ങളുടെ ഫാക്ടറി ഡീഫോൾട്ട് സെറ്റിങ് ഒരു വർഗീയവാദിയുടേതാണ്. അതിനെ മറികടക്കണമെങ്കിൽ നിങ്ങൾ തന്നെ അധ്വാനിക്കേണ്ടിയിരിക്കുന്നു.