May 3, 2020

കഴിവുള്ളവരെ സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യാറുണ്ട്.

Vaisakhan Thampi

April 9 at 9:03 AM

·കഴിവുള്ളവരെ സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യാറുണ്ട്. നന്നായി പാടുന്നവർ, ഡാൻസ് ചെയ്യുന്നവർ, അഭിനയിക്കുന്നവർ, പ്രസംഗിക്കുന്നവർ, മിമിക്രി കാണിക്കുന്നവർ, എന്നിങ്ങനെ പല മേഖലകളിൽ അംഗീകാരവും സ്നേഹാദരങ്ങളും നേടിയ ആളുകളുണ്ടല്ലോ.

പക്ഷേ ഒന്നോർത്തുനോക്കൂ, ശരിയ്ക്കും നമ്മൾ കഴിവിനെയാണോ (Talent) ബഹുമാനിക്കുന്നത് അതോ പ്രകടനത്തെയാണോ (Performance)?

മിക്കപ്പോഴും പ്രകടനത്തെയാണ് നമ്മൾ കഴിവായി കണക്കാക്കുന്നത്. കാരണം നമ്മൾ നേരിട്ട് കാണുന്നത് പ്രകടനമാണ്, കഴിവല്ല. തീർച്ചയായും നല്ല കഴിവും നല്ല പ്രകടനവും തമ്മിൽ ഒരു ബന്ധമുണ്ട്. പക്ഷേ ഈ ആശയക്കുഴപ്പത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സുപ്രധാന ഘടകമുണ്ട് - അധ്വാനം.

നമ്മൾ തീരെ വില കൽപ്പിക്കാത്ത, പലപ്പോഴും തിരിച്ചറിയാറ് പോലുമില്ലാത്ത ഒന്നാണ് അധ്വാനം. യേശുദാസ് എന്ന ഗായകന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന്റെ ആലാപനമികവിനെ പറ്റി ആർക്കും തർക്കമുണ്ടാവാൻ വഴിയില്ല. അതിനെ പ്രകീർത്തിക്കുമ്പോഴൊക്കെ 'ജഗദീശ്വരന്റെ കൃപാകടാക്ഷം' എന്നൊരു പ്രയോഗം കൊണ്ട് അദ്ദേഹം 'വിനയാന്വിത'നാകുന്നതും കണ്ടിട്ടുണ്ട്. എന്നാൽ അദ്ദേഹം പണ്ടൊരു ഇന്റർവ്യൂവിൽ പറഞ്ഞുകേട്ട മറ്റൊരു കാര്യമുണ്ട്. ശ്രുതിബദ്ധമായി പാടാനുള്ള ട്രെയ്നിങ്ങിന് അദ്ദേഹത്തിന്റെ കൈയിൽ ഒരു വിദേശ നിർമ്മിത ഉപകരണമുണ്ട്. എല്ലാ ദിവസവും അതുപയോഗിച്ച് മണിക്കൂറുകളോളം അദ്ദേഹം സ്വരസ്ഥാനങ്ങൾ പ്രാക്റ്റീസ് ചെയ്യുമത്രേ. കുട്ടിക്കാലത്തെ കാര്യമല്ല. പത്തോ പതിനഞ്ചോ കൊല്ലം മുൻപാണ് ഈ ഇന്റർവ്യൂ കണ്ടത്. അതായത് ഗായകനെന്ന പ്രശസ്തിയുടെ കൊടുമുടി കടന്നശേഷവും താൻ തുടരുന്ന തീവ്രപരിശീലനത്തെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ നാട്ടിൽ എത്രയോ പാട്ടുമാഷമ്മാര് ഉണ്ട്. അവരോട് ചോദിയ്ക്കൂ അവരുടെ വിദ്യാർത്ഥികൾ ഒരു ദിവസം ശരാശരി എത്ര നേരം പരിശീലനത്തിന് വേണ്ടി ചിലവഴിക്കുമെന്ന്. പോട്ടെ, അവരെത്ര നേരം പ്രാക്റ്റീസിന് ചെലവിടുമെന്ന്. അപ്പോഴറിയാം യേശുദാസിനെ നാമറിയുന്ന 'ഗാനഗന്ധർവൻ' ആക്കുന്നതിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് എത്രമാത്രം പങ്കുണ്ടെന്ന്. അദ്ദേഹം മൈക്രോഫോണിന് മുന്നിൽ നടത്തിക്കേട്ടിട്ടുള്ള 'പ്രകടനങ്ങൾ' ആണ്, അദ്ദേഹത്തെ അളക്കുന്നതിന് ആസ്വാദകരുടെ മാനദണ്ഡം. അതാണ് പരക്കെ അംഗീകരിക്കപ്പെടുന്ന 'കഴിവ്'. പക്ഷേ ആ പ്രകടനത്തിന് പിന്നിൽ ആരും കാണാത്ത എത്രയോ മണിക്കൂറുകളുടെ അധ്വാനവും കഷ്ടപ്പാടുകളുമുണ്ട്. തൊണ്ട കേടാകാതിരിക്കാൻ അദ്ദേഹം ജീവിതചര്യകളിൽ പുലർത്തുന്നതായി പറയപ്പെടുന്ന കർശനമായ ചിട്ടകളും അതോട് ചേർത്ത് വായിക്കണം.

പല പല പ്രകടനങ്ങളുടെ പേരിൽ അറിയപ്പെടുന്ന കുറേ പേരെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. നേതാക്കൾ, എഴുത്തുകാർ, ശാസ്ത്രജ്ഞർ, പ്രോഗ്രാമർമാർ, ഗായകർ, എന്നിങ്ങനെ പല മേഖലകളിൽ ഉള്ളവർ. എല്ലാവരിലും പൊതുവായി കണ്ടിട്ടുള്ള കാര്യം ഈ അധ്വാനമാണ്. അതാത് മേഖലകളിൽ അവർ ചെലവാക്കുന്ന അധ്വാനം മറ്റുള്ളവർ കരുതുന്നതിനെക്കാൾ എത്രയോ വലുതാണ്. മറ്റെന്തൊക്കെ ഘടകങ്ങൾ ഒത്തുചേർന്നാലും അധ്വാനം എന്ന സംഗതി ഇല്ലെങ്കിൽ ഇവരൊന്നും എങ്ങുമെത്തില്ലായിരുന്നു എന്നുറപ്പാണ്. ജഗദീശ്വരൻ നേരിട്ട് കൊടുത്ത കഴിവാണെന്ന് കരുതി, അധ്വാനിക്കാതെ 'മൈക്ക് മുന്നിൽ വരുമ്പോൾ പാടിയാൽ മതിയല്ലോ' എന്ന് യേശുദാസ് കരുതിയിരുന്നെങ്കിൽ അദ്ദേഹം ഇന്നീ അറിയപ്പെടുന്ന ആളാകുമായിരുന്നോ? റാങ്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചിട്ട് പഠിയ്ക്കാതെ പരീക്ഷയ്ക്ക് പോയി റാങ്ക് നേടിയ എത്രപേരെ അറിയാം?

നമ്മളെ സംബന്ധിച്ച് കഴിവ് (എന്ന് കണക്കാക്കപ്പെടുന്ന പ്രകടനം) അധ്വാനിച്ചുണ്ടാക്കുന്ന സാധനമല്ല. മറിച്ച് അതൊരു അനുഗ്രഹമാണ്. ജഗദീശ്വരന്റെ കൃപാകടാക്ഷം എന്നുപറയുന്ന അതേ ലൈൻ. നിങ്ങൾ വിശ്വാസിയായാലും അവിശ്വാസിയായാലും ഈ അനാവശ്യ ക്രെഡിറ്റുകൊടുക്കലിൽ വലിയ ശരികേടുണ്ട്. ഒന്ന്, അതൊരു വ്യക്തിയുടെ അധ്വാനത്തെ അപമാനിക്കലാണ്. ഒരാൾ തലകുത്തി നിന്ന് പഠിച്ച് റാങ്ക് വാങ്ങുമ്പോൾ അത് ദൈവം ചുമ്മാ അങ്ങ് അനുഗ്രഹിച്ചതാണ് എന്ന് പറഞ്ഞാൽ പിന്നെ വേറെന്താണത്? എളിമ കൊണ്ട് അയാളത് സമ്മതിച്ചുതന്നേക്കാം, ഒരുപക്ഷേ സ്വന്തം വിശ്വാസം കൊണ്ടോ മറ്റോ അയാൾ തന്നെ അങ്ങനെ കരുതുന്നുമുണ്ടാകാം. ലോകത്ത് ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഒരു രോഗം വന്ന് ഭേദമാകുമ്പോൾ 'ദൈവം കാത്തു' എന്ന് പറയുന്നതുപോലൊരു വൃത്തികേട് അതിലുമുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് പണി കൊടുത്തിട്ട്, തന്നെ മാത്രം രക്ഷിക്കാൻ മാത്രം എന്തോ സംഭവമാണ് താനെന്ന അവകാശവാദമാണത്. അതല്ലെങ്കിൽ നീതിബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ഊള ദൈവത്തെയാണ് അവിടെ അവതരിപ്പിക്കുന്നത്. രണ്ടായാലും, കഠിനാധ്വാനത്തെ തമസ്കരിച്ചിട്ട് അതിനെ 'അനുഗ്രഹം' ആക്കി അവതരിപ്പിക്കുമ്പോൾ തെരെഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് മാത്രം സാധിക്കുന്ന എന്തോ ഒന്നായി എല്ലാ കഴിവുകളേയും കണക്കാക്കുക എന്നൊരു അപകടം അവിടുണ്ട്. അതായത് നിങ്ങൾക്ക് കാര്യമായ നിയന്ത്രണമൊന്നുമില്ലാത്ത, മുകളിൽ നിന്ന് ആരോ ഇറക്കിത്തന്നാൽ മാത്രം സാധ്യമാകുന്ന ഒരു കാര്യമാണ് നിങ്ങളുടെ കഴിവ് (പ്രകടനം) എന്ന ആത്മവിശ്വാസക്കുറവ് ഉണ്ടാക്കാനേ അതുപകരിക്കൂ. 'എല്ലാവർക്കും ദൈവം ഓരോരോ കഴിവുകൾ കൊടുത്തിട്ടുണ്ട്' എന്ന ഉഡായിപ്പുന്യായം കൊണ്ട് അത് മറികടക്കാൻ പറ്റില്ല. കാരണം "പോയി അവരവർക്ക് പറ്റുന്ന പണി ചെയ്യ്" എന്ന് പറയുന്നതിന് പകരം, പരാജയപ്പെടുന്നവരെ തത്കാലത്തേയ്ക്ക് ആശ്വസിപ്പിക്കാൻ പറയുന്ന പൊള്ളവാദം മാത്രമാണതെന്ന് പറയുന്നവർക്കുമറിയാം, കേൾക്കുന്നവർക്കുമറിയാം.

നമ്മുടേയും പല വിദേശീയരുടേയും സൂപ്പർഹീറോ കഥാപാത്രങ്ങളെ ഈ പശ്ചാത്തലത്തിൽ താരതമ്യം ചെയ്യാനാകും. നമ്മുടെ സൂപ്പർഹീറോമാരെല്ലാം ദൈവികമായ കഴിവുകളാണ് പ്രകടിപ്പിക്കുന്നത്. അവരെയെല്ലാം ദൈവം തെരെഞ്ഞെടുത്തവരാണ്. അല്ലാതെ ഏതൊരു കുട്ടിയ്ക്കും ബാൽ വീർ ആകാനാവില്ല! സാധാരണക്കാർ അപകടം വരുമ്പോൾ നേരേ ബാൽ വീറിന്റെ സഹായം തേടണം. സ്പൈഡർമാൻ അങ്ങനെയല്ല. യാദൃച്ഛികമായി ഒരു ചിലന്തിയുടെ കടിയേറ്റ പീറ്റർ പാർക്കർ എന്നൊരു പയ്യൻ സ്പൈഡീ ആവുകയാണ്. അതായത് ആ കടി വേറൊരാൾക്ക് കിട്ടിയാൽ അയാളാകുമായിരുന്നു സ്പൈഡർമാൻ. മറ്റാരുടേയും സാധ്യതകൾ അവിടെ ഇല്ലാതാകുന്നില്ല. മാത്രമല്ല, സവിശേഷ കഴിവുകൾ കിട്ടിയ ശേഷവും വല കൃത്യമായി ഉന്നം വെക്കാനും, ചുവരിലൂടെ കയറിപ്പോകാനുമൊക്കെ പീറ്റർ പാർക്കർ കഷ്ടപ്പെട്ട് പരിശീലിക്കുന്നുമുണ്ട്. നമ്മുടെ ഇടയിൽ ദിലീപിന്റെ സീ.ഐ.ഡി. മൂസയെപ്പോലെ ചില കഥാപാത്രങ്ങളേ അധ്വാനത്തിന്റെ വില അംഗീകരിക്കുന്നതായി കണ്ടിട്ടുള്ളൂ. (മൂസയുടെ പരിശീലനങ്ങൾ ആ സിനിമയിൽ കുറേയേറെ സീനുകളിൽ കാണിക്കുന്നുണ്ട്)

ഈ അധ്വാനമില്ലാതെ ദൈവദത്തമായ അനുഗ്രഹമായി വരുന്ന (അങ്ങനെ കരുതപ്പെടുന്ന) കഴിവിന് മറ്റൊരു കുഴപ്പം കൂടിയുണ്ട്. അതിന് അതിര് കല്പിക്കാൻ പറ്റാതെ വരും. പാടാൻ വേണ്ടി തൊണ്ടയെ പരീശീലിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒരാൾക്ക്, അതിലൂടെ ബൈസെപ്സും ട്രൈസെപ്സും ശക്തിപ്പെടാനോ, അറ്റ്ലാന്റിക് നീന്തിക്കടക്കാനുള്ള കഴിവ് കിട്ടാനോ സാധ്യതയില്ലാന്ന് മനസിലാക്കാൻ എളുപ്പമാണ്. പക്ഷേ ദൈവം മുകളീന്ന് ഒരു കഴിവ് കൊടുക്കുമ്പോൾ, അയാൾ സ്പെഷ്യലായിക്കഴിഞ്ഞു. ഇനി അയാൾ എന്തുമാവാം. കണ്ടില്ലേ, അഭിനയിക്കാനും കഥയെഴുതാനുമുള്ള കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ശ്രീനിവാസന്റെ മെഡിക്കൽ സയൻസിലെ അവഗാഹം? അഭിനേതാവിന് മെഡിക്കൽ സയൻസിൽ അറിവുണ്ടാകാൻ ചാൻസുണ്ടോയെന്ന സംശയം കേൾക്കുന്നവർക്കുമില്ല. മുൻനിര പത്രങ്ങളൊക്കെ കേട്ടയുടൻ മത്തങ്ങാ വലിപ്പത്തിൽ അച്ചും നിരത്തും. സ്വാമിമാരുടെ കാര്യം പിന്നെ പറയുകേം വേണ്ടല്ലോ. ക്വാണ്ടം കംപ്യൂട്ടിങ്ങിലും കോസ്മോളജിയിലും ഒക്കെയാണ് വിരാജിക്കുന്നത്. ഒന്നിലും ഒരു സംശയത്തിന് പോലും വകുപ്പില്ല.

രണ്ട് ഉദ്ധരണികൾ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം.

ഒന്ന്, ലോകപ്രശസ്ത വയലിനിസ്റ്റ് ജാഷാ ഹൈഫിറ്റ്സിന്റേത് : "If I don't practice one day, I know it; two days, the critics know it; three days, the public knows it."

ബാസ്ക്കറ്റ് ബോൾ കളിക്കാരനായ കെവിൻ ഡ്യുറാന്റിന്റേത്: "Hard work beats talent, if talent doesn't work hard."