പരിഹാരം എന്ന അവസാനഘട്ടത്തിലേയ്ക്ക് എത്തുന്നതിന് മുൻപ് അത്രത്തോളമോ, ഒരുപക്ഷേ അതിലധികമോ പ്രാധാന്യമുള്ള ഘട്ടമാണ് പ്രശ്നത്തിന്റെ കാരണം കണ്ടെത്തൽ.
Vaisakhan Thampi
·പരിഹരിക്കപ്പെടേണ്ടതായി മുമ്പിലൊരു പ്രശ്നമുണ്ട് എന്ന് കരുതുക. അത് പരിഹരിയ്ക്കാനുള്ള ശ്രമത്തിൽ, പരിഹാരം എന്ന അവസാനഘട്ടത്തിലേയ്ക്ക് എത്തുന്നതിന് മുൻപ് അത്രത്തോളമോ, ഒരുപക്ഷേ അതിലധികമോ പ്രാധാന്യമുള്ള ഘട്ടമാണ് പ്രശ്നത്തിന്റെ കാരണം കണ്ടെത്തൽ. പലപ്പോഴും ഇത് രണ്ടും തമ്മിൽ പരസ്പരം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പലരും കാരണം കണ്ടെത്തുന്നതോടെ പരിഹാരമായി എന്ന മട്ടിൽ സംസാരിക്കാറുമുണ്ട്. അവിടെ ഒരു കുഴപ്പമുണ്ട്; നമ്മൾ തിരിച്ചറിഞ്ഞ പ്രശ്നകാരണത്തിന്റെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിക്കുന്ന പരിഹാരമാർഗം 'നടപ്പാക്കൽ' (implementation) എന്ന ഘട്ടത്തിലേയ്ക്ക് കടക്കുന്നത് വരെ, കണ്ടെത്തിയ കാരണം ശരിയായതാണോ എന്നുറപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഇതിന്റെ ഫലമായാണ്, ഒരു പ്രശ്നത്തിന് സിദ്ധാന്തങ്ങൾ നൂറ്റിക്കണക്കിന് വരുമ്പോഴും പരിഹാരങ്ങൾ വരാത്തത്.
വ്യക്തിപരമല്ലാത്ത പ്രശ്നങ്ങളിൽ പരിഹാരത്തെ കുറിച്ച് തല പുകയ്ക്കേണ്ടതിന്റെ ഉത്തരവാദിത്വമില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും. അക്കൂട്ടത്തിൽ തന്നെ ചിലർ കാരണം കണ്ടെത്തുന്നതോടെ തന്റെ ജോലി കഴിഞ്ഞെന്ന് കരുതുന്നവരുമാണ്. അത്തരം കാരണം കണ്ടെത്തലുകളിൽ സാധാരണമായി കണ്ടുവരുന്ന ഒരു രീതി പ്രശ്നത്തിന്റെ ഉത്തരവാദികളായി ചില വില്ലൻമാരെ അവതരിപ്പിക്കലാണ് (വില്ലവൽക്കരണം!). ഉറച്ച സിദ്ധാന്തമായിരിക്കുമത്. കൃത്യമായ ഒരു വില്ലൻ കഥാപാത്രവും -അത് ഒരു വ്യക്തിയോ, ഒരു കൂട്ടം വ്യക്തികളോ, ഒരു ആശയമോ അങ്ങനെ എന്തുമാകാം- അതിന്റെ ഇടപെടൽ പ്രശ്നത്തിന് കാരണമാകുന്നതിന്റെ ഒരു മെക്കാനിസവും ഒക്കെയുണ്ടാകും അതിൽ. ആ വില്ലനെ ഒതുക്കിയാൽ അല്ലെങ്കിൽ ഇല്ലാതാക്കിയാൽ പ്രശ്നവും താനേ ഇല്ലാതാകും എന്ന രീതിയിൽ പ്രശ്നപരിഹാരത്തെ കുറിച്ചുള്ള സൂചന സിദ്ധാന്തത്തിലുണ്ടായേക്കും. പക്ഷേ റോഡരികിലെ സൈൻ ബോർഡ് പോലെയാണത്. കോട്ടയത്തെത്താൻ എങ്ങോട്ട് എത്ര ദൂരം പോണമെന്ന് ബോർഡ് പറയുമെങ്കിലും ബോർഡ് കോട്ടയത്തോട്ട് പോകില്ല, അതിനതിന്റെ ആവശ്യവുമില്ല.
ഈയുള്ളവന്റെ പ്രവർത്തനമേഖല ഭൗതികശാസ്ത്രമാണ്. അവിടെ സിദ്ധാന്തങ്ങൾക്ക് പരസ്പരയോജിപ്പ് (consistency) എന്നൊന്നുണ്ട്. അതുവെച്ച് പുതിയൊരു സിദ്ധാന്തത്തെ കുറേയൊക്കെ വിലയിരുത്താൻ പറ്റും. പക്ഷേ ഗവേഷകജീവിതം പഠിപ്പിച്ചത് പ്രയോഗിക്കപ്പെടുമ്പോൾ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത നിരവധി ഘടകങ്ങൾ നമ്മുടെ സിദ്ധാന്തത്തിന്റെ പ്രയോഗത്തെ അപ്പാടെ തകിടം മറിയ്ക്കാനുള്ള സാധ്യതയുണ്ട് എന്നാണ്. ഉദാഹരണത്തിന് x-ഉം y-യും ചേർത്ത് t-ഡിഗ്രി താപനിലയിൽ b മണിക്കൂർ വെച്ചിരുന്നാൽ z ഉണ്ടാകും എന്ന സിദ്ധാന്തം അനുസരിച്ച് z ഉണ്ടാക്കാൻ നമ്മൾ പുറപ്പെടുന്നു. പക്ഷേ x-ഉം y-യും t-യ്ക്ക് താഴെയുള്ള s താപനിലയിൽ കുറച്ചുനേരം തുടർന്നാൽ ഒരു w-ഉണ്ടാകുമെന്നും അതിന്റെ സ്ഥിരത കാരണം പിന്നീടത് z-ലേയ്ക്ക് മാറാതിരിക്കുമെന്നും നമ്മൾ പഠിക്കുന്നത് പ്രയോഗത്തിലൂടെ മാത്രമായിരിക്കും. അടുത്ത തവണ s-താപനില എത്തുന്ന ഭാഗത്ത് ചൂടാക്കലിന്റെ നിരക്ക് കുറയാതെ നോക്കി പെട്ടെന്ന് t-താപനിലയിലേയ്ക്ക് ഉയർത്തേണ്ടിവരുമെന്നും നമ്മൾ അവിടന്ന് പഠിക്കും. അതിനർത്ഥം z ഉണ്ടാകുന്നതിനെ പറ്റിയുള്ള സിദ്ധാന്തം തെറ്റാണ് എന്നല്ല. അത് t താപനിലയിൽ b മണിക്കൂർ ഇരിക്കണമെന്നേ പറയുന്നുള്ളൂ. t താപനിലയിൽ എങ്ങനെ എത്തിക്കുമെന്നോ അത് എങ്ങനെ അവിടെ നിലനിർത്തുമെന്നോ ഉള്ളത് വേറെ തന്നെ പ്രശ്നമാണ്. ചുരുക്കത്തിൽ, z എങ്ങനെ ഉണ്ടാക്കാം എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതും, z ശരിയ്ക്കും ഉണ്ടാക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
സാമൂഹ്യവിഷയങ്ങളിലേയ്ക്ക് വരുമ്പോൾ ഇത് കൂടുതൽ ഗൗരവകരമാകും. x-ഓ w-ഓ t-യോ പോലെ നമ്മുടെ സൗകര്യത്തിന് മാറ്റിയും മറിച്ചും പരീക്ഷിക്കാവുന്ന വേര്യബിളുകളല്ല അവിടെ. മനുഷ്യരും അവരുടെ ജീവിതങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഗതികേടുകളും പ്രകൃതിയും ഒക്കെ കൂടിക്കലർന്ന് സങ്കീർണമായ ഒരു സിസ്റ്റമാണത്. അതിലെ മിക്ക വേര്യബിളുകളും പരസ്പരം സ്വാധീനിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ അതിലെ ഏത് പ്രശ്നത്തിനും പല മാനങ്ങളുണ്ടാകും. പക്ഷേ അതൊന്നും പരിഗണിക്കാതെ, വില്ലവൽക്കരണം നടത്തിയുള്ള പ്രശ്നപരിഹാരത്തിന് കേരളത്തിൽ നല്ല ഡിമാൻഡാണ്. ഫെയ്സ്ബുക്ക് ഫീഡും ചാനൽ ചർച്ചകളും ഒക്കെ പരിശോധിച്ചാൽ ഇത് കാണാം. നേരത്തേ പറഞ്ഞതുപോലെ, 'നടപ്പാക്കൽ' തന്റെ ബാധ്യതയല്ല എന്ന തിരിച്ചറിവിൽ നിന്ന് കിട്ടുന്ന സ്വാതന്ത്ര്യമാണ് മിക്കവർക്കും.
പറഞ്ഞുവന്നതിന്റെ പശ്ചാത്തലം പ്രളയത്തെ മുൻനിർത്തിയുള്ള പരിസ്ഥിതി ചർച്ചയാണ്. ഒരു ദുരന്തം വരുമ്പോൾ ഉടനേ വില്ലൻമാരെ ഉണ്ടാക്കാൻ തുടങ്ങും. ഡാം തുറന്ന മന്ത്രി, മലയിടിച്ച ക്വാറി മാഫിയ, ശബരിമലയിൽ കേറിയ സ്ത്രീകൾ, എന്നിങ്ങനെ അതിശക്തമായ സിദ്ധാന്തങ്ങൾ വായുവിൽ പറന്നു നടക്കുന്നു. അതിനിടയിൽ സാഹചര്യങ്ങളുടെ സങ്കീർണത വക വെയ്ക്കുന്നവരെ കണ്ടുകിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. അങ്ങനെ, പല മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള പലരെ ഒരുമിച്ച് കൊണ്ടുവന്ന് സമഗ്രമായി കൈകാര്യം ചെയ്യേണ്ട വിഷയത്തെ, എല്ലാ മേഖലയിലും വൈദഗ്ദ്ധ്യമുള്ളവരെന്ന് സ്വയം ധരിയ്ക്കുന്നവർ ഒറ്റയ്ക്കൊറ്റയ്ക്ക് തീർപ്പാക്കുന്നു. പരിഹരിച്ചതുപോലെ തന്നെ!