പൊതുവേദിയിൽ സയൻസ് സംസാരിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിലധികമായി
Vaisakhan Thampi
·പൊതുവേദിയിൽ സയൻസ് സംസാരിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിലധികമായി. ആദ്യമൊക്കെ പലപ്പോഴും കേൾക്കുന്നവർക്ക് അസ്വാഭാവികമെന്നുപോലും തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഞാൻ സംസാരിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് അമ്പത് വയസ്സുള്ള ഒരാൾ സ്കൂൾ ക്ലാസ്സിന് ശേഷം ആദ്യമായി ന്യൂട്ടൻ നിയമമെന്നും ഗതികോർജമെന്നുമൊക്കെ ഗൗരവമായി കേൾക്കുമ്പോൾ ഒരു അസ്വാഭാവികത തോന്നുമല്ലോ. നമ്മളെല്ലാം സ്കൂളിൽ ഫിസിക്സും ബയോളജിയും എക്കണോമിക്സും ചരിത്രവും ഒക്കെ പഠിച്ചിട്ടുണ്ട്. പക്ഷേ ഒരു പൊതുവേദിയിൽ എക്കണോമിക്സോ ഹിസ്റ്ററിയോ ചർച്ച ചെയ്യുമ്പോൾ തോന്നാത്ത ഒരു 'എന്തോ ഫീലിങ്' ആളുകൾക്ക് ഫിസിക്സും കെമിസ്ട്രിയുമൊക്കെ കേൾക്കുമ്പോൾ തോന്നും. 'യുക്തിവാദം കേൾക്കാൻ വന്നിട്ട് എനിക്ക് ഫിസിക്സ് ക്ലാസ്സുപോലെയാണ് തോന്നിയത്' എന്ന് പരാതിയുടെ തന്നെ ടോണിൽ പലരും എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഒരു മനോഭാവത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് സാരമായ മാറ്റം വന്നിട്ടുണ്ട് എന്നത് വേറെ കാര്യം. യുക്തിവാദ വേദിയിലെ ശുദ്ധശാസ്ത്ര പ്രഭാഷണങ്ങളും മലയാളത്തിലെ ശാസ്ത്ര യൂ-ട്യൂബ് ചാനലുകളും എണ്ണത്തിൽ പല മടങ്ങ് കൂടിയിട്ടുണ്ട്. ഒരു വേദിയിൽ പോപ്പുലർ സയൻസിന്റെ ഭാഗമായി ജനറൽ റിലേറ്റിവിറ്റിയുടെ സമവാക്യം കാണിച്ചാൽ പോലും വലിയ അസ്വാഭാവികത തോന്നാത്ത ഒരു ഓഡിയൻസിനെ ഇന്ന് കിട്ടുന്നുണ്ട്.
ഇതിനൊരു മറുവശമുണ്ട്. കോളേജ് തലത്തിൽ ഫിസിക്സ് പഠിപ്പിക്കുകയും അതിൽ ഗവേഷണത്തിലേർപ്പെടുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ എനിക്കൊരു അക്കാദമിക് സർക്കിളുണ്ട്. നേരത്തേ പറഞ്ഞ ശാസ്ത്രപ്രചാരണരംഗത്ത് നിന്നും തീർത്തും വ്യത്യസ്തമായൊരു ലോകമാണത്. ഇതിൽ വ്യക്തിപരമായി ഞാൻ എവിടേയ്ക്കാണ് കൂടുതൽ ചേർന്ന് നിൽക്കുന്നത് എന്ന് ചോദിച്ചാൽ, അതായത് എവിടെയാണ് എനിയ്ക്ക് കൂടുതൽ 'belonging feel' ഉള്ളത് എന്ന് ചോദിച്ചാൽ നിസ്സംശയം ഉത്തരം പറയാം, അത് രണ്ടാമത് പറഞ്ഞ അക്കാദമികലോകമാണ്. സത്യത്തിൽ എന്റെ അക്കാദമിക താത്പര്യങ്ങളാണ് ശാസ്ത്രപ്രചാരണത്തിൽ ഇടപെടുന്നതിന് എനിക്കുള്ള പ്രേരണ. തിരിച്ചല്ല.
ഇതൊരു സ്ഥിരമായ ധർമസങ്കടത്തിൽ കൊണ്ടെത്തിച്ചിട്ടുണ്ട്. ഞാൻ പൊതുവേദിയിൽ ജനകീയമായ തലത്തിൽ ശാസ്ത്രം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും, എന്നിലെ അക്കാദമിക് വശം തൊട്ടടുത്ത് നിന്ന് ഞാൻ പറയുന്ന കാര്യങ്ങളെ സദാ വിലയിരുത്തിക്കൊണ്ടിരിക്കും. അതിലെന്താണ് ധർമസങ്കടത്തിന് സാധ്യത എന്ന് ചിലരെങ്കിലും സംശയിക്കും. എന്നാൽ അങ്ങനെയൊന്നുണ്ട്. എന്നിലെ ശാസ്ത്രപ്രചാരകൻ പറയുന്ന പല കാര്യങ്ങളും എന്നിലെ അക്കാദമീഷ്യന് സഹിക്കാൻ പറ്റുന്നതല്ല. എല്ലാവർക്കും ദഹിക്കുന്ന രൂപത്തിൽ ആശയങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ നേർപ്പിച്ച് നേർപ്പിച്ച് ആ ആശയത്തെ പാടെ നശിപ്പിക്കുമോ എന്നുപോലും പേടിക്കുന്ന അവസ്ഥ വന്നിട്ടുണ്ട്.
അറവിനെ രണ്ട് രീതിയിൽ സമീപിയ്ക്കാം. ഒന്ന് നമ്മളെക്കുറിച്ചും ചുറ്റുമുള്ള പ്രപഞ്ചത്തെ കുറിച്ചുമുള്ള അടിസ്ഥാന ധാരണകൾ എന്ന രീതിയിലാണ്. മറ്റൊന്ന് ചുറ്റുപാടുകളെ നിയന്ത്രിക്കാനും അതുവഴി നമ്മുടെ ജീവിതസാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താനുമുള്ള ഉപായങ്ങൾ എന്ന രീതിയിലാണ്. ഒരു രീതിയിൽ നോക്കിയാൽ ഇത് രണ്ടും ഒന്ന് തന്നെയാണ് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ രണ്ടാമത്തെ ഉദ്ദേശ്യത്തിന് ആദ്യത്തെ ഉദ്ദേശ്യത്തിനുതകുന്ന അറിവ് പോരാ. നാം ജീവിക്കുന്ന ഗ്രഹമായ ഭൂമിയ്ക്ക് ഗോളാകൃതിയാണ് എന്ന് മനസിലാക്കുന്നത് ശരിയായ ഒരു അടിസ്ഥാന ധാരണയാണ്. എന്നാൽ ഈ ഗോളാകൃതിയെ നാം എങ്ങനെയാണ് നമ്മുടെ സാഹചര്യങ്ങളുടെ അഭിവൃദ്ധിയ്ക്കായി ഉപയോഗപ്പെടുത്തുക? നമ്മളിൽ ബഹുഭൂരിഭാഗം മനുഷ്യർക്കും അതിന്റെ ആവശ്യം വരാറില്ല. പക്ഷേ ഒരു സാറ്റലൈറ്റ് ഓർബിറ്റിലെത്തിക്കുക, ഭൗമോപരിതലത്തിൽ ഇലക്ട്രോണിക് സങ്കേതമുപയോഗിച്ച് നാവിഗേഷൻ സാധ്യമാക്കുക, ഒരു കപ്പലിന് ഏറ്റവും യോജിച്ച റൂട്ട് നിർണയിക്കുക, എന്നിങ്ങനെ ഭൂമിയുടെ രൂപത്തെ ഉപയോഗപ്പെടുത്തേണ്ടിവരുന്ന ഒരു ജോലിയിൽ ഏർപ്പെടുന്ന ആളിന് ഭൂമിയ്ക്ക് ഗോളാകൃതിയാണ് എന്ന അറിവ് മാത്രം വെച്ച് ഒന്നും ചെയ്യാനാവില്ല. അതിൽ അസംഖ്യം കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെടേണ്ടതായിട്ടുണ്ട്. അക്കാദമിക തലത്തിലുള്ള അറിവ് വേണ്ടിവരുന്നത് അവിടെയാണ്. ഒരു മനുഷ്യരൂപം സൂചിപ്പിക്കാൻ ഒരു മനുഷ്യന്റെ യഥാർത്ഥ ഫോട്ടോ ഉപയോഗിക്കാം. എന്നാൽ ഒരു വട്ടവും അഞ്ച് വരയും കൊണ്ട് സാധിച്ചെടുക്കാവുന്ന ഒരു കാർട്ടൂൺ രൂപവും പലപ്പോഴും അതേപോലെ ഉപയോഗിക്കാം. മനുഷ്യന്റെ രൂപത്തെ സംബന്ധിച്ച ശരിയായ ഒരു ധാരണയുടെ പുറത്താണ് കാർട്ടൂൺ രൂപത്തെ നമുക്ക് മനുഷ്യനായി തിരിച്ചറിയാൻ സാധിക്കുന്നത്. എന്നാൽ മനുഷ്യശരീരത്തെ സംബന്ധിച്ച ഒരു പ്രശ്നം പരിഹരിക്കാൻ ആ ധാരണ തീരെ പര്യാപ്തമല്ല എന്ന് വ്യക്തമാണല്ലോ. അടിസ്ഥാനധാരണയിൽ നിന്ന് ഉപയോഗക്ഷമമായ അറിവിലേയ്ക്ക് ഇങ്ങനെ വലിയൊരു ദൂരം താണ്ടാനുണ്ട്. (ഈ ആശയത്തെ കൂടുതൽ വ്യക്തമാക്കുന്ന ഒരു ലേഖനം പിന്നീട് എഴുതുന്നുണ്ട്) എന്നാൽ ഒരു അറിവിനെ എന്തെങ്കിലും ഒരു പ്രായോഗിക ആവശ്യത്തിനായി നേരിട്ട് ഉപയോഗിക്കേണ്ടതില്ല എങ്കിൽ ഒരാളെ സംബന്ധിച്ച് അക്കാദമികതലത്തിൽ അതറിയേണ്ട ആവശ്യം വരുന്നില്ല എന്നതും കാണേണ്ടതുണ്ട്. പക്ഷേ ഇങ്ങനെ ഒരു വ്യത്യാസം ഉണ്ട് എന്നത് അറിഞ്ഞിരിക്കണം.
എന്റെ പല അക്കാദമിക് സുഹൃത്തുക്കൾക്കും ഇത് അംഗീകരിക്കാനും ബുദ്ധിമുട്ട് കണ്ടിട്ടുണ്ട്. ആളുകൾക്ക് മനസിലാകാൻ എളുപ്പത്തിനുള്ള എന്റെ ശാസ്ത്രം പറച്ചിൽ പലപ്പോഴും 'ഇത്തിരി കടന്നുപോകുന്നുണ്ട്' എന്നൊരു വിമർശനം ഞാൻ കുറേ കാലമായി നേരിടുന്നുണ്ട്. തീർച്ചയായും, പൂർണമായും ശരിയായ ഒരു വിമർശനമാണ് അത്. ഞാൻ പോപ്പുലർ സയൻസ് സംസാരിക്കുമ്പോൾ തൊട്ടടുത്ത് നിന്ന് വിലയിരുത്തുന്ന എന്നിലെ തന്നെ അക്കാദമീഷ്യനും ഇതേ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ വേറെ മാർഗമില്ല എന്നതാണ് സത്യം. പൊതുജനത്തിനായി നടത്തുന്ന പോപ്പുലർ സയൻസ് വ്യവഹാരങ്ങളിൽ മിക്കപ്പോഴും അടിസ്ഥാന ധാരണകളാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അക്കാദമിക് നിലവാരത്തിലുള്ള ഒരു ചർച്ച അവിടെ അസാധ്യമോ അനാവശ്യമോ ആണ്. ഉദാഹരണത്തിന്, ഞാനൊരിടത്ത് 'ഭൂമിയുടെ ഭാരം' എന്നൊരു പ്രയോഗം നടത്തിയിട്ടുണ്ട്. അത് പറഞ്ഞ നിമിഷം തന്നെ എന്റടുത്ത് നിൽക്കുന്ന മറ്റേ ഞാൻ 'എന്തൊരു പൊട്ടത്തരമാടോ വിളിച്ചുപറയുന്നത് ?' എന്ന് ചോദിക്കും. കാരണം ഭൂമിയുടെ ഭാരം എന്നൊരു പ്രയോഗം അർത്ഥമില്ലാത്തതാണ്. ശാസ്ത്രഭാഷയിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഗുരുത്വബലത്തിന്റെ അളവാണ് ഭാരം അഥവാ weight. നമ്മൾ ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളെ സംബന്ധിച്ചും അത് ഭൂമി അതിൽ പ്രയോഗിക്കുന്ന ആകർഷണബലമാണ്. അപ്പോപ്പിന്നെ ഭൂമിയുടെ ഭാരം എങ്ങനെ പറയും?! ഞാൻ പിണ്ഡം അഥവാ mass എന്ന അർത്ഥത്തിൽ ഭാരം എന്ന് പല പോപ്പുലർ സയൻസ് പ്രഭാഷണങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ഇത് രണ്ടും നിർവചനത്തിൽ തന്നെ അതിന്റേതായ സങ്കീർണതകൾ ഉള്ള വ്യത്യസ്ത വാക്കുകളാണ്. അക്കാദമിക അർത്ഥത്തിൽ തീർത്തും വ്യത്യസ്തമായ സങ്കല്പങ്ങൾ. പക്ഷേ കൂടുതുൽ സാങ്കേതികപദങ്ങൾ ഉൾപ്പെടുത്തി കേൾക്കുന്നവരിൽ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാനായി അത്തരം 'കടന്ന പ്രയോഗങ്ങൾ' നടത്തേണ്ടിവരാറുണ്ട്.
പൊതുവേദിയിൽ ശാസ്ത്രം പറയുമ്പോൾ രണ്ട് ഓപ്ഷനുകളാണ് മുന്നിലുള്ളത്. ഒന്നുകിൽ പദപ്രയോഗങ്ങളിൽ കണിശതയോടെ, ആശയങ്ങളുടെ വിശദാംശങ്ങളിൽ പോലും വിട്ടുവീഴ്ചയില്ലാതെ ഒരു മണിക്കൂർ സംസാരിക്കാം. പക്ഷേ പത്ത് മിനിറ്റ് കൊണ്ട് തന്നെ അവ്യക്തതയും ദുർഗ്രാഹ്യതയും കാരണം ഓഡിയൻസ് ശ്രദ്ധിക്കുന്നത് നിർത്തും. അല്ലെങ്കിൽ ഓഡിയൻസിന് ആശയക്കുഴപ്പം തോന്നാത്തവിധം, വിശദാംശങ്ങളിലെ സങ്കീർണതകൾ മറച്ചുവെച്ച് ഏതാണ്ടൊരു ധാരണ നൽകുന്നവിധം ഒരു മണിക്കൂർ സംസാരിക്കാം. പക്ഷേ അക്കാദമികതലത്തിൽ അതിന്റെ ഉള്ളടക്കം അപ്രസക്തമായിരിക്കും. തെറ്റ് പറയാതെ അത് പൂർത്തിയാക്കാൻ പറ്റിയാൽ നല്ലത് എന്നേ പറയാനാകൂ. ഇതിൽ രണ്ടാമത്തേതാണ് പൊതുവേദികളിലെ ശാസ്ത്രപ്രഭാഷണം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്നതിനാൽ, എന്നിലെ അക്കാദമീഷ്യനെ അടക്കിനിർത്തിയാണ് അവിടെ സംസാരിക്കാറുള്ളത്. അത് ചെയ്യുമ്പോഴും ചിലയിടത്തെങ്കിലും, ഫിസിക്സ് മുന്നോട്ട് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ഇതിനെ ഇങ്ങനെ മനസിലാക്കിയാൽ പോരാ എന്ന മുന്നറിയിപ്പും കൊടുക്കാറുണ്ട്. കാരണം 'ഇതൊക്കെ ഇത്രയേ ഉള്ളൂ' എന്നൊരു ധാരണ വന്നാൽ അത് ഗുണത്തെക്കാൾ ദോഷമേ ചെയ്യൂ എന്നാണ് എന്റെ അഭിപ്രായം. ഔപചാരികവിദ്യാഭ്യാസം കൊണ്ട് വ്യത്യാസമൊന്നുമില്ലാത്തവരെ നമുക്ക് കാണാനായേക്കും. അതിനർത്ഥം ഔപചാരികവിദ്യാഭ്യാസം ആവശ്യമില്ലാന്നല്ല. അഞ്ചാം ക്ലാസ് പാസ്സായ ആളിന് പഠിച്ചെടുക്കാവുന്നതേ ഉള്ളൂ എങ്കിൽ ക്വാണ്ടം ഫീൽഡ് തിയറി പഠിക്കാൻ എം.എസ്.സി. വരെ കാത്തിരിക്കേണ്ട ആവശ്യം ആർക്കും വരില്ലായിരുന്നു!
NB: നിരവധി പേർ ആവശ്യപ്പെട്ടിട്ടും സ്ട്രിങ് തിയറി, വേം ഹോൾ, ക്വാണ്ടം ഫീൽഡ് തിയറി എന്നിങ്ങനെ പല കാര്യങ്ങളേയും പൊതുവേദിയിൽ പരാമർശിക്കാൻ പോലും ഞാൻ മടിക്കുന്നതിന് പിന്നിലും ഇതാണ് കാരണം. മറ്റൊരുപാട് മുന്നറിവുകളുടെ അടിസ്ഥാനത്തിൽ നിൽക്കുന്നവയാണ് ഇത്തരം കാര്യങ്ങൾ. അതില്ലാത്ത ഒരാളെ തെറ്റില്ലാതെ ബോധ്യപ്പെടുത്താൻ പറ്റുന്ന ആശയങ്ങളാണ് അവയെന്ന് തോന്നാത്തതുകൊണ്ട് തന്നെ അവയെക്കുറിച്ച് ചോദ്യങ്ങൾ വന്നാൽ പോലും വളരെ പെട്ടെന്ന് പറഞ്ഞവസാനിപ്പിക്കാനേ ശ്രമിക്കാറുള്ളൂ.