എത്ര പെട്ടെന്നാണ് അർത്ഥങ്ങൾ മാറുന്നത്...!
Vaisakhan Thampi
2018
എത്ര പെട്ടെന്നാണ് അർത്ഥങ്ങൾ മാറുന്നത്...!
വളരെ കുട്ടിക്കാലം മുതൽ എന്റെ രൂപത്തിന്റെ ഭാഗമായ ഒന്നായിരുന്നു നെറ്റിയിലെ കുറി. കടുത്ത വിശ്വാസിയായിരുന്ന കാലത്തായിരുന്നു ആ ശീലത്തിന്റെ തുടക്കമെങ്കിലും, സത്യത്തിൽ അതിന് വിശ്വാസവുമായി ബന്ധമൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അമ്പലവിശ്വാസി, അമ്പലത്തിൽ പോകാത്ത വിശ്വാസി, വ്യാഖ്യാന ഫാക്ടറി, സന്ദേഹി, അവിശ്വാസി, തുറന്ന യുക്തിവാദി എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടും ആ ശീലം മാറിയതേ ഇല്ല. ഫെയ്സ്ബുക്കിലും പുറത്തും യുക്തിവാദി സമൂഹത്തിൽ നിന്നും അതിന്റെ പേരിൽ കടുത്ത വിചാരണകൾ നേരിട്ടിട്ടുണ്ട്. കുറി 'യുക്തിവാദമാന്വൽ' പ്രകാരം നിഷിദ്ധമാണെന്നും, കുറി കാരണം ഞാൻ യുക്തിവാദം പറയാൻ യോഗ്യനല്ല എന്നുമൊക്കെ പറഞ്ഞു വന്ന ചില തീവ്രവാദികളോട് 'കുറി ഉപേക്ഷിയ്ക്കാൻ സൗകര്യമില്ല' എന്നുവരെ പറയേണ്ടി വന്നിട്ടുണ്ട്. കാരണം വരയുള്ള ഷർട്ടിനോടോ, കെട്ടുള്ള ചെരുപ്പിനോടോ ഒക്കെയുള്ള ഇഷ്ടം പോലെ ഒന്നായിരുന്നു എനിയ്ക്ക് കുറിയോടുള്ളതും. അത് കുറേ പേർ മതചിഹ്നമായി കണക്കാക്കുന്നു എന്നത് എന്റെ ഇഷ്ടം ഉപേക്ഷിക്കാനുള്ള ഒരു ന്യായമായി തോന്നിയുമില്ല. ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമില്ലെങ്കിൽ, പിന്നെന്തോന്ന് സ്വതന്ത്രചിന്ത!
പക്ഷേ ഇന്ന് ഞാൻ കുറിയിടാറില്ല. ആ പതിവ് നിർത്തിയിട്ട് മൂന്നാല് വർഷമാകുന്നു. നെറ്റിയിലെ കുറി ഒരു അശ്ലീലചിഹ്നമായി മാറുന്നു എന്ന തോന്നലിൽ നിന്നാണ്, പലരോടും ഡിഫൻഡ് ചെയ്ത് നിലനിർത്തിപ്പോന്ന ആ ശീലത്തിന് വിരാമമിട്ടത്. അതിന് ശേഷം ഓരോ ദിവസവും അത് നന്നായി എന്ന് തോന്നിക്കാൻ പോന്ന സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇന്നത്തെ ട്രോളുകളിൽ ഒരാൾ വിഡ്ഢിയാണെന്ന് സൂചിപ്പിക്കാനുള്ള ആദ്യ അടയാളമായിട്ടാണല്ലോ കുറി പ്രയോഗിക്കപ്പെടുന്നത്. അതുകൊണ്ട് പഴയ പ്രൊഫൈൽ പിക്ചറുകൾ പോലും ഇപ്പോൾ ഉപയോഗിക്കാൻ മടിയാണ്.