September 6, 2020

ഫെയ്സ്റ്റസ് ഡിസ്ക്!

മനുഷ്യന്റെ തലയും വിചിത്രരൂപങ്ങളും പലതരം അടയാളങ്ങളും മൃഗങ്ങളുടെ ചിത്രവുമെല്ലാം അടങ്ങിയ ഒരു കളിമൺ ഫലകം. ഫെയ്സ്റ്റസ് ഡിസ്ക് എന്നറിയപ്പെടുന്ന, വൃത്താകൃതിയിലുള്ള ഈ ഫലകം, നൂറിലേറെ വർഷമായി പുരാവസ്തു ഗവേഷകരെ വട്ടം ചുറ്റിച്ചുകൊണ്ടിരിക്കുകയാണ്. നാലായിരത്തിലേറെ വർഷം പഴക്കമുള്ള ഫലകത്തിൽ രഹസ്യ ഭാഷയിൽ എഴുതിയിരിക്കുന്നത് ‘ഡീ കോഡ്’ ചെയ്തെന്നു പലരും പറയുന്നുണ്ടെങ്കിലും ഇപ്പോഴും പൂർണമായും അതു വിജയം കണ്ടിട്ടില്ലെന്നതാണു സത്യം.

ഗ്രീസിലെ ഏറ്റവും വലിയ ദ്വീപാണ് ക്രെറ്റെ. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപും ഇതു തന്നെ. ഇറ്റാലിയൻ പുരാവസ്തു ഗവേഷകനായ ലൂജി പെനിയെർ 1908ൽ ഈ ദ്വീപിൽ പര്യവേഷണത്തിലായിരുന്നു. പാലസ് ഓഫ് ഫെയ്സ്റ്റസ് എന്നറിയപ്പെടുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുകയായിരുന്നു അദ്ദേഹം. വെങ്കലയുഗത്തിൽ ക്രെറ്റെയിലുണ്ടായിരുന്ന മിനോയൻ സംസ്കാരത്തിലെ ഭരണാധികാരികളുടേതായിരുന്നു കൊട്ടാരം. അവിടേക്കു പ്രവേശിക്കാനായി കൊട്ടരത്തിനു താഴെ ഒരു പ്രത്യേക അറയും വാതിലുമുണ്ടായിരുന്നു. അവിടെനിന്നു ലഭിച്ച മറ്റു പുരാവസ്തുക്കളൊന്നും വലിയ കാര്യമുള്ളതായിരുന്നില്ല, പക്ഷേ കളിമണ്ണിൽ തീർത്ത, കേടുപാടുകളൊന്നുമേൽക്കാത്ത ഒരു ഫലകം പിന്നീട് ലോകത്തിലെ ഏറ്റവും അമൂല്യമായ പുരാവസ്തുക്കളിലൊന്നായി മാറി.

ഫെയ്സ്റ്റസ് ഡിസ്ക്

ഫലകത്തിൽ രണ്ടു വശത്തുമായി ഏകദേശം 45 ചിഹ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഓരോ ചിഹ്നവും പല തവണ ആവർത്തിച്ചിട്ടുമുണ്ട്–അങ്ങനെ ആകെ 242 എണ്ണം. ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത ഭാഷയിലുള്ള എഴുത്താണതെന്നു വ്യക്തം. എന്തായിരിക്കും അതിന്റെ അർഥം? ആരാണത് എഴുതിയത്? പരിശോധനയിൽ ബിസി 1700 കാലഘട്ടത്തിലെ ഫലകമാണതെന്നു തെളിഞ്ഞു. ബിസി 3000–1450 കാലഘട്ടത്തിലായിരുന്നു ക്രെറ്റെയിൽ മിനോവൻ സംസ്കാരം സജീവമായിരുന്നത്. ഭാഷാവിദഗ്ധർ പല കാലങ്ങളിലായി തലങ്ങും വിലങ്ങും ഈ ഫലകത്തെപ്പറ്റി പഠിച്ചു. പലരും പല തിയറികളാണു മുന്നോട്ടു വച്ചത്.

ചിലർ പറയുന്നു അതൊരു കവിതയാണെന്ന്. അതല്ല പ്രാർഥനയാണെന്ന് മറ്റൊരു കൂട്ടർ. വിശുദ്ധവാചകങ്ങൾ, മന്ത്രവാദ രഹസ്യം, ശാപവാക്കുകൾ, രോഗം ഭേഗമാക്കാനുള്ള മന്ത്രം, സംസ്കാരച്ചടങ്ങിന്റെ ഭാഗമായുള്ള എഴുത്ത്, രാഷ്ട്രീയ ഉടമ്പടി, ഗണിതതന്ത്രം, ബോർഡ് ഗെയിം ഇങ്ങനെ ഫലകത്തിലെ ചിഹ്നങ്ങൾക്ക് വ്യാഖ്യാനങ്ങളേറെ. യഥാർഥത്തില്‍ ഇതെവിടെനിന്നു വായിച്ചു തുടങ്ങണമെന്നു പോലും ഇപ്പോഴു വ്യക്തമല്ല. ‘മിനോവൻ സിഡി റോം’ എന്നു ഗവേഷകർക്കിടയിൽ വിളിപ്പേരുള്ള ഈ ഫലകത്തിന്റെ വ്യാസം ആറിഞ്ചാണ്. അന്യഗ്രഹജീവികൾ ഭൂമിയിലുള്ളവർക്കായി എഴുതിവച്ച സന്ദേശമാണിതെന്നു കരുതുന്നവർ പോലുമുണ്ട്.

ഈജിപ്തിലെ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ഹൈറോഗ്ലിഫിക് ലിപിയുടെ രീതി തന്നെയാണ് ഇതെന്നും കരുതുന്നവരുണ്ട്. അമ്മ, ദൈവം എന്നീ വാക്കുകൾ ഫലകത്തിൽ ആവർത്തിച്ചു വരുന്നതായി ഗ്രീക്ക് ഹൈറോഗ്ലിഫിക് ലിപിയുടെ ചുവടു പിടിച്ചു നടത്തിയ ഗവേഷണത്തിൽ തിരിച്ചറി‍ഞ്ഞിരുന്നു. അതും പക്ഷേ നിഗമനം മാത്രം. അങ്ങനെയെങ്കിൽ മിനോവൻ ദൈവത്തിനായുള്ള പ്രാർഥനയായിരിക്കണം ഫലകത്തിലെന്നും ഗവേഷണത്തിനു പിന്നിൽ പ്രവർത്തിച്ച ക്രെറ്റെ സാങ്കേതിക സർവകലാശാലയിലെയും ഓക്സ്ഫഡ് സർവകലാശാലയിലെയും ഗവേഷകർ പറയുന്നു. നിലവിൽ ക്രെറ്റെയിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഫലകത്തിനു പിന്നിലെ രഹസ്യം കണ്ടെത്താൻ ഇന്നും ഗവേഷകർ തല പുകയ്ക്കുകയാണ്.

Source:Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram