മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ
ഒറ്റനോട്ടത്തില്‍ ഇത് നിര്‍മാണഘട്ടത്തിലുള്ള ഒരു ബഹുനിലക്കെട്ടിടത്തെയാവും ഓര്‍മ്മിപ്പിക്കുക. എന്നാലിത് ഒരു വെറും കെട്ടിടമല്ല. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്റെ പേര്. ഇടുക്കി ജലാശയത്തില്‍ നിന്ന് മൂലമറ്റം ജലവൈദ്യുത നിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്നത് ഇവിടെനിന്നാണ്.
ജലം ഈ നിര്‍മ്മിതിയുടെ ചുറ്റും കാണുന്ന വലിയ വിടവുകളിലൂടെ ഉള്ളിലേക്കെത്തുകയും തുടര്‍ന്ന് പവര്‍ടണലിലൂടെ പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപകല്‍പ്പന.കുളമാവ് ഡാമിനു സമീപം ജലാശയത്തിനുള്ളില്‍, ജലനിരപ്പില്‍ നിന്ന് വളരെ താഴെയായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ, മോണിംഗ് ഗ്ലോറി'യെ ഇന്ന് നമുക്ക് കാണാനേ കഴിയില്ല. ഇടുക്കി ജലാശയത്തില്‍ ജലം നിറയുന്നതിനു മുമ്പുള്ള കാഴ്ച്ചയാണിത്. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ ചിത്രമെടുത്തത്.
ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകളും കൂടി 59.83 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഒട്ടാകെ 1996 ദശലക്ഷം ഘനമീറ്റർ വെള്ളം തടഞ്ഞുനിറുത്തുന്നു. ഈ വെള്ളത്തിന്റെ മൊത്തം കരുത്തു പയോഗപ്പെടുത്തിയാണ് വൈദ്യുതോല്പാദനം നടത്തുന്നത്. ഇതിലേയ്ക്ക് 'ശക്തി തുരങ്കം' (power tunnel) എന്നറിയപ്പെടുന്ന ഒരു ഭൂഗർഭ തുരങ്കം വഴി വെള്ളം കടക്കുന്നതിന് മനോഹരമായ ഈ പ്രവേശന ഗോപുരം ഒരുക്കിയിട്ടുള്ളത് . 'മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ' (morning glory hole intake tower) എന്നറിയപ്പെടുന്ന ഇതിന് കോളാമ്പിപ്പൂവിന്റെ ആകൃതിയാണ് ഉള്ളത്.
ഈ ഗോപുരം നിർമ്മിച്ചിരിക്കുന്നത് ശക്തിതുരങ്കത്തിന്റെ മുഖത്തുനിന്നും മാറി ജലസംഭരണിക്കകത്താണ്.ശക്തി തുരങ്കത്തിന്റെ മുൻഭാഗത്തുനിന്നും കല്ലും മണ്ണും മറ്റും ഇടിഞ്ഞു വീണ് ഗോപുരത്തില്‍ ക്കൂടിയുള്ള ജലപ്രവാഹം തടസപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഗോപുരം തുരങ്കമുഖത്തുനിന്നും മാറ്റി നിര്‍മ്മിച്ചിരിക്കുന്നത്. ഗോപുരത്തേയും ശക്തിതുരങ്കത്തേയും തമ്മില്‍ ഒരു പ്രബലിത കോണ്‍ക്രിറ്റ് കുഴല്‍ യോജിപ്പിക്കുന്നു. പ്രവേശകക്കുഴല്‍ (intake conduit) എന്നറിയപ്പെടുന്ന ഇതിന്റെ ഉള്‍വ്യാസം ശക്തിതുരങ്കത്തിന്റെ വ്യാസം തന്നെയാണ്; 7.01 മീറ്റര്‍. ഒരു സെക്കന്റില്‍ 153 ഘനമീറ്റര്‍ എന്ന കണക്കില്‍ വെളളം ഇതില്‍ക്കൂടി പ്രവഹിക്കുന്നതാണ്.
പ്രവേശനഗോപുരത്തിന് ഏറ്റവും താഴ്ന്ന അസ്തിവാരത്തില്‍ നിന്നും 30 മീറ്റര്‍ (തുരങ്കത്തിന്റെ നിരപ്പില്‍ നിന്നും 21 .79 മീറ്റര്‍) ഉയരവും മുകളില്‍ 17.88 മീറ്റര്‍ വ്യാസവും ഉണ്ട്. ഇന്ത്യയില്‍ കൊയ്ന അണക്കെട്ടിനു മാത്രമേ ഇത്തരം പ്രവേശന ഗോപുരം ഉണ്ടാക്കിയിട്ടുള്ളു. മുകളില്‍ പാര്‍ശ്വങ്ങളിലായി 16 കോളങ്ങള്‍ ഉള്ള ഇത് കൊയ്നയിലെ കോളാമ്പിപ്പുവിനേക്കാള്‍ വലുതാണ് ഇത്. മുകള്‍ ഭാഗം വാര്‍ത്തു മൂടിയിരിക്കുന്ന ഇതിന്റെ വശങ്ങളിലൂടെ അരിക്കപ്പെട്ടാണ് വെളളം ഉളളിലേക്ക് കടക്കുന്നത്. ജലസംഭരണിയില്‍ വെളളം നിറഞ്ഞാല്‍ ഈ ഗോപുരം അതില്‍ മുങ്ങിനില്‍ക്കും. ഇതിന്റെ മുകളില്‍ 2.59 മുതല്‍ 41 .56 മീറ്റര്‍വരെ വെളളമുണ്ടായിരിക്കും.
വാര്‍ത്തു മൂടിയ മുകള്‍ ഭാഗത്തിനു താഴെ ജലവിതാനം ഒരിക്കലും താഴ്ത്താന്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ യാതൊരു അറ്റകുറ്റപ്പണികളും ചെയ്യാന്‍ ഇടയാകാത്തത്ര സുക്ഷമമായി പണിക്കുറവുകള്‍ തീര്‍ത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഭാവിയില്‍ ഈ കോളാമ്പിപ്പുവിലെ അരിപ്പകള്‍ വൃത്തിയാക്കുന്നത് യന്ത്രസംവിധാനത്തില്‍ ശക്തമായി കടത്തിവിടുന്ന വായുകുമിളകള്‍ മൂലമായിരിക്കും.