എൻസൂരി
ക്രൗര്യം സ്ഥുരിക്കുന്ന മുഖവും പറക്കുന്ന നീളൻ സടയും ഇടിവെട്ടുന്നതുപോലെയുള്ള അലർച്ചയും. സിംഹങ്ങളുടെ ഗാംഭീര്യമേറ്റുന്ന സവിശേഷതകളായി ഇവ വർണിക്കപ്പെടുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു സിംഹത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചു. ചുരുളൻ സടയും ക്യൂട്ട് മുഖവുമായി ഒരു പാവം സിംഹം.
കാംബിസ് കാമിയോ പോർഘനാട് എന്ന വന്യജീവി ഫൊട്ടോഗ്രാഫറാണ് ഈ ചിത്രമെടുത്തത്. എൻസൂരി–എം6 എന്നാണ് ഈ സിംഹത്തിന്റെ പേര്. ഒലിപോലോസ് എന്ന സിംഹത്തിന്റെ മകനാണ് എൻസൂരി. കെനിയയിലെ മസായ്മാരയിലുള്ള ടോപി എന്ന സിംഹക്കൂട്ടത്തിൽപെട്ടതാണ് എൻസൂരി.എന്നാൽ പിന്നീട് ഈ സിംഹക്കൂട്ടത്തിൽ നിന്ന് എൻസൂരി ഒഴിവായി.
ഒരു ഹെയർസലൂണിൽ മാറ്റങ്ങൾ വരുത്തിയതുപോലെയുള്ള സടയാണ് എൻസൂരിക്ക്. ഇന്ന് മസായ് മാരയിലുള്ള സിംഹങ്ങളിലെ ഏറ്റവും സുന്ദരൻമാരിലൊരാളാണ് എൻസൂരിയെന്ന് കാംബിസ് ഫോട്ടോയ്ക്കൊപ്പം പങ്കുവച്ച അടിക്കുറിപ്പിൽ പറഞ്ഞു.
ജനിതക പ്രത്യേകതകൾ, ഉയർന്ന ഈർപ്പം തുടങ്ങിയവയാകാം ഈ ചുരുളൻ സടയ്ക്കു കാരണമായതെന്ന് വിദഗ്ധർ പറയുന്നു. കെനിയയിലെ അതിപ്രശസ്തമായ ദേശീയോദ്യാനവും വിനോദ സഞ്ചാരികളുടെ പറുദീസയുമാണ് മസായ് മാര. സിംഹങ്ങളും കഴുതപ്പുലികളും സീബ്രകളും ചീറ്റകളുമൊക്കെ ജീവിക്കുന്ന മനോഹരമായ ഭൂമിയാണ് ഇത്. 2500ൽ അധികം സിംഹങ്ങൾ കെനിയയിലുണ്ടെന്നാണു കണക്ക്. ഇവയിൽ ആയിരത്തോളം സിംഹങ്ങൾ വസിക്കുന്നത് മസായ് മാരയിലാണ്. കെനിയയിൽ മനുഷ്യർ സിംഹങ്ങളെ കൊല്ലുന്നതിന്റെ റിപ്പോർട്ടുകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. രാജ്യാന്തര തലത്തിൽനിന്നു വലിയ വിമർശനമാണ് ഇതിനെതിരെ ഉണ്ടാകുന്നത്.
തങ്ങളുടെ വളർത്തുമൃഗങ്ങളെ സിംഹങ്ങൾ കൊല്ലുന്നതാണ്, സിംഹങ്ങൾക്കെതിരെയുള്ള ആക്രമണത്തിലേക്കു നാട്ടുകാരെ നയിക്കുന്നത്. മസായി മാരൻസ് എന്നറിയപ്പെടുന്ന ഗോത്രത്തിലെ ആളുകൾ കുന്തം കൊണ്ടു കുത്തി സിംഹങ്ങളെ കൊല്ലുന്ന സംഭവങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. കെനിയയിലുണ്ടായ കാലാവസ്ഥാ മാറ്റവും തുടർന്നുണ്ടായ കടുത്ത വരൾച്ചയുമാണ് അപ്രിയ സംഭവങ്ങളിലേക്ക് നയിക്കുന്നത്. വരൾച്ച കൂടിയതോടെ സിംഹങ്ങൾക്ക് ഇരകൾ കുറയാൻ തുടങ്ങി. ഇതോടെ ഇവ ജനവാസമേഖലകളിലേക്കു കടന്ന് ആക്രമണവും തുടങ്ങി