ഒരുതുള്ളി ചോര പോലും പൊടിയാതെ 335 വർഷം നീണ്ട യുദ്ധം ⚔️
ലോകജനതയെ ആശങ്കയിലാഴ്ത്തുന്ന സംഭവങ്ങളാണ് യുദ്ധങ്ങൾ. അതുവരെ അനുഭവിച്ചുവരുന്ന സമാധാനത്തെ പാടെ ഇല്ലാതാക്കും യുദ്ധങ്ങൾ. ഇന്നും ഭൂമിയിൽ പലയിടങ്ങളിലും യുദ്ധങ്ങൾ നടക്കുന്നു, നടന്നുകൊണ്ടിരിക്കുന്നു. ലോകത്തു നൂറ്റാണ്ടുകൾ നീണ്ട പല യുദ്ധങ്ങളും നടന്നിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുടങ്ങിയ ആംഗ്ലോ ഫ്രഞ്ച് വാർ തീർന്നത് 1815ൽ ആണ്. റോമൻ-പേർഷ്യൻ യുദ്ധവും ബൈസന്‌റൈൻ-ബൾഗേറിയൻ യുദ്ധവുമൊക്കെ ഇത്തരത്തിൽ നൂറ്റാണ്ടുകൾ പിന്നിട്ടവയാണ്. ഇക്കൂട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു വ്യത്യസ്തമായ യുദ്ധമാണ് 335 വർഷങ്ങളുടെ യുദ്ധം. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ഇതിൽ പങ്കെടുത്ത രാജ്യങ്ങൾക്കുപോലും ഇങ്ങനെയൊരു യുദ്ധമുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു എന്നതാണ്. ഒരു ബുള്ളറ്റുപോലും തോക്കിനു പുറത്തേക്കു പോകുകയോ ഒരു തുള്ളി ചോര പോലും വീഴുകയോ ചെയ്യാത്ത ഒരു യുദ്ധമായിരുന്നു ഇത്.
ബ്രിട്ടനിലെ സ്‌കില്ലി ദീപുകളും നെതർലൻഡ്‌സുമായായിരുന്നു യുദ്ധം. അക്കാലത്ത് ഇംഗ്ലണ്ടിൽ ആഭ്യന്തരയുദ്ധമാണ്. ഒലിവർ ക്രോംവെല്ലിനു കീഴിലുള്ള പാർലമെൻറേറിയൻസ് ഇംഗ്ലണ്ടിലെ റോയലിസ്റ്റുകളെ ഒതുക്കിക്കൊണ്ടിരിക്കുന്ന കാലം.ഒടുവിൽ റോയലിസ്റ്റ് നാവികസേന സ്കില്ലി ദ്വീപുകളിൽ മാത്രമായി. അക്കാലത്ത് പാർലമെൻറേറിയസിന്റെ അടുത്ത കൂട്ടുകക്ഷികളായിരുന്നു ഡച്ച് നാവിക സേന. അതിനാൽ തന്നെ സ്‌കില്ലിയിലെ റോയലിസ്റ്റ് നാവികസേന ഡച്ച് വാണിജ്യക്കപ്പലുകൾക്ക് ഒരുപാട് ശല്യവും തടസ്സങ്ങളുമൊക്കെയുണ്ടാക്കി. ഇക്കാര്യം സംസാരിക്കാനായി ഡച്ച് ഉന്നത നാവിക ഉദ്യോഗസ്ഥർ സ്‌കില്ലിയിലെത്തി. എന്നാൽ സംസാരം എങ്ങുമെത്താത്തതിനാൽ അവർ യുദ്ധം പ്രഖ്യാപിച്ചു. പക്ഷേ ഇതേ സമയത്തു തന്നെ പാർലമെൻറേറിയൻസ് റോയലിസ്റ്റുകളെ പൂർണമായി കീഴ്‌പ്പെടുത്തി അടിയറവ് പറയിച്ചു. ഇതറിഞ്ഞ ഡച്ച് സേന മടങ്ങിപ്പോയി. യുദ്ധം പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിച്ചതായി അവർ പ്രഖ്യാപിച്ചില്ല. പിന്നീട് 335 വർഷങ്ങൾക്കു ശേഷം ഏതോ ചരിത്രകാരന്റെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് 1986ൽ ആണ് ഈ കടലാസിലെ യുദ്ധം തീർന്നത്.