ചന്ദ്രനിൽ ഒരു ട്രെയിൻ! വമ്പൻ പദ്ധതിയുമായി നാസ 🌔🚄
ഭൂമിയിൽ ട്രെയിനില്ലാത്ത നാടുകൾ അപൂർവം. ഇപ്പോഴിതാ ചന്ദ്രനിലും റെയിൽ പദ്ധതിയുമായി വന്നിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസ. ഫ്‌ലോട്ട് അഥവാ ഫ്‌ലെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് എന്നാണ് നാസയുടെ പദ്ധതിയുടെ പേര്. നാസയുടെ ഇന്നവേറ്റീവ് അഡ്വാൻസ്ഡ് കൺസപ്റ്റ്‌സ് പ്രോഗ്രാമിന്‌റെ ഭാഗമായാണ് ഈ പദ്ധതി. നമ്മൾ സയൻസ് ഫിക്ഷൻ സിനിമകളിലൊക്കെ കാണുന്നതരം കിടിലൻ പദ്ധതികൾ തയാറാക്കുന്ന വിഭാഗമാണ് ഇത്
എന്നാൽ നമ്മൾ വിചാരിക്കുന്നതുപോലെ ഒരു യാത്രാ ട്രെയിനല്ല ഫ്‌ലോട്ട്. മറിച്ച് നമ്മുടെ നാട്ടിലെ ഗുഡ്‌സ് ട്രെയിനുകളെപ്പോലെ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നീക്കാനുള്ള ഒരു ചരക്കുട്രെയിനാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ നീങ്ങുന്ന ഒരു ട്രാക്ക് മാതിരിയാകും ഇതിരിക്കുക, 2030ൽ ഈ പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് നാസ പറയുന്നത്.
ചന്ദ്രൻ അടിസ്ഥാനപ്പെടുത്തി വമ്പൻ പദ്ധതികളാണ് ലോകത്തെ പല ബഹിരാകാശ ശക്തികളും അണിയറയിൽ ഒരുക്കുന്നത്. അമേരിക്ക ഈ മേഖലയിൽ മുൻപന്തിയിലുണ്ട്. ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് ഒരു പിൻതുടർച്ചയെന്നവണ്ണമാണ് അമേരിക്ക ആർട്ടിമിസ് ദൗത്യം പദ്ധതിയിടുന്നത്. അപ്പോളോയിലൂടെ ബഹിരാകാശത്തെ തങ്ങളുടെ ശക്തിപ്രകടനവും സോവിയറ്റ് യൂണിയനുമായുള്ള ശീതസമരത്തിൽ മേൽക്കൈയുമാണ് അമേരിക്ക ലക്ഷ്യം വച്ചതെങ്കിൽ ആർട്ടിമിസ് കുറച്ചുകൂടി ബൃഹത്തായ ദിശകളുള്ള പദ്ധതിയാണ്. ചന്ദ്രനെ ഒരു മനുഷ്യക്കോളനിയാക്കുക, സൗരയൂഥത്തിലെ മറ്റ് പദ്ധതികൾക്കുള്ള ഒരു ബഹിരാകാശ തുറമുഖമാക്കുക തുടങ്ങിയ വളരെ വിദൂരവും സങ്കീർണവുമായ ലക്ഷ്യങ്ങൾ പദ്ധതിക്കു പിന്നിലുണ്ട്
അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രനിൽ ഒരു റെയിൽവേ സംവിധാനം വളരെ നിർണായകമായിരിക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ. മാഗ്നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യയിലാകും ഈ റോബട്ടിക് ട്രെയിൻ പ്രവർത്തിക്കുക. മണിക്കൂറിൽ 1.61 കിലോമീറ്റർ എന്ന ചെറിയ വേഗത്തിലാകും ട്രെയിൻ ട്രാക്ക് നീങ്ങുക.