73 വർഷമായി സൗജന്യമായി ഓടുന്ന ട്രെയിൻ🚂
രാജ്യത്ത് ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതുഗതാഗതം ഒരുപക്ഷേ ട്രെയിനാകാം. എന്നാൽ, ഏത് ട്രെയിനായാലും യാത്ര ചെയ്യണമെങ്കിൽ പണം അടച്ച് ടിക്കറ്റ് എടുത്താലേ പറ്റൂവെന്ന് നമുക്കറിയാം. എന്നാൽ, പക്ഷേ യാത്രക്കാർക്ക് തികച്ചും സൗജന്യമായി യാത്ര വാഗ്ദാനം ചെയ്യുന്ന ഒരു ട്രെയിനുമുണ്ട് നമ്മുടെ രാജ്യത്ത്. അതും കഴിഞ്ഞ 73 വർഷമായി അത് നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നു. കേൾക്കുമ്പോൾ ആശ്ചര്യം തോന്നാം. പക്ഷേ സംഭവം സത്യമാണ്.
ഭക്ര-നംഗൽ ട്രെയിൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ട്രെയിനിലെ യാത്ര തികച്ചും സൗജന്യമാണ്. ഈ ട്രെയിൻ പഞ്ചാബിന്റെയും ഹിമാചൽ പ്രദേശിന്റെയും അതിർത്തികളിലൂടെയാണ് ചൂളംകുത്തി പായുന്നത്. 25 ഗ്രാമങ്ങളുടെയും 300 ഓളം യാത്രക്കാരുടെയും പ്രധാന ആശ്രയമാണ് ഈ ട്രെയിൻ. മലനിരകൾക്കിടയിലൂടെ 13 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. അതിൽ പ്രധാനമായും വിദ്യാർത്ഥികളും വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള തൊഴിലാളികളുമാണ് സവാരി ചെയ്യുന്നത്. 1948 ലാണ് ഭക്ര-നംഗൽ റെയിൽ പാത പൂർത്തിയായത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര-നംഗൽ അണക്കെട്ട് നിർമ്മിക്കുന്ന അവസരത്തിലാണ് ഇതിന്റെ സർവീസ് ആരംഭിച്ചത്. പ്രദേശവാസികളെയും തൊഴിലാളികളെയും കൊണ്ടുപോകുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. അണക്കെട്ടിന്റെ നിർമ്മാണം 1963 -ൽ പൂർത്തിയായി.
ട്രെയിൻ ആദ്യം സ്റ്റീം എഞ്ചിനുകൾ ഉപയോഗിച്ചാണ് ഓടിയിരുന്നത്. പിന്നീട്, 1953-ൽ, അമേരിക്കയിൽ നിന്ന് മൂന്ന് പുതിയ എഞ്ചിനുകൾ കൂടി ഇറക്കുമതി ചെയ്തു. എന്നാൽ, ട്രെയിൻ ഇപ്പോഴും 60 വർഷം പഴക്കമുള്ള ആ പഴയ എൻജിൻ ഉപയോഗിച്ച് തന്നെയാണ് ഓടുന്നത്. എഞ്ചിൻ മണിക്കൂറിൽ 18 മുതൽ 20 ലിറ്റർ ഡീസലാണ് ഉപയോഗിക്കുന്നത്. കൊളോണിയൽ കാലത്തെ തടി ഉപയോഗിച്ചാണ് ട്രെയിനിലെ ബെഞ്ചുകൾ നിർമ്മിച്ചിരിക്കുന്നത്. ട്രെയിനിന്റെ കോച്ചുകളാകട്ടെ കറാച്ചിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 7:05 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 8:20 ന് ഭക്രയിൽ എത്തിച്ചേരും. അതേ ദിവസം, അത് വീണ്ടും നംഗലിൽ നിന്ന് 3:05 ന് പുറപ്പെട്ട് 4:20 ന് ഭക്രയിൽ എത്തുന്നു.
ട്രെയിൻ സർവീസിന്റെ മേൽനോട്ടം വഹിക്കുന്നത് ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡാണ്. 2011-ൽ ട്രെയിൻ ഓടിക്കാൻ വേണ്ടി വരുന്ന ചെലവ് കണക്കിലെടുത്ത് സൗജന്യ സേവനം അവസാനിപ്പിക്കാൻ ഒരാലോചന ഉണ്ടായിരുന്നു. ഒരു വരുമാന സ്രോതസ്സ് എന്നതിനേക്കാൾ കൂടുതലായി നമ്മുടെ പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ ഭാഗമായ ആ ട്രെയിൻ എന്നാൽ നിർത്താൻ അവർക്ക് മനസ്സ് വന്നില്ല. അവർ തങ്ങളുടെ തീരുമാനം മാറ്റി. അങ്ങനെ ഇപ്പോഴും ഭക്ര-നംഗൽ ട്രെയിൻ ചൂളം കുത്തി കാലത്തിന്റെ പാതയിൽ കുതിച്ച് പായുന്നു.