ടാർജറ്റഡ് കൂളിങ്
പുറത്തെ കാലാവസ്ഥ എന്തു തന്നെയായാലും സ്റ്റേഡിയത്തിന് അകത്ത് മത്സരങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥ സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട് . ഏതു സമയത്തു വേണമെങ്കിലും സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുമെന്ന താണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ഒരേ സമയം, കളിക്കാർക്കും കാണികൾക്കും തണുത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്ന രീതിയിലാണു സ്റ്റേഡിയത്തിലെ എസി സംവിധാനം.
മൈതാനം മുഴുവൻ ഓടി നടന്നു കളിക്കുന്ന കളിക്കാർക്ക് കാണികളേക്കാൾ കൂടുതൽ തണുപ്പു ലഭിക്കണം.സ്റ്റേഡിയത്തിന്റെ ഓരോ മേഖലയിലും വ്യത്യസ്തമായ തണുപ്പു ലഭ്യമാക്കുകയെന്നതു തന്നെയായിരുന്നു സങ്കേതിക വിദഗ്ധർ നേരിട്ട വെല്ലുവിളി.
ചില സ്റ്റേഡിയങ്ങൾ വളരെ വലുതാണ്. അതു മുഴുവൻ തണുപ്പിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. അഥവാ തണുപ്പിക്കാൻ ശ്രമിച്ചാൽ തന്നെ താങ്ങാൻ കഴിയുന്നതിലുമേറെയായി രിക്കും സാമ്പത്തിക ചെലവ്.
സ്റ്റേഡിയങ്ങളിലെ ശീതീകരണ സംവിധാനത്തി ന്റെ പ്രധാന ഭാഗമാണ് കൂളിങ് വെന്റുകൾ . തണുപ്പിച്ച വായു മൈതാനത്തേക്കു പ്രവഹി ക്കുന്നത് ഈ വലിയ ദ്വാരങ്ങളിലൂടെയാണ്.
മൈതാനത്ത് 3 മീറ്റർ ഉയരത്തിലും കാണികളിരി ക്കുന്ന ഗാലറിയുടെ ഭാഗത്ത് 2 മീറ്റർ ഉയരത്തി ലുമാണു തണുപ്പിക്കുന്നത്. ബാക്കിയുള്ള ഭാഗത്തെ വായുവൊന്നും പ്രത്യേകിച്ചു തണുപ്പിക്കുന്നില്ല. ‘റീസർക്കുലേഷൻ’ എന്ന സാങ്കേതിക വിദ്യയിലാണു ശീതീകരണ സംവിധാനത്തിന്റെ പ്രവർത്തനം.
മൈതാനത്തും കാണികൾ ഇരിക്കുന്ന ഭാഗത്തും 21 ഡിഗ്രി സെൽഷ്യസായാണു താപനില നിയന്ത്രിക്കുക.മൈതാനത്തിൽ നിന്നുള്ള വായു വലിച്ചെടുക്കുകയും 7 ഡിഗ്രി താപനിലയിലുള്ള വെള്ളമുപയോഗിച്ചു തണുപ്പിച്ചു വീണ്ടും നൽകുകയും ചെയ്യുന്നു. ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും. അങ്ങനെ മൈതാനത്തു നിശ്ചിത താപനില ക്രമീകരിക്കും. തണുത്ത വായുവിനു സാന്ദ്രത കൂടുതലായതിനാൽ അത് താഴെ തന്നെ നിൽക്കും. മുകളിൽ നിന്ന് ചൂടു വായു താഴേക്കു വരുകയുമില്ല.
മൈതാനത്തിനു ചുറ്റും വലിയ എസി വെന്റുകളുണ്ട്. ഒരു സ്റ്റേഡിയത്തിൽ മൈതാനത്തിലേക്കു തണുത്ത വായു കടത്തി വിടാൻ വേണ്ടി മാത്രം ഏകദേശം അഞ്ഞൂറോളം വെന്റുകൾ ആവശ്യമുണ്ട്. ഈ വെന്റുകളിലൂ ടെയാണു തണുത്ത വായു മൈതാനത്തേക്കു കടത്തി വിടുന്നത്. മൈതാനത്തിൽ പലയിട ങ്ങളിലും താപനില പരിശോധിക്കാനുള്ള ഓട്ടമാറ്റിക് സെൻസറുകളുണ്ട്. ഏതെങ്കിലും ഭാഗത്തു താപനില കൂടുകയാണെങ്കിൽ അവിടേക്കു തണുത്ത വായു എത്തിക്കുന്ന വിധത്തിൽ എസി സംവിധാനം ഈ സെൻസ റുകളുടെ സഹായത്തോടെ സ്വയം ക്രമീകരി ക്കും.
‘ടാർജറ്റഡ് കൂളിങ്’ എന്ന വിദ്യ മറ്റ് എസി സാങ്കേതിക വിദ്യയേക്കാൾ മികച്ചതാണെന്നു വിലയിരുത്തപ്പെടുന്നു. അതേ സമയം, എസി സ്റ്റേഡിയങ്ങൾ വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുമെന്ന വാദവുമുണ്ട്. എന്നാൽ, സുസ്ഥിരമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്ന തെന്നും അതുവഴി കാർബൺ ബഹിർഗമനം വളരെ കുറവു മാത്രമേയുള്ളൂവെന്നും വിദഗ്ധർ പറയുന്നു.
ഒരു കാറിനകം എങ്ങനെ തണുപ്പിക്കുന്നുവെ ന്നതിനു സമാനമായ സംവിധാനം തന്നെയാണ് സ്റ്റേഡിയങ്ങളിലും ഉപയോഗിക്കുന്നത്. എന്നാൽ
അതിനേക്കാൾ കുറച്ചു കൂടി വലിയ രൂപത്തിലാ ണെന്നു മാത്രം. വായുവിനെ തണുപ്പിക്കുക മാത്രമല്ല, ശുദ്ധീകരിക്കുക കൂടി ചെയ്ത ശേഷമാണു സ്റ്റേഡിയത്തിലേക്കു തിരിച്ചു വിടുന്നത്. അതുകൊണ്ടു തന്നെ കളിക്കാരും കാണികളും ശ്വസിക്കുന്നതു ശുദ്ധ വായു തന്നെയാണെന്നും ഉറപ്പാക്കുന്നു.
നിലവിലുള്ള ശീതീകരണ സാങ്കേതികവിദ്യയേക്കാൾ 40% ഊർജോപയോഗം കുറഞ്ഞതാണു
ടാർജറ്റഡ് കൂളിങ് സാങ്കേതിക വിദ്യ.
പുറത്തു നിന്നുള്ള വായു സ്റ്റേഡിയത്തി നുള്ളിലേക്ക് വരുന്നതു പരമാവധി കുറച്ചാണ് ഈ സാങ്കേതികവിദ്യ ആവിഷ്കരിക്കുന്നത്. അതായത് സ്റ്റേഡിയത്തിനുള്ളിലെ വായു തന്നെ ‘റീ സർക്കുലേറ്റ്’ ചെയ്യുകയാണു ചെയ്യുന്നത്.
ചൂടിനെ പ്രതിരോധിക്കാനുള്ള പദ്ധതികൾ സ്റ്റേഡിയത്തിന്റെ രൂപകൽപന മുതൽ ശ്രദ്ധിക്കണം.സ്വാഭാവിക വെളിച്ചം എത്തുന്നതിനൊപ്പം തന്നെ സ്റ്റേഡിയത്തി നുള്ളിൽ നിഴൽ കൃത്യമായി ക്രമീകരിക്കാൻ കഴിയുന്ന തരത്തിലാണു സ്റ്റേഡിയങ്ങൾ രൂപകൽപന ചെയ്യേണ്ടത്. ഇതു വഴി സ്റ്റേഡിയത്തിനുള്ളിൽ നേരിട്ട് അനുഭവപ്പെടുന്ന ചൂട് പരമാവധി കുറയ്ക്കാൻ കഴിയും. പുറത്തു നിന്നുള്ള ചൂടു വായു സ്റ്റേഡിയത്തിന് അക ത്തേക്ക് എത്തുന്നത് പരമാവധി നിയന്ത്രി ക്കാനും പറ്റും.
തണുപ്പിച്ച വായു മൈതാനത്തേക്കു പ്രവഹിക്കുന്നത് ഈ വലിയ ദ്വാരങ്ങളി ലൂടെയാണ്.സ്റ്റേഡിയത്തിലെ സീറ്റുകൾക്ക് അടിയിലും ചെറിയ വെന്റുകൾ കാണാം. ഒരു എക്സ്ഹോസ്ററ് ഫാനിന്റെ പോലെയാണ് ഈ വെന്റിന്റെ പ്രവർത്തനം. ചൂടു വായു വലി ച്ചെടുത്ത് തണുപ്പിച്ചു വീണ്ടും നൽകുന്നു. പിന്നീട് തണുപ്പിച്ച വായു വലിച്ചെടുത്ത് വീണ്ടും തണുപ്പി ക്കുന്നു. ഇങ്ങനെ ഒരേ താപനില തന്നെ നിലനിർത്തുന്നു.
ചൂട് ശമിപ്പിക്കാൻ വീട്ടിൽ എങ്ങനെയെങ്കിലും എസി വയ്ക്കാം. പക്ഷേ, കറന്റ് ചാർജ് ഓർ ക്കുമ്പോൾ? വീടിന്റെ കാര്യത്തിൽ ഇങ്ങനെ യാണെങ്കിൽ ഒരു വലിയ സ്റ്റേഡിയത്തിന്റെ കാര്യമാകുമ്പോഴോ? ശീതീകരണ സംവിധാനങ്ങൾ പ്രവർത്തിക്കണമെങ്കിൽ വലിയ തോതിൽ വൈദ്യുതി വേണം. അതു തന്നെയാണ് ഇത്തരം ശീതീകരണ സംവിധാനങ്ങളുടെ പ്രശ്നവും. വൈദ്യുതി ഉപയോഗം കൂടുമ്പോൾ കാർബൺ ബഹിർഗമനവും കൂടും. ഇതൊഴിവാക്കാനായി പൂർണമായും സൗരോർജത്തെയാണ് സ്റ്റേഡിയങ്ങളിലെ എസി സംവിധാനം ആശ്രയിക്കുന്നത്. ഇതിനായി ചിലപ്പോൾ
വലിയൊരു സൗരോർജ പാടം തന്നെ വികസിപ്പിക്കേണ്ടി വരും. അവിടെ നിന്നുള്ള വൈദ്യുതിയാണു സ്റ്റേഡിയങ്ങളിൽ ഉപയോ ഗിക്കേണ്ടത്. ഇനി അഥവാ സൗരോർജം മുടങ്ങിയാലോ? ബദൽ മാർഗമെന്ന നിലയിൽ ഡീസൽ ജനറേറ്റർ സംവിധാനവും ഓരോ സ്റ്റേഡിയത്തിലും സജ്ജമാണ്. അത്യാവ ശ്യമുണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കൂവെന്നു മാത്രം.
സ്റ്റേഡിയങ്ങൾ തണുപ്പിക്കാനുള്ള ഈ സാങ്കേതികവിദ്യ ഖത്തർ വികസിപ്പിച്ചതാണെ ങ്കിലും അതിനു പേറ്റന്റ് എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ലോകത്ത് ആർക്കു വേണമെങ്കിലും ഈ തണുപ്പിക്കൽ സാങ്കേതി കവിദ്യ ഇന്ന് ഉപയോഗിക്കാം. സ്റ്റേഡിയങ്ങളിൽ മാത്രമല്ല, പാർക്കുകൾ, മാളുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലും ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ സാങ്കേതിക വിദ്യ.
കത്താറ ഉൾപ്പെടെ ഖത്തറിലെ ഒട്ടേറെ പൊതു ഇടങ്ങളിൽ ഇതേ സാങ്കേതികവിദ്യ ഉപയോ ഗിച്ചു തണുപ്പിക്കുന്നുണ്ട്. കൊടും ചൂടിൽ കൃഷി നടക്കാത്തതിനാൽ ഖത്തറിലെ പച്ചക്കറി ഫാമുകളിലും ശീതീകരണ സംവിധാനം വേണം. സ്റ്റേഡിയങ്ങളിൽ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ശീതീകൃത ഫാമുകളും ഖത്തറിലുണ്ട്.
കടപ്പാട് : അറിവ് തേടുന്ന പാവം പ്രവാസി