💀അജ്ഞാത ലോകം 💀
November 6

സൂര്യനിൽ ഇന്ധനം തീരുമ്പോൾ എന്തുസംഭവിക്കും?🌞

സൂര്യൻ- പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളിൽ ഒരു സാധാരണ നക്ഷത്രം. പക്ഷേ, സൗരയൂഥത്തിൽ സൂര്യന് വളരെ പ്രമുഖമായ സ്ഥാനമാണ് ഉള്ളത്. നാമുൾപ്പെടേയുള്ള ഭൂമിയിലെ മിക്ക ജീവജാലങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ് ആണ് സൂര്യൻ. അതിഭീമമായ അളവ് ദ്രവ്യസാന്നിധ്യം മൂലമുള്ള ഉയർന്ന ഗുരുത്വാകർഷണവും അതുമൂലം സൂര്യന് ചുറ്റും കൃത്യമായ സഞ്ചാരപഥത്തിൽ മറ്റനേകം വസ്തുക്കളെ നിലനിർത്താനാവുന്നു എന്നതും സൂര്യന്റെ പ്രത്യേകതകളാണ്. ഇക്കാരണങ്ങളാൽ സൂര്യനെ സൗരയൂഥത്തിന്റെ അധിപനായി കണക്കാക്കുന്നു.

ഖരം ദ്രാവകം വാതകം പ്ലാസ്മ എന്നീ അവസ്ഥകളുണ്ട് ദ്രവ്യത്തിന് എന്ന് നമുക്ക് അറിയാം. സൂര്യനിൽ പ്രധാനമായും ദ്രവ്യം അടങ്ങിയിരിക്കുന്നത് പ്രാസ്മ അവസ്ഥയിലാണ്. നിരന്തരമായ സ്ഫോടനങ്ങൾ ആളലുകൾ എന്നിവ മൂലം അതീവ ചലനാത്മകമാണ് സൂര്യൻ. തീവ്രമായ കാന്ത ക്ഷേത്രം ഈചലനാത്മകതയുടെ മാറ്റ് കൂട്ടുന്നു. സൂര്യന്റെ ഉപരിതലത്തിന് 5600 ഡിഗ്രി സെൽഷ്യസും അണുസംയോജനം നടക്കുന്ന ആന്തരഭാഗങ്ങളിൽ ഒന്നരക്കോടിയോളവുമാണ് താപനില. കേന്ദ്രം മുതൽ ഉപരിതലംവരെയുള്ള ഈ ചൂട് വ്യത്യാസം മൂലം ആന്തരികഭാഗത്ത് നിന്ന് ഉപരിതലത്തിലേക്ക് വൻതോതിൽ ഊർജപ്രവാഹം നടക്കുന്നു. ഉപരിതലത്തിൽ നിന്നുള്ള വികിരണമാണ് നമുക്ക് ചൂടായും പ്രകാശമായും അനുഭവപ്പെടുന്നത്.

ഊർജ്ജ ഉല്പാദനം മാത്രമല്ല, ആ പ്രക്രിയയിൽ പുതിയ മൂലകങ്ങളുടെ രൂപീകരണവും അതോടൊപ്പം സൂര്യനിൽ നടക്കുന്നുണ്ട്. ഭൂമിയെ പോലെ സൂര്യനും സ്വന്തം അക്ഷത്തിൽ തിരിയുന്നുണ്ട്. ഏകദേശം 25 ദിവസം കൊണ്ട് സൂര്യൻ സ്വന്തം അക്ഷത്തിൽ ഒരു തവണ എന്ന നിരക്കിൽ ഭ്രമണം ചെയ്യുന്നു. എന്നാൽ ഈ കറക്കത്തിന്റെ വേഗത സൂര്യന്റെ പലയിടത്തും പല തരത്തിൽ ആണ്. ധ്രുവപ്രദേശങ്ങളിലെത്തുമ്പോൾ അത് 35 ദിവസം ആവുന്നു. മധ്യരേഖാപ്രദേശത്തിന്റെ ഭ്രമണ വേഗത മണിക്കൂറിൽ 7500 km ആണ്.
മാസ്സിന്റ അടിസ്ഥാനത്തിൽ സൂര്യന്റെ 75 ശതമാനത്തോളം ഹൈഡ്രജനും 25 ശതമാനം ഹീലിയവുമാണ്. ബാക്കിയുള്ള വിവിധ ലോഹങ്ങൾ സൂര്യന്റെ പിണ്ഡത്തിന്റെ 0.1 ശതമാനത്തിൽ താഴെയാണ്.
സൂര്യന്റെ അകക്കാമ്പിൽനിന്ന് ഒരു ടേബിൾ സ്പൂൺ ‘വാതകം’ കോരി എടുത്താൽ അതിനു 2 കിലോഗ്രാമിൽ കൂടുതൽ മാസ്സ് ഉണ്ടാവും !അത്ര മർദ്ദത്തിലാണ് അവിടെ വാതകങ്ങൾ ഗ്രാവിറ്റി കാരണം തിങ്ങി നിറഞ്ഞിരിക്കുന്നത് !

മിൽക്കിവെ ഗ്യാലക്സിയുടെ ഓറിയോൺ ഭുജത്തിലാണ്‌ സൂര്യന്റെ സ്ഥാനം. ഗ്യാലക്സി കേന്ദ്രത്തിൽ നിന്നും 24,000 നും 26,000 നും ഇടയിൽ പ്രകാശവർഷങ്ങൾ ദൂരെയായി അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്‌ സൂര്യൻ. മണിക്കൂറിൽ 828000 കിലോമീറ്റർ വേഗതയിലാണ് ഈ സഞ്ചരം. ഇങ്ങനെസൂര്യന് ഭൂമിയടങ്ങുന്ന സൗരയൂഥത്തേയും കൊണ്ട് ഒരു തവണ ഈ ഗ്യാലക്സി കേന്ദ്രത്തെ ചുറ്റാൻ ഏകദേശം 23 കോടിയോളം വർഷം വേണം. ഇത് ഒരു കോസ്മിക് വർഷമായാണ് കണക്കാക്കുന്നത്. കോസ്മിക് വർഷമനുസരിച്ച് 20 വയസാണ് സൂര്യന്റെ പ്രായം.

അതായത്, സൂര്യനും ഗ്രഹങ്ങളും അടങ്ങുന്ന നമ്മുടെ സൗരയൂഥം രൂപം കൊണ്ടതിന് ശേഷം അത് മിൽക്കിവേ ഗ്യാലക്സിയുടെ മധ്യഭാഗത്തെ 20 തവണയിൽ താഴെ മാത്രമേ ചുറ്റി വന്നിട്ട് ഉള്ളൂ.ഉദ്ദേശം 460 കോടി വർഷങ്ങൾക്ക് മുമ്പാണ് സൂര്യൻ രൂപപ്പെട്ടു വന്നത് എന്ന് കണക്കാക്കാൻ സാധിച്ചിട്ടുണ്ട്. സൂര്യനിൽ ഇനി 500 കോടി വർഷം കത്താനുള്ള ഇന്ധനം കൂടി ബാക്കി ഉണ്ട്.സമാനമായ ഇതര നക്ഷത്രങ്ങളെ പോലെ സൂര്യനും അതിലെ ന്യൂക്ലിയർ ഇന്ധനം എരിഞ്ഞു തീരുന്നത് വരെ ജ്വലിച്ചു കൊണ്ടിരിക്കും. ഹൈഡ്രജൻ ആറ്റങ്ങളെ ഹീലിയം ആക്കി മാറ്റുകയാണ് ഈ ഇന്ധനം എരിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

സെക്കന്റിൽ 60 കോടി ടൺ ഹൈഡ്രജൻ സൂര്യനിൽ ഹീലിയമാകുന്നു . ഈ ‘ന്യൂക്ലിയർ ഫ്യൂഷന്റെ’ ഫലമായാണ് നമുക്ക് ചൂടും വെളിച്ചവും ലഭിക്കുന്നത്. എന്നാൽ ഈ ഇന്ധനം തീരുന്നതോടെ അകക്കാമ്പിൽ സൂര്യൻ ഉള്ളിലോട്ട് ചുരുങ്ങാൻ തുടങ്ങും. പുറമേയുള്ള പാളി വികസിക്കാനും തുടങ്ങും. അങ്ങനെ സൂര്യൻ ഒരു ‘ചുവന്ന ഭീമൻ’ ആയി മാറുകയും, പുറം പാളി സൗരയൂഥത്തിലേക്ക് വികസിച്ച്
വ്യാസം നൂറിരട്ടിയും പ്രകാശം ആയിരമിരട്ടിയായും വർധിക്കും. ചക്രവാളത്തിന്റെ 25% സ്ഥലത്ത് സൂര്യൻ നിറഞ്ഞു നിൽക്കും. 5 കോടി 79 ലക്ഷം കിലോമീറ്റർ അകലെയുള്ള ബുധനും 10 കോടി 80 ലക്ഷം കിലോമീറ്റർ അകലെയുള്ള ശുക്രനും നിഷ്പ്രയാസം ഉരുകിപ്പോകും. ഭൂമിയിലെ സമുദ്രങ്ങൾ എല്ലാം വറ്റും. ഈയത്തെ ഉരുക്കാനാവശ്യമായ ചൂട് ഭൂമിയിൽ നിറഞ്ഞു നിൽക്കും. ഒടുവിൽ സൂര്യൻ ചുവന്ന ഭീമനായി ഉപരിതലകവചം അല്പാല്പമായി അപ്രത്യക്ഷമായി ചൊവ്വാഗ്രഹത്തിന്റെയത്ര വലുപ്പത്തിലുള്ള ഒരു വെള്ളക്കുള്ളൻ ആയി മാറും.

Credit: Basheer Pengattiri

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp