💀അജ്ഞാത ലോകം 💀
August 16

ലോകത്തിലെ ആദ്യത്തെ റോബോട്ട് മാൾ

മനുഷ്യരുടെ ഭാവനയിൽ മാത്രം കണ്ടിരുന്ന ഒരു ലോകം യാഥാർഥ്യമാക്കുകയാണ് ചൈന. ലോകത്തെ ആദ്യത്തെ പൂർണ്ണമായും ഓട്ടമേറ്റഡ് ആയ 'റോബട്ട് മാൾ' ചൈനയിൽ തുറന്നു. റോബട്ടുകൾ വെറും വിൽപ്പനയ്ക്കായുള്ള ഉൽപ്പന്നങ്ങൾ മാത്രമല്ല, കടകളിലെയും കഫേകളിലെയും വിനോദ കേന്ദ്രങ്ങളിലെയും ജീവനക്കാർ കൂടിയാണ്. വിവിധ മേഖലകളുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ഈ മാൾ സന്ദർശകർക്ക് നൽകുന്നത്.

ഷെൻഷെനിലെ ഈ മാൾ ആഗോള ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. കടയിലെത്തുന്നവരെ സ്വീകരിക്കുന്നതും, പണം കൈകാര്യം ചെയ്യുന്നതും, ഭക്ഷണം ഉണ്ടാക്കുന്നതും, തത്സമയ പ്രദർശനങ്ങൾ നടത്തുന്നതും വരെ യഥാർഥ മനുഷ്യരെപ്പോലെ തോന്നിക്കുന്ന റോബട്ടുകളാണ്. അത്യാധുനിക AI അസിസ്റ്റന്റുമാർ മുതൽ, സഹായത്തിനും പരിചരണത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത അതിയഥാർത്ഥ റോബട്ടുകൾ വരെ ഇവിടെ കാണാം.

ചില റോബട്ടുകൾ കടയിലെ ജീവനക്കാരായും, റിസപ്ഷനിസ്റ്റുകളായും പ്രവർത്തിക്കുന്നു. ഉപഭോക്താക്കളുമായി സംസാരിക്കാനും, അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി സേവനങ്ങൾ നൽകാനും ഇവയ്ക്ക് സാധിക്കുന്നു. മനുഷ്യരെപ്പോലെ തോന്നിക്കുന്ന കൃത്യതയോടെയാണ് ഈ റോബട്ടുകൾ ഓരോ ജോലിയും ചെയ്യുന്നത്.

വിൽപ്പനയ്ക്കുള്ള ഹൈടെക് ഉൽപ്പന്നങ്ങളായി മാളിനുള്ളിൽ ചില റോബട്ടുകളെയും പ്രദർശിപ്പിച്ചിരിക്കുന്നു. വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഇവ വാങ്ങാൻ സാധിക്കും. വീട്ടിലെ ജോലികൾ ചെയ്യാൻ സഹായിക്കുന്ന റോബട്ടുകൾ, പ്രായമായവർക്ക് കൂട്ടായിരിക്കുന്ന റോബട്ടുകൾ, കസ്റ്റമർ സർവീസ് റോബട്ടുകൾ, വിനോദ പരിപാടികൾ അവതരിപ്പിക്കുന്ന റോബട്ടുകൾ എന്നിങ്ങനെ പലതരം റോബട്ടുകൾ ഇവിടെ ലഭ്യമാണ്.ഉപഭോക്താവിന്റെ മുഖം തിരിച്ചറിയാനും, സംഭാഷണങ്ങളിൽ ഏർപ്പെടാനും, ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും കഴിവുള്ള നൂതന AI സംവിധാനങ്ങളുള്ള റോബട്ടുകളാണ് ഇവിടെയുള്ളത്.

മാളിലെ കഫേകളും റെസ്റ്റോറന്റുകളും പൂർണ്ണമായും റോബട്ടിക് ജീവനക്കാരാണ് നിയന്ത്രിക്കുന്നത്. മനുഷ്യന്റെ ഇടപെടലില്ലാതെ കസ്റ്റമൈസ്ഡ് കോഫികൾ ഉണ്ടാക്കുന്നതും, മികച്ച വിഭവങ്ങൾ തയ്യാറാക്കുന്നതും ഇവർക്ക് നിഷ്പ്രയാസം സാധിക്കും. എഐ സെയിൽസ് അസിസ്റ്റന്റുകൾ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുകയും, സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു.

റോബട്ട് സംഗീതജ്ഞരും, നർത്തകരും, മറ്റ് കലാപ്രകടനങ്ങൾ നടത്തുന്നവരുമുണ്ട്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, വിനോദം എന്നിവയെല്ലാം സമന്വയിപ്പിച്ച് ഒരു അത്ഭുത ലോകം സൃഷ്ടിക്കുന്നതിലൂടെ, റോബട്ടിക്സ് വ്യവസായത്തിൽ ഒരു മുൻനിര ശക്തിയായി മാറാനുള്ള ചൈനയുടെ ലക്ഷ്യമാണ് ഈ മാൾ വ്യക്തമാക്കുന്നത്.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram