ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി
ഓസ്ട്രേലിയൻ തീരത്തെ ആഴക്കടലിൽ ജീവിക്കുന്ന സൈഫൊണോഫോർ ജീവിവർഗത്തിൽപ്പെടുന്ന ജീവി ആണ് ഇതുവരെ ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ വെച്ചേറ്റവും നീളമുള്ള ജീവി. ഇതിന് എകദേശം 150 അടി( 46 മീറ്റർ ) നീളമുണ്ട്. ഒട്ടേറെ ക്ലോണുകൾ ചേർന്ന് നീണ്ട മാലപോലെ ശരീരഘടനയുള്ള ജീവികളാണ് സൈഫൊണോഫോറുകൾ. സിഫോണോഫോറുകൾ ശരിക്കും ഒരു ജീവിയല്ല. മറിച്ച് ജനിതകപരമായി സമാനമായ കഷണങ്ങളുടെ ഒരു ബന്ധിത കോളനിയാണ്-അത്കൊണ്ടാണ് 'സ്ട്രിംഗ് പോലുള്ള' ആകൃതി. ഓരോ ക്ലോണിനെയും സൂയിഡുകൾ (zooids ) എന്ന് പറയുന്നു. ഒരു സൂയിടിന് സ്വന്തമായി അതിജീവിക്കാൻ കഴിയില്ല, പക്ഷേ ഒരുമിക്കുമ്പോൾ അവ കടുപ്പമുള്ളതുമായ സൈഫോണോഫോറായി മാറുന്നു.
നീണ്ട വള്ളികൾപോലെ കടലിനടിയിൽ നീന്തുന്ന ഇവ ഇരപിടിയന്മാരാണ്. ജെല്ലി ഫിഷുകളെപ്പോലെ തങ്ങളുടെ സ്പർശിനികളുപയോഗിച്ച് ചെറിയ മത്സ്യങ്ങളെയും മറ്റും മരവിപ്പിച്ചശേഷമാണ് സൈഫൊണോഫോറുകൾ ഭക്ഷണമാക്കുക.ആഴക്കടലിലെ പര്യവേക്ഷണം സുഗമമാക്കുന്ന സുബാസ്റ്റ്യൻ എന്ന റോബോട്ടാണ് ഈ ജീവിയുടെ ചിത്രവും, ദൃശ്യങ്ങളും പകർത്തിയത്. ഇവയ്ക്ക് ഭൂമിയിലെ ഏറ്റവും നീളമുള്ള ജീവികളെന്ന് കരുതുന്ന നീലത്തിമിംഗിലങ്ങളെക്കാൾ നീളമുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്.ഓസ്ട്രേലിയയിലെ ഷ്മിഡ്റ്റ് സമുദ്രഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ ജീവിവർഗത്തെ കണ്ടെത്തിയത്.
മറ്റ് ഹൈഡ്രോസോവുകളെപ്പോലെ, ചില സിഫോണോഫോറുകൾ ഇരയെ ആകർഷിക്കാനും ആക്രമിക്കാനും പ്രകാശം പുറപ്പെടുവിക്കുന്നു. പല കടൽ മൃഗങ്ങളും നീലയും പച്ചയും ബയോലൂമിനസെൻസ് ഉത്പാദിപ്പിക്കുമ്പോൾ, ഇവ ചുവന്ന ലൈറ്റാണ് ഉത്പാദിപ്പിക്കുന്നത്.