മിറക്കിൾ ഫ്രൂട്ട്
പേരുപോലെ തന്നെ ചില അത്ഭുത വിദ്യകൾ കൈയിൽ ഉള്ള പഴമാണ് മിറക്കിൾ ഫ്രുട്ട്. ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു. മിറക്കിൾ ഫ്രൂട്ടിൽ അടങ്ങിയ ‘മിറക്കുലിൻ’ എന്ന ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
മിറക്കിൾ ഫ്രൂട്ട് എന്ന അതിശയ പഴം പടിഞ്ഞാറൻ ആഫ്രിക്കയിൽ 18-ാം നൂറ്റാണ്ടു മുതൽക്കേ ഉപയോഗിച്ചിരുന്നതായി യൂറോപ്യൻ സഞ്ചാരി ഷെവലിയർ ദ മാർകിസ് എഴുതിയിട്ടുണ്ട് .മിസപ്പോട്ടേസിയേ (Sapotaceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം സിൻസെപാലം ഡൾസിഫൈക്കം (Synsepalum dulcificum ) എന്നാണ്. ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും.വേനൽക്കാലമാണ് പഴക്കാലമെങ്കിലും 'സപ്പോട്ട'യുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട്. ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്.
മൂന്ന് മുതൽ നാല് വർഷം വരെയാണ് മിറക്കിൾ ഫ്രൂട്ട് ചെടിയ്ക്ക് പുഷ്പിക്കാൻ വേണ്ടത്.പാകമാകുമ്പോൾ കടും ചുവപ്പ് നിറമാണ് മിറാക്കിൾ ഫ്രൂട്ടിന്. പൂക്കൾക്ക് വെള്ള നിറമാണ്.രളത്തിലെ പഴ വർഗ തോട്ടങ്ങളിൽ ഇപ്പോൾ ഈ ആഫ്രിക്കൻ അതിഥികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇതിന്റെ തൈകൾ നഴ്സറികളിൽ ലഭ്യമാണ്.
ഇതിന്റെ വിത്തൊഴിച്ചുള്ള മാംസളമായ പുറംഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ഇതിലുള്ള മിറക്കുലിൻ എന്ന രാസപദാർഥം പഞ്ചസാരയ്‌ക്ക് തുല്യം മധുരം നൽകുന്നു. എന്നാൽ, പഞ്ചസാര കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇത് കഴിക്കുകവഴി ഉണ്ടാക്കുകയുമില്ല. കാരണം, ഇതൊരു ഗ്ലയിക്കോ പ്രോട്ടീൻ (Glyco protein) ആണ്.പ്രമേഹരോഗികൾക്ക് ഇതിന്റെ പഴം കഴിക്കുന്നത് തുടർന്ന് കഴിക്കുന്ന ഭക്ഷണത്തെ മധുരതരമാക്കാനാകും.
1970 ൽ അമേരിക്കയിൽ ഈ പഴത്തിന്റെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അമേരിക്കൻ ഭക്ഷണ - മരുന്ന് .വകുപ്പ് (FDA) ഭക്ഷ്യ മായമായി ഈ പഴത്തെ വർഗ്ഗീകരിക്കുകയുണ്ടായി. കുത്തക പഞ്ചസാര കമ്പനികളുടെ ഇടപെടിനെത്തുടർന്നാണിത്.
അർബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികൾക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമെന്നും പ്രമേഹരോഗികൾക്ക് ഇത് കഴിക്കാമെന്നുംചില ശാസ്ത്രഞ്ജർ അവകാശപ്പെടുന്നുണ്ട്. എങ്കിലും വളരെ ജനകീയമാണ് ഈ പഴങ്ങൾ ജപ്പാനിലും മറ്റും.
ഇന്ന് പല രാജ്യങ്ങളും മിറക്കിൾ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് മിറാക്കുലിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുകയും ചെയ്യുന്നു. മധുരപലഹാരങ്ങളിലും മിറക്കിൾ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു. എന്തായാലും ഈ കുഞ്ഞൻ ഫലത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്.
Credit: Praveen Kumar