സമുദ്രത്തിനടിയിലെ വെള്ളച്ചാട്ടം
സമുദ്രത്തിനടിയില്‍ ഒളിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം
പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും പ്രകടമാക്കുന്ന അത്ഭുതങ്ങളാണ് വെള്ളച്ചാട്ടങ്ങള്‍. കരയില്‍ മാത്രമല്ല, സമുദ്രങ്ങളിലും വെള്ളച്ചാട്ടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. വെനസ്വേലയിലെ എയ്ഞ്ചല്‍ വെള്ളച്ചാട്ടവും അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടവുമെല്ലാം ലോകപ്രശസ്തമായ, ധാരാളം സഞ്ചാരികള്‍ കാണാനെത്തുന്ന ഇടങ്ങളാണ്. എന്നാല്‍ ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമുള്ളത് കടലിനടിയിലാണെന്നതാണ് സത്യം. ഐസ്ലാന്‍ഡിനെയും ഗ്രീന്‍ലന്‍ഡിനെയും വേര്‍തിരിക്കുന്ന ഡെന്‍മാര്‍ക്ക് കടലിടുക്കിനടിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.
സമുദ്രങ്ങള്‍ക്കടിയില്‍ എങ്ങനെ ഒരു വെള്ളച്ചാട്ടം നിലനില്‍ക്കുമെന്നായിരിക്കും പലരുടെയും സംശയം. എന്നാല്‍ ഉയര്‍ന്ന മലനിരകളും ആഴമേറിയ മലയിടുക്കുകളും സമുദ്രങ്ങളിലുമുണ്ട്. യഥാര്‍ഥത്തില്‍, താപനിലാവ്യത്യാസം കാരണം വെള്ളം ഉയര്‍ന്ന ഭാഗത്തുനിന്ന് താഴ്ന്നയിടത്തേക്ക് സഞ്ചരിക്കുകയാണിവിടെ.
ഡെന്മാര്‍ക്ക് സ്‌ട്രെയ്റ്റ് കറ്ററാക്ട് എന്നാണ് ആര്‍ട്ടിക് സമുദ്രത്തിലെ ഈ ഭീമന്‍ വെള്ളച്ചാട്ടത്തെ വിളിക്കുന്നത്. നോര്‍ഡിക് സമുദ്രത്തില്‍ നിന്നുള്ള തണുത്തതും കനമുള്ളതുമായ ജലം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള ചൂടുള്ള, ഭാരം കുറഞ്ഞ ജലവുമായി കൂട്ടിയിടിക്കുമ്പോഴാണ് വെള്ളച്ചാട്ടം രൂപപ്പെടുന്നത്. താപനിലയിലും ലവണാംശത്തിലുമുള്ള വ്യത്യാസം തണുത്ത വെള്ളം സമുദ്രത്തിന്റെ അടിത്തട്ടിലൂടെ ഒഴുകാന്‍ ഇടയാക്കുന്നു, വലിയ അളവില്‍ വെള്ളം അഗാധത്തിലേക്ക് തള്ളിവിടുന്ന ഒരു പ്രവാഹമായി മാറുകയും ചെയ്യുന്നു.
11,500 അടി താഴ്ചയിലേക്കാണിത് വെള്ളം പതിക്കുന്നത്. കരയിലെ ഏറ്റവും ഉയരമുള്ള എയ്ഞ്ചല്‍ ഫാള്‍സിനേക്കാള്‍ മൂന്നിരട്ടിയോളം വരുമിത്. ഡെന്മാര്‍ക്ക് സ്‌ട്രെയ്റ്റ് കറ്ററാക്ടിന് 300 മൈല്‍ വീതിയുമുണ്ട്.
സെക്കന്‍ഡില്‍ 5 ദശലക്ഷം ക്യുബിക് മീറ്റര്‍ ആണ് വെള്ളം ഒഴുകുന്ന നിരക്ക്. അതായത് നയാഗ്രയേക്കാള്‍ ഏകദേശം 50000 ഇരട്ടി. അതേസമയം, ഉപരിതലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാനാവില്ല. അവസാനത്തെ ഹിമയുഗത്തില്‍ (ഏകദേശം 17,500-11,500 വര്‍ഷങ്ങള്‍ മുമ്പ്) രൂപപ്പെട്ടതെന്ന് കരുതുന്ന ഈ വെള്ളച്ചാട്ടം ഭൂമിയുടെ കാലാവസ്ഥയിലും വലിയ പങ്കുവഹിക്കുന്നുണ്ട്.
Credit: Manu Nethajipuram