ലോകത്തിലെ മറ്റൊരു ലോകം
ലോകത്തിലെ തന്നെ മറ്റൊരു ലോകം എന്ന് അവകാശപ്പെടാൻ അർഹത ഉള്ള ഒരു ഗുഹയാണ് Hang son doong എന്ന അത്ഭുത ഗുഹ. ഇതാണ് ലോകത്തിലെ തന്നെ എറ്റവും വലിയ ഗുഹ. മദ്ധ്യ വിയറ്റ്നാമിലെ ക്വാങ് ബിൻഹ് പ്രവിശ്യയിലെ ‘ഫോങ് നാ കി ബാങ്’ ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗത്തായി ആണ് സൺ ഡൂങ് സ്ഥിതി ചെയുന്നത് . 1990-ൽ വിയറ്റ്നാമിലെ ഹോ ഖാൻ എന്ന കർഷകൻ കണ്ടെത്തിയ ഈ ഗുഹയിലെ പ്രവേശനം മുകളിൽ നിന്നും താഴേയ്ക്ക് ആണ് . അതായത് ഒരു റോപ്പ് വെച്ച് കെട്ടിവേണം ഇതിലേക്ക് ഇറങ്ങുവാൻ.
ട്രക്കിങ്ങിലും വേട്ടയിലുമൊക്കെ താത്പര്യമുള്ളയാളായിരുന്നു ഗുഹ കണ്ടെത്തിയ ഹോ ഖാൻ. ഒരിക്കൽ വനത്തിൽ വിറകുശേഖരിക്കാനും മറ്റുമായി ചുറ്റിയടിക്കുന്നതിനിടെ യാദൃച്ഛികമായാണ് അദ്ദേഹം ഈ ഗുഹാമുഖം കാണുന്നത്. എന്നാൽ കാറ്റിന്റെ ചൂളംവിളി ശബ്ദവും ഗുഹയുടെ പ്രവേശന വഴിയിലുള്ള നദിയുടെ മുഴക്കവും അതുപോലെതന്നെ കുത്തനെയുള്ള ഇറക്കവും കാരണം അന്ന് അതിനെക്കുറിച്ച് കാര്യമായി ഒന്നും ചിന്തിക്കാതെ അദ്ദേഹം മടങ്ങി.
പിന്നീട് 2009 ഏപ്രിൽ 10 മുതൽ 14 വരെ ഹോവാർഡ് ലിംബേർട്ട് എന്ന ഗവേഷകൻ നയിച്ച ബ്രിട്ടീഷ് കേവ് റിസർച്ച് അസോസിയേഷൻറെ ബ്രിട്ടീഷ് ഗുഹ ഗവേഷണ സംഘം ഫോങ് നാ കി ബാങിൽ നടത്തിയ സർവ്വേയുടെ ഭാഗമായി ഗുഹ സന്ദർശിച്ചതിനുശേഷം 2009-ൽ ഈ ഗുഹ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുകയും ചെയ്തു. തുടർന്ന് അവർ ആ ഗുഹക്ക് ‘സൺ ഡൂങ്’ (Son Doong) എന്ന് പേരിട്ടു. ‘പർവതത്തിലെ അരുവി’ എന്നാണ് സൺ ഡൂങ് എന്ന പേരിനർഥം
38.5 ദശലക്ഷം മീറ്റർ വിസ്തീർണം ഉണ്ട് ഇതിന് .കൂടുതലും ചുണ്ണാമ്പ് കല്ലുകൾ കൊണ്ട് മനോഹരം ആണ്. ഈ ഗുഹക്ക് ഏകദേശം 2-5 million വർഷം പഴക്കം ഉണ്ടെന്നാണ് നിഗമനം. ഇതിന്റെ നീളം ആറുമുതൽ ഒൻപത് കിലോമീറ്റർ ആണ് .ഏകദേശം 777 വിമാനങ്ങൾ ഉൾകൊള്ളാൻ മാത്രം ശേഷി ഉണ്ട് ഇതിന് .
നമ്മൾ കാണാത്ത പലയിനം ചെടികളും മരങ്ങളും ജീവികളും, എന്തിന്… തിളങ്ങുന്ന കല്ലുകൾ വരെ ഉണ്ട്.ഗുഹയ്ക്കുള്ളിലൂടെ അതിനെ തുരന്നെന്നപോലെ ഒഴുകുന്ന റൗവോ തൂങ് നദിയാണ് മറ്റൊരു പ്രത്യേകത. ഇതിനുള്ളിലെ വെള്ളം വളരെ തെളിഞ്ഞതാണ്. ഏകദേശം 30 ഇനം വാവലുകലുടെ ഒരു കോട്ടയാണ് ഈ ഗുഹ. ശിൽപ്പങ്ങൾ കടഞ്ഞെടുത്തതുപോലെയുള്ള കല്ലുപാളികൾ, വെള്ളച്ചാട്ടം, കാട്, പുഴ, അരുവികൾ എന്നിവയൊക്കെ സൺ ഡൂങ് ഗുഹയിലുണ്ട്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകൾ വരെ ഈ ഗുഹയിൽ നിന്ന് ഗവേഷകർ കണ്ടെടുത്തു
ഇവിടെ പ്രത്യേക കാലാവസ്ഥയാണ്. പുറത്തു ചൂട് ആണെങ്കിൽ ഈ ഗുഹയ്ക്ക് ഉള്ളിൽ വല്ലാത്ത തണുപ്പ് ആയിരിക്കും . എന്നാൽ പുറത്ത് തണുപ്പ് ആണെങ്കിൽ ഇവിടെ ചൂടും. അതായത് പുറത്ത് എന്താണോ അതിന്റെ നേർ വിപരീതം ആണ് ഇവിടെ.
മനോഹരമായ തടാകങ്ങളും 50 മീറ്ററോളം ഉയരമുള്ള മരങ്ങൾ നിറഞ്ഞ ഒരു വനവും ഗുഹയ്ക്കുള്ളിലുണ്ട്. ചിലഭാഗങ്ങളിൽ ഗുഹയുടെ വിള്ളലുകളിൽ കൂടി സൂര്യപ്രകാശം ഉള്ളിലേക്കെത്താറുണ്ട്. ഇത് മരങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും വളർച്ചയ്ക്ക് കാരണമാകുന്നു. ഗുഹയ്ക്കുള്ളിൽ തന്നെ മേഘങ്ങൾ ഉണ്ടാകത്തക്കവിധമുള്ള പ്രത്യേകതരം കാലാവസ്ഥയും സൺ ഡൂങ്ങിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിലും മനോഹരമായ ഒരു സ്ഥലം ഭൂമിയിൽ ഉണ്ടാകില്ല എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ഹോവാർഡ് ലിംബേർട്ടിന്റെ അഭിപ്രായം.
കുരങ്ങൻമാരും പാമ്പുകളും എലികളും കിളികളും വവ്വാലുകളും തുടങ്ങി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ് സൺ ഡൂങ് ഗുഹ. എന്നാൽ വെളിച്ചം കടക്കാത്ത പ്രദേശത്ത് ജീവിക്കുന്നതിനാലാവണം അവ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ഏറെയും വെളുത്തനിറത്തിലുള്ളവയും കണ്ണുകളില്ലാത്തവയുമാണ്.
സൺ ഡൂങ്ങിന്റെ പ്രവേശന കവാടം ഇരുൾനിറഞ്ഞ ഭാഗത്തേയ്ക്ക് പോകുന്ന ഒരു ചരിവാണ്. കൃത്രിമ വെളിച്ചം ഇല്ലാതെ ഗുഹ പര്യവേക്ഷണം ചെയ്യുന്നത് അസാധ്യമാണ്.