തേങ്ങാഗ്രഹം!
കോക്കനട്സ്–2ബി...തേങ്ങയുടെ പുതിയ വകഭേദമല്ല, സൗരയൂഥത്തിനു പുറത്തു പുതിയതായി കണ്ടെത്തിയ പുറംഗ്രഹമാണ് (എക്സോപ്ലാനറ്റ്). നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ആറിരട്ടി വലുപ്പമുള്ളതാണ് ഈ ഗ്രഹമെന്നതാണ് ഇതിന്റെ പ്രത്യേകത.സൗരയൂഥത്തിലെ ഏറ്റവും വലുപ്പമുള്ള ഗ്രഹമാണ് വ്യാഴം. അപ്പോൾ പുതിയ ഗ്രഹത്തിന് എത്ര വലുപ്പമുണ്ടെന്നത് ചിന്തനീയം.
ഹവായ് സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിദ്യാർഥികളാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. ഭൂമിയിൽ നിന്നു 35 പ്രകാശവർഷം അകലെയാണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഇവർ ഉൾപ്പെടുന്ന ശാസ്ത്ര സർവേ പദ്ധതിയുടെ ചുരുക്കപ്പേരായ കോക്കനട്സ് ഇവർ ഈ ഗ്രഹത്തിനും നൽകുകയായിരുന്നു.കോക്കനട്സ് 2എ എന്ന പേരിലുള്ള ചുവന്നകുള്ളൻ വിഭാഗത്തിൽ പെട്ട ഒരു നക്ഷത്രത്തെയാണ് ഇതു ഭ്രമണം ചെയ്യുന്നത്, ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നതു പോലെ. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ 6000 മടങ്ങ് ദൂരം ഈ ഗ്രഹവും ചുവന്ന കുള്ളനും തമ്മിലുണ്ട്. ഇത്രയും ദൂരം, ചുവന്ന കുള്ളനിൽ താപനില കുറവാണെന്നത്...എന്നിവ മൂലം ഈ ഗ്രഹത്തിൽ രാത്രിയും പകലും തമ്മിൽ വലിയ വ്യത്യാസമൊന്നുമുണ്ടാകില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. പരമാവധി താപനില 160 ഡിഗ്രി സെൽഷ്യസ് വരെയാകും.
സൗരയൂഥ ഗ്രഹസംവിധാനത്തിനു പുറത്തുള്ള ഗ്രഹങ്ങളെയാണ് എക്സോപ്ലാനറ്റുകൾ അഥവാ പുറംഗ്രഹങ്ങൾ എന്നു വിളിക്കുന്നത്. സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ അയ്യായിരത്തോളം എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റിന്റെ പേര് എപ്സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.
Credit: ManoramaOnline