June 16, 2020

രണ്ടു കാലിൽ ഓടുന്ന ഭീമൻ മുതല

ഒന്നുകിൽ രണ്ടു കണ്ണുകളും മൂക്കും, പിന്നെ പുറത്തെ മുള്ളുകളും മാത്രം വെള്ളത്തിന് വെളിയിൽ കാണും വിധമുള്ള ജലശയനം. അല്ലെങ്കിൽ കരയ്ക്കു കേറി വെയിലുകാഞ്ഞുകൊണ്ടുള്ള ഉച്ചയുറക്കം. വല്ലപ്പോഴും ഇരപിടിക്കാൻ വേണ്ടി നടത്തുന്ന ഒരു ചട്ടം, ഒറ്റക്കടി. തീർന്നു. അത്രയ്‌ക്കൊക്കെ അദ്ധ്വാനിക്കാനേ പറ്റൂ എന്ന മടിയൻ നിലപാടാണ് മുതലകൾക്കുള്ളത്. മുതല എന്ന വാക്കുതന്നെ ആലസ്യത്തിന്റെ പര്യായമായിട്ടാണ് നമുക്ക് ഓർമയിൽ വരിക.

എന്നാൽ, നൈൽ നദീതീരത്തെ പൂഴിമണലിലൂടെയും, കോസ്റ്റാറിക്കൻ നദീതടങ്ങളിലൂടെയും ഒക്കെ രണ്ടുകാലിൽ ഒട്ടകപ്പക്ഷികളെപ്പോലെയോ അല്ലെങ്കിൽ ടൈറനോസോറസ് റെക്സ് ( T Rex) എന്ന ഡൈനസോറിനെപ്പോലെയോ ഒക്കെ അതിവേഗം പാഞ്ഞു നടക്കുന്ന മുതലക്കുട്ടന്മാരെപ്പറ്റി ഒന്ന് സങ്കല്പിച്ചു നോക്കൂ. നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള മുതലകളെ വെച്ച്, അങ്ങനെയൊക്കെ ആലോചിക്കാൻ തന്നെ പ്രയാസമുണ്ടല്ലേ..? എന്നാൽ, ആ മടി മനസ്സിൽ നിന്ന് നീക്കാൻ കാലമായി. ആദി ക്രേറ്റാഷ്യസ് യുഗത്തിൽ അതായത് 12 കോടി വർഷങ്ങൾക്ക് മുമ്പ്, അത്തരത്തിലുള്ള ഭീമൻ മുതലകൾ ഈ ഭൂതലത്തിലൂടെ ഓടിനടന്നിരുന്നു എന്നതിന്റെ തെളിവുകളാണ് ദക്ഷിണ കൊറിയയിലെ പാലിയന്റോളജി വിദഗ്ധർ അടുത്തിടെ നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞത്.

ഈ കണ്ടെത്തലിനെ പിന്തുണയ്ക്കാൻ പോന്ന കൃത്യമായ എല്ലുകളുടെ ഫോസ്സിൽ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല ഗവേഷകർ എങ്കിലും, ഒരു ദക്ഷിണ കൊറിയൻ തടാകത്തിനു സമീപത്തു നിന്ന് കണ്ടെടുത്തത് അത്തരത്തിൽ ഒരു ഇരുകാലിൽ നടക്കുന്ന മുതലയുടെ പാദമുദ്രകളാണ്. കാലാന്തരത്തിൽ നശിക്കാതെ അത് ഇത്രയും കാലം അവശേഷിച്ചു. ഇപ്പോൾ ഈ കൊറിയൻ ഗവേഷകർക്ക് കണ്ടെടുക്കാൻ പാകത്തിന് അതിനെ പ്രകൃതി കാത്തുസൂക്ഷിച്ചു എന്നർത്ഥം.

ഒന്നരയടി മുതൽ രണ്ടടി വരെ നീളമുള്ള നൂറോളം കാലാടിപ്പാടുകളാണ് ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളത്. അത് ചെളിനിറഞ്ഞ ഒരു അവസാദഭൂമിയിൽ സൗരക്ഷിതമായി നിലകൊണ്ടിരുന്നു ഇത്രയും കാലം. ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ബട്രകൊപ്പസ് ഇനത്തിൽ പെട്ട ഡൈനസോറുകളുടേതിന് സമാനമാണ് ഈ കാലടിപ്പാടുകൾ. എന്നാൽ ബട്രകൊപ്പസ് ഡൈനസോറുകൾ നൽക്കാലികളാണ്. എന്നാൽ, ഇപ്പോൾ കണ്ടെടുത്തത് ഒരു ഇരുകളിയുടെ പാദമുദ്രകളാണ്. ആ കാലാടിപ്പാടുകളുടെ ആഴത്തിൽ നിന്നാണ് ഈ മൃഗങ്ങൾ രണ്ടുകാലിൽ ശരീരത്തെ താങ്ങി നടന്നിരുന്നു എന്ന കണ്ടെത്തലിൽ ഉണ്ടായത്. നടക്കുമ്പോൾ നിലത്തുണ്ടായിട്ടുള്ള കാല്പാടുകളുടെ വിന്യാസത്തിൽ നിന്നും ഇത് വ്യക്തമായിരുന്നു. മാത്രവുമല്ല ഇഴഞ്ഞു പോകുന്ന മുതലകളിൽ കാണുന്ന വാൽ ഉറഞ്ഞുള്ള പാടുകളും ഇവിടെ അപ്രത്യക്ഷമായിരുന്നു.

അമേരിക്കയിലെ കൊളറാഡോ സർവകലാശാലയിലെ എമിരറ്റസ് പ്രൊഫസർ ആയ മാർട്ടിൻ ലോക്ക്ലിയും ചിൻജ്യൂ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എജ്യൂക്കേഷനിലെ പ്രൊഫസറായ ക്യുംഗ് സൂ കിമും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. 2012 -ലും സമാനമായ കണ്ടെത്തലുകൾ ഇതേ സംഘത്തിൽ നിന്ന് കൊറിയൻ മണ്ണിൽ വെച്ചുതന്നെ ഉണ്ടായിരുന്നു. എന്നാൽ, അന്ന് അവർ ധരിച്ചത് ആ പാദമുദ്രകൾ ടെറോസോറസുകൾ എന്ന നാളുകളുള്ള പറക്കും ഡൈനസോറുകളുടേതാണ് എന്നായിരുന്നു. ഒരു കുരുവിയുടെ വലിപ്പം മുതൽ ഒരു വിമാനത്തിന്റെ വലിപ്പം വരെയുള്ള ജീവിവർഗമായിരുന്നു ടെറോസോറസുകൾ.

എന്തായാലും ഇത്തവണ കണ്ടെത്തിയ പാദമുദ്രകൾ രണ്ടു കാലിൽ നടന്നിരുന്ന ഭീമൻ മുതലകളുടേതു തന്നെ ആണെന്നാണ് ഗവേഷക സംഘം കരുതുന്നത്. അത് പൂർണമായും തെളിയണമെങ്കിൽ എന്നെങ്കിലും ഏതെങ്കിലും പാലിയന്റോളജിസ്റ്റുകളുടെ കയ്യിൽ ഈ മുതലയുടെ എല്ലുകളുടെ ഫോസ്സിൽ എത്തിപ്പെടും വരെ കാത്തിരിക്കുകയേ നിർവ്വാഹമുള്ളൂ.

Source:AsianetNews

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻☣️ ടെലിബ്ലോഗർ☣️ In Telegram