42000 വർഷം പഴക്കമുള്ള ക്രയോൺ
ഒരു വിചിത്ര ക്രയോൺ കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. യുക്രെയ്നിലും ക്രിമിയയിലുമൊക്കെ നടന്ന ചില തിരയലുകളിലാണ് ഇവ കണ്ടെത്തിയത്. ഇതുപയോഗിച്ചത് നിയാണ്ടർത്താലുകളാണ്. ഭൂമിയിൽ പണ്ട് ജീവിച്ചിരുന്ന മറ്റൊരു കൂട്ടം മനുഷ്യർ അഥവാ ആദിമനരൻമാർ. നിറമുള്ള കല്ലുകൾ മിനുക്കിയാണ് 4.5 സെന്റിമീറ്റർ മാത്രം നീളമുള്ള ഈ പുരാതന ക്രയോൺ നിയാണ്ടർത്താലുകൾ സൃഷ്ടിച്ചത്
പല തവണ അവർ അതുപയോഗിക്കുകയും ചെയ്തത്രേ. നിയാണ്ടർത്താലുകൾക്ക് കലാപരമായ ശേഷിയുണ്ടെന്നതിനു തെളിവാണ് ഈ ക്രയോൺ. ഹോമോ സാപിയൻസ് എന്നറിയപ്പെടുന്ന ആധുനിക മനുഷ്യവർഗം കഴിഞ്ഞാൽ, ഏറ്റവുമധികം പഠനം നടന്നിട്ടുള്ള മനുഷ്യവിഭാഗമാണു നിയാണ്ടർത്താലുകൾ. ഇവരുടെ ഒരുപാടു ഫോസിലുകൾ പലയിടങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുണ്ട്
യൂറോപ്പ് മുതൽ മധ്യേഷ്യ വരെയുള്ള ഭൂഭാഗത്തായിരുന്നു ഇവരുടെ അധിവാസമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ജർമനിയിലെ നിയാണ്ടർ നദീ താഴ്‌വാരത്തു നിന്നാണ് ആദ്യമായി ഇവരുടെ ഫോസിലുകൾ കിട്ടിയത്. ഇങ്ങനെയാണു നിയാണ്ടർത്താൽ എന്ന പേര് ഈ മനുഷ്യവിഭാഗത്തിനു ലഭിച്ചത്. തീരെ ബുദ്ധിയില്ലാത്ത, ആൾക്കുരങ്ങുകളെപ്പോലെ പെരുമാറുന്ന മനുഷ്യവംശമെന്നാണ് പലരും നിയാണ്ടർത്താലുകളെ കരുതിയിരിക്കുന്നത്. എന്നാൽ കടലിൽ മത്സ്യബന്ധനം നടത്താനും കക്കകളെയും ഞണ്ടുകളെയും പോലുള്ള കട്ടിപ്പുറന്തോടുള്ള ജീവികളെ കൊന്നുഭക്ഷിക്കാനും അറിയാവുന്ന അവർ ബുദ്ധിയുള്ളവരായിരിക്കാം എന്നാണ് ഇപ്പോൾ പല ശാസ്ത്രജ്ഞരും വാദിക്കുന്നത്.