October 8, 2020

യഥാർഥത്ത ജയിംസ് ബോണ്ട്

ജയിംസ് ബോണ്ട്!! സമാനതകളില്ലാത്ത ആക്ഷൻ കഥാപാത്രം. ഷോൺ കോണറി, റോജർ മൂർ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് തുടങ്ങിയ പല തലമുറയിലെ സൂപ്പർതാരങ്ങൾ അവതരിപ്പിച്ചിട്ടുള്ള ജെയിംസ് ബോണ്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ്. കണ്ണ​ഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയുമൊക്കെ ഒരുമിക്കുന്ന ജയിംസ് ബോണ്ട് സിനിമകൾ ഒരു തവണ പോലും കാണാത്തവർ കുറവായിരിക്കും. വിഖ്യാത ഇംഗ്ലിഷ് നോവലിസ്റ്റായ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിലെ കഥാപാത്രമായ ജയിംസ് ബോണ്ട് തികച്ചും സാങ്കൽപികമാണെന്നും അതല്ല, ഇയൻ ഫ്ലെമിങ് ആരെയോ അടിസ്ഥാനപ്പെടുത്തി എഴുതിയതാണെന്നും പലകാലങ്ങളായി വാദഗതിയുണ്ട്.

ഇപ്പോഴിതാ പുതിയ ഒരു വെളിപ്പെടുത്തൽ വന്നിരിക്കുന്നു.‘ജയിംസ് ബോണ്ട് എന്നൊരു ബ്രിട്ടിഷ് ചാരൻ യഥാർഥത്തിൽ ജീവിച്ചിരുന്നിരുന്നു’.

പോളണ്ടിലെ ഒരു ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ റിമംബ്രൻസ് ആണ് വാർത്ത പുറത്തുവിട്ടത്. ജയിംസ് ആൽബർട് ബോണ്ട് എന്നാണ് ചാരന്റെ മുഴുവൻ പേര്. 1947 മുതൽ 1991 വരെ അമേരിക്കയും റഷ്യയും തമ്മിൽ കനത്ത മൽസരം എല്ലാമേഖലയിലും നിലനിന്നിരുന്നു. ശീതയുദ്ധകാലം എന്നു വിളിക്കുന്ന ഈ കാലത്ത് പോളണ്ടിലേക്ക് ബ്രിട്ടൻ രഹസ്യദൗത്യത്തിനയച്ചതാണ് ബോണ്ടിനെ.അമേരിക്കയെ പിന്താങ്ങുന്ന സമീപനമായിരുന്നു ബ്രിട്ടന്. പോളണ്ടാണെങ്കിൽ റഷ്യ നയിക്കുന്ന കമ്യൂണിസ്റ്റ് ചേരിയിൽപ്പെട്ട തന്ത്രപ്രധാനമായ രാജ്യവും.

1964ൽ പോളിഷ് തലസ്ഥാനം വാഴ്സയിൽ ബോണ്ട് എത്തി. പോളണ്ടിലെ ബ്രിട്ടിഷ് എംബസിയിൽ ഒരു സാധാരണ ഉദ്യോഗസ്ഥൻ എന്ന നിലയിലായിലായിരുന്നു വരവ്. യഥാർഥത്തിൽ പോളണ്ടിന്റെ സൈനിക രഹസ്യങ്ങൾ ചോർത്തിയെടുക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ ബോണ്ടിന്റെ പണി തുടക്കത്തിൽ തന്നെ പാളി! വന്നിറങ്ങിയപ്പോൾ തന്നെ പോളണ്ടിന്റെ ചാര ഏജൻസികൾ ബോണ്ടിനെ നോട്ടമിട്ടു. തുടർന്ന് ഇവർ കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയതിനാൽ ബോണ്ടിന്റെ ലക്ഷ്യങ്ങളൊന്നും നടന്നില്ല. പോളണ്ടിനെ തൊട്ടുകളിക്കുന്നത് അത്ര എളുപ്പമല്ലെന്ന് അദ്ദേഹത്തിനു ശരിക്കും മനസ്സിലായി. തുടർന്ന് നിരാശനായ ബോണ്ട് 1965ൽ പോളണ്ട് വിട്ടു സ്വന്തം രാജ്യമായ ബ്രിട്ടനിലേക്കു മടങ്ങി.

വായാടിയാണെങ്കിലും വളരെ കരുതലോടെ സംസാരിക്കുന്ന ഒരു ഓഫിസറായിരുന്നത്രേ ശരിക്കുമുള്ള ജയിംസ് ബോണ്ട്. പക്ഷേ സിനിമയിൽ കാണിക്കുന്നതു പോലെയുള്ള അതിസാഹസികതകൾ അദ്ദേഹം കാണിച്ചിട്ടുണ്ടോയെന്നു സംശയം. അമേരിക്കയിലെ പ്രശസ്ത പക്ഷിനീരിക്ഷകനായ ജയിംസ് ബോണ്ടിന്റെ പേര് കടമെടുത്താണ് താൻ തന്റെ കഥാപാത്രത്തിനു നൽകിയതെന്ന് ഇയാന്‍ ഫ്ലെമിങ് മുൻപ് പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ പോളണ്ടിൽ പോയ ജയിംസ് ബോണ്ടും , കഥാപാത്രമായ ജയിംസ് ബോണ്ടും തമ്മിൽ ബന്ധമുണ്ടാകാനിടയില്ല.

നെയിം ഈസ് ബോണ്ട്

1953 ലാണ് ഇയാൻ ഫ്ലെമിങ് തന്റെ ഹിറ്റ് നോവലായ കസിനോ റൊയാലിലൂടെ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. ബ്രിട്ടിഷ് സീക്രട്ട് സർവീസിന്റെ ഏറ്റവും വിലപിടിപ്പുള്ള ചാരൻ എന്ന നിലയിൽ ബോണ്ട് അവതരിപ്പിക്കപ്പെട്ടു . തുടർന്ന് 1961ൽ ആദ്യ ജയിംസ്ബോണ്ട് ചിത്രമായ ഡോക്ടർ നോ പുറത്തിറങ്ങി. .007 എന്ന കോഡ് നെയിമും അന്നത്തെ കാലത്തെ പ്രേക്ഷകർക്കു ചിന്തിക്കാൻ പോലുമാകാത്ത ഉപകരണങ്ങളുമായി ബോണ്ട് വെള്ളിത്തിരയിൽ നിറഞ്ഞാടി. അന്നുമുതൽ ഇന്നോളം ഒട്ടേറെ സിനിമകൾ. ഇത്ര വിജയകരമായ ഒരു സിനിമാ ഫ്രഞ്ചൈസി തന്നെ അപൂർവമാണ്. ഏറ്റവും പുതിയ ചിത്രമായ നോ ടൈം ടു ഡൈ നിർമാണം പൂർത്തീകരിച്ച നിലയിലാണ്.

Credit:Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram