നോക്കർ അപ്പർ!
ഇന്നു നമുക്ക് രാവിലെ എത്ര സമയത്ത് എഴുന്നേൽക്കണമെങ്കിലും മൊബൈലിൽ അലാം വച്ചാൽ മതി. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലാംക്ലോക്ക് പ്രചാരത്തിലായിട്ടില്ല. പകരം ആളുകളെ ഉണർത്തിയിരുന്നത് നോക്കർ അപ്പർ എന്ന ജോലിക്കാരായിരുന്നു. പ്രഭാതത്തിൽ നിശ്ചിത സമയത്ത് ജനലുകളിൽ മുട്ടിയായിരുന്നു ഉണർത്തിയിരുന്നത്. മുകൾനിലകളിൽ താമസിക്കുന്നവരെ ഉണർത്താനായി നീളമുള്ള വടികളും ഇവരുടെ പക്കലുണ്ടായിരുന്നു. ഇതുപയോഗിച്ച് ജനാലകളിൽ മുട്ടും.
ഇവർക്ക് ഇങ്ങനെ ചെയ്യുന്നതിന് ഉപഭോക്താക്കൾ പണം നൽകിയിരുന്നു. ഇതുപോലെ കേട്ടാൽ വിശ്വസിക്കാൻ കഴിയാത്ത പല ജോലികളുമുണ്ട്. മധ്യകാല ഇംഗ്ലണ്ടിലെ മറ്റൊരു തസ്തികയായിരുന്നു ടൗൺ ക്രയർ. പൊതുവായ നോട്ടീസുകളും പ്രഖ്യാപനങ്ങളും വാർത്തകളും ഉറക്കെവിളിച്ചുകൊണ്ട് ഓടുക എന്നതായിരുന്നു ഈ ജോലിക്കാരൻ ചെയ്യേണ്ടിയിരുന്നത്. ജനങ്ങൾ വിവരങ്ങൾ അറിഞ്ഞിരുന്നത് ഇങ്ങനെയാണ്. പിൽക്കാലത്ത് മാധ്യമങ്ങൾ ശക്തിപ്രാപിച്ചതോടെ ഈ തസ്തികയ്ക്ക് പ്രസക്തിയില്ലാതെയായി. ഇതുപോലെ ധാരാളം ജോലികൾ കാലാകാലങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ട്.