കടലിലെ അന്യഗ്രഹജീവി!
പ്രശസ്തമായ 'men in black 3' എന്ന ഹോളിവുഡ് ചിത്രത്തിൽ അന്യഗ്രഹജീവിയായി അഭിനയിച്ച ഒരു മത്സ്യമുണ്ട് -ബ്ലോബ്ഫിഷ്(Blobfish). ഭൂമിയിൽ ഇല്ലാത്ത ജീവി തന്നെയാണെന്നേ ഈ മത്സ്യത്തെ കണ്ടാൽ ആർക്കും തോന്നൂ ! പിങ്ക് നിറത്തിൽ വഴുവഴുപ്പുള്ള ഒരു മാംസപിണ്ഡം. തൂങ്ങിക്കിടക്കുന്ന മൂക്ക്. ഒറ്റനോട്ടത്തിൽ വല്ലായ്മ തോന്നിപ്പിക്കുന്ന ഈ രൂപം കൊണ്ടാവണം 2013-ലെ ഒരു ഓൺലൈൻ വോട്ടെടുപ്പിൽ ലോകത്തിലെ ഏറ്റവും വിരൂപിയായ ജീവിയായി (World's ugliest Animal) ബ്ലോബ്ഫിഷ് തിരഞ്ഞെടുത്തത്. മനുഷ്യന് വളരെക്കുറച്ച് മാത്രം അറിയാവുന്ന കടൽജീവികളിലൊന്നാണ് ബ്ലോബ്ഫിഷ്. Psychrolutes marcidus എന്നാണ് ഇവയുടെ ശാസ്ത്രനാമം. Psychrolutidae കുടുംബത്തിൽപ്പെട്ട ഈ മത്സ്യം ഓസ്ട്രേലിയ, ടാസ്മാനിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ 600 മുതൽ 1200 മീറ്റർ വരെ ആഴമുള്ള സമുദ്രഭാഗങ്ങളിൽ കണ്ടുവരുന്നു. ഈ ഭാഗങ്ങളിൽ മർദ്ദം സമുദ്രത്തിന്റെ ഉപരിതലത്തിലുള്ളതിനേക്കാൾ 60 മുതൽ 120 ഇരട്ടിവരെ കൂടുതലായിരിക്കും. എന്നാൽ, വെള്ളത്തേക്കാൾ അല്പം സാന്ദ്രത കുറവുള്ള ബ്ലോബ്ഫിഷിന് ഇത്രയും ആഴത്തിലും ഈസിയായി നീന്താം.! ശരീരത്തിൽ മസിലുകൾ തീരെയില്ലാത്തതിനാൽ പാഞ്ഞുനടന്ന് ഇര പിടിക്കാനൊന്നും ഈ പാവം മത്സ്യത്തിനാവില്ല. നീന്തുമ്പോൾ ചുമ്മാ വായ തുറന്നു പിടിക്കും. താനെ വന്നുകയറുന്ന കൊഞ്ചുകളെയും ഞണ്ടുകളെയും പോലുള്ള ചെറുജീവികളെ അകത്താക്കുകയും ചെയ്യും. ആഴക്കടലിൽ മീൻപിടിക്കുമ്പോൾ ബ്ലോബ്ഫിഷുകളും അബദ്ധത്തിൽ വലയിൽപെടാറുണ്ട്. ഇതുമൂലം ഈ അപൂർവജീവികൾ വംശനാശഭീഷണിയിലായേക്കുമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
Credit:Sujith Sukumaran